ചൊവ്വാഴ്ച, സെപ്റ്റംബർ 06, 2011

മലയാളിക്കൊരു തുറന്ന കത്ത്

പ്രിയപ്പെട്ടവരെ,

ഞാന്‍ മുക്കൂറ്റി. ഒരു പക്ഷെ നിങ്ങളില്‍ ചിലരെങ്കിലും എന്നെ അറിയും. പണ്ട് നിങ്ങളുടെ വീട്ടിലെയും അയല്‍‌പക്കങ്ങളിലേയും പറമ്പുകളില്‍ ഞാന്‍ ഉണ്ടായിരുന്നു. മഞ്ഞ ഉടുപ്പൊക്കെ അണിഞ്ഞ് ചിരിച്ച് നില്‍ക്കുന്ന എന്നെ എല്ലാവര്‍ക്കും എന്തിഷ്ടമായിരുന്നു! എല്ലാം ഒരു കാലം! അതെ, നിങ്ങളെല്ലാം ഓര്‍ക്കുന്ന മാവേലിക്കാലം. ഓണക്കാലം. അതായിരുന്നു എന്റെയും സുവര്‍ണ്ണകാലം..

എന്നും ഓണക്കാലത്തായിരുന്നു നിങ്ങളെന്നെ ഏറെ സ്നേഹിച്ചിരുന്നത്. അക്കാലത്ത് എന്നെ വേദനിപ്പിക്കാതെ നുള്ളിയെടുക്കാന്‍ നിങ്ങള്‍ മത്സരിക്കുമ്പോള്‍ എനിക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. മനസ്സില്‍ വല്ലാത്ത നിറവോടെയായിരുന്നില്ലേ ഞാന്‍ നിങ്ങളോടൊപ്പം വീടുകളിലേക്ക് പോന്നിരുന്നത്. നിങ്ങളുടെ പൂക്കളങ്ങളില്‍ എന്റെ പ്രിയ തോഴി തുമ്പയോട് ചേര്‍ന്ന് .... ചിലപ്പോള്‍ അവളോട് വഴക്കടിച്ച് അല്പം മാറി... ഒക്കെ ഞാന്‍ എന്നും ഉണ്ടാവുമായിരുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ ഒറ്റുകൊടുത്തു. കള്ളവും ചതിവുമില്ലാത്ത എന്റെ മാവേലിത്തമ്പുരാന്റെ മക്കളെന്ന് അവകാശപ്പെടുന്ന നിങ്ങള്‍ എന്നെ യന്ത്രത്തലപ്പുകള്‍ കൊണ്ട് നിങ്ങളുടെ തൊടികളില്‍ നിന്നും തൂത്തെറിഞ്ഞു. പുത്തന്‍ ഫ്ലാറ്റുകള്‍ കെട്ടിപ്പൊക്കുവാന്‍ വേണ്ടി എന്നെയും തുമ്പക്കുടത്തെയും എല്ലാം ഒറ്റിക്കൊടുക്കുമ്പോള്‍ നിങ്ങളുടെ കാലുകള്‍ക്ക് പണ്ട് മഹാബലിയെ ചതിച്ച വാമനന്റെ പാദങ്ങളുടെ ഛായയുണ്ടായിരുന്നു.

മുക്കൂറ്റി തിരുതാളി കാടും‌പടലും പറിച്ചുകെട്ടിത്താ
കാടും‌പടലും പറിച്ചുകെട്ടിത്താ.. തിത്താ.. തിത്തിത്താ..

ഒരുകാലത്ത് നിങ്ങളുടെ ചുണ്ടുകളില്‍ പാട്ടായി പോലും ഞാന്‍ തത്തിക്കളിച്ചിരുന്നു. ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്കതൊക്കെ. ഹാ.. എത്ര സുന്ദരമായ കാലമായിരുന്നു അത്. കാവാലം നാരായണപ്പണിക്കര്‍ എന്ന വിഖ്യാതനായ കവിയല്ലേ എന്നെ അദ്ദേഹത്തിന്റെ പേനയിലേക്ക് ആവാഹിച്ചത്. നിങ്ങളുടെ ഗാനഗന്ധര്‍‌വ്വന്റെ സ്വരമാധുരിയിലല്ലേ ഞാന്‍ പാട്ടായത്. ആ വട്ടന്‍ നെടുമുടി വേണുവല്ലേ എന്നെ ആരവങ്ങളോടെ എടുത്തുയര്‍ത്തിയത്. ഭരതേട്ടന്റെ ക്യാമറ എന്റെ ശരീരഭാഗങ്ങളിലേക്ക് സൂം ചെയ്തപ്പോള്‍ നാണം കൊണ്ട് ഞാന്‍ അന്ന് ചൂളിപ്പോയി. ആ നിമിഷങ്ങള്‍ ഇന്നും മനസ്സില്‍ നിന്നും മായുന്നില്ല. മറ്റു പൂക്കൂട്ടങ്ങള്‍ക്കിടയില്‍ എനിക്കൊരു താരത്തിന്റെ പരിവേഷമായിരുന്നു. അഭ്രപാളികളില്‍ വരെ സാന്നിദ്ധ്യമായതിന്റെ ഗരിമ എന്റെ ഓരോ നോക്കിലും വാക്കിലുമുണ്ടായിരുന്നിരിക്കണം. എന്നിട്ട് ഇന്നോ? ആ അഹങ്കാരത്തിനുള്ള ശിക്ഷയാണോ എനിക്ക് നിങ്ങള്‍ തരുന്നത്. എങ്കില്‍ അതല്പം കടുപ്പമായിപ്പോയി കേട്ടോ.

നിങ്ങളുടെ മക്കള്‍ക്കൊക്കെ അറിയോ ഈ പാവം മുക്കൂറ്റിയെ..? അവര്‍ക്ക് എന്നെ പറ്റി എന്തെങ്കിലും നിങ്ങള്‍ പറഞ്ഞുകൊടുത്തിട്ടുണ്ടോ. ആര്‍ക്കാ അതിനൊക്കെ നേരമല്ലേ? കഷ്ടം.. നിങ്ങളെയാണല്ലോ ഞാന്‍ മനസ്സറിഞ്ഞ് സ്നേഹിച്ചതെന്നോര്‍ക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ വല്ലാത്ത ലജ്ജ തോന്നുന്നു. എന്റെ കൂട്ടുകാരി തുമ്പക്കുടത്തെയും നിങ്ങള്‍ നശിപ്പിച്ചു. വല്ലാത്ത സങ്കടമുണ്ട്. നിങ്ങളുടെ മക്കള്‍ക്ക് കാട്ടിക്കൊടുക്കുവാനായി എന്റെ ഒരു ഫോട്ടോ ഈ കത്തിനോടൊപ്പം വെയ്ക്കുന്നു.




പ്രവാസികള്‍ ആയ മലയാളികള്‍ അല്പമെങ്കിലും ഭേദമാണ്. അവര്‍ സ്വയം എന്റെ ഫോട്ടോകള്‍ തപ്പിയെടുത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ആല്‍‌ബങ്ങളാക്കുന്നു. എന്നെക്കുറിച്ച് സ്റ്റാറ്റസ് മെസേജുകള്‍ എഴുതി ലൈകുകള്‍ സമ്പാദിക്കുന്നു. അവിടെയും നിങ്ങളുടെ സ്വാര്‍ത്ഥത തന്നെ. പക്ഷെ, നിങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ മലയാളിത്തത്തിന്റെ കാവലാളായി മാറാന്‍ വേണ്ടി മാത്രം എന്നെ തപ്പിയെടുത്ത് ഫോട്ടോയാക്കി ലൈകുകള്‍ വാരിക്കൂട്ടുമ്പോള്‍ പണ്ട് പൂക്കളങ്ങളില്‍ ഇരുക്കുമ്പോഴുള്ള സുഖം എനിക്ക് കിട്ടുന്നില്ല കൂട്ടരെ. അതുകൊണ്ട് എനിക്കേറെ പ്രിയപ്പെട്ടവരെ, നിങ്ങളോട് എനിക്കൊരു അപേക്ഷയുണ്ട്. മാവേലിത്തമ്പുരാനെ ഓര്‍ക്കും പോലെ ഈ ഓണക്കാലത്തെങ്കിലും എന്നെയും നിങ്ങളൊന്നോര്‍ക്കണം. നൊസ്റ്റാള്‍ജിയയെന്നോ ഗൃഹാതരുത്വമെന്നോ അങ്ങിനെ എന്ത് പേരിട്ട് വേണമെങ്കിലും നിങ്ങള്‍ അതിനെ വിളിച്ചോ.. പക്ഷെ, മനസ്സറിഞ്ഞ് ഈ ഓണക്കാലത്തെങ്കിലും എന്നെ നിങ്ങള്‍ ഒന്ന് ഓര്‍ക്കാമോ? ഇതൊരു അപേക്ഷയാണ്.

ഈ ഒരു ഓണനാളുകളിലെങ്കിലും നമുക്കൊരുമിച്ച് ആര്‍പ്പ് വിളിക്കാം. നമ്മുടെയൊക്കെ മനസ്സിലെ ഓണക്കാലം അയവിറക്കാം.

ആര്‍പ്പോ.. ഇര്‍‌റോ.. ഇര്‍‌റോ..ഇറ്‌റോ..

എല്ലാവര്‍ക്കും നല്ല ഓണം ആശംസിച്ചുകൊണ്ട് ,

നിങ്ങളുടെ സ്വന്തം

മുക്കൂറ്റി.

49 comments:

Manoraj പറഞ്ഞു... മറുപടി

എല്ലാ വായനക്കാര്‍ക്കും നന്മയുടെയും ഐശ്വര്യത്തിന്റെയും ഓണാശംസകള്‍

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു... മറുപടി

മുക്കൂറ്റി പൂവ് ചെവിയില്‍ പരാതി പറയുന്ന പോലെ .
ഇതൊരു പൂവിന്‍റെ പരാതി മാത്രമല്ലല്ലോ .
കുറെ ഓര്‍മ്മകളുടെ വീണ്ടെടുപ്പും കൂടിയല്ലേ .
മുക്കുറ്റിയും തുമ്പയും നിറഞ്ഞു നിന്ന പഴയ കാലത്തിന്‍റെ.

"പുത്തന്‍ ഫ്ലാറ്റുകള്‍ കെട്ടിപ്പൊക്കുവാന്‍ വേണ്ടി എന്നെയും തുമ്പക്കുടത്തെയും എല്ലാം ഒറ്റിക്കൊടുക്കുമ്പോള്‍ നിങ്ങളുടെ കാലുകള്‍ക്ക് പണ്ട് മഹാബലിയെ ചതിച്ച വാമനന്റെ പാദങ്ങളുടെ ഛായയുണ്ടായിരുന്നു"
ഈ വരികള്‍ക്ക് കുറെ അര്‍ത്ഥ തലങ്ങളുണ്ട് മനോ .

പോസ്റ്റ്‌ ഹൃദ്യമായി
ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

മുക്കുറ്റിയുടെ പരിഭവം അസ്സലാ‍യി. ‘മുക്കുറ്റിച്ചാന്തും തൊട്ടു കാത്തിരുന്ന‘ പെൺകുട്ടികളുടെ നാട്ടിൽ മുക്കുറ്റിയെ പരിചയപ്പെടുത്തേണ്ട ഗതിയായി. ഓണാശംസകൾ മനോരാജ്!

Lipi Ranju പറഞ്ഞു... മറുപടി

ഒരുപാടിഷ്ടായി മനു ഈ തുറന്ന കത്ത്.. പാവം മുക്കുറ്റി... :(
എന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...

പ്രയാണ്‍ പറഞ്ഞു... മറുപടി

നന്നായി മനോ..കഴിഞ്ഞതവണ നാട്ടില്‍പോയപ്പോള്‍ കുറേമുക്കുറ്റിച്ചെടികളെ തപ്പിയെടുത്ത് എടത്തിയമ്മയുടെ ദശപുഷ്പശേഖരത്തില്‍ കുടിയിരുത്തിയിട്ടാണ് പോന്നത്. നെറയെ മുക്കുറ്റിയുണ്ടായിരുന്ന തൊടിയാണ്‍. ഇപ്പോള്‍ മരുന്നിന്നുപോലുമില്ല.

majeed alloor പറഞ്ഞു... മറുപടി

ഓണശംസകള്‍...

SHANAVAS പറഞ്ഞു... മറുപടി

വളരെ ഇഷ്ട്ടപ്പെട്ടു, മനോരാജ്, മുക്കൂറ്റി പൂവിന്റെ വിലാപം..ഇനി , അതിവേഗം നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ അതിസമ്പന്നമായ സംസ്കാരത്തെ പറ്റി, കൂടെ എഴുതൂ...മുക്കൂറ്റിയും തുമ്പയും ഒക്കെ കണ്ട കാലം മറന്നു...ഒന്നോര്‍ത്താല്‍ സങ്കടം വരുന്നു...ഓരോന്ന് ഓര്‍ക്കുമ്പോള്‍..എന്റെ ഓണാശംസകള്‍.

റാണിപ്രിയ പറഞ്ഞു... മറുപടി

മനോ , മുക്കുറ്റിയെ ഓര്‍ക്കുന്നത് തിരുവാതിര നാളിലാണ് .അന്ന്‍ ദശപുഷ്പം ചൂടല്‍(വിവാഹം കഴിയാത്ത പെണ്‍കുട്ടികള്‍) ഒരു ചടങ്ങാണ്.ദശപുഷ്പങ്ങളില്‍ ഒന്ന് മുക്കുറ്റി.ഔഷധ വീര്യവും ഉണ്ട് ..


ഓണക്കാലത്ത് ഓടി നടന്നു ഇറുക്കുന്ന ഒന്ന് ..പക്ഷെ ഇന്ന്‍ മുക്കുറ്റിയെ അറിയുന്നവര്‍ വളരെ കുറവ് ..എന്തായാലും മുക്കുറ്റിയുടെ പരിഭവം വളരെ നന്നായി മനോ പറഞ്ഞു ....

ദശപുഷ്പങ്ങള്‍ ഇവയാണ്

വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി),
കറുക, മുയൽ ചെവിയൻ (ഒരിചെവിയൻ),
തിരുതാളി,ചെറുള,നിലപ്പന(നെൽപാത),കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ),
പൂവാംകുറുന്തൽ (പൂവാംകുറുന്നില),
മുക്കുറ്റി,ഉഴിഞ്ഞ

ഓണാശംസകള്‍ ...........

സീത* പറഞ്ഞു... മറുപടി

മുക്കുറ്റിയുടെ ആത്മഗതം മനസിന്റെ നൊമ്പരമായി...ഇടവഴികളിൽ തലയാട്ടി നിൽക്കുന്ന ഒരുപാട് സുന്ദരിപ്പൂവുകളുണ്ട്..പേരറിയാത്ത, മണമില്ലാത്ത സുന്ദരികൾ...അറിയാതെ പോകുന്നു പുതിയ തലമുറ അവയുടെ നൊമ്പരങ്ങൾ..

ഹൃദയം നിറഞ്ഞ ഓണാശംസകൾ ഏട്ടനും കുടുംബത്തിനും..

ദൃശ്യ- INTIMATE STRANGER പറഞ്ഞു... മറുപടി

മുക്കുറ്റി- Biophytum Sensitivum - മെഡിസിനല്‍ പ്ലാന്റ് എന്നും പറഞ്ഞു അമ്മയാ എന്നെ ആദ്യമായി കാണിച്ചു തന്നത്.. പിന്നെ ദശപുഷ്പങ്ങളെ പറ്റിയും ഓണത്തിന് എത്താറുള്ള മഞ്ഞ ചിത്രശലഭങ്ങളെ പറ്റിയും ഒക്കെ അമ്മൂമ്മ കുറെ കഥകള്‍ പറഞ്ഞു തന്നു അന്ന്. ഞാന്‍ ആദ്യമായി മുക്കുറ്റിയെ പരിചയപെട്ട ദിവസം...!!അമ്മുമ്മ ഇപ്പൊ ഇല്ല.ഈ എറണാകുളത്ത് ഇപ്പൊ എവിടെ പോയി നോക്കും മുക്കുറ്റിയും തുമ്പയും ഒക്കെ. നാളെ കഴിഞ്ഞു നാട്ടിലേക് പോകണം ഞങ്ങളുടെ സ്വന്തം ഹരിപ്പാട്ടെക്ക്..തുമ്പയും മുക്കുറ്റിയും ,തുളസി ചെടിയും ,മഞ്ഞ ചിത്ര ശലഭങ്ങളും, അണ്ണാനും, കുരുവിയും,തുമ്പികളും, നിറയെ മരങ്ങളും ചെടികളും ഒക്കെ ഉള്ള ഒരു വീട് ഉണ്ടല്ലോ എനിക്ക് അവിടെ പുഴയുടെ തീരത്ത്...എന്‍റെ ഏറ്റവും വലിയ സ്വകാര്യ അഹങ്കാരം. ഹി ഹി .
HAPPY ONAM

Kalavallabhan പറഞ്ഞു... മറുപടി

ദേ മുകളിലെ സ്ട്രൈഞ്ജറുടെ “ഹരിപ്പാട്ടെ പുഴയോരത്തുള്ള വീട്” എന്റമ്മോ എന്തവാ ഇത് ?

ബ്ലോഗിൽ പലയിടത്തും മുക്കുറ്റിയും ദശപുഷ്പങ്ങളും നില്ക്കുന്നത് കണ്ടു. മേല്ക്കൂരപോലും സ്വന്തമായില്ലാത്തവർക്ക് ഇത് ധാരാളം.

ഓണാശംസകൾ

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

സന്തോഷത്തിലും സങ്കടത്തിലും മനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്ന സന്മനസാണ്
പൂക്കള്‍ക്കുള്ളത് ,,
"സുഖത്തിലും ദുഖത്തിലും
സുമങ്ങളെ നിങ്ങള്‍ സാക്ഷി "

പൂവിന്റെ ഈ സങ്കടം പറച്ചില്‍ മനസില്‍ തൊട്ടു ..
ഓണാശംസകള്‍ ..:)

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകള്‍....
കുറെ നാള്‍ കൂടി നാട്ടിലെ ഒരു ഓണം ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണ് ഞാന്‍.പക്ഷെ ആകെ മഴ.അത്തം കറുത്തത് കൊണ്ടു ഓണം വെളുക്കുമെന്നു പ്രതീക്ഷിക്കാം അല്ലെ..ഇവിടെ പറമ്പില്‍ നിറയെ ഉണ്ട് ഈ മുക്കുറ്റികള്‍

കാസിം തങ്ങള്‍ പറഞ്ഞു... മറുപടി

മുക്കുറ്റിയും തുമ്പയുമെല്ലാം വിസ്മ്ര്‌തിലാണ്ടുപോയി. ഓണത്തിന്റെ വരവ് അറിയിച്ച് പൂപറിക്കാന്‍ തുള്ളിച്ചാടിയെത്തുന്ന കുസൃതിക്കൂട്ടങ്ങളും ഇന്നില്ല.
ഈ വിലാപം നന്നായി.

Yasmin NK പറഞ്ഞു... മറുപടി

എന്തു ഭംഗിയാ മുക്കുറ്റിയെ കാണാന്‍...

ഓണാശംസകള്‍...

ആളവന്‍താന്‍ പറഞ്ഞു... മറുപടി

"പാവം മുക്കുറ്റി" - എന്ന് പറഞ്ഞു പോകുന്ന എഴുത്ത്.

Unknown പറഞ്ഞു... മറുപടി

മുക്കുറ്റിയുടെ സങ്കടം ആരറിയാന്‍. കര്‍ക്കിടകത്തില്‍ ദശപുഷ്പങ്ങളില്‍ പലതും കിട്ടാനില്ല എന്നു അമ്മ പറഞ്ഞപ്പോള്‍ നഷ്ടപെട്ട കൂട്ടത്തില്‍ മുക്കുറ്റിയില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വര്‍ഷങ്ങള്‍ക്കു മുന്‍പ് മോള്‍ക്ക്‌ തുമ്പപ്പൂവും തുമ്പക്കുടവും കാണിച്ചു കൊടുത്തത് ഓര്‍ത്തുപോവുകയാണ്. നാട്ടിലെ പറമ്പില്‍ നിന്നും നഷ്ടപ്പെട്ട പല ചെടികളെയും ഓര്ത്തു സങ്കടപ്പെടുന്ന ഒരു പ്രയാസിയുടെ വിലാപം മാത്രമായി ഇതിനെ കാണുക.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ഇത് മുക്കുറ്റിയുടെ മാത്രം പരിഭവും,നൊമ്പരവുമല്ല..കേട്ടൊ
ഇതുപോൽ അനേകം നൊമ്പരങ്ങൾ നമ്മുടെ കാതിൽ വന്ന് കിന്നരം പറയുന്നില്ലേ..

siya പറഞ്ഞു... മറുപടി

തലക്കെട്ട് വായിച്ചപ്പോള്‍ വിചാരിച്ചു ..എന്തോസംഭവം ആണെന്ന് .വായിച്ചു തീര്‍ന്നപ്പോള്‍ മനസിലായി പാവം മുക്കൂറ്റി.അതിനെ ഓര്‍ക്കാന്‍ ഒരു ആള്‍ എങ്കിലും ഉണ്ടായി !!

അപ്പോള്‍ മനു ,അവിടെ പൂക്കളവും ,സദ്യയുംഒക്കെ തെയ്യാര്‍ ആയോ ?അതോ പൂക്കള്‍ ഒന്നും കിട്ടിയില്ലേ ?എന്തായാലും അവിടെഎല്ലാവര്ക്കുംസ്നേഹം നിറഞ്ഞ ഓണാശംസകള്‍ ..

Suja പറഞ്ഞു... മറുപടി

പ്രിയപ്പെട്ട മുക്കുറ്റിക്ക്,

എന്തിനാ വെറുതെ ഇങ്ങനെ വിഷമിക്കുന്നേ .ആരുപറഞ്ഞു നിന്നെ എല്ലാരും മറന്നു പോയീന്ന്.
തിരക്കല്ലേ എല്ലാര്‍ക്കും .അത്തം ഇടാന്‍ കടയില്‍ പോയി രണ്ട് കിലോജമന്തി വാങ്ങിക്കുമോ അതോ ഈ തിരക്കില്‍ നിന്നെയും തിരഞ്ഞു കാടായ കാടൊക്കെ നടക്കുമോ ?.സ്വന്തം മക്കളെ നോക്കാന്‍ തന്നെ സമയമില്ലാതായിരിക്കുന്നു എല്ലാവര്‍ക്കും .പൂക്കളം കൂട്ടാന്‍ മക്കള്‍ക്കും സമയമില്ലമുക്കുറ്റി.പരീക്ഷയും അസൈന്‍മെന്റും ,പ്രോജെക്ട്ടും ഒക്കെ ആയി അവര്‍ക്കും തിരക്കോട് തിരക്ക്.കഴിഞ്ഞ ദിവസം കുട്ടികളുടെ ഒരു പുസ്തകത്തില്‍ നിന്‍റെ ഒരു ഫോട്ടോ ഞാന്‍ കണ്ടു .എനിക്ക് നീ മുക്കുറ്റിയാണെന്ന് നന്നായി അറിയാം .എന്തുചെയ്യാം അവര്‍ നിന്‍റെ പേര് മറ്റൊരു പൂവിനു കൊടുത്തിരിക്കുന്നു.നിനക്കോ ഞാന്‍ ഇന്നോളം കേട്ടിട്ടില്ലാത്ത ഏതോ ഒരു പേരും.
അതൊക്കെ പോട്ടെ.വെറുതെ ഓരോന്ന് പറഞ്ഞുവീണ്ടും നിന്നെ വിഷമിപ്പിച്ചോ ഞാന്‍ .

എന്‍റെ ഓര്‍മയില്‍ നീ കുഞ്ഞു ലോകത്തെ "സുന്ദരി തെങ്ങാണ് " ,ഓലയും ,തേങ്ങയും ഒക്കെയുള്ള ഒരു കൊച്ചു തെങ്ങ് ....മഞ്ഞക്കുടയൊക്കെ വെച്ച്‌ കെട്ടിയ കുഞ്ഞു തെങ്ങ് .....

നിന്‍റെ വിഷമം കണ്ടിട്ട് ഞാനിന്ന് എവിടെയെല്ലാം നിന്നെ തിരഞ്ഞു എന്ന്‌ അറിയാമോ ? .ഹോ ഭാഗ്യം ദാ... നീ ഇവിടെയുണ്ട് .ഇത്‌ നീ തന്നെ അല്ലേ എനിക്ക് തെറ്റിയില്ലല്ലോ ...ല്ലെ ?.
ഏകദേശം ഈ ഫോട്ടോയിലേതു പോലെ തന്നെ .........

സന്തോഷമായല്ലോ .
കണ്ണാംന്തളിയും ,കാക്കപ്പൂവും നുള്ളാന്‍ ആരെങ്കിലും ഈ വഴി വന്നാല്‍ നിന്നെക്കുറിച്ച്‌ ഞാന്‍അവരോടു പറയാം .

കരയണ്ടാട്ടോ ......

-വയല്‍ പൂവുകള്‍

Manoraj പറഞ്ഞു... മറുപടി

@ചെറുവാടി : ആദ്യവായനക്കും മുക്കൂറ്റിയുടെ വിഷമം ഉള്‍ക്കൊണ്ടതിനും നന്ദി.

@ശ്രീനാഥന്‍ : അതെ മാഷേ.. പണ്ട് മുത്തശ്ശിമാര്‍ പറയുമ്പോലെ സുകൃതക്ഷയം! കലികാലവൈഭവം!

@Lipi Ranju : ഓണാശംസകള്‍.

@പ്രയാണ്‍ : എന്റെയൊക്കെ വീടിന് പരിസരത്ത് മുക്കൂറ്റി നിറഞ്ഞുനിന്ന പറമ്പിലെല്ലാം ഇന്ന് വലിയ വീടുകളാണ്. ആരെയും കുറ്റം‌പറഞ്ഞിട്ട് കാര്യമില്ല.

@മജീദ് അല്ലൂര്‍ : തേജസിലേക്ക് സ്വാഗതം. ഓണാശംസകള്‍.

@SHANAVAS : ഓര്‍മ്മകളുള്ളവര്‍ക്കേ സങ്കടങ്ങള്‍ ഉള്ളൂ മാഷേ. അതുകൊണ്ടല്ലേ എല്ലാവരും എല്ലാം മറക്കാന്‍ ശ്രമിക്കുന്നത്. സ്വന്തം മാതാപിതാക്കന്മാരെവരെ!

@റാണിപ്രിയ : എനിക്കറിവില്ലായിരുന്ന അറിവില്ലായിരുന്ന കുറേ കാര്യങ്ങള്‍ റാണി ഇവിടെ പങ്കുവെച്ചു. നന്ദി. ദശപുഷ്പങ്ങളില്‍ ഒന്നാണ് മുക്കൂറ്റിയെന്നും ഔഷധമൂല്യമുള്ളതാണെന്നും അറിയാമായിരുന്നു. തിരുതാളി, മുയല്‍ചെവി, കറുക ഇവയും ദശപുഷ്പങ്ങളുടെ കൂട്ടത്തിലുള്ളതെന്ന് അറിയാമായിരുന്നു. മറ്റുള്ളവയെ പരിചയപ്പെടുത്തിയതിന് താങ്ക്സ്.

@സീത* : പുതുതലമുറ ഓണം തന്നെ അറിയുന്നില്ലല്ലോ സീത. അവരുടെ മനസ്സില്‍ ഓണം എന്നത് കുറേ പുത്തന്‍ ഉടുപ്പുകളും ടീവി പ്രോഗ്രാമുകളും മാത്രമാണിന്ന് :(

@INTIMATE STRANGER : അപരിചിതക്ക് ഹരിപ്പാടാണെങ്കിലും ഉണ്ടല്ലോ മനോഹരമായ ഒരു തൊടിയും അതില്‍ നിറയെ പൂക്കളും ശലഭങ്ങളും എല്ലാം. ഭൂരിഭാഗത്തിനും അതെല്ലാം നഷ്ടമായിരിക്കുന്നു.

@Kalavallabhan : അപരിചിതയുടെ സ്വകാര്യ അഹങ്കാരം നോക്കി അസൂയപ്പെടുകയാണ് അല്ലേ:):)

@രമേശ്‌ അരൂര്‍ : ഓണാശംസകള്‍

@റോസാപൂക്കള്‍ :നാട്ടില്‍ ഓണമാഘോഷിക്കുന്നതിന്റെ ത്രില്ല് കളയണ്ട. മഴയൊക്കെ മാറിയേക്കും. അഥവാ മാറിയില്ലെങ്കിലും ഓണം വര്‍ഷത്തില്‍ ഒന്നല്ലേ ഉള്ളൂ. അങ്ങോട്ട് ആഘോഷിക്കുന്നേ. ഓണാശംസകള്‍.

@കാസിം തങ്ങള്‍ : തേജസിലേക്ക് സ്വാഗതം. വായനക്ക് നന്ദി.

@മുല്ല : അതിന് കാണാന്‍ കിട്ടിയിട്ട് വേണ്ടേ:(

@ആളവന്‍താന്‍ : വായനക്ക് നന്ദി.

@Vijay Amabalapuzha : സത്യത്തില്‍ മുക്കൂറ്റി പറഞ്ഞപോലെ പ്രവാസികളായവര്‍ വല്ലപ്പോഴുമെങ്കിലും ഇതൊക്കെ ഓര്‍ക്കുന്നെങ്കിലും ഉണ്ട് വിജയ്. മറിച്ച് നാട്ടിലുള്ളവരുടെ കാര്യം അതിലേറെ കഷ്ടം.

@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം : തുമ്പയും തുളസിയും കുടമുല്ലയും ശംഖുപുഷ്പവും വാടാമല്ലിയും എല്ലാം നമ്മോട് ഇതുപോലെ എന്തൊക്കെയോ പറയുന്നുണ്ടാവും അല്ലേ മാഷേ.

@siya : ഇവിടെ ദിവസവും പൂക്കളമിടുന്നുണ്ട് സിയ. പക്ഷെ, പറമ്പായ പറമ്പൊക്കെ നിരങ്ങി പണ്ട് നമ്മളൊക്കെ പൂപറിക്കുമായിരുന്നില്ലേ. ഇതതൊന്നുമില്ല. കടയില്‍ നിന്നും വാങ്ങുന്ന പൂവ്. അതുകൊണ്ട് അമ്മയും മോനും കൂടെ രാവിലെ തന്നെ ഓരോ കൊച്ച് കളം ഉണ്ടാക്കുന്നു. സദ്യ അത് നമുക്കുണ്ടാക്കാമെന്നേ :)

@Suja : തേജസിലേക്ക് സ്വാഗതം. ഈ കമന്റ് എനിക്കേറേ ഇഷ്ടമായി. “അത്തം ഇടാന്‍ കടയില്‍ പോയി രണ്ട് കിലോജമന്തി വാങ്ങിക്കുമോ അതോ ഈ തിരക്കില്‍ നിന്നെയും തിരഞ്ഞു കാടായ കാടൊക്കെ നടക്കുമോ ?.സ്വന്തം മക്കളെ നോക്കാന്‍ തന്നെ സമയമില്ലാതായിരിക്കുന്നു എല്ലാവര്‍ക്കും .പൂക്കളം കൂട്ടാന്‍ മക്കള്‍ക്കും സമയമില്ലമുക്കുറ്റി.പരീക്ഷയും അസൈന്‍മെന്റും ,പ്രോജെക്ട്ടും ഒക്കെ ആയി അവര്‍ക്കും തിരക്കോട് തിരക്ക്.“ സത്യമിത് തന്നെ. ഇത് തന്നെയാണ് ശരിയും...

jain പറഞ്ഞു... മറുപടി

onakalath itharamoru post valare nallathu thanne. pinne mukkutti.. athrak angu sankadam venda keto, njangalude nattil, parambil ellam nee und. athupole adutha thodiyilumellam..
pinne manuvinod,
aa photok oppam mukuttiyude oru muzhuvan chitram koodi undayirunnenkil..

Junaiths പറഞ്ഞു... മറുപടി

മുക്കുറ്റി...
മൂക്ക് കുത്തി...

ശ്രീജ പ്രശാന്ത് പറഞ്ഞു... മറുപടി

നന്നായി, ഓണാശംസകളോടെ....

'നാണിച്ചൊട്ടു വിടര്ന്ന പൂവിതളുകള്‍ നീളേ തുടുക്കുന്നതോര്‍-
ത്തോണത്തുമ്പിയുണര്‍ന്നടുത്തു, മിഴിയില്‍ പൂരം നിറച്ചങ്ങനെ
ഈണം ചേര്‍ത്തൊരു മൂളലോടധരമാ മുക്കുറ്റി മുത്തീടവേ
'മോണിട്ട'ര്‍പ്പടി തട്ടി വീണു തറയില്‍, കുത്തുന്നു മൂക്കൊന്നതാ'

sreee പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sreee പറഞ്ഞു... മറുപടി

മുക്കുറ്റിയും തുമ്പയുമില്ലാതെ എന്ത് അത്തപ്പൂക്കളം. മുക്കുറ്റിയും തുമ്പയും പൂക്കുന്ന,അതിനെ മറക്കാത്ത നാട്ടിന്‍പുറങ്ങള്‍ഇപ്പോഴുംഉണ്ട്.. കുളിച്ചു വന്നാല്‍ മുക്കുറ്റിയും കറുകയും തിരയുന്ന ചില മുത്തശിമാര്‍ നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും ഉണ്ട്. പക്ഷെ,നഗരത്തിലെ മുക്കുറ്റിചെടിയുടെ നൊമ്പരം ഇത് തന്നെയാവും. നൊമ്പരം സുന്ദരം എന്ന് പറയാന്‍ പാടില്ലല്ലോ. എന്നാലും പാവം മുക്കുറ്റി.

ഓണാശംസകള്‍

(@റാണിപ്രിയ : ദശപുഷ്പം ചൂടല്‍ വിവാഹം കഴിയാത്ത പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല,മംഗല്യമുള്ള ഓരോ സ്ത്രീക്കും പ്രധാനമാണ്. )

ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു... മറുപടി

വളരെ നല്ല ഒരു പോസ്റ്റ്.ഒരു കാലത്തിന്റെ സമ്പന്നത മുഴുവനും ഒരു പൂവിൽക്കൂടെ നന്നായി പറഞ്ഞു മനു.

പൂവുകൾ പോലെ മനോഹരമായ ഒരു ഓണക്കാലം ആശസിക്കുന്നു

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

(മുക്കുറ്റി പൂവിനെ പറ്റി ഞാന്‍ പണ്ട് കുറിച്ചതാണ്.)
നിന്നരികില്‍ എത്തുമ്പോള്‍
ഞാനൊരു കട്ടുറുമ്പ്
ഭൂമിയില്‍ ഉദിച്ചു പൊങ്ങിയ
മഞ്ഞ നക്ഷത്രങ്ങളല്ലേ നിങ്ങള്‍ ?

നിരക്ഷരൻ പറഞ്ഞു... മറുപടി

ഈ ശ്രേണിയിൽ ഒരുപാട് കത്തുകൾക്കുള്ള സ്കോപ്പുണ്ട് ഇന്ന് മലയാളത്തിൽ.

എല്ലാവർക്കും ഓണാശംസകൾ....

indrasena indu പറഞ്ഞു... മറുപടി

ഈ ഒരു ഓണനാളുകളിലെങ്കിലും നമുക്കൊരുമിച്ച് ആര്‍പ്പ് വിളിക്കാം. നമ്മുടെയൊക്കെ മനസ്സിലെ ഓണക്കാലം അയവിറക്കാം.

ആര്‍പ്പോ.. ഇര്‍‌റോ.. ഇര്‍‌റോ..ഇറ്‌റോ..
തിരുവോണാശംസകള്‍

khader patteppadam പറഞ്ഞു... മറുപടി

മുക്കൂറ്റിയുടെ അപേക്ഷ ന്യ്ായമാണ്. പക്ഷെ ആരുണ്ട് കേള്‍ക്കാന്‍...?

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

മുക്കൂറ്റിപ്പൂവിന്‍റെ നൊമ്പര കഥ ഇഷ്ടായി ട്ടൊ..
ഒരു കൊച്ച് കുഞ്ഞ് മുഖം വീര്‍പ്പിച്ച്, കണ്ണ് നിറച്ച് പരാതി പറയും പോലെ തോന്നിച്ചു..
ശരിയ്ക്കും ഒരു കുഞ്ഞു തന്നെ അല്ലേ അവള്‍. ഓര്‍ക്കുന്നോ..എത്ര സൂക്ഷ്മതയൊടെ വേണം അവളെ കൊണ്ട് നടക്കാന്‍..അല്ലേല്‍ ആ ഇച്ചിരി പോന്ന സാധനം ഇല്ലാണ്ടായി പോവില്ലേ...
അങ്ങനെ എത്രയെത്ര ഓണകാല ആഹ്ലാദങ്ങള്‍..
ഒരു മുക്കുറ്റിപ്പൂവിനേയും, ഒരു തുമ്പപ്പൂവിനേയും കൈകുമ്പിളില്‍ ഇട്ട് താലോലിയ്ക്കാം ഒരു മോഹം...നന്ദി ട്ടൊ..

ഓണാശംസകള്‍..!

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

ഓണം തിരുവോണം വന്നു തുമ്പിപ്പെണ്ണേ
അത്തം മുതൽ പൂക്കളമിട്ടു തുമ്പിപ്പെണ്ണേ
കാറ്റലകൾ പാട്ടുകളായ്
കാടെങ്ങും പൂവിളിയായ്
ആകാശത്താവണിയുടെ കല
പൂവണിയായ് (ഓണം...)

കൊട്ടുമേളം പോരെന്നോതി
തുള്ളാതിരിക്കരുതേ
ചെണ്ടയുണ്ട് മദ്ദളമുണ്ട്
ഇടയ്ക്കയുണ്ടുടുക്കുമുണ്ട്
കൊമ്പുണ്ട് കുഴലുമുണ്ട്
പോരെങ്കിൽ കുരവയുമുണ്ട്
ആടിവാ തുമ്പിപ്പെണ്ണേ അലഞ്ഞു വാ തുമ്പിപ്പെണ്ണേ
മൂളി വാ തുമ്പിപ്പെണ്ണേ മുഴങ്ങി വാ തുമ്പിപ്പെണ്ണേ
തുള്ള് തുള്ള് നീയുറഞ്ഞു തുള്ള് (ഓണം...)

പൂവുമാളും പോരെന്നോതി
തുള്ളാതിരിക്കരുതേ
തുമ്പയുണ്ട് താമരയുണ്ട്
അരളിയുണ്ടാമ്പലുമുണ്ട്
അമ്പരത്തി ചെമ്പരത്തി
കാക്കപ്പൂ നന്ത്യാർവട്ടം
ആടിവാ തുമ്പിപ്പെണ്ണേ അലഞ്ഞു വാ തുമ്പിപ്പെണ്ണേ
മൂളി വാ തുമ്പിപ്പെണ്ണേ മുഴങ്ങി വാ തുമ്പിപ്പെണ്ണേ
തുള്ള് തുള്ള് നീയുറഞ്ഞു തുള്ള് (ഓണം...)

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു... മറുപടി

എന്റെ നാട്ടിലിപ്പോഴും മുക്കുറ്റിയുണ്ട്...തുമ്പയുണ്ട്....

ഒരു നാലഞ്ച് വർഷം കഴിയുമ്പോഴേയ്ക്കും ഞാനീ പോസ്റ്റിന് മറുപടിയിടാൻ യോഗ്യനാകുമോ...

ആകാതിരിയ്ക്കട്ടെ ന്ന്ൻ ആത്മാർഥമായാഗ്രഹിയ്ക്കുന്നു...

ഓണാശംസകൾ....

mini//മിനി പറഞ്ഞു... മറുപടി

മുക്കുറ്റിയുടെ ഓർമ്മകൾ

ഫാരി സുല്‍ത്താന പറഞ്ഞു... മറുപടി

കാലത്തിനു പുറത്തായ മുക്കുറ്റിയുടെ പരിഭവം വളരെ നന്നായി മനോ പറഞ്ഞു ....
ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...
--

അന്വേഷകന്‍ പറഞ്ഞു... മറുപടി

പാവം മുക്കുറ്റി..


മുക്കുറ്റിയും തുമ്പയും ഒക്കെ നിറഞ്ഞ ഓണക്കാലത്തിന്റെ എല്ലാ സന്തോഷങ്ങളും ആശംസിക്കുന്നു..

Sneha പറഞ്ഞു... മറുപടി

മുക്കുറ്റി .......... ഈ പ്രാവശ്യം നിന്നെ തന്നെയാണ് കൂടുതല്‍ തവണയും പൂക്കളം ഒരുക്കാന്‍ കൂടെ കൂട്ടിയത്... കൂട്ടിനു നിന്റെ കൂട്ടുകാരി തുമ്പയും ഉണ്ടായിരുന്നു. . നിങ്ങളെ ഇങ്ങനെ പൂവിട്ടു, പറമ്പ് നിറഞ്ഞു നിക്കുന്നത് കാണാന്‍ തന്നെ ഒരു രസമാണ്. മനസിന്‌ സന്തോഷം നല്‍കുന്ന കാഴ്ചയാണ് അത്.

മനുവേട്ടാ, കൊള്ളാം ഈ കത്ത്.. മുക്കുറ്റിയുടെ മനസറിഞ്ഞ കത്ത് തന്നെ..
ഈ പ്രാവശ്യം പതിവിനു വിപരീതമായി തുമ്പയും മുക്കുറ്റിയും പറമ്പില്‍ പൂവിട്ടു നിക്കുന്നുണ്ട്. . അടുത്ത കൊല്ലവും അങ്ങനെ തന്നെയാകട്ടെ എന്ന് ആശിക്കുന്നു.

Arjun Bhaskaran പറഞ്ഞു... മറുപടി

മണ്മറഞ്ഞു പോകുന്ന ഒരു സംസ്കാരത്തിന്റെ തിരുശേഷിപ്പ്... വളരെ നല്ല സന്ദേശം നല്‍കുന്ന ഒരു പോസ്റ്റ്‌..ഇഷ്ട്ടപെട്ടു

Anil cheleri kumaran പറഞ്ഞു... മറുപടി

പാവം മുക്കുറ്റി.. :(

കുഞ്ഞൂസ് (Kunjuss) പറഞ്ഞു... മറുപടി

തുമ്പയും മുക്കൂറ്റിയും വിദൂരമായ ഏതോ ഓര്‍മകളില്‍ മാത്രമായ പ്രവാസികള്‍ തന്നെ തമ്മില്‍ ഭേദം ല്ലേ... നാട്ടിലെ കോണ്‍ക്രീറ്റ് കാടുകളില്‍ തിരഞ്ഞാല്‍ കിട്ടുന്നതാണോ നഷ്ടവസന്തങ്ങള്‍ ...?

വൈകിയെങ്കിലും എന്റെ ഓണാശംസകള്‍ ...!

kochumol(കുങ്കുമം) പറഞ്ഞു... മറുപടി

പൂവിന്റെ ഈ സങ്കടം പറച്ചില്‍ മനസില്‍ തൊട്ടു ..കാലം പോണ പോക്കേ അല്ലെ ....ഇനി വരും തലമുറ മുക്കൂറ്റിക്കു പകരം എന്താണാവോ കാണുക . വയ്കി എത്തി എന്റെ ഓണാശംസകള്‍ അറിയിച്ചു കൊള്ളുന്നു ..എന്തായാലും നമുക്ക് ആര്‍പ്പോ.. ഇര്‍‌റോ.. ഇര്‍‌റോ..ഇറ്‌റോ..വിളിക്കാം

Manoraj പറഞ്ഞു... മറുപടി

@jain : അവിടെ മുക്കൂറ്റി നിറച്ചുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

@junaith : അതെയതെ

@ശ്രീജ പ്രശാന്ത് : വായനക്കും കവിതക്കും നന്ദി.

@sreee : നാട്ടിന്‍പുറത്തും ഇത്തരം വിലാപങ്ങള്‍ ഉണ്ട് ശ്രീ.

@ഉഷശ്രീ (കിലുക്കാംപെട്ടി): സന്തോഷം ചേച്ചി.

@ഭാനു കളരിക്കല്‍ : ആ മഞ്ഞ നക്ഷത്രങ്ങളെ ഇപ്പോള്‍ കാണാനില്ല ഭാനു.

@നിരക്ഷരൻ : നന്ദി.

@indu : ആര്‍പ്പോ..:)

@khader patteppadam : നമുക്കൊക്കെ തന്നെ കേള്‍ക്കാം മാഷേ..

@വര്‍ഷിണി* വിനോദിനി : നല്ല ഒരു ഓണപ്പാട്ടിന് നന്ദി..

@രഞ്ജിത്ത് കലിംഗപുരം : തേജസിലേക്ക് സ്വാഗതം. ഞാനും പ്രാര്‍ത്ഥിക്കാം.

@mini//മിനി : വായനക്ക് നന്ദി..

@നെല്ലിക്ക )0( : തേജസിലേക്ക് സ്വാഗതം. നന്ദി.

@അന്വേഷകന്‍ : തേജസിലേക്ക് സ്വാഗതം. നന്ദി.

@Sneha : മനസ്സ് നിറച്ച് മുക്കൂറ്റിയെ കണ്ട ചിലരെങ്കിലും ഉണ്ടല്ലോ അപ്പോള്‍ മുക്കൂറ്റിക്കും ആശ്വാസമായിക്കാണും.

@mad|മാഡ്-അക്ഷരക്കോളനി : നന്ദി.

കുമാരന്‍ | kumaran : :(

@സുരേഷ്‌ കീഴില്ലം : പോസ്റ്റ് വായിച്ചോ എന്നറിയില്ല. എങ്കിലും വരവിന് ഒരു നന്ദി അറിയിക്കട്ടെ. ഓണ്‍ലൈന്‍ സംരംഭങ്ങള്‍ കൂടട്ടെ. സന്തോഷം.

@കുഞ്ഞൂസ് (Kunjuss) : നന്ദി കുഞ്ഞൂസ്

@kochumol(കുങ്കുമം) : തേജസിലേക്ക് സ്വാഗതം. നന്ദി.

ജിത്തു പറഞ്ഞു... മറുപടി

മുക്കുറ്റിയെ മറന്നു തുടങ്ങുന്ന കാലമാണിത്
നമ്മുടെ പുതു തലമുറക്ക് കാണാന്‍
ഇനി ഈ മുക്കുറ്റി ചിത്രങ്ങള്‍
തന്നെ വേണ്ടി വന്നേക്കാം !

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

പാവം മുക്കുറ്റിയുടെ സങ്കടം. ഞാനത്ഭുതപ്പെട്ടുപോയി ഇപ്രാവശ്യം എന്റെ കൊച്ചു ഗ്രാമത്തിലും ഒരു പൂക്കച്കവടക്കാരനെ കണ്ടപ്പോൾ.
. ആരെങ്കിലും കാശു കൊടുത്ത് ഇവിടെയൊക്കെ പൂ വാങ്ങുമോ എന്നും വിചാരിച്ചു. വാങ്ങുന്നുണ്ടാവും, അല്ലാതെ അയാൾ അതിവിടെ കൊണ്ടുവച്ചു വിക്കില്ലല്ലോ.
പറമ്പിലൊക്കെ കറങ്ങി മുക്കുറ്റി പൊട്ടിക്കാൻ ആർക്കാ ഇപ്പോ നേരം!

വേണുഗോപാല്‍ പറഞ്ഞു... മറുപടി

എന്റെ ബ്ലോഗില്‍ വന്നവരെ പിന്തുടരുന്ന ഒരു സ്വഭാവം എനിക്കുണ്ട് ... അങ്ങിനെ ഇവിടെയെത്തി ,,,, പോസ്റ്റുകള്‍ വായിച്ചു ... നല്ലത് ഏത് എന്ന് ചോദിച്ചാല്‍ ഈ കമന്റ്‌ ഇടുന്ന മുക്കുത്തിയുടെ പരിഭവം തന്നെയാണ് ... നാം മറന്നു കൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍ ഒരു മുക്കുത്തി പൂവിളുടെ വരച്ചു കാട്ടിയതിനു ആശംസകള്‍ '''''

അജ്ഞാതന്‍ പറഞ്ഞു... മറുപടി

മുക്കുറ്റി പൂവിന് ഇത്ര ഭംഗിയുണ്ടെന്ന് ഫോട്ടം കണ്ടപ്പഴല്ലേ മനസ്സിലായത്. നമ്മുടെ തൊടിയില്‍ നിന്ന് തുമ്പയും കാക്കപ്പൂവും മുക്കുറ്റിയും അപ്രത്യക്ഷമായതില്‍ നമുക്കോരോരുത്തര്‍ക്കും പങ്കുണ്ട് മനോ. അത് ആരുമാരും ശ്രദ്ധിച്ചില്ലെന്നു മാത്രം.

Riya Shaji പറഞ്ഞു... മറുപടി

മനോ,

ഒരുപാട് ഇഷ്ടപ്പെട്ടു മുക്കുറ്റി, മലയാളികളുടെ മനസ്സില്‍ ഗ്രിഹാതുരത ഉണര്‍ത്തുന്ന എന്തും ഈ മരുഭൂമിയില്‍ ഇരുന്നു വായിക്കുമ്പോള്‍ പ്രിയമാകുന്നു.

റിയ

V P Gangadharan, Sydney പറഞ്ഞു... മറുപടി

ഉറുപ്പിക നോട്ടുകള്‍ കൊടുത്ത്‌ ചന്തയില്‍ ചെന്നു പൂ വാങ്ങി പൂക്കളമിട്ടു തീരും മുമ്പേ പൂക്കള്‍ വാടി. വഹിച്ചെത്തിയ വാഹനം തമിഴന്റെ പൂക്കളുടെ ഊര്‍ജ്ജം വിഴുങ്ങിക്കളഞ്ഞു. തുമ്പയും മുക്കൂറ്റിയും എന്നോ സ്ഥലം വിട്ടിരുന്നു. ഏതിടം നോക്കിത്തെരയും? മുക്കാല്‍ ലക്ഷം കൊടുത്ത്‌ വാങ്ങിയ എയര്‍ ടിക്കറ്റിന്റെ പകുതി അതോടെ മുറിഞ്ഞു വീണു.
കാശു വാങ്ങി വ്യവസായി നല്‍കിയ പ്ലാസ്റ്റിക്കിലയില്‍ നിറയൂണ്‌ കഴിച്ചെന്നു വരുത്തി, ഇല ചുരുട്ടി കുപ്പയിലിട്ടതോടെ വന്നെത്തി, ഒരേമ്പക്കം. എയര്‍ ടിക്കറ്റിന്റെ ബാക്കി കിടന്ന പകുതിയും വഹിച്ച്‌ അതോടെ മടങ്ങി. സിഡ്നിയിലെത്തിയപ്പോള്‍ ബാക്കി കിടന്നതോ, തീരാത്ത ഓമ്മകള്‍ - പണ്ടെന്നോ കടന്നു പോയ ഓണക്കാലങ്ങള്‍....

അടുത്ത ട്രിപ്പിന്‌ ടിക്കറ്റ്‌ ബുക്കു ചെയ്യാന്‍ വീണ്ടും തിടുക്കമായി.
- എനിക്കു പിരാന്ത്‌!