വ്യാഴാഴ്‌ച, ഫെബ്രുവരി 25, 2010

എനിക്കിത് കിട്ടണം

ആമുഖം : ഇത്‌ ഒരു കഥയല്ല.. അഥവ കഥയായി ആർക്കെങ്കിലും തോന്നിയാൽ അത്‌ എന്റെ കുഴപ്പമാവാനേ വഴിയുള്ളൂ. നേരെ ചൊവ്വെ എഴുതാൻ അറിയാത്തതിന്റെ കുഴപ്പം. കഥയല്ലെങ്കിൽ പിന്നെ ഇത്‌ എന്താ? ന്യായമായ ഒരു സംശയം.. ഇത്‌ എനിക്കുണ്ടായ ഒരു അനുഭവം , മറ്റൊരു അനുഭവം തന്ന വേദനയിൽ എഴുതിയത്‌.. ഇത്തരം ഒരു പോസ്റ്റിടാൻ എന്നെ നിർബന്ധിതനാക്കിയ ലെന്തരവളോട്‌ ഇതെഴുതാൻ ഞാൻ പെട്ട കഷ്ടപ്പാട്‌ അറിയിച്ച്‌ കൊണ്ട്‌.. കാര്യത്തിലേക്ക് കടക്കട്ടെ...

"അരുൺ കായം കുളത്തെ കൊണ്ട്‌ സെന്റി പോസ്റ്റ്‌ ഇടുവിച്ചതിനു കാരണക്കാരിൽ ഒരുവൻ നീയാണേന്നാ അരുൺ പറഞ്ഞേ..ഞങ്ങളുടെ അരുണിനെ നീയൊക്കെ കൂടെ സെന്റിയാക്കിയില്ലേ" എന്നൊരു തോപ്പിൽ ഭാസി സ്റ്റൈൽ പരിഹാസവും മറ്റുമായി ഏതോ ഒരു ലെന്തരവൾ എന്നോട്‌ ചാറ്റിലൂടെ ചീറ്റുകയാ.. കാര്യം എനിക്ക്‌ മനസ്സിലായി, അരുണിന്റെ ഏതോ ഒരു ആരാധികയാവും ലെവൾ.. ഓ പോട്ടേന്ന് വച്ചതാ.. ലവൾ കുരച്ചോട്ടെ എന്നും കരുതി.. ദേ അപ്പോൾ അവൾ എന്നെ വെല്ലുവിളിക്കുന്നു.. "തനിക്കൊക്കെ ധൈര്യമുണ്ടോടോ ഒരു കോമഡി പോസ്റ്റിടാൻ.." ഞാൻ വെറുതെ സ്മെലി ചെയ്തു. ഒരു രക്ഷയുമില്ല. അവൾ വെല്ലുവിളി തുടർന്നുകൊണ്ടേയിരുന്നു. എന്റെ മാനസപുത്രി സീരിയൽ പോലെ.. അവളുടെ അവസാന നമ്പർ അത്‌ എനിക്ക്‌ സഹിക്കാനായില്ല.. "കോമഡി എഴുതണമെങ്കിലേ ടാലന്റ്‌ വേണം.. മോനെ ടാലന്റ്‌. നീയൊക്കെ കണ്ടി ഇടും അങ്ങിനെ ഒരെണ്ണം എഴുതണേൽ.." ധിം.. അതോടെ ഞാൻ ഫ്ലാറ്റ്‌. പണ്ടേ തന്നെ വെല്ലുവിളി എനിക്ക്‌ ഇഷ്ടമുള്ള കാര്യമല്ല. ജനിച്ചപ്പോൾ മുതൽക്ക്‌ തന്നെ വെല്ലുവിളികളെ ഞാൻ പുച്ഛത്തോടെയേ നേരിട്ടിട്ടുള്ളൂ..

പ്രസവവേദനകൊണ്ട്‌ അമ്മ കരഞ്ഞപ്പോൾ ഇവനെ ഞാൻ ഇപ്പൊ പുറത്തിറക്കാം എന്ന് പറഞ്ഞ്‌ ഡോക്ടറായിരുന്നു ആദ്യം വെല്ലുവിളിച്ചത്‌. എന്നാൽ ഇയാളുടെ കഴിവ്‌ കാണട്ടെ എന്ന് ഞാനും. അതിനു പിന്നിൽ രണ്ടുണ്ടായിരുന്നു ലക്ഷ്യം.. ഒന്ന് ഡോക്ടറെ തോൽപ്പിക്കുക. രണ്ട്‌ അമ്മയെ വേദനിപ്പിക്കാതിരിക്കുക..പക്ഷെ, എനിക്കറിയാത്ത വേറെയൊരു കാര്യമുണ്ടായിരുന്നു. ഈ ഡോക്ടർ വാശിയിൽ ഡബിൾ ഡോക്ടറേറ്റുള്ള ആളാണെന്ന്. ആയാൾ അടുത്ത്‌ കണ്ട സിസ്റ്ററോട്‌ രണ്ട്‌ കത്രികയും ഒരു സൂചിയും നൂലും കൊണ്ട്‌ വരാൻ പറഞ്ഞു. അങ്ങിനെ ആ കശ്മലൻ എന്നെ അമ്മയുടെ വയർ കീറി പുറത്തെടുത്തു. അമ്മയെ വേദനിപ്പിക്കാതിരിക്കാൻ ഞാൻ ചെയ്ത പദ്ധതി മൂലം അമ്മ കുറച്ച്‌ നാളേക്കുകൂടി ബെഡിലായി..

ആദ്യ വെല്ലുവിളിയിൽ പരാജയപ്പെട്ടത്‌ കൊണ്ടാവാം ഞാൻ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ രസം കണ്ടെത്താൻ തുടങ്ങി. അങ്ങിനെ രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസം കൂടാതെ എന്നെയും തോളത്തിട്ട്‌ അച്ഛനും അമ്മയും ഡോക്ടറുടെ അടുത്തേക്ക്‌ ഓട്ടമായി. അങ്ങിനെ ഓടി നടക്കുന്നതിനിടയിൽ സർക്കാർ ജീവനക്കാരായിരുന്ന രണ്ട്‌ പേർക്കും കിട്ടി സർക്കാരിൽ നിന്നും ഒരു നീണ്ട കത്ത്‌. പണ്ട്‌ ഗാന്ധിജി പറഞ്ഞപോലെ ഒന്നുകിൽ മോനെയും കൊണ്ട്‌ ഓടി തളരൂ, അല്ലെങ്കിൽ അവനെ നോക്കാൻ ആരെയെങ്കിലും ഏൽപ്പിച്ചിട്ട്‌ ഓഫീസിൽ വന്ന് വിശ്രമിക്കൂ.. ആദ്യത്തേത്‌ കൊണ്ട്‌ ധനനഷ്ടം കൂടുതലായതിനാലും രണ്ടാമത്തെതിൽ കൂടുതൽ സ്കോപ്‌ ഉള്ളതിനാലും ആവാം അവർ എന്നെ വലിയമ്മയുടെ അരികിൽ ആക്കി വിശ്രമിക്കാൻ പോയിതുടങ്ങി.

അങ്ങിനെ വലിയമ്മയുടെ അരികിൽ താഴെ വച്ചാൽ ഉറുമ്പരിക്കും , തലിയിൽ വച്ചാൽ പേനരിക്കും , മടിയിൽ വച്ചാൻ ഇവൻ ചിലപ്പോൾ വൃത്തികേട്‌ കാട്ടും എന്ന് തോന്നിയതിനാലാവാം എന്നെ എങ്ങും വെക്കാതെ അവർ കഷ്ടപ്പെട്ട്‌ വളർത്തി. ഞാഞ്ഞൂലു പോലെ ഇരുന്നിരുന്ന ഞാൻ വളരാൻ തുടങ്ങിയപ്പോൾ നമ്മുടെ മിസ്റ്റർ പൊങ്ങ്സ്‌ പറഞ്ഞപോലെ അങ്ങോട്ട്‌ ഭീമാകാരമായി വളർന്നു. ആദ്യമാദ്യം എന്റെ വളർച്ച അച്ഛനെയും അമ്മയെയും വീട്ടുകാരെയും സന്തോഷിപ്പിച്ചെങ്കിലും പിന്നീട്‌ നാട്ടിലെ പെൺപിള്ളാരുടെ അച്ഛന്മാർ വീട്ടിൽ നിത്യസന്ദർശകരായപ്പോൾ എന്തൊ അച്ഛൻ പേടിക്കാൻ തുടങ്ങി. അങ്ങിനെ എന്റെ വളർച്ചയിൽ മനം നൊന്ത്‌ അവർ എന്നെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ തിരുമാനിച്ചു. അതെ , കാഥികരൊക്കെ പറയും പോലെ " അവരെന്നെ പിടിച്ച്‌ പെണുകെട്ടിച്ചു!!" .. ജിൽ..ജിൽ.ഡേ. (സിമ്പലടിച്ചതാ)

അവിടെ വച്ച്‌ എന്റെ വളർച്ച നിന്നു. എന്ന് മാത്രമല്ല, എന്നിൽ ചെറിയ വിളർച്ച കണ്ടുതുടങ്ങി. ആദ്യമായി എന്റെ വിളർച്ച കണ്ടെന്റെ ശത്രുക്കൾ ചിരിച്ചു. ക്രമേണ എന്റെ വിളർച്ച ഭാര്യയിലേക്കും പടർന്നു. ഇതെന്താ വിളർച്ച ഒരു പകർച്ചവ്യാധിയാണോ? ആ വിളർച്ച അവളുടെ ഉദരത്തിൽ ഒരു വളർച്ചയായത്‌ വളരെ പെട്ടന്നായിരുന്നു. അതോടേ എന്റെ വിളച്ചിൽ അവസാനിച്ചു. ഒടുവിൽ ഇപ്പോൾ ആ വളർച്ചയുടെ വളർച്ച കണ്ട്‌ ഞാൻ ഇരിക്കുമ്പോളാ ലെവൾ എന്നെ വെല്ലുവിളിക്കുന്നേ.. എന്തൊവേണം.. പെണ്ണിന്റെ വാക്ക്‌ കേട്ട്‌ ഒന്നിനും ചാടരുതെന്ന് വിവരമുള്ളവർ പണ്ടേ പറഞ്ഞിട്ടുണ്ട്‌. പക്ഷെ, അത്‌ വിവരമുള്ളവർ.. നമ്മളെ ബാധിക്കാത്ത ആ കാര്യം നമ്മൾ എന്തിനു മനസ്സിൽ വെക്കണം. എന്നാൽ പിന്നെ കോമഡിയെങ്കിൽ കോമഡി !! ട്രെൻഡിനനുസരിച്ച്‌ പോയില്ലെങ്കിൽ ചിലപ്പോൾ തെണ്ടി നടക്കേണ്ടി വന്നാലോ എന്ന് കരുതി ഞാൻ തലപുകക്കാൻ തുടങ്ങി. എങ്ങി നെ കോമഡി എഴുതാം.. എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തു. ഗൂഗൾ ഭഗവാൻ കനിഞ്ഞില്ല.. അല്ലെങ്കിൽ കണ്ട അണ്ടന്റെയും അടകോടനും വരെ എന്തിനെക്കുറിച്ചും ലേഖനങ്ങൾ എഴുതിവിടുന്ന നമ്മുടെ വിക്കീപീഢിയക്കൊക്കെ ഈതെന്തു പറ്റി? സിദ്ദിഖ്‌-ലാലുമാരുടെ സിനിമകൾ പലവട്ടം കണ്ട്‌ നോക്കി. എവിടെ എനിക്കൊന്നും വരുന്നില്ല.. ശരത്ത്‌ അണ്ണാച്ചി പറയുമ്പോലെ സംഗതിയൊന്നും വരുനില്ലല്ലോ? അങ്ങിനെ അവസാന ശ്രമമെന്ന നിലയിൽ അരുൺ കായംകുളത്തെ ചാറ്റിൽ ചാക്കിട്ട്‌ പിടിച്ചു. "അണ്ണാ.. മാപ്പ്‌.. പൊതുമാപ്പ്‌. എന്നെ കാപ്പാത്തണം..". അപ്പോൾ ലെവൻ അതിലും വലിയ നമ്പർ.. ഒരേ ഇലയിൽ രണ്ട്‌ പേരുണ്ണൂന്നത്‌ ശരിയല്ല എന്ന്.. ഇവനെന്താ ബാംഗ്ലൂരിൽ ദേഹണ്ണപണിയാണോ എന്ന് ചോദിക്കാൻ മനസ്സ്‌ തരിച്ചതാ. .പിന്നെ വിട്ടു. നമുക്ക്‌ ഇവിടെ പെഴച്ച്‌ പോകണം.. അവനോട്‌ ഓ ഭയങ്കര തമാശ തന്നെ എന്നും എനിക്കൽപം തിരക്കുണ്ടെന്നും പറഞ്ഞ്‌ പതുക്കെ സൈൻ ഔട്ട്‌ ആയി.

എന്റെ ഉറക്കം നഷ്ടപ്പെടാൻ തുടങ്ങി. കോമഡി പോസ്റ്റിയേക്കാന്ന് അവളെ വെല്ലുവിളിക്കുകയും ചെയ്തു. പക്ഷെ, ഇനി എന്ത്‌ ചെയ്യാനാ.. കൊച്ചി കണ്ടവനു അച്ചി വേണ്ട.. കൊല്ലം കണ്ടവനു ഇല്ലം വേണ്ട.. കുണ്ടറ കണ്ടവനു അണ്ടർവ്വെയർ വേണ്ട എന്ന് പറഞ്ഞപോലെയായി എന്റെ അവസ്ഥ. ഒന്നും വേണ്ട. ഭക്ഷണത്തോടൊക്കെ ഒരു തരം വെറുപ്പ്‌.. ആദ്യത്തെ രണ്ട്‌ ദിവസം ഭാര്യക്ക്‌ ചെറിയ സന്തോഷമൊക്കെ തോന്നി. ഈ മനുഷ്യന്റെ ആർത്തി മാറിയല്ലോ? പക്ഷെ, രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ അവൾ ട്രാക്ക്‌ മാറ്റി.

"ആര്യപുത്രാ, പറയൂ അങ്ങയെ അലട്ടുന്ന പ്രശ്നമെന്താ?"

"മോളേ, നിന്റെ ചേട്ടനെ ഒരുവൾ വെല്ലുവിളിച്ചിരുക്കുന്നു മോളേ.. വെല്ലുവിളിച്ചിരിക്കുന്നു" - ഞാൻ പ്രോഫഷണൽ നാടകനടനായി.

"എന്ത്‌ എന്റെ പരദൈവങ്ങളെ ചൊല്ലുവിളിയില്ലാത്ത എന്റെ ഈ ചേട്ടനേയും വെല്ലുവിളിക്കാൻ ഒരാളോ? അതും ഒരു പെൺകോടി..ലാരവൾ? എന്നേക്ക്‌ പത്താം നാൾ ദുർഗ്ഗാഷ്ടമി..." - ഭാര്യ നാഗവല്ലിയായോ? ഞാൻ ഭയന്നു. പറയാൻ പറ്റില്ല... രാമനാഥൻ മാർ ഒരു കാരണം കിട്ടാൻ കാത്തിരിക്കുകയാവും.. (സ്വന്തം സ്വഭാവം വെച്ച്‌ മറ്റുള്ളവരെയും കാണുന്നതിന്റെ ഓരോ കുഴപ്പങ്ങളേ?)

ഒടുവിൽ അവളോട്‌ സംഭവം പറഞ്ഞു. അപ്പോൾ അവളാണു ഈ കാര്യം എന്നെ ഓർമിപ്പിച്ചത്‌. അത്‌ കൊള്ളാം നടന്നതാണേലും കോമഡിയുടെ അംശമുണ്ടെന്ന് തോന്നിയതിനാൽ അത്‌ തന്നെ പോസ്റ്റാമെന്ന് ഞാനും കരുതി. ഇതിൽ കോമഡി വന്നില്ലെങ്കിൽ എന്നെകൊണ്ട്‌ ഇത്തരം ഒരു സാഹസത്തിനു തുനിയാൻ പ്രേരിപ്പിച്ച സർവ്വശ്രീ അരുൺ കായംകുളത്തെ നിങ്ങൾക്ക്‌ പച്ചക്ക്‌ തിന്നാം.. ഞാൻ വിട്ട്‌ തന്നിരിക്കുന്നു..

സംഗതി വളരെ ചെറിയൊരു സംഭവമാ.. നമ്മുടെ നിരക്ഷരൻ കൊച്ചി മുതൽ ഗോവ വരെ മുഴുങ്ങോടുകാരിയെയും നേഹയെയും കൂട്ടി സവാരിഗിരിഗിരി ചെയ്തതിന്റെ റിപ്പോർട്ടുകൾ വായിച്ചപ്പോൾ മുതൽ തോന്നുന്നതാ എവിടേക്കെങ്കിലും ഇതുപോലെ എടവനക്കാട്ടുകാരിയെയും തേജസിനെയും കൂട്ടി ഒരു യാത്ര പോകണമെന്നും അത്‌ ചിത്രങ്ങൾ സഹിതം പോസ്റ്റി ബൂലോകത്ത്‌ പണ്ടാറടക്കണമെന്നും. പക്ഷെ, നിരക്ഷരന്റെ പോലെ നമ്മൾ ജോലിയും വേലയുമൊന്നുമില്ലാതെ നടക്കുകയല്ലല്ലോ? മാത്രമല്ല ഒരു യാത്ര എന്നൊക്കെ പറഞ്ഞാൽ ഇന്നത്തെ കാലത്ത്‌ എത്രമാത്രം ചെലവാ... അതുകൊണ്ട്‌ തന്നെ യാത്രയുടെ ദൂരം ഞാൻ അങ്ങോട്ട്‌ കുറച്ചു. യാത്രപോയോ.. ഹാ, പോയി... എന്നാൽ പോയോ..ഹേയ്‌ , പോയില്ല.. അങ്ങിനെയുള്ള ഒരു യാത്ര!! അത്‌ ചിത്രസഹിതം ഞാൻ പിന്നീട്‌ പോസ്റ്റാം. തലക്കെട്ട്‌ ഇപ്പോളെ പിടിച്ചോ "ചെറായി മുതൽ എറണാകുളം വരെ" . അതിന്റെ വിവരങ്ങൾ വഴിയെ തരാം. ഇപ്പോൾ അതിനിടയിൽ വീണ ചെറിയൊരു സംഭവം പറയാം.

പിറ്റേന്ന് രാവിലെ യാത്രപോകുവാനായി രാത്രിയിൽ തന്നെ ഞങ്ങൾ സാധനങ്ങളൊക്കെ ഒരുക്കി. ഒരു കുപ്പി വെള്ളം, ഒരു ടർക്കി, മോനു തലയിൽ വേക്കാൻ ഒരു കുരങ്ങൻ തൊപ്പി, പിന്നെ, നാവിഗേറ്റർ.. ഹോ അതിന്റെ ആവശ്യമില്ല.. സർക്കാരിന്റെ ബസിലെ യാത്രയാകുമ്പോൾ എത്തിയാൽ എത്തി ...!! അതിരാവിലെ തന്നെ ഞാനും ഭാര്യയും മോനും കൂടി കുളിച്ച്‌ കുട്ടപ്പന്മാരായി റോഡിൽ ശകടവും കാത്ത്‌ നിന്നു. കുറേ നേറം കഴിഞ്ഞപ്പോൾ അതാ വരുന്നു. ഗോശ്രീ പാലം വഴി എറണാകുളം ബോർഡ്‌ വച്ച്‌ കൊണ്ട്‌ നമ്മുടെ സ്വന്തം വാഹനം.!! കൈകാട്ടാൻ ചെറിയൊരു പേടി. എങ്ങാൻ സെപ്റ്റിക്‌ ആയാലോ? വണ്ടിയിൽ കയറി. തിക്കിത്തിരക്കി (അതിനു പണ്ടേ നമ്മൾ മിടുക്കനാണെന്ന് പഴയകാല സഹപാഠികൾ സാക്ഷ്യം) സീറ്റൊക്കെ ഒപ്പിച്ചു. ചാരി കിടന്ന് യാത്ര തുടങ്ങി. കോമഡി പറയാൻ വന്നിട്ട്‌ നിങ്ങളെ ബൊറഡിപ്പിക്കാൻ തുടങ്ങി.. അതിനാൽ നേരെ സംഭവത്തിലേക്ക്‌..

വണ്ടികൾ പലതും മാറി കയറി .. ഒരു പാടു ചരിത്രസ്മാരകങ്ങളും സംഭവങ്ങളും കണ്ട്‌ ഞങ്ങൾ തിരികെ പോരാൻ തെയ്യാറെടുത്തപ്പോൾ ഭാര്യക്കൊരാഗ്രഹം.. വർഷങ്ങളായി ഒരു സ്മാരകമായി നിൽക്കുന്ന ഇടപ്പള്ളി റെയിൽ വേ മേൽപ്പാലം കാണണമെന്ന്. ഓ, അവളുടെ ആഗ്രഹം തെറ്റില്ലാത്തതാ.. കാരണം ഭൂമിയിൽ നിന്നും ഏതാണ്ട്‌ 3 ആൾ പൊക്കത്തിൽ നെഞ്ചും വിരിച്ച്‌ നിൽക്കുന്ന ആ പാലം ഒരു കാഴ്ച തന്നെയാ.. ഞാൻ സ്ഥിരമായി കാണുന്നതാണേലും ഭാര്യ കണ്ടിട്ടില്ല.. അങ്ങിനെ തിരികെയുള്ള യാത്ര ഞങ്ങൾ ഇടപ്പിള്ളി - വരാപ്പുഴ- പറവൂർ വഴി ചെറായിക്കാക്കി. ഇവിടെയും നമ്മുടെ മയിൽ വാഹനം സർക്കാരിന്റെ തന്നെ. സമയം ഏതാണ്ട്‌ മൂന്ന് മണി. വണ്ടി നിരങ്ങി ഇടപ്പള്ളി റെയിൽ വേ ഗേറ്റ്‌ സ്റ്റോപ്പ്‌ എത്തിയപ്പോൾ നമ്മുടെ ചരിത്രത്തിലുള്ള അഭിരുചി മനസ്സിലാക്കിയിട്ടെന്നോണം ഗേറ്റ്‌ അടഞ്ഞുകിടക്കുകയാണു. ഭാര്യക്കാണേൽ ഭയങ്കര സന്തോഷം. ഇടപ്പള്ളി മേൽപ്പാലം അടുത്ത്‌ കാണാൻ കഴിഞ്ഞല്ലോ.. അതും ഇത്ര അധികം സമയം. എനിക്ക്‌ വലിയ സന്തോഷമൊന്നും തോന്നിയില്ല.. കാരണം എനിക്കറിയാം കുറെ നാളുകഴിഞ്ഞ്‌ എന്റെ മകനും ഭാര്യയും വരുമ്പോളും ഇത്‌ ഇതേ പോലെ തന്നെ നിൽപ്പുണ്ടാവുമെന്ന്. അങ്ങിനെ ഞങ്ങൾ ബസിൽ ഇരിക്കുമ്പോൾ ഒരു വൃദ്ധൻ ബസിലേക്ക്‌ കയറി വന്നു.

വൃദ്ധൻ എന്ന് പറയാൻ കഴിയില്ല..ഒരു 45 50 വയസ്സ്‌ പ്രായം കാണും. പക്ഷെ, ഒരു വൃദ്ധന്റേതാണു ശരീര ഘടന. കക്ഷി ബസിൽ കയറി ഡ്രൈവറുടെ പിന്വശത്തായി എല്ലാവരെയും കാണാവുന്ന രിതിയിൽ നിന്നു. മോൻ എന്തോ പേടിച്ച്‌ എന്റെ മടിയിലേക്ക്‌ ചാരി. എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ടും ഇത്‌ കെ.എസ്‌.ആർ.ടി.സി. ബസ്സായതുകൊണ്ടുമാവാം ഭാര്യക്ക്‌ വലിയ നിർബന്ധമായിരുന്നു ഡ്രൈവറുടെ തൊട്ടുപിന്നിലെ സീറ്റിൽ തന്നെ ഇരിക്കണമെന്നത്‌. അപ്പോൾ പിന്നെ മുൻപിൽ ഡ്രൈവറെമാത്രമല്ലേ ഞാൻ നോക്കു.. അവളാരാ മോൾ!! അങ്ങിനെ ഈ കാർന്നോരു സംസാരം തുടങ്ങി.

"ഈ ബസിലിരിക്കുന്ന എന്റെ അമ്മ പെങ്ങന്മാരേ, ചേട്ടന്മാരെ, മക്കളേ.. വർഷങ്ങൾക്ക്‌ മുൻപുണ്ടായ ഒരു അപകടത്തിൽ എനിക്ക്‌ ജോലി ചെയ്യാനുള്ള ഏപ്പ നഷ്ടപ്പെട്ടതാ.. നിങ്ങളെപ്പോലുള്ള നല്ല മനസുകളുടെ സഹായം കൊണ്ടാ ജീവിച്ചുപോകുന്നേ.. കഞ്ഞി കുടിച്ചിട്ട്‌ ദിവസങ്ങളായി മക്കളേ" അയാൾ വാചകം തുടർന്നു. ഭാര്യ എന്നെ നോക്കി.. മോനും ഒന്നും മനസ്സിലായില്ലെങ്കിലും എന്നെ പകപ്പോടെ നോക്കുന്നുണ്ട്‌. ഇവർക്കിത്രക്കുറപ്പോ ഞാൻ അയാൾക്ക്‌ അഞ്ച്‌ പൈസ കൊടുക്കില്ലേന്ന്..!! സംസാരമൊക്കെ അവസാനിപ്പിച്ച്‌ അയാൾ ഒടുവിൽ പൈസ കളക്ട്‌ ചെയ്യാനായി നീങ്ങി തുടങ്ങി. ഡ്രൈവറുടെ തൊട്ട്‌ പിറകിലെ സിറ്റിൽ ഞാൻ ആയതിനാൽ ആദ്യം എന്റെ അടുത്തേക്കാ പഹയന്റെ വരവ്‌. എന്തോ ചെയ്യും? ഭാര്യയോടാണേൽ പണ്ട്‌ കുറെ ത്യാഗ്ഗം ചെയ്ത കഥകളൊക്കെ പറഞ്ഞ്‌ പിടിപ്പിച്ചിട്ടുണ്ട്‌.. ഈ കല്യാണമുറപ്പിച്ചാൽ പിറ്റേന്ന് നടത്തണം, അല്ലെങ്കിൽ പിന്നെ, ഇത്തരം കഥകൾ തന്നെ സംസാരിക്കാൻ ശരണം. അതിന്റെ ഭവിഷത്താ വരാൻ പോണെ? മനസ്സിൽ തെറി വിളിച്ചിട്ടാണെങ്കിലും ഞാൻ പോക്കറ്റിൽ തപ്പി. അല്ലേലും വേണ്ട സമയത്ത്‌ വേണ്ടതൊന്നും നമ്മുടെ പോക്കറ്റിൽ കാണുകേല.. പോക്കറ്റിന്റെ അണ്ഡകടാഹം വരെ പോയി തപ്പിയിട്ടും ഏറ്റവും ചെറിയ നാണയമായി കൈയിൽ തടഞ്ഞത്‌ ഒരു 5 രുപ തുട്ടാണു. ദൈവമേ ഒരഞ്ച്‌ രൂപകൊണ്ട്‌ എന്തോരം കാര്യം നടക്കും.. മനസ്സില്ലാ മനസോടെ, ഞാൻ ആ അഞ്ച്‌ രൂപാ തുട്ടെടുത്ത്‌ അയാളുടെ കൈയിലേക്കിട്ടു. ഉടൻ തന്നെ സിനിമാ സ്റ്റൈലിൽ വെട്ടിത്തിരിഞ്ഞ്‌ ഞാൻ ഭാര്യയുടെ മുഖത്തേക്ക്‌ നോക്കി. കണ്ടൊടി, ഞാൻ കൊടുത്തതേയ്‌ ഫൈവ്‌ മണീസാ. നിന്നെ കെട്ടിയപ്പോൾ നിന്റെ വിട്ടീന്ന് തന്ന പോക്കറ്റ്‌ മണീസൺനുമല്ല.. കഷ്ടപ്പെട്ട്‌ പണിയെടുത്തുണ്ടാക്കിയതാ.. ദണ്ണമുണ്ടെടീ.. ദണ്ണം.. ഞാൻ മനസ്സിൽ പറഞ്ഞു. അവളുടെ മുഖത്താണേലും സന്തോഷം തിരമാലപോലെ ആർത്തിരമ്പുകയാ.. ബസല്ലായിരുന്നേൽ ഒരു പക്ഷെ.. (ഹേയ്‌ അത്രക്കൊന്നും വേണ്ടാ....) അവൾ ബസ്സിലുള്ള എല്ലാവരെയും നോക്കുന്നുണ്ട്‌.. കണ്ടോടാ, എന്റെ ചേട്ടൻ കൊടുത്തതേ ഫൈവ്‌ മണീസാ...കാണെടാ .. നീയൊക്കെ കണ്ട്‌ പഠിക്ക്‌.. അവളുടെ മനസ്സ്‌ എനിക്ക്‌ വായിക്കാം.

അങ്ങിനെ ഞാൻ നെഞ്ചും വിരിച്ച്‌ ഇരിക്കുമ്പോൾ ആ കാർന്നോർ അടുത്ത സീറ്റിലേക്ക്‌ നീങ്ങി. എന്നോട്‌ ഒരു നന്ദിപോലും പറയാതെ അയാൾ നീങ്ങിയതിൽ എനിക്ക്‌ ദേഷ്യമുണ്ടായിരുന്നു എങ്കിലും ഞാൻ അത്‌ പുറത്ത്‌ കാട്ടിയില്ല.. ഞാൻ പിൻ തിരിഞ്ഞു നോക്കി. പിറകിലിരിക്കുന്നവനു ഇനി കൊടുക്കാതെ പറ്റില്ലല്ലോ? അപ്പോളാ ദേ നമ്മുടെ കാർന്നോരുടെ വക അടുത്ത ഡയലോഗ്‌.. അതും തിരിഞ്ഞ്‌ എന്നെ നോക്കി. ഓ, നന്ദി പറയാനാവും .. ചിലപ്പോൾ നേരത്തെ 5 രൂപ ഒന്നിച്ച്‌ കിട്ടിയതിന്റെ സന്തോഷത്താൽ ഒന്നും മിണ്ടാൻ പറ്റാതിരുന്നതാവും.. ഞാൻ തെയ്യാരായി ഇരുന്നു.. "നന്ദിയൊന്നും വേണ്ട.. നിങ്ങൾ സന്തോഷിച്ച്‌ കണ്ടല്ലോ, എനികത്‌ മതി." എന്നൊക്കെ പറയണം എന്നൊക്കെ മനസ്സിൽ കരുതി...

"ഹാ.. നിന്നെ പോലുള്ള @#@$@% മക്കളാടാ എന്നെ തെണ്ടിത്തിന്നാൻ ശീലിപ്പിച്ചേ.. ഫൂ.. കള്ള നായിന്റെ മോൻ" - അയാൾ എന്നെ നോക്കി തന്നെയാണോ പറഞ്ഞേ.. ഒരു നിമിഷം ഞാൻ പതറി.. ബസ്സിലെ മറ്റ്‌ യാത്രക്കാരുറ്റെയും എന്തിനു എന്റെ ഭാര്യയുടെയും നിറഞ്ഞ പൊട്ടിച്ചിരിക്കിടയിൽ ഞാൻ മോന്റെ കുരങ്ങൻ തൊപ്പി കൊണ്ട്‌ മുഖം മറക്കാൻ വെറുതെ ഒരു ശ്രമം നടത്തി. ജീവിതത്തിൽ ആദ്യമായി കെ.എസ്‌.ആർ.ടി.സി ക്ക്‌ മുൻപിൽ ഡോർ ഇല്ലാത്തതിനു ഞാൻ സർക്കാരിനെ മനസ്സിൽ പ്രാകി.

വ്യാഴാഴ്‌ച, ഫെബ്രുവരി 18, 2010

വഴിയമ്പലം തേടി...

ഇന്റർനെറ്റ്‌ കഫെയിലെ കമ്പ്യൂട്ടറിനു മുൻപിൽ ചടഞ്ഞിരിക്കുമ്പോൾ ദാസനു ശരിക്ക്‌ ദേഷ്യം വരുന്നുണ്ടായിരുണ്ടായിരുന്നു. കാര്യം ഗൂഗിളിന്റെ അനന്തമായ സാധ്യതകൾ പരീക്ഷിക്കാൻ ദാസനു വലിയ ഇഷ്ടമാണു. പക്ഷെ, അറിയാല്ലോ, ഈ ചടഞ്ഞുകുത്തിയുള്ള ഇരിപ്പ്‌ അതാ സഹിക്കാൻ വയ്യാത്തെ. നല്ല പ്രായത്തിൽ ചന്ദ്രികയുടെ അടുത്ത്‌ പോലും ദാസൻ ഇത്രയും അധികം സമയം ഒറ്റ ഇരുപ്പ്‌ ഇരുന്നിട്ടില്ല.. ഈയിടെയായി ദാസൻ ഇന്റർനെറ്റിൽ പുതിയൊരു മേഖലയിലേക്ക്‌ കൂടെ കൈവച്ചിരിക്കുകയാണു..ചാറ്റിംഗ്‌ വലിയ ഇഷ്ടമേഖലയൊന്നുമല്ല. പിന്നെ, ചിലനേരത്തുള്ള മടുപ്പ്‌ ഒഴിവാക്കാൻ ഇതൊക്കെ തന്നെ നല്ലത്‌.


ജിടാക്കിലും യാഹൂ മെസ്സെൻ ജറിലും ഒരേസമയം സൈൻ ഇൻ ചെയ്യുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല രവിയെ അവിടെ കാണാൻ കഴിയുമെന്ന്... രവിയെ ഓർമയില്ലേ.. പണ്ട്‌ ദാസനുമായി മൽസരിച്ച നമ്മുടെ സ്വന്തം രവി.. വേണ്ട.. മറ്റൊരാളുടെ ചാറ്റ്‌ രൂമിൽ അതിക്രമിച്ച്‌ കയറുന്നത്‌ സൈബർ കുറ്റമാണു.. എന്നാലും കുഴപ്പമില്ല.. നമുക്ക്‌ അവരുടെ ചാറ്റ്‌ ഹിസ്റ്ററിയിലൂടെ ഒന്ന് സഞ്ചരിച്ച്‌ നോക്കാം....


ദാസൻ : ഹെലോ.. എ.എസ്‌.എൽ. പ്ലീസ്‌ (ചുമ്മ കാണുന്നവർക്കെല്ലാം സ്ഥിരമായി കൊടുക്കുന്ന ഒരു കമന്റ്‌ തന്നെ ഇവിടെയും ഇട്ടു. എന്തുകൊണ്ടോ ആ ഐഡി കണ്ടപ്പോൾ ഒരു പ്രത്യേകത തോന്നിയിരുന്നു.. രവി അണ്ടർസ്കോർ ഖസാക്ക്‌..ഇത്‌ അയാൾ ആയിരിക്കുമോ? അങ്ങിനെയാണു മെസേജ്‌ ഇട്ടത്‌)


രവി : രവി ഹിയർ. 62/മെയിൽ / കേരള


ദാസൻ : ദാറ്റ്സ്‌ ഫൈൻ.


രവി : യുവർ എ.എസ്‌. എൽ. പ്ലീസ്‌


ദാസൻ : ആം ദാസൻ. 60/മെയിൽ/ ഫ്രാൻസ്‌. ബട്ട്‌ ആം എ മലയാളി


രവി : ഒ‍ാ.. ദാറ്റ്സ്‌ നൈസ്‌. കാൻ വീ ചാറ്റ്‌ ഇൻ മലയാളം.. ബികോസ്‌ എ ലൗവ്‌ മലയാളം


ദാസൻ : ഷുവർ. താങ്കളുടെ ഐഡി കണ്ടപ്പോൾ എനിക്കെന്റെ ഒരു പഴയ സുഹൃത്തിനെ ഓർമവന്നു.

രവി : അതാരാ..


ദാസൻ: സുഹൃത്ത്‌ എന്ന് പറയുമ്പോൾ ഒരു കാലത്ത്‌ ഞങ്ങൾ തമ്മിൽ വലിയ മൽസരമായിരുന്നു. പക്ഷെ, അത്‌ ആരോഗ്യകരമായിരുന്നു കേട്ടോ?


രവി : ദാസൻ .. താങ്കളുടെ നാടെവിടാ.. കേരളത്തിൽ..


ദാസൻ : തലശ്ശേരിക്കടുത്ത്‌. ഇന്നത്തെ മാഹി. പണ്ട്‌ മയ്യഴി എന്ന് പറയും


രവി : ഓ, ദാസാ.. ഇത്‌ ഞാനാടാ.. നിന്റെ പഴയ രവി.. നിനക്കോർമയില്ലേ എന്നെ.. ഖസാക്കിലെ രവി... അല്ല, നീ വെള്ളീയാങ്കല്ലിലെ തുമ്പിയായി....


ദാസൻ : ഞാൻ പറഞ്ഞില്ലേ.. നിന്റെ ഐ.ഡി കണ്ടപ്പോൾ തന്നെ എനിക്ക്‌ സംശയം തോന്നിയെന്ന്.. വെള്ളിയാങ്കല്ലിലെ തുമ്പിയായെന്നൊക്കെ മറ്റുള്ളവരുടെ തെറ്റിധാരണയായിരുന്നെടാ.. ഞാൻ വാസൂട്ടിയുടെ കൂടെ കപ്പൽ കയറിയതാ.. അല്ല.. എന്നെ മുകുന്ദേട്ടൻ തന്നെയാട്ടോ കയറ്റിവിട്ടത്‌.. മുകുന്ദേട്ടന്റെ സ്വാധീനമറിയാല്ലോ നിനക്ക്‌. അതുപയോഗിച്ച്‌ ഇവിടെ ഫ്രഞ്ച്‌ എംബസ്സിയിൽ ചെറിയൊരു ജോലി.. അങ്ങിനെ പോകുന്നു.. പിന്നെ എന്തൊക്കെയുണ്ടെടാ.. സുഖാണോ?


രവി : സുഖം.. എന്തൊന്ന് സുഖം.. പനിച്ച്‌ കുരച്ച്‌ അങ്ങിനെ പോകുന്നു.


ദാസൻ : ഹും.. ഞാൻ ഊഹിച്ചു. വിജയൻ സാർ മരിച്ചതിൽ പിന്നെ റോയൽറ്റി പണം പോലും നേരെ ചൊവ്വെ കിട്ടുന്നില്ലായിരിക്കും അല്ലേ..


രവി: ഹും.. റോയൽറ്റി.. നീ എന്താ ദാസാ, വിചാരിച്ചേ.. എന്റെ വിജയൻ സാറിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിൽ നിന്നുപോലും എന്നെ അകറ്റി നിറുത്തി. പിന്നെയാ റോയൽറ്റി.. നിനക്കറിയാമോ, ഇന്നും ബെസ്റ്റ്‌ സെല്ലേറ്ഴ്സിൽ മൽസരം നമ്മൾ തമ്മിൽ തന്നെ.. അതിനിടയിൽ ആകെ ഉള്ളത്‌ ദസ്തയവ്സ്കിയും അന്നയും മാത്രമാ..


ദാസൻ: ഹും.. ഞാൻ അറിഞ്ഞു. ഏതോ ഒരു സിസ്റ്റരും കള്ളനും ലൈംഗീഗ തൊഴിലാളിയും നമുക്കൊപ്പം ഉണ്ടല്ലേ?


രവി : ഹാ.. അവരുടെയൊക്കെ ഇടയിൽ.... നിനക്കറിയാല്ലോ.. കാര്യം എന്തൊക്കെയാണേലും പണ്ടുള്ള ആ മത്സരത്തിനും ആ വീറിനും വാശിക്കുമൊക്കെ ഒരു അർത്ഥമുണ്ടായിരുന്നു..


ദാസൻ : ഹും.. ശരിയാ.. പക്ഷെ, മുകുന്ദേട്ടൻ കുറച്ചൊക്കെ മാറി കേട്ടോ.. അദ്ദേഹം അത്യാവശ്യം മാർക്കെറ്റിംഗ്‌ തന്ത്രങ്ങളൊക്കെ പയറ്റി തുടങ്ങി.. നീ കണ്ട്‌ കാണും..


രവി : ശരിയാ.. ആദ്യം തുടങ്ങിയത്‌ എന്റെ വിജയൻ സാർ തന്നെയാ.. നിനക്കോർമയില്ലേ. സാറിന്റെ തലമുറകളിൽ മദനൻ ചേട്ടൻ ആദ്യ 1000 കോപ്പിക്ക്‌ വ്യത്യസ്ത കവർ വരച്ചത്‌


ദാസൻ : ഹും.. അപ്പോൾ തന്നെയാണല്ലോ. .മുകുന്ദേട്ടൻ കേശവന്റെ വിലാപത്തിൽ ഇ.എം.എസ്‌ നെ ചെമ്പ്‌ തകിടിലേക്ക്‌ ആവാഹിച്ചത്‌. ഈയിടെ കക്ഷി പ്രവാസത്തിൽ വ്യത്യസ്തമായ 4 കവറുകൾ പരീക്ഷിച്ചെന്ന് കേട്ടു.


രവി : അന്ന് അതൊക്കെ എന്തൊരു പുകിലായിരുന്നു.. കാര്യം നമ്മോട്‌ ഭീമനും മൽസരിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ എന്റെ മനസ്സിൽ നിന്നോടായിരുന്നു കൂടുതൽ സ്നേഹം.. ഒരു രണ്ടാമൂഴക്കാരന്റെ സ്ഥാനമേ എന്നും ഞാൻ ഭീമനു കൊടുത്തിരുന്നുള്ളൂ..


ദാസൻ : അത്‌ നിന്റെ അമിതമായ ഗുരു ഭക്തി കാരണമാ.. പത്രങ്ങളിലൂടെയും മറ്റും വിജയൻ സാറിനെയും വാസുവേട്ടനേയും തേജോവധം ചെയ്യാനും ഉണ്ടായിരുന്നല്ലോ കുറേപേർ... എന്നാലും ഭീമനുമായുള്ള മത്സരത്തിനും പിന്നീട്‌ ദസ്തയവ്സ്കിയും അന്നയും വന്നപ്പോളും അതിനോക്കെ ഒരു അർത്ഥതലമുണ്ടായിരുന്നു അല്ലേ..


രവി : അതൊക്കെ പോട്ടെ.. നീ ഇപ്പോൾ എന്തോ ചെയ്യുകയാ.. ചന്ദ്രികയുടെ വിവരം വല്ലതും..


ദാസൻ: ഇല്ലെടാ.. അവളെ അന്ന് അവിടെ വിട്ട്‌ പോന്നതല്ലേ.. അവളും വെള്ളിയാങ്കല്ലിൽ പോയെന്നൊക്കെ മുകുന്ദേട്ടൻ ചുമ്മാ പറഞ്ഞതാ.. മുകുന്ദേട്ടന്റെ ഒരു സ്വഭാവം വച്ച്‌ അവളെ വേറെ അർക്കെങ്കിലും തുല്യം ചാർത്തിയിട്ടുണ്ടാകും.. എനിക്ക്‌ തോന്നുന്നു ആ അശോകനായിരുന്നു ആ ഭാഗ്യവാനെന്നാ.. പ്രവാസം കണ്ടില്ലേ നീയ്യ്‌..


രവി : ഇല്ലെട.. പഴയ പോലെ വായനയൊന്നും ഇല്ല..


ദാസൻ: വിശ്വസിക്കാൻ വയ്യെട.. അപ്പുക്കിളിക്കും അള്ളാപ്പിച്ച മൊല്ലാക്കകും മൈമൂനക്കും ഒക്കെ ഏറെ ഇഷ്ടമായിരുന്ന അവരുടെ രവിമാഷാണോ ഈ പറയണേ...?


രവി : എടാ. അതൊക്കെ പഴയ കാലം.. ഇപ്പോൾ ഒന്നിനും വയ്യ.. നിനക്കറിയോ ഞാൻ ഇന്ന് കുരച്ച്‌ ചുമച്ച്‌ ഒരു വൃദ്ധസദനത്തിലാ... കൊച്ചുവാവ പറഞ്ഞപോലെ "ഇറച്ചികോഴികൾ വിൽപനക്ക്‌" .. പക്ഷെ, എന്നിൽ ഇറച്ചി ഇല്ലാത്തതിനാൽ ആർക്കും വേണ്ടെടാ... എന്റെ പത്മക്ക്‌ പോലും...


ദാസൻ : ഒരു കണക്കിനു ഞാൻ അന്ന് അവിടം വിട്ടത്‌ നന്നായി അല്ലേ.. ഇവിടെ അത്രക്ക്‌ കുഴപ്പമില്ലെടാ.. കുറച്ച്‌ പ്രവാസികളുണ്ട്‌ ഇവിടെ.. അവർ ഇടക്ക്‌ നോസ്റ്റാൾജിയ എന്നും മണ്ണിന്റെ മണമെന്നും ഒക്കെ പറഞ്ഞ്‌ ഒ‍ാരോ സാഹിത്യസമാജങ്ങൾ നടത്തും.. പ്രസംഗങ്ങളാടാ സഹിക്കാൻ പറ്റാത്തെ. .എന്നാലും ഭക്ഷണം കിട്ടുമല്ലോ എന്നോർക്കുമ്പോൾ ചെല്ലുമെടാ.. പക്ഷെ ഒരിക്കൽ എനിക്ക്‌ സഹിക്കാൻ കഴിഞ്ഞില്ലെടാ.. ഒരുവൻ പ്രസംഗത്തിൽ നിന്നെയും വേറെ ഏതോ ഒരു പെണ്ണിനെയും കൂട്ടി പറയുന്ന കേട്ടപ്പോൾ വായിലേക്ക്‌ വച്ച കോഴിക്കാലു വലിച്ചെറിഞ്ഞ്‌ ഞാൻ ഇറങ്ങി പോന്നു. നിന്റെ ഒപ്പം പത്മയല്ലാതെ വേറെയൊരു പെണ്ണിനെ സങ്കൽപ്പിക്കാനാവോടാ.. പക്ഷെ, വിശപ്പ്‌ അതൊരു പ്രശ്നമല്ലേടാ.. പിന്നെ, പഴയ വിപ്ലവം ഒന്നും ഇന്ന് നടക്കില്ലല്ലോ?


രവി : എടാ.. നിനക്കറിയോ.. ഖസാക്കിന്റെ രജതജൂബിലി പോലും എന്നെ അറിയിച്ചില്ല.. ഒരു വഴിപോക്കനെ പോലെ ഞാൻ ഒളിച്ചിരുന്നാ അതൊക്കെ കണ്ടെ.. അത്‌ വച്ച്‌ നോക്കുമ്പോൾ പ്രവാസികൾ നിന്നെ വിളിക്കുന്നെങ്കിലുമുണ്ടല്ലോ..

ദാസൻ: രവി... നിന്റെ ആരോഗ്യം.. പണ്ട്‌ കുറെ നടന്നും വായിച്ചും ഒച്ചവെച്ചും നീ അത്‌ നശിപ്പിച്ചതാണല്ലോ? ഇപ്പോൾ എങ്ങിനെയുണ്ട്‌..


രവി: ആർക്കുവേണ്ടി ഞാൻ എന്റെ ആരോഗ്യം കാത്തുസൂക്ഷിക്കണം.. എല്ലാം പോയി ദാസാ. എല്ലാം. ആദ്യം അമ്മ വിട്ടുപോയി.. പിന്നെ ചുമച്ച്‌ കുരച്ച്‌ ജടപിടിച്ച ഈ ജന്മത്തെ ഉപേക്ഷിച്ച്‌ നേരത്തെ നീ പറഞ്ഞ പത്മ പോയി.. അങ്ങിനെ ഓരോരുത്തർ.. ഹാ.. ഇപ്പോളുള്ളത്‌ പഴയ രവിയുടെ പ്രേതമാ.. കണ്ണോക്കെ കുഴിഞ്ഞ്‌..


ദാസൻ : നീ പോരുന്നോ എന്നോടൊപ്പം.. അത്യാവശ്യം നിന്നെ പോറ്റാനുള്ള കഴിവൊക്കെ ഇന്നും എനിക്കുണ്ടെടാ..

രവി : വേണ്ട ദാസാ.. പണ്ട്‌ നീവെള്ളീയാങ്കല്ലുകളെ ചുറ്റിപറക്കുന്ന തുപിയായെന്ന് ഓർത്ത്‌ ഞാനും ഒത്തിരി കരഞ്ഞതാ.. എപ്പോൾ സന്തോഷമായെടാ. നീ ജീവനോടെയുണ്ടല്ലോ? പക്ഷെ, എനിക്ക്‌ കഴിയില്ലെടാ ഈ ഖസാക്കിനെ വിട്ട്‌ പിരിയാൻ.. ഈ പൊടിക്കാറ്റും നരച്ച ആകാശവും പനങ്കാടും അതൊക്കെ തന്നെ മതി ഈ രവിക്ക്‌...


ദാസാൻ : എടാ..


രവി : വേണ്ടടാ.. ഇനിയും പറഞ്ഞാൽ ഒരു പക്ഷെ ഞാൻ കരയും.. പക്ഷെ, ഒന്നുണ്ട്‌. ഇന്നും നമ്മെയൊക്കെ സ്നേഹിക്കുനവർ ഈ മണ്ണിലുണ്ടെടാ... നിന്നെയും എന്നെയും.. നമ്മുടെ അപ്പുക്കിളിയേയും, അള്ളാപ്പിച്ചയേയും.. ദാമു രൈറ്ററെയും, നിന്റ്‌ ചന്ദ്രികയേയും..എന്റെ.. എന്റെ പത്മയെയും.. നിനക്കറിയോ ഇന്ന് ഏതാണ്ട്‌ പഴയ അൽഫോൺസച്ചന്റെ അവസ്ഥയാ എനിക്ക്‌.. പിള്ളാർക്ക്‌ ഒരു കൗതുക വസ്തു.. അതൊക്കെ അങ്ങിനെ തന്നെ പോട്ടെ.. ഒറ്റ ആഗ്രഹമേ ഉള്ളൂ.. ഈ ഖസാക്കിന്റെ മണ്ണിൽ തന്നെ മരിച്ച്‌ വീഴണം.. പഴയ സ്കൂൾ കെട്ടിടം പുതിയ ഫ്ലാറ്റ്‌ കെട്ടാൻ പൊളിച്ചതു കാരണം ഇപ്പോൾ അവിടേക്കും പോകാറില്ല.. ഈ വൃദ്ധസദനത്തിന്റെ ഇരുളിൽ... എടാ.. ഞാൻ നിരുത്തട്ടെ.. കണ്ൺ മൂടൻ തുടങ്ങി.. പ്രായമായില്ലേ.. വെള്ളെഴുത്തുണ്ട്‌.. ഇതിപ്പോൾ സർക്കാരിന്റെ അക്ഷയ പദ്ധതി കാരണം ഇന്റർനെറ്റിൽ കയറി നിന്നെ വീണ്ടും കണ്ടു.. ഒരിക്കലും ഇനി കാണാൻ പറ്റുമെന്ന് കരുതി യതല്ല.. പോട്ടെടാ...


ദാസൻ : ശരി രവീ.. എപ്പോളെങ്കിലും കാണാടാ..


രവി : ഹും.. എനിക്കിപ്പോൾ എത്രയും വേഗം എന്റെ വിജയൻ സാറിന്റെ അരികിൽ എത്തണമെന്നേ ഉള്ളൂ..

ദാസൻ : ഹേയ്‌ .. നിനക്ക്‌ മരണമില്ലെടാ.. നീ എന്നും ജീവിക്കും.. ഖസാക്കിനു മരണമോ.. പാടില്ല.. ഒരു സിസ്റ്റർക്കോ ഒരു കള്ളനോ തകർക്കാനാവില്ല നിന്നെ.... നന്മകൾ നേരുന്നു... എടാ, ഞാനും പോട്ടെ.. പഴയ പോലെ എനിക്കും പറ്റുന്നില്ല.. പഴയ വിപ്ലവ വീര്യമൊക്കെ പോയി.. ഞാനും കരഞ്ഞുപോകുമെടാ..


രവി : ശരിയെടാ.. പ്രാർത്ഥിക്കാം.. ഇവിടെ അത്താഴത്തിനുള്ള മണിയടിച്ചു.. ഇപ്പോൾ ചെന്നില്ലെങ്കിൽ ഇനി നാളെ ഉച്ച വരെ പട്ടിണിയാവും.. വിശപ്പുണ്ടായിട്ടല്ല.. എന്തോ.. നീ പറഞ്ഞപോലെ മരിക്കാൻ തോന്നുന്നില്ലെട.. അതിനല്ലല്ലോ വിജയൻ സാർ എന്നെ പഠിപ്പിച്ചേ.. ഞാൻ പോകുന്നു..


രവി സൈൻ ഔട്ട്‌ ആയതും നോക്കി ഒരു നിമിഷം കൂടി ദാസൻ ഇരുന്നു.. അവന്റെ കണ്ണൂകളും മൂടി തുടങ്ങിയിരുന്നു. നിറഞ്ഞ കണ്ണൂകളോടെ കഫെയുടെ പുറത്തിറങ്ങുമ്പോൾ ഒരു തുടാം കള്ള്‌ കിട്ടിയിരുന്നെങ്കിൽ എന്ന് ദാസൻ വെറുതെ കൊതിച്ചിട്ടുണ്ടാവണം... പ്രോഫിബിഷൻ ബാധിക്കാത്ത പഴയ ഉണ്ണിനായരുടെ കള്ള്‌ ഷാപ്പ്‌ തേറ്റി ഒരിക്കൽ കൂടി ദാസൻ മയ്യഴിയിലേക്ക്‌ വന്നെങ്കിൽ.. ആ പഴയ വഴിയമ്പലത്തിലേക്ക്‌...



ചൊവ്വാഴ്ച, ഫെബ്രുവരി 02, 2010

ശവക്കുഴിയിലേക്ക്‌ വഴിക്കണ്ണുമായി....






"ഇന്ന് ഞാൻ നാളെ നീ-"

വെളുത്ത പെയിന്റ്‌ കൊണ്ട്‌ വടിവൊത്ത അക്ഷരത്തിൽ അത്രയും എഴുതി ഇമ്മാനുവൽ ഒന്ന് നെടുവീർപ്പിട്ടു. ഉണ്ടാക്കി വച്ചിരുന്ന ശവപ്പെട്ടികളിൽ അവസാന മിനുക്കുപണികൾ നടത്തുകയായിരുന്നു അയാൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇമ്മാനുവൽ ഇത്‌ തന്നെയാണു ചെയ്യുന്നത്‌. ഇതുവരെ ചെയ്തത്‌ തൃപ്തിയാവാഞ്ഞിട്ടല്ല, മറിച്ച്‌, ശവപ്പെട്ടികൾ വാങ്ങാൻ ദിവസങ്ങളോളമായി ആരും വരാത്തതുകൊണ്ട്‌... വീണ്ടും വീണ്ടും അവ മിനുക്കി വക്കുകയേ ഇനി നിവൃത്തിയുള്ളൂ എന്ന് തോന്നിയത്‌ കൊണ്ട്‌..

ഇമ്മാനുവൽ പണി അവസാനിപ്പിച്ചു. കൈയും മുഖവും കഴുകി. സമയം നട്ടുച്ച. ഇറയത്തേക്ക്‌ കയറുമ്പോൾ മോളെ വിളിച്ചു.

"സാറേ.. മോളേ സാറാക്കുട്ടീ..."

"ഇതാ വരുന്നപ്പാ" - അകത്തുനിന്നും തളർന്ന ശബ്ദം. ഒപ്പം അഴിഞ്ഞ മുടി വാരിച്ചുറ്റി, മുഴിഞ്ഞ പാവാടത്തുമ്പ്‌ കൊണ്ട്‌ മുഖം തുടച്ച്‌, ഒരു മെലിഞ്ഞ സുന്ദരി കടന്ന് വന്നു. അവൾ സാറ..കാണാൻ ചന്തമുള്ളവളാണു. വിവാഹപ്രായവുമായി. പക്ഷെ, കെട്ടിച്ചുവിടാൻ ഇമ്മാനുവലിന്റെ കൈയിൽ നീക്കിയിരുപ്പില്ലാത്തതിനാൽ പുര നിറഞ്ഞുനിൽക്കുകയാണു. അയ്യാളുണ്ടാക്കുന്ന ശവപ്പെട്ടികൾ പോലെ! ഒരു ബാദ്ധ്യതയായി..

"മോളെ, സമയം എത്രയായി? വിശക്കുന്നു"

"കപ്പ പുഴുക്ക്‌ എടുക്കട്ടെ അപ്പാ"

ഇന്നലത്തെ കപ്പ പുഴുക്കിൽ ബാക്കിയുണ്ടായിരുന്നത്‌ അവൾ അയാൾക്കായി എടുത്ത്‌ വച്ചു. അപ്പന്റെ ചാരത്ത്‌ തന്നെ അവൾ ഇരുന്നു. അയാൽ രണ്ടു മൂന്നു കഷണം എടുത്തതിനുശേഷം ബാക്കി മകൾക്ക്‌ നീട്ടി. കൈകഴുകി ഇമ്മാനുവൽ പുറത്തിറങ്ങി. ഇന്നെങ്കിലും പെട്ടി വാങ്ങാൻ വരുമായിരിക്കും! ആരെങ്കിലും...

"കർത്താവേ! ആരെങ്കിലും ഒന്ന് മരിച്ചെങ്കിൽ" - അയാൾ ആത്മാർത്ഥമായി ആഗ്രഹിച്ചു. ഒരു നിമിഷം... അയാൾ നടുങ്ങി. എന്താണു ഞാൻ ആഗ്രഹിച്ചത്‌! തെറ്റ്'. എന്റെ വലിയ തെറ്റ്'.

"കർത്താവേ, എന്നോട്‌ പൊറുക്കണേ.."

"അപ്പാ"

"എന്താ മോളേ" - അയാൾ ഞെട്ടിതിരിഞ്ഞു.

"രാത്രിയിലേക്ക്‌ ഒന്നും ഇല്ലപ്പാ!"

"വഴിയുണ്ടാക്കാം മോളേ" - ഇമ്മാനുവൽ സാറയെ ചേർത്തുപിടിച്ചു. വിയർപ്പിന്റെ ഗന്ധം അയാളുടെ മൂക്കിൽ തുളച്ചു കയറി. ഈയിടേയായി സാറക്ക്‌ ഒന്നിലും താൽപര്യമില്ലാത്തത്‌ അയാൾ മനസ്സില്ലാക്കിയിരുന്നു. വെളുത്ത്‌, സുന്ദരിയായിരുന്ന മകൾ ഇപ്പോൾ ആകെ കരുവാളിച്ചു പോയി. കൊഴുത്തിരുന്ന അവളുടെ ശരീരത്തിൽ ഇപ്പോൾ പട്ടിണിയുടെ വരണ്ട പാടുകളാണു. അതിനപവാദമായി ആരെയോ പുച്ഛത്തോടെ വെല്ലുവിളിക്കുന്ന ഉരുണ്ട രണ്ടു ഗോളങ്ങൾ മാത്രം!!

"എന്താ മോളെ നിന്നെ വിഷമിപ്പിക്കുന്നത്‌. അപ്പനോട്‌ പറയ്‌"

"അപ്പാ, ക്രിസ്മസ്‌ ആയില്ലേ. ഒന്നും ഒരുക്കാൻ.."

അവളെ മുഴുമിപ്പിക്കാൻ അനുവദിക്കാതെ ശവപ്പെട്ടികളെ തുറിച്ചുനോക്കികൊണ്ട്‌ അയാൾ ഇറങ്ങി നടന്നു. വൈകുന്നേരം വരെ പലയിടത്തും ചുറ്റിത്തിരിഞ്ഞു. എന്തുചെയ്യണമെന്ന് ഒരെത്തും പിടിയുമില്ല. മകളുടെ വാക്കുകൾ കാതിൽ മുഴങ്ങികൊണ്ടിരുന്നു. ഒടുവിൽ അയാൾ ഒരു തീരുമാനത്തിലെത്തിയപ്പോളേക്കും സമയം സന്ധ്യയായിരുന്നു. ഇമ്മാനുവലിന്റെ വേദനകാണാൻ ശേഷിയില്ലാതെയാകാം സൂര്യൻ കണ്ണുകൾ ഇറുക്കെ പൂട്ടി. എന്തും വരട്ടെ എന്ന് വിചാരിച്ചുകൊണ്ട്‌ ഇമ്മാനുവൽ തോമാച്ചൻ മുതലാളിയുടെ മണിമാളികയിലേക്ക്‌ നടന്നു.

തോമാച്ചൻ മുതലാളി നാട്ടിലെ അറിയപ്പെടുന്ന പണക്കാരനാണു. അറുത്ത കൈയ്ക്ക്‌ ഉപ്പ്‌ തേക്കാത്ത പലിശപ്പണക്കാരൻ.. അയാൾക്ക്‌ ഒരു മകൻ മാത്രമേയുള്ളൂ. അവൻ അമേരിക്കയിൽ ഒരു വലിയ ബിസിനസ്സ്‌ ശൃംഖലയുടെ സീനിയർ മാനേജറാണു. തോമാച്ചന്റെ ഭാര്യ വർഷങ്ങൾക്ക്‌ മുൻപേ മരിച്ചുപോയിരുന്നു. ഇമ്മാനുവൽ തോമാച്ചൻ മുതലാളിയുടെ വീട്ടിലെത്തിയപ്പോൾ സ്വീകരണമുറിയിലെ സെറ്റിയിൽ മയങ്ങികിടക്കുകയാണു തോമാച്ചൻ.

"മുതലാളീ.." ഇമ്മാനുവൽ വിനയത്തോടെ വിളിച്ചു. കണ്ണുതുറന്ന തോമാച്ചൻ ഇമ്മാനുവലിനെ കണ്ടു. ഒന്നുകൂടി സെറ്റിയിൽ നിവർന്നുകിടന്നു.

"മുതലാളീ.." ഇമ്മാനുവൽ ഒരിക്കൽ കുടി വിളിച്ചു.

"എന്താടാ.." തോമാച്ചൻ ഈർഷ്യയോടെ, കണ്ണടച്ചുകൊണ്ട്‌ തന്നെ ചോദിച്ചു.

"മുതലാളി.. ക്രിസ്മസ്‌ ഒക്കെയായില്ലേ? കുറച്ച്‌ കാശ്‌ തന്ന് സഹായിക്കണം. കച്ചോടം കുറവാ.. എന്നാലും ഞാൻ ഒരു മാസത്തിനകം തിരികെ തന്നോളാം. വീട്ടിൽ കഞ്ഞിവെക്കാൻ കൂടി ഒന്നും ഇല്ല. അത്രക്കാ ദാരിദ്ര്യം. സാറാകുട്ടിയെ പട്ടിണിക്കിട്ട്‌ ഇനിയും എനിക്ക്‌ വയ്യ മുതലാളി. അതുകൊണ്ടാ" ഇമ്മാനുവൽ യാജിക്കുകയായിരുന്നു.

"ഒന്നു കടന്നുപോടാ... കടം തരാൻ നീ എന്റെ ആരാ? പിന്നെ നിന്റെ സാറാക്കുട്ടി... അവൾ മുഴുത്ത പെണ്ണായല്ലോടാ, അവൾ പട്ടിണി കിടക്കുന്നത്‌ കഷ്ടം തന്നെയാ. നിയൊരു കാര്യം ചെയ്യ്‌. അവളെ ഇവിടെ കൊണ്ടുവന്നു നിറുത്തു. അവൾക്ക്‌ പട്ടിണി കിടക്കേണ്ടി വരില്ല. അവളുടെ കൊഴുത്ത ശരീരം എന്നെ പലവട്ടം കൊതിപ്പിച്ചതാ.." തോമാച്ചൻ പാതിമയക്കത്തിലും സാറയുടെ ശരീര വടിവ്‌ വർണ്ണിച്ചു കൊണ്ടിരുന്നു. ഒരു വേള ഇമ്മാനുവലിന്റെ മനസ്സിലൂടെ മകളുടെ വാക്കുകൽ വെള്ളിടിപോലെ പാഞ്ഞു.

"ക്രിസ്മസ്‌ അടുത്തില്ലേ അപ്പാ.."

"സാറാക്കുട്ടീ, ഇങ്ങോട്ട്‌ ചേർന്നിരിക്കെടീ.. നിന്നെ ഞാനൊന്ന് ശരിക്ക്‌ കാണട്ടെ.." തോമാച്ചൻ സ്വപ്നത്തിലെന്ന പോലെ പുലമ്പികൊണ്ടിരുന്നു.

ഇമ്മാനുവൽ രോഷം കൊണ്ട്‌ വിറച്ചു. അയാൾക്ക്‌ എങ്ങിനെയെൻങ്കിലും പുറത്തുകടന്നാൽ മതിയെന്നായി. എല്ലാം അടക്കിപിടിച്ച്‌ അയാൾ പിൻ തിരിഞ്ഞു നടന്നു.

"സാറാക്കുട്ടീ.. ഇവിടെ... എന്താ ഇത്ര നാണം... ചേർന്നിരിക്കെടീ.. നിന്നെ ഞാനൊന്ന് ശരിക്ക്‌ കാണട്ടെ.." തോമാച്ചൻ വീണ്ടും പുലമ്പികൊണ്ടിരുന്നു.

ഇമ്മാനുവൽ പതുക്കെ തോമാച്ചൻ മുതലളിയുടെ അടുക്കലേക്ക്‌ ചെന്നു. വിറച്ചുകൊണ്ട്‌ ചുറ്റും കണ്ണൊടിച്ചു. സ്വേദകണങ്ങൾ തീജ്വാല പോലെ പടർന്നു. കണ്ണുകൾ ബീഭൽസമായി. കൈകൾ വിറച്ചു. മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി.

സാറാക്കുട്ടിയുടെ നിഷ്കളങ്കമായ മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു.

"ക്രിസ്മസ്‌ അടുത്തില്ലേ അപ്പാ..." വാക്കുകളിലെ നിസ്സഹായാവസ്ഥ അയാളെ ഭ്രാന്തനാക്കി. ഒപ്പം തോമാച്ചന്റെ ജൽപനങ്ങൾ കൂടിയായപ്പോൾ അയാൾ പേപ്പട്ടിയെപോലായി.

"ഇന്ന് ഞാൻ നാളെ നീ" - ശവപ്പെട്ടിയിലെ വാചകം മനസ്സിൽ തികട്ടി വന്നു. അല്ല, അങ്ങിനെയല്ല... അത്‌ പാടില്ല....

"ഇന്ന് നീ നാളെ ഞാൻ - " ഇമ്മാനുവൽ ഉരുവിട്ടു. അതെ.. അതാണു ശരി.. അതുതന്നെയാവണം ശരി.. മനസ്സ്‌ ഭ്രാന്തമായ അവസ്ഥയിലായിരുന്നു. തോമാച്ചൻ അപ്പോളും സാറയുടെ വർണ്ണന തുടർന്നുകൊണ്ടിരുന്നു. ഇമ്മാനുവലിനു എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. അയാൾ അറിയാതെ തന്നെ തോമാച്ചൻ കിടന്നിരുന്നതിന്റെ അടുത്ത സെറ്റിയിലെ കുഷ്യൻ അവേശത്തോടെ വാരിയെടുത്തു. ഒരു നിമിഷം അയാൾ പതറിയോ? ഇല്ല.. കുഷ്യൻ മൃദുവായി തോമാച്ചന്റെ മുഖത്ത്‌ അമർത്തുമ്പോൾ ഇമ്മാനുവൽ ഒന്നു പുഞ്ചിരിച്ചു. സമയം തല ചെറുതായൊന്നു പെരുത്തുവോ? തോന്നിയതാവാം... അതോ, തോമാച്ചന്റെ തല പെരുക്കുന്നുണ്ടാകുമോ..? പെരുക്കട്ടെ... തല മാത്രമല്ല അവൻ ആകെ പിടയട്ടെ... ഇമ്മാനുവൽ കൂടുതൽ ആവേശത്തോടെ അമർത്തി. തോമ ഒന്ന് കാലിട്ടടിച്ചു. പെട്ടെന്ന് തന്നെ നിശ്ചലനായി. അതു കഷ്ടമായി.. അൽപം കൂടി വേദനിപ്പിക്കണമായിരുന്നു. ഇമ്മാനുവൽ ഭ്രാന്തമായി ഒരിക്കൽ കൂടി അമർത്തി.

"ഇവിടെ ഞാൻ വിശ്രമിക്കുന്നു!!!"- ഇമ്മാനുവൽ മനസ്സിൽ പറഞ്ഞു.. ഒപ്പം തന്നെ കുരിശും വരച്ചു. പെട്ടന്നാണു അയാൾക്ക്‌ പരിസരബോധം വീണ്ടുകിട്ടിയത്‌... താൻ എന്താ ചെയ്തത്‌.. കൊലപാതകം... ആണോ? അല്ല.. തന്റെ ശിക്ഷ അൽപം കുറഞ്ഞുപോയ്യോ? എന്തോ... ഒന്നും അറിയില്ല.. അയാൾ വീട്ടിലേക്ക്‌ ഓടി.. വിറക്കുന്നുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ അയാളിൽ ഒരു നിശ്ചയദാർഷ്ട്യം ഉടലെടുത്തു. തെറ്റ്' ചെയ്തിട്ടില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. അയാൾ വീട്ടിലേക്ക്‌ വേഗത്തിൽ ഒ‍ാടി. പെട്ടിയിൽ അൽപം കൂടി മിനുക്കുപണികൾ... അയാളുടെ മനസ്സ്‌ ബിസിനസ്സുകാരന്റേതായി. വിയർത്തുകുളിച്ചു വീട്ടിലെത്തിയ ഇമ്മാനുവൽ ശവപ്പെട്ടികൾ നിരത്തി വച്ചു. ഏറ്റവും ഭംഗിയുള്ളതിൽ അൽപം കൂടി തൊങ്ങലുകൾ....!!! വേണം .. ചത്തു കിടന്നാലും ചമഞ്ഞുകിടക്കണമെന്നാ ശാസ്ത്രം... പക്ഷെ, ഇത്‌ ചത്തതാണൊ? താൻ കൊന്നതല്ലേ? അല്ല, ഇരന്നു വാങ്ങിയ മരണമാ.. അപ്പോൾ അൽപം ചമഞ്ഞോട്ടെ...

"ഇന്ന് ഞാൻ നാളെ നീ" - ശവപ്പെട്ടി അയാളെ നോക്കി കൊഞ്ഞനം കുത്തി. ഇമ്മാനുവലിനു കലി കയറി... അവിടമാകെ കറുത്ത പെയിന്റ്‌ കോരി തെച്ചു. വെള്ളപെയിന്റ്‌ കൊണ്ട്‌ ശവപ്പെട്ടിയിൽ "ഇവിടെ ഞാൻ വിശ്രമിക്കുന്നു" എന്നെഴുതി. ഇനി... കാത്തിരിക്കാം.. തോമാച്ചൻ മുതലാളിയുടെ വീട്ടിലേക്ക്‌ പെട്ടിയെടുക്കാൻ ആളുവരും. വലിയ വിലപറയണം. കാശുകാരനല്ലേ! വലിയ വില പറഞ്ഞേ തീരൂ.. എന്റെ സാറായുടെ മാനത്തിനു വിലയിട്ട ആളല്ലേ..! അവനു ഞാൻ വിലയിട്ടേ തീരൂ.. കൊന്നതിന്റെ വിലയെങ്കിലും.. അയാളുടെ മനസ്സ്‌ ഭ്രാന്തമായി..

ഇമ്മാനുവൽ പുരക്കകത്ത്‌ കയറി നോക്കി. റാന്തൽ വിളക്കിന്റെ വെളിച്ചതിൽ മകൾ തളർന്നുറങ്ങുന്നു. അയാൾ വിളക്കുമായി വരാന്തയിൽ വന്നിരുന്നു. സമയം രാത്രിയായി.. ഇനിയും എന്താ ആരും വരാത്തത്‌? ഭയം തോന്നിതുടങ്ങുന്നു. എന്താണു താൻ ചെയ്തത്‌! കൊലപാതകം ...ഇല്ല...ഞാനല്ല അത്‌ ചെയ്തത്‌.. എനിക്കതിനു കഴിയില്ല.. അത്‌ ചെയ്യിച്ചത്‌ ദൈവമാണു. അർഹിച്ച, അനിവാര്യമായ മരണം...

"അപ്പാ"

"ങേ, ഹാരാ..ശവപ്പെട്ടി തയ്യാറാണു" - അയാൾ പുലമ്പി

"എന്താ അപ്പാ" - സാറ അയാളുടെ മുഖം കണ്ട്‌ ഭയപ്പെട്ടു.

"ങേ, നീയായിരുന്നോ? പോ...അകത്ത്‌ പോ.. അല്ലെങ്കിൽ നിന്നെയവർ... അകത്ത്‌ പോ.." - അയാൾ വിറച്ചുകൊണ്ട്‌ അകത്തേക്ക്‌ വിരൽ ചൂണ്ടി.

"അപ്പാ... എന്തുപറ്റിയപ്പാ... എന്തൊക്കെയാ ഈ പറേണേ.. എനിക്ക്‌ പേടിയാവുന്നപ്പാ..."

"മോളെ.. അകത്തുപോ സാറാക്കുട്ടീ" അയാൾ ദയനീയമായി പറഞ്ഞു.

"ഇമ്മാനുവല്ലേട്ടനില്ലേ ?" ആരോ വിളിച്ചത്‌ കേട്ടിട്ട്‌ അയാൾ പുറത്തിറങ്ങി.

"ങാ, ആരാ.. ശവപ്പെട്ടി റഡിയായിട്ടുണ്ട്‌ ജോസഫേ" ആളെ മനസ്സിലാക്കിയ അയാൾ വിളിച്ചുപറഞ്ഞു.

"എന്താ ചേട്ടാ, പെട്ടി എന്തിനാ ? ഒ‍ാ! തോമാച്ചൻ മരിച്ചത്‌ ചേട്ടനറിഞ്ഞു അല്ലേ.. പക്ഷെ, ശവപ്പെട്ടി .. ആരാ ചേട്ടാ പെട്ടി ഓർഡർ ചെയ്തത്‌? " - ജോസഫ്‌ വിസ്മയത്തോടെ ചോദിച്ചു.


"അല്ല... ഓർഡർ... ആരും ചെയ്തില്ല... എപ്പോളായാലും പെട്ടി ഞാൻ തന്നെയുണ്ടാക്കണ്ടേ ജോസഫേ! " - ഇമ്മാനുവൽ വിക്കി വിക്കി പറഞ്ഞു.

അല്ല ചേട്ടാ, തോമാച്ചന്റെ മകൻ അമേരിക്കയിലാണെന്ന് അറിയാമല്ലോ? അവനെ വിവരമറിയിച്ചപ്പോൾ വരാൻ സാധിക്കില്ല, സമയമില്ല എന്നാണു പറഞ്ഞത്‌..."

"അതും പെട്ടിയുമായി..." - അയാൾ ധൃതിവച്ചു.

"അതെ, അതാണു പറഞ്ഞുവന്നത്‌‌. അവൻ 2 വർഷമായി അമേരിക്കയിൽ അപ്പനുവേണ്ടി ശവപ്പെട്ടി വാങ്ങിവച്ചിട്ട്‌!!! ശീതീകരിച്ച പെട്ടിയാണതെ!!! ഒരെണ്ണത്തിനു എത്രയോ ഡോളറിന്റെ കണക്കുപറഞ്ഞു. പെട്ടി അടുത്ത വീമാനത്തിൽ നാട്ടിലെത്തും. പെട്ടിയുടെ പുറം ഭാഗം ഇതുപോലെ മരമൊന്നുമല്ല.. ലോഹമാണു..! , ശിതികരിച്ച ശവപ്പെട്ടി!!! എങ്കിലും മകൻ അപ്പനുവേണ്ടി രണ്ടുവർഷം മുമ്പ്‌..." ജോസഫിന്റെ വിശദീകരണം ശ്രദ്ധിക്കാൻ ഇമ്മാനുവലിനു കഴിഞ്ഞില്ല. മനസ്സ്‌ ആകെ കലുഷിതമാണു.. എന്താണു താൻ കേട്ടത്‌... വയ്യ ...ഇത്‌ സത്യമാണോ?... അതോ.. ഞാൻ... ഞാൻ എന്താണു ചെയ്തത്‌.. ഒരാളെ കോന്നില്ലേ? ..കൊന്നോ?... അതെ, പൈശാചികമായി.. എന്തിനു.. ജീവിക്കാനോ... ആവോ, വയ്യ എനിക്ക്‌ ദാഹിക്കുന്നു .. തൊണ്ട വരളുന്നു..

"എങ്കിലും ശീതികരിച്ച പെട്ടി..."

"ജോസഫേ, നീ പോ.. പോകാൻ.." - അയാൾ ക്ഷുഭിതനായി. ജോസഫ്‌ അമ്പരന്നു. അയാൾ പേടിച്ചിറങ്ങിപ്പോയി. സാറ അപ്പനെ താങ്ങി മുറിയിൽ കൊണ്ടുപോയി.


"മോളെ, നാളെകഴിഞ്ഞ്‌ ക്രിസ്മസ്സ്‌ അല്ലേ.. നമുക്ക്‌ പുൽക്കൂടുവേണ്ടേ? ഉണ്ണിയേശുവിനെ വരവേൽക്കണ്ടേ? മോൾക്ക്‌ പുത്തൻ ഉടുപ്പു വാങ്ങേണ്ടേ?"


"അപ്പൻ അടങ്ങിക്കിടന്നേ"

"അല്ല മോളെ.." അവൾ അപ്പനെ കമ്പിളികൊണ്ട്‌ മൂടിയശേഷം പോയികിടന്നു.

ഇമ്മാനുവൽ പരിഭ്രമം കൊണ്ട്‌ വിറക്കാൻ തുടങ്ങി. കണ്ണുകൾ ഇറുകെ പീട്ടി. തോമാച്ചൻ മുന്നിൽ നിന്ന് പുഞ്ചിരിക്കുന്നു! അതോ.. പല്ലിറുമ്മുന്നതാണോ? തല പെരുക്കുന്നുണ്ട്‌. മുഖം വലിഞ്ഞു മുറുകുന്നു. വയ്യ... ഇമ്മാനുവൽ ചാടി എഴുന്നേറ്റു. കൈകൾ കൂട്ടിത്തിരുമ്മി മുറിയിൽ അങ്ങോളമിങ്ങോളം നടന്നു. കാലുകൾ വേച്ച്‌ പോകുന്നു. തോമാച്ചൻ പരിഹസിച്ച്‌ ചിരിക്കുന്നത്‌ പോലെ.. അതോ, അട്ടഹസിച്ചുകൊണ്ട്‌ താണ്ഡവമാടുകയാണോ? സെറ്റിയിലെ ചുവന്ന കുഷ്യൻ തന്നെ നോക്കി പൊട്ടിക്കരയുന്നുണ്ടോ? എന്നെ എന്തിനു യൂദാസാക്കി എന്നു ചോദിക്കും പോലെ.. വയ്യ, ഹൃദയം നാലായി പിളരുന്നുണ്ടോ? അതിനു തനിക്ക്‌ ഹൃദയമുണ്ടോ? തന്തയില്ലാ കഴുവേറിക്ക്‌ ഹൃദയമുണ്ടോ? കൈകൾക്ക്‌ എന്താ ഒരു നീല നിറം.. ഒരാളെ കൊന്ന് വിഷലിപ്തമായ കൈകൾ.. ഹോ... ഞാനെന്തിനതു ചെയ്തു. പക്ഷെ, ഞാൻ അതെങ്കിലും ചെയ്യേണ്ടേ? എന്റെ സാറക്ക്‌ വേണ്ടി അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ ഒരച്ഛനാണോ? അതു മാത്രമോ, അയാളുടെ മകൻ രണ്ടു വർഷമായി അപ്പന്റെ മരണവും കാത്ത്‌ ശവപ്പെട്ടിയും വാങ്ങിവച്ച്‌ കാത്തിരിക്കുന്നു. ദുഷ്ടനോടെങ്കിലും ഞാൻ നീതിപുലർത്തിയില്ലേ? ഞാൻ ചെയ്തത്‌ തെറ്റല്ല.. ആണോ?

ഇമ്മാനുവൽ ഉത്തരം കിട്ടാതെ വിവശനായി. തോമാച്ചനു വേണ്ടി മോടിയാക്കിയ ശവപ്പെട്ടി അയാളെനോക്കി ചിരിക്കുന്നതായി തോന്നി. തോന്നലാണോ? "ഇവിടെ ഞാൻ വിശ്രമിക്കുന്നു" - അക്ഷരങ്ങൾ പിടിച്ചുവലിക്കുന്നതുപോലെ... പെട്ടിയുടെ മൂടി ഒന്നനങ്ങിയോ? അതോ.. ഭ്രാന്തമായ ആവേശത്തോടെ അയാൾ മൂടി തള്ളിതാഴെയിട്ടു. എന്താണീ കാണുന്നത്‌.. അയ്യോ!!! പെട്ടിക്കുള്ളിൽ ചോര!!! അല്ല, മഞ്ഞവെളിച്ചം വന്നു പെട്ടി മൂടും പോലെ.... ശവപ്പെട്ടിക്കകത്ത്‌ എപ്പോഴാണു ഞാൻ കുരിശുവരച്ചത്‌! അയ്യോ, അത്‌ കർത്താവിന്റെ ക്രൂശിതരൂപമല്ലേ!!! അതോ.. ഉണ്ണിയേശുവോ? എന്നെ മാടിവിളിക്കുന്നതുപോലെ, ങാ, ഞാനിതാ വരുന്നു തമ്പുരാനേ... അയാൾ പെട്ടിക്കരികിൽ മുട്ടുകുത്തി നിന്നു. ബോധം മറയുന്നുണ്ട്‌. കണ്ണുകളിൽ ഇരുട്ട്‌ കയറുന്നതുപോലെ....... ഇമ്മാനുവൽ പെട്ടിക്കുള്ളിലേക്ക്‌ മലർന്ന് വീണു. "ഇവിടെ നീ വിശ്രമിക്കുന്നു" - പെട്ടി ഒന്നു പുഞ്ചിരിച്ചില്ലേ? ഉവ്വ്‌. അയാളും പുഞ്ചിരിച്ചു. ഹാ... കർത്താവ്‌ തന്നെ ആലിംഗനം ചെയ്യുന്നു. അയാൾ നിർവൃതിയിൽ കിടന്നു. കർത്താവിന്റെ ആലിംഗനത്തിൽ മതിമറന്ന്...

രാവിലെ തന്നെ ആരുടെയോ വിളികേട്ടാണു സാറ ഉറക്കമുണർന്നത്‌. കണ്ണുതിരുമ്മി, ഉടുവസ്ത്രം നേരെയാക്കുന്നതിനിടയിൽ തന്നെ ഉമ്മറത്ത്‌ വന്ന സാറ കണ്ടത്‌ കാക്കി ധരിച്ച പോലീസുകാരെയാണു. അവളുടെ ഉള്ളോന്ന് കാളി. വസ്ത്രം നേരെയാക്കാൻ അവൾ മറന്നു.

"അപ്പനില്ലേ കൊച്ചേ" - ഏമാൻ ചോദിച്ചു.

"അപ്പൻ...."- അവൾ അവിടമാകെ കണ്ണുകൊണ്ട്‌ പരതി. പുറത്തുപോയിരിക്കും. ഈയിടെ കുടിയൽപം കൂടുതലാ. സന്തോഷം വന്നാലും ശരി, സങ്കടം വന്നാലും ശരി. ഇതിപ്പൊ, ക്രിസ്മസ്സിന്റെ വേവലാതി തീർക്കാനാവും. അവൾ മനസ്സിൽ കരുതി. "അപ്പൻ പുറത്തുപോയെന്നാ തോന്നുന്നേ..." അവൾ ഭവ്യതയൊടേ പറഞ്ഞു.

"രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് പോന്നോളും. ഇവനോക്കെ കടപ്പുറമേ കിട്ടിയുള്ളോ ആത്മഹത്യ ചെയ്യാൻ.." - ഏമാൻ ചൊടിച്ചു.

"ഒരു ശവപ്പെട്ടി വേണമെന്ന് പറയാൻ വന്നതാ, അതിനിടയിൽ ഇയാളിത്‌..."

"പെട്ടി ഇവിടെയുണ്ട്‌ സാറേ..." - അവൾ സന്തോഷത്തോടെ പറഞ്ഞു. ഒപ്പം ഒരുവനു ഇവിടെ വരെ വന്ന് ആത്മഹത്യ ചെയ്യാൻ തോന്നിപ്പിച്ചതിനു കർത്താവിനൊട്‌ നന്ദി പറയുവാനും അവൾ മറന്നില്ല..

"എത്രയാ വില? അറിയാല്ലോ, ഇത്‌ സർക്കാരു കാര്യാ.."

ശവപ്പെട്ടിക്ക്‌ ആരുവന്നാലും നല്ല വിലപറയണമെന്ന് അപ്പൻ പറയാറുള്ളത്‌ അവൾ ഓർത്തു. ഒരു വലിയ വില തന്നെ പറഞ്ഞു. " എടീ, നീയാ ശവത്തിനുകൂടി വില പറയാണോ? കഴുവേറീടെ മോളെ, ഇത്‌ സർക്കാരുക്കാര്യാന്നറിയാല്ലോ..." - ഏമാൻ കണ്ണൂരുട്ടി.

"...സർക്കാരു കാര്യായതോണ്ട്‌ ഒറ്റ പൈസ കുറക്കില്ലേമാനേ. നിങ്ങടെ സർക്കാരുപോലും ശവപ്പെട്ടിക്കു വലിയ വിലയീടാക്കി കീശ വീർപ്പിക്കുന്നു. പിന്നാണോ പാവങ്ങൾ! നിങ്ങടെ ഏമാന്മാർ നാടിനുവേണ്ടി മരിച്ചവർക്ക്‌ ശവപ്പെട്ടി വാങ്ങിയതിനു കമ്മീഷൻ വാങ്ങിയ തുക വച്ചുനോക്കുമ്പോൾ, നാട്ടുകാർക്കും, വീട്ടുകാർക്കും വേണ്ടാതെ ആത്മഹത്യ ചെയ്ത ഒരാളുടെ ശവത്തിനായി പെട്ടിക്ക്‌ ഞാൻ പറഞ്ഞ വില കൂടുതലല്ലേമാനേ." അവൾ സധൈര്യം പറഞ്ഞു.

കാര്യം ശരിയാണെന്ന് തോന്നിയ ഏമാൻ പിന്നീട്‌ തർക്കിക്കാൻ നിന്നില്ല. നിന്നെ പിന്നെ കണ്ടോളാം എന്ന് പറഞ്ഞ്‌ കണ്ണൂരുട്ടി പറഞ്ഞ തുകയെണ്ണിക്കൊടുത്തു. വാങ്ങിയ കാശിനോടുള്ള ആത്മാർത്ഥതകൊണ്ടോ, അതോ.. മരിച്ച ആളോട്‌ ഒരു നിമിഷത്തേക്കു തോന്നിയ ബഹുമാനം കൊണ്ടോ, മിനുക്കുപണികൾ തീർത്ത്‌ അപ്പൻ ഭംഗിയാക്കിയിരുന്ന പെട്ടി അവൾ ചൂണ്ടിക്കാട്ടി. പെട്ടി തുറന്ന പോലീസുകാർ ഞെട്ടി പിറകോട്ടു മാറി. അവർ രൂപയെണ്ണീതിട്ടപ്പെടുത്തുന്ന സാറയെ പകപ്പോടെ നോക്കി.

"എടീ, നായിന്റെ മോളെ, ശവത്തിനും കൂടിയാണോടി നീ വിലയിട്ടത്‌?" ഏമാൻ അവളുടെ മുടിക്കുകുത്തി പിടിച്ചു.

ഒരു നിമിഷം... സാറ നടുങ്ങിപ്പോയി. തന്റെ പ്രിയപ്പെട്ട അപ്പൻ കൈകൾ വിടർത്തി മലർന്നു കിടക്കുന്നു. അവൾ നിലത്തിരുന്നുപോയി. ചുരുട്ടിയ നോട്ടുകളുമായി അവൾ അപ്പന്റെ കൈ കവർന്നു. കൈകൾ തണുത്ത്‌, മരവിച്ചിരിക്കുന്നു. വാവിട്ടു കരയുമ്പോൾ അപ്പന്റെ കണ്ണുകൾ തുറിച്ചിരിക്കുന്നതായി അവൾക്ക്‌ തോന്നി. കഴുത്തിൽ ബലം പ്രയോഗിച്ചതിന്റെ പാടുകൾ പോലെ... ശവപ്പെട്ടിയുടെ മൂടിയിലെ വാചകങ്ങൾ അവളെ നോക്കി പല്ലിളിച്ചു. "ഇവിടെ ഞാൻ വിശ്രമിക്കുന്നു" - അപ്പൻ വെളുത്ത പെയിന്റ്‌ കൊണ്ടല്ലേ അതെഴുതിയത്‌? പക്ഷെ, ഇപ്പോളതിനു ചുവപ്പുനിറമാണല്ലോ? അതിനു ചോരയുടെ ഗന്ധം!!! അയ്യോ, അപ്പൻ തന്നെ വിളിച്ചോ!! അല്ല, അപ്പന്റെ കരച്ചിലല്ലേ കേൾക്കുന്നത്‌‌... അപ്പൻ കരയുകയാ... ദയനീയമായി. അപ്പാ... എന്തു പറ്റിയപ്പാ... ചുവരിലെ ക്രൂശിത രൂപത്തിൽ നിന്നും ചോര അപ്പന്റെ മുഖത്ത വീണു!!! കണ്ണിൽ നിന്നും വാർന്നൊഴുകുന്ന ചോര ക്രൂശിതനായ പിതാവിന്റെയല്ലേ?

"അപ്പാ.." അവൾ ഭ്രാന്തമായി അലറി. നോട്ടുകൾ കൈയിൽ നിന്നും പറന്ന് ശവപ്പെട്ടിയുടെ മുകളിൽ വീണു.

"ഇവിടേ ഞാൻ വിശ്രമിക്കുന്നു"

ശവപ്പെട്ടിക്ക്‌ നിശ്ചയിച്ച വില... അത്‌, അപ്പന്റെ ശവത്തിന്റേതു കൂടിയാണോ? ശവപ്പെട്ടിയിൽ കിടന്ന് അപ്പൻ തുറിച്ചുനോക്കുന്നു. അപ്പനു മുകളിൽ നോട്ടുകൾ വിശ്രമിക്കുന്നു.

"നീയെന്റെ ശവത്തിനു വിലപറഞ്ഞല്ലോ? ഓ.. ഇതെന്റെ പാപത്തിന്റെ ശമ്പളം. മുപ്പത്‌ വെള്ളിക്കാശ്‌.... അതോ, നിന്റെ മാനം കാത്തതിനുള്ള കൂലിയോ?" ആരോ അവളോടങ്ങിനെ പറഞ്ഞുവോ? ആരാണത്‌?

കർത്താവോ....! യൂദാസോ......!! അതോ, അപ്പൻ തന്നെയോ.....!!!

അപ്പോളേക്കും ഏമാന്മാരുടെ പിടുത്തം മുടിക്കുത്തിൽ നിന്നും അവളുടെ മടിക്കുത്തിലേക്ക്‌ മാറിയിരുന്നു. വയറ്റിലെ മാംസളമായ ഞൊറിവുകളിൽ ഏമാൻ അമർത്തിയപ്പോൾ.... ശവപ്പെട്ടിയിലെ തൊങ്ങലുകളുടെ ഞൊറിവുകൾ അവളെ പ്രത്യാശയോടെ നോക്കുന്നുണ്ടായിരുന്നു...