വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2011

മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ!!

വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ അവളെ വീണ്ടും കണ്ടത്.

ഒബ്രോണ്‍‌മാളിന്റെ തിരക്കില്‍ അലിഞ്ഞില്ലാതാവാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. എസ്കലേറ്ററിലൂടെ മുകളിലേക്കും താഴെക്കും ഒരു കൗതുകം പോലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുഫ്രോക്കുകാരിയിലായിരുന്നു എന്റെ ശ്രദ്ധ. എത്ര ഓമനത്തമുള്ള മുഖം. ഒരു പാവക്കുട്ടിയുടെ മുഖം പോലെ. റോസ് നിറത്തിലുള്ള ആ ഫ്രോക്കില്‍ അവള്‍ ശരിക്കും ഒരു പാവക്കുട്ടി തന്നെ. റിലയന്‍സ് ട്രെന്‍ഡ്സിലേക്ക് ഓടികയറിയ ആ കുഞ്ഞിന് പിന്നാലെ കണ്ണുകള്‍ അറിയാതെ പാഞ്ഞു. അപ്പോഴായിരുന്നു അവളെ കണ്ടത്.

അപ്പോഴായിരുന്നു അവളെ കണ്ടതെന്ന് പറയാന്‍ കഴിയുമോ? കണ്ടു എന്നത് സത്യമാണെങ്കിലും ആളെ മനസ്സിലായില്ലല്ലോ. പാവക്കുട്ടിയില്‍ നിന്നും ദൃഷ്ടിമാറ്റാതെ നിന്നത് കൊണ്ട് അവള്‍ ശ്രദ്ധിക്കുന്നത് അറിഞ്ഞതുമില്ല. പുഞ്ചിരിച്ചുകൊണ്ട് അവള്‍ അടുത്തേക്ക് വന്നപ്പോള്‍ അതുകൊണ്ട് തന്നെ പരിഭ്രമിച്ചൂപോയി.

ഒരു സ്ത്രീയെ ഇങ്ങിനെ നോക്കി നില്‍ക്കുക. അതും ഈ പ്രായത്തില്‍. എന്തൊരു നാണക്കേടാണ്‌. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതൊക്കെ ഒരു ഹരമായി കൊണ്ടു നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോള്‍.. അവള്‍ എന്ത് വിചാരിച്ചിരിക്കും.

"എന്തൊരു നോട്ടമാണിഷ്ടാ ഇത്"

ആകെ നാണക്കേടായി. "അത് പിന്നെ.. ഞാന്‍.." വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി പോകുന്നു. "ഞാന്‍ മോളുടെ കുസൃതി നോക്കി നിന്നതാണ്‌". ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

"ഞാന്‍ കരുതി നീ പഴയ പണി ഇപ്പോഴും മറന്നിട്ടില്ലെന്ന്”. അവളുടെ കണ്ണുകളില്‍ വല്ലാത്ത കുസൃതി. പരിചയഭാവം. ഇതാരാണ്‌? മനസ്സിനെ പഴയകാലത്തേക്ക് മേയാന്‍ വിട്ടു. ഹെയ്, ഒരു പിടിയുമില്ല. മുഖത്തോട് മുഖം നോക്കി ഞങ്ങള്‍ നിന്നു. അവളില്‍ ഒരു നനുത്ത പുഞ്ചിരിയുണ്ട്. എന്നില്‍ വല്ലാത്ത വിസ്മയവും. ഇരുവരുടേയും മുഖത്ത് മാറി മാറി നോക്കി, അവളോട് കണ്ണുകൊണ്ട് എന്തോ പറഞ്ഞിട്ട് ഫ്രോക്കുകാരി വീണ്ടും എസ്കലേറ്ററിലേക്ക് ഓടി.

"മോളു സൂക്ഷിച്ച്. വീഴരുത് കേട്ടോ" - മാളിലെ എയര്‍കൂളറുടെ കാറ്റില്‍ പാറിപറക്കുന്ന മുടിയിഴകള്‍ ഒരു കൈകൊണ്ട് മാടിയൊതുക്കി അവള്‍ വീണ്ടും എന്നിലേക്ക് തിരിഞ്ഞു.

ഞാന്‍ വല്ലാതെ പതറി നില്‍ക്കുകയാണ്‌. അവളുടെ ചിരി എന്നെ ദ്വേഷ്യം പിടിപ്പിക്കുന്നുമുണ്ട്. ആരായിരിക്കും ഇവള്‍?

വെളുത്ത നിറം. കഷ്ടിച്ച് അഞ്ചടിയില്‍ അല്പം കൂടുതല്‍ മാത്രം പൊക്കം. തടിച്ച ശരീരം. സാരിയാണ്‌ വേഷം. ഞാന്‍ വിണ്ടും അവളെ അടിമുടി നോക്കിക്കൊണ്ടിരുന്നു.

"നിനക്കെന്നെ ഇനിയും മനസ്സിലായില്ലേ! എടാ ഞാന്‍ സുസ്മിതയാടാ"

സുസ്മിത!! ഞാന്‍ വീണ്ടും സംശയത്തോടെ നോക്കി. എന്തോ എനിക്ക് വിശ്വസിക്കുവാന്‍ പ്രയാസമായിരുന്നു. വര്‍ഷങ്ങള്‍ ഒട്ടേറെ കഴിഞ്ഞിരുന്നുവെങ്കിലും എന്റെ മനസ്സിലെ സുസ്മിതയുടെ രൂപത്തിന്‌ ഇന്നും മങ്ങലേറ്റിട്ടില്ല എന്നെനിക്കുറപ്പുണ്ട്. പക്ഷെ ഇവള്‍!!

"എടാ ഞാന്‍ സുസ്മിത തന്നെ. പണ്ട് നിന്നെ ഒട്ടേറെ കളിയാക്കിയിട്ടുള്ള നിന്റെ പഴയ കൂട്ടുകാരി”.

അവളുടെ കണ്ണുകളിലേക്ക് ഒരിക്കല്‍ കൂടി സൂക്ഷിച്ച് നോക്കി. ശരിയാണ്‌, ഇപ്പോള്‍ ആ കണ്ണുകളില്‍ സുസ്മിതയെ എനിക്ക് കാണാനാവുന്നുണ്ട്. എന്നിട്ടും ഇതുവരെ എന്തേ എനിക്കിവളെ മനസ്സിലായില്ല. വര്‍ഷം അത്രയേറെ കഴിഞ്ഞല്ലോ. പഴയ കോളേജ് കാലത്തെ സുഹൃത്ത്. വെളുത്ത് മെലിഞ്ഞിരുന്ന പഴയ സുസ്മിതയെവിടെ. ഇപ്പോള്‍ എന്റെ മുന്‍പില്‍ നില്‍ക്കുന്ന തടിച്ചുകുറുകിയ ഇവള്‍ എവിടെ.

പണ്ട് ഈര്‍ക്കിലി പോലെയിരുന്നിരുന്ന പെണ്‍കൊച്ചാണോ ഇപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നത്. എനിക്ക് അത്ഭുതം അടക്കാനായില്ല. അല്ല എന്നിലും ഒട്ടേറെ മാറ്റം വന്നല്ലോ. പണ്ട് തടിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ ജീവിതപ്രാരാബ്ദങ്ങളുടെ നെട്ടോട്ടത്തില്‍ വല്ലാതെ മെലിഞ്ഞു. എന്ന് മാത്രമോ, അത്രയേറെ പ്രായമായില്ലെങ്കിലും മുടിയിഴകളില്‍ ചെറിയ വെള്ളിവരകള്‍ വീഴുകയും കണ്‍‌തടങ്ങള്‍ പ്രായത്തിന്‍െ വരവരിയിച്ച് കുഴിഞ്ഞു കറുക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവള്‍ എന്നെ തിരിച്ചറിഞ്ഞു. അവള്‍ വല്ലാതെ മാറിയിട്ടുണ്ട്. ശരീരഭാഷയില്‍ നിന്നും ഒരിക്കലും പഴയ സുസ്മിതയെ എനിക്കെന്നല്ല, ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല. പക്വമതിയായ ഒരു സ്ത്രീയുടെ ഭാവാദികള്‍ അവളില്‍ ഉണ്ട്. ഒരു പാട് നേരം ഞങ്ങള്‍ സംസാരിച്ചു. പഴയ കാലത്തെ ഓര്‍മ്മകളിലൂടെയും മറ്റു കൂട്ടുകാരെക്കുറിച്ച് പരസ്പരമുള്ള അറിവുകള്‍ പങ്കുവെച്ചും സമയം പോയത് ഇരുവരും അറിഞ്ഞില്ല. അതിനിടയില്‍ രണ്ട് മൂന്ന് വട്ടം സുസ്മിതയുടെ മോള്‍ അടുത്തേക്ക് ഓടി വന്നതും വന്ന വേഗത്തില്‍ തന്നെ തിരികെ പോയതും ഒന്നും ഞങ്ങള്‍ മൈന്‍ഡ് ചെയ്തില്ല. അത്രയേറെ വിശേഷങ്ങള്‍ ഞങ്ങള്‍ക്ക് പങ്കുവെക്കുവാനുണ്ടായിരുന്നു. എത്രയോ വര്‍ഷങ്ങളുടെ അകലം ഞങ്ങള്‍ക്കിടയില്‍ പുകമറ തീര്‍ത്തിരുന്നു. അവളിപ്പോള്‍ ട്രഷറി ജീവനക്കാരിയാണെന്നും ഭര്‍ത്താവ് എക്സൈസ് വകുപ്പിലെ ഓഫീസറാണെന്നും ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അവളെ വലിയ സ്നേഹമാണെന്നും പറയുമ്പോള്‍ പഴയ കോളേജുകാലത്തെ പോലെ അവള്‍ ഒരിക്കല്‍ കൂടി വാചാലയായി. ഞങ്ങള്‍ക്കിടയിലെ പുകമറ മെല്ലെ മെല്ലെ മാറി വന്നു. ഇപ്പോള്‍ ഇരുവരും ഏറെക്കുറെ റിലാക്സ്ഡ് ആയി. ജീവിതത്തിലെ മനോഹരമായ ഒരു കാലത്തേക്ക് പറഞ്ഞു പറഞ്ഞു ഞങ്ങളിരുവരും ഊളിയിട്ടു.

കോളേജില്‍ ഞങ്ങള്‍ക്കിടയിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു സുസ്മിത. മനോഹരമായ പുഞ്ചിരിയുമായി എല്ലാവരോടും കളിചിരിയുമായി അവള്‍ എന്നുമുണ്ടായിരുന്നു. തീരെ മെലിഞ്ഞ ശരീരപ്രകൃതം. പലപ്പോഴും അത് പറഞ്ഞ് ഞങ്ങളൊക്കെ അവളെ കളിയാക്കിയിട്ടുണ്ട്. പകരം 'തടിയാ' എന്ന വിളിയോടെ അവള്‍ തിരിച്ചും കളിയാക്കുമായിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകള്‍ ഒന്നും അവള്‍ ആരെയും ഒരിക്കലും അറിയിച്ചിരുന്നില്ല. പേരു പോലെ തന്നെ എന്തിനെയും നിറഞ്ഞ പുഞ്ചിരിയോടെയായിരുന്നു അവള്‍ നേരിട്ടിരുന്നത്. പഴയ ആ പുഞ്ചിരി ഇപ്പോഴും അവളില്‍ ഉണ്ട് എന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു.

ഒബ്രോണ്‍ മാളിലെ കോഫീഹൌസിലെ ആഡംബര കസേരകളില്‍ ഇരുന്ന് ചായ മൊത്തിക്കൊണ്ട് പഴയ ഓരോ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോള്‍ ഒരു നിമിഷം കോളേജ് കാന്റിനിലെ സിമന്റ് ബഞ്ചും ചായക്കറ പുരണ്ട മേശയും ചില്ലലമാരയിലെ വയറുവീര്‍ത്ത മുളകുവടയും എല്ലാം എന്റെ മനസ്സിലൂടെ കടന്നുപോയി. മുഖം മുഴുവന്‍ ഐസ്ക്രീം തേച്ച് ഇരിക്കുന്ന അവളുടെ മോളെ കണ്ടപ്പോള്‍ പണ്ട് വണ്ണം വെക്കാന്‍ ദിവസവും ഓരോ ഐസ്ക്രീം തിന്നാല്‍ മതിയെന്ന് പറഞ്ഞ് സുസ്മിതയുടെ ചിലവില്‍ ഐസ്ക്രീം തട്ടിയിരുന്നതെല്ലാം പറഞ്ഞ് ഞങ്ങള്‍ ഏറെ ചിരിച്ചു.

ഇനിയും കണ്ടുമുട്ടാമെന്ന് പറഞ്ഞ് ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും കൈമാറി പിരിയുവാനായി എഴുന്നേറ്റപ്പോളാണ് അവളുടെ കൈയിലെ കാരി ബാഗിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞത്. വെളുത്ത ക്യാരിബാഗില്‍ നിന്നും പുറത്തേക്ക് തലയുന്തി നില്‍ക്കുന്ന ലവണതൈലത്തിന്റെ ഒരു പാക്കറ്റ്! എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പരിസരം മറന്ന് ഞാന്‍ പൊട്ടിച്ചിരിച്ചു.

"നീ എന്താടാ ഇങ്ങിനെ ചിരിക്കുന്നത്?”

"ഹെയ്. ഒന്നുമില്ല സുസ്മിത. പഴയ ചില കാര്യങ്ങളോര്‍ത്ത് ചിരിച്ചതാണ്‌“.

കോളേജ് ദിവസങ്ങളുടെ അവസാന നാളുകളില്‍ എന്റെ ഓട്ടോഗ്രാഫില്‍ അവള്‍ കോറിയിട്ട വരികളായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍.

"മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ.”

അവളെയും മോളെയും യാത്രയാക്കി കഴിഞ്ഞും എനിക്ക് ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എന്റെ ചിരി കണ്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കി പോവുകയായിരുന്ന അവളുടെ കൈയിലെ ക്യാരിബാഗിലേക്ക് ചൂണ്ടിക്കൊണ്ട് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

"സുസ്മിതാ... മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ”

കുലുങ്ങി ചിരിച്ചുകൊണ്ട് മോളുടെ കൈയും പിടിച്ച് വലിയ ശരീരവും വഹിച്ച് അവള്‍ നടക്കുന്നത് നോക്കി ഞാന്‍ നിന്നു. അവളുടെ കൈയിലെ ക്യാരിബാഗില്‍ നിന്നും ലവണതൈലത്തിന്റെ പാക്കറ്റ് എന്നെ നോക്കി കോക്കിരി കാട്ടി.