ചൊവ്വാഴ്ച, നവംബർ 27, 2012

ഡിബോറ

പുസ്തകം : ഡിബോറ
രചയിതാവ് : സലിം അയ്യനേത്ത്
പ്രസാധകര്‍ : പാം പബ്ലിക്കേഷന്‍സ്









ന്തായിരിക്കാം ഒരു പുസ്തകത്തിലേക്ക് ആദ്യമേ വായനക്കാരനെ ആകര്‍ഷിക്കുന്ന ഘടകം ? എന്നെ സംബന്ധിച്ചാണെങ്കില്‍ എഴുതിയ ആള്‍, പുസ്തകത്തിന്റെ തലക്കെട്ട്, കവര്‍ ചിത്രം, ബ്ലര്‍ബ്ബ് , അവതാരിക ഇങ്ങിനെ ചില ഘടകങ്ങളിലൂടെയാവാം അതിന്റെ സഞ്ചാരം. ഇവിടെ അത്ര പരിചിതനല്ലാത്ത ഒരു എഴുത്തുകാരന്റെ പുസ്തകം എന്ന നിലയില്‍ ഡിബോറ എന്ന സമാഹാരത്തിലേക്ക് ആകര്‍ഷിച്ചത് ഡിബോറ എന്ന വ്യത്യസ്തമായ തലക്കെട്ടും 'സ്വാഭാവികതയിലെ അസ്വഭാവികതയെ കലയെന്ന് വിളിക്കുമ്പോള്‍ അസ്വഭാവികതയിലെ സ്വാഭാവികതയെ നമുക്കെന്ത് വിളിക്കാം?' എന്ന് പുസ്തകത്തിന്റെ ബ്ലര്‍ബിലുയര്‍ത്തിയിരിക്കുന്ന ചോദ്യവുമായിരുന്നു.

അസ്വഭാവികതയില്‍ സ്വാഭാവികത കണ്ടെത്തുവാനുള്ള ശ്രമമാണ് സലിം അയ്യനേത്തിന്റെ കഥകള്‍ എന്ന് വായനയ്ക്ക് ശേഷം ഉറപ്പിക്കുവാന്‍ കഴിഞ്ഞു. വ്യത്യസ്തമായ ട്രീറ്റ്മെന്റുകള്‍ നിറഞ്ഞ കഥകള്‍ കൊണ്ട് സമ്പന്നമായ ഒരു സമാഹാരം. അത്തരം വായനാനുഭവങ്ങള്‍ സന്തോഷകരം തന്നെയാണ്. പുസ്തകത്തിലെ 14 കഥകളും മനോഹരം എന്ന് ഞാന്‍ പറയുന്നില്ല. കഥാകൃത്ത് പോലും അങ്ങിനെ അവകാശപ്പെടുന്നില്ല എന്നതാണ് സത്യം! പക്ഷെ, ഡിബോറ, കൊശവത്തികുന്ന്, മൂസാട്, ഗന്ധകഭൂമി അലീനയോട് പറഞ്ഞത്, നിഴല്‍ കൂത്ത്, ഫ്രീകോള്‍ മാമാങ്കം, ഉറുമ്പില്‍ തെരുവിലെ നക്ഷത്രങ്ങള്‍, വെള്ളച്ചാമി, എന്നീ കഥകള്‍ വായിച്ചാല്‍ മുകളില്‍ സൂചിപ്പിച്ച വിശേഷണം അല്ലെങ്കില്‍ ശ്രമം നമുക്ക് കണ്ടെത്താന്‍ കഴിയും എന്നത് ഉറപ്പ്.

സ്നേഹവും സ്നേഹഭംഗങ്ങളും ആണ് സമാഹാരത്തിലെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആദ്യ കഥയായ ഡിബോറക്കൊപ്പം ഒന്ന് സഞ്ചരിച്ച് നോക്കാം. ചന്ദ്രയാന്‍ യാത്രക്കായി തിരഞ്ഞെടുക്കപ്പെട്ട, ഭൂമിയിലേക്ക് തിരികെ പ്രവേശനം നിഷേധിക്കപ്പെട്ട ഒരു കുടുംബത്തിലെ, അതും മള്‍ട്ടിമില്യനിയര്‍ ഫാമിലിയിലെ പെണ്‍കുട്ടിയാണ് ഡിബോറ. പക്ഷെ, ഇത് വരെ കാണാത്ത ഭൂമിയെയും അവിടത്തെ പച്ചപ്പിനെയും ജൈവികതയെയും അവള്‍ ഏറെ സ്നേഹിക്കുന്നു. അതുപോലെ തന്നെ പപ്പയുടെ ശമ്പളക്കാരന്‍ മാത്രമായ പൈലറ്റ് റസലിനെയും. റസലുമായി ചേര്‍ന്നുള്ള ഒരു ഹെലികോപ്റ്റര്‍ സഞ്ചാരത്തില്‍ നിന്നുമാണ് കഥാകൃത്ത് കഥ സൃഷ്ടിച്ചിരിക്കുന്നത്. ഭൂമിയിലേക്കുള്ള യാത്ര ഒരു സ്വപ്നമായി അവശേഷിപ്പിച്ചുകൊണ്ട് ഡിബോറയും റസലും ഒരു ക്രാഷ് ലാന്‍ഡിങിന്റെ ദാരുണതയിലേക്ക് എടുത്തെറിയപ്പെടുന്നു. സ്നേഹവും പ്രണയവും ഫാന്റസിയും നിറച്ച് വായനക്കാരനെ വിസ്മയങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോകുന്നതോടൊപ്പം തന്നെ കഥാകൃത്ത് പരിസ്ഥിതിയെ സം‌രക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും മറ്റും വായനക്കാരന്റെ ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. തന്റെ മാധ്യമത്തിലൂടെ അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന രീതിയില്‍ സമൂഹത്തോട് പ്രതികരിക്കുവാന്‍ കഥാകൃത്ത് കാട്ടുന്ന ഉത്സുകത അഭിനന്ദനാര്‍ഹം തന്നെ. സമാഹാരത്തിലെ മറ്റു പല കഥകളിലും ഇത്തരം സാമൂഹിക ഇടപെടലുകള്‍ കഥകള്‍ക്കിടയില്‍ നടത്തുവാന്‍ കഥാകൃത്ത് ശ്രമിക്കുന്നുണ്ട് എന്നത് ശ്ലാഘനീയമായ കാര്യമായി തോന്നി.

അസ്വഭാവികതയില്‍ നിന്നും സ്വാഭാവികത കണ്ടെത്തുവാനുള്ള ശ്രമം ഏറ്റവും അധികം ദര്‍ശിച്ച കഥയായ ഡിബോറയില്‍ നിന്നും സമാഹാരത്തിലെ രണ്ടാമത്തെ കഥയായ 'കൊശവത്തികുന്നില്‍' എത്തുമ്പോള്‍ കഥാകൃത്ത് ആകാശകാഴ്ചയുടെ വിസ്മയങ്ങളില്‍ നിന്നും കാല്പനീകതയില്‍ നിന്നും പച്ചമണ്ണിന്റെ പശിമയിലേക്ക് വായനക്കാരന്റെ മനസ്സിനെ പിടിച്ചുവലിച്ച് അസൂയാവഹമായ കൈത്തഴക്കോത്തോടെ പാത്ര നിര്‍മിതി നടത്തുന്നത് വിസ്മയത്തോടെ കണ്ടുനില്‍ക്കേണ്ടിവരും. അല്ലെങ്കില്‍ വായിച്ചറിയേണ്ടി വരും. കാലം വരുത്തിയ പരിഷ്കാരങ്ങളില്‍ ഒരു സംസ്കാരത്തിന് മൂല്യച്യുതി സംഭവിച്ചപ്പോള്‍ ഒപ്പം നഷ്ടമായത് ഒരു കുലത്തിന്റെ ജീവിത സാഹചര്യങ്ങളായിരുന്നു. ഒരു കുലം മറ്റൊരു കലത്തിന്റെ തൊഴില്‍ സ്വീകരിക്കേണ്ടി വന്ന ദാരുണമായ അവസ്ഥ! അലൂമിനിയവും സ്റ്റീലും അടുക്കളകള്‍ കൈയേറിയപ്പോള്‍ കൊശവത്തി സ്ത്രീകളുടെ ശരീരവടിവുകള്‍ പച്ചനോട്ടുകള്‍ക്കായി കൈയേറ്റം ചെയ്യപ്പെടുന്ന അവസ്ഥ ഒരല്പം പ്രണയത്തിന്റെ മേമ്പൊടിയോടെ മനോഹരമായി പറഞ്ഞിരിക്കുന്നു.

ഗന്ധകഭൂമി അലീനയോട് പറഞ്ഞത് എന്ന കഥയില്‍ ഹോമോ സെക്സിന്റെ തിക്താനുഭവങ്ങളിലേക്കും ഭാവാന്തരങ്ങളിലേക്കും കഥാകൃത്ത് വായനക്കാരനെ കൊണ്ടുപോകുന്നു. ജയിലിലെ പീഢനങ്ങളില്‍ നിന്നും ഒരു മനുഷ്യന് എത്രത്തോളം ലൈംഗീക അരാജകത്വം സംഭവിക്കാം എന്നത് സൂക്ഷ്മമായി തന്നെ സലിം ഈ കഥയിലൂടെ പറയുന്നു.

സമാഹാരത്തിലെ ഏറെയാകര്‍ഷിച്ച കഥയായിരുന്നു ഉറുമ്പില്‍ തെരുവിലെ നക്ഷത്രങ്ങള്‍. മനുഷ്യന്റെ കുടിലതകളിലേക്ക് , തിന്മകളിലേക്ക്.. ഉറുമ്പുകളിലൂടെ പ്രതികരിക്കുകയാണ് കഥാകൃത്ത്. ഘ്രാണശക്തിയുണ്ടെങ്കില്‍ പോലും ശക്തിയില്ലാതായി പോയതിലെ വിഷമം ഉറുമ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍ സമൂഹത്തിലെ പല അരാജകത്വങ്ങളോടും പ്രതികരിക്കണമെന്നുണ്ടെങ്കിലും അതിന് ത്രാണിയില്ലാത്ത, അല്ലെങ്കില്‍ പണവും സ്വാധീനവും ഇല്ലാത്ത വലിയ ഒരു സമൂഹത്തിന്റെ പ്രതിനിധിയാവുകയാണ് ഉറുമ്പിന്‍‌കൂട്ടങ്ങളിലൂടെ കഥാകൃത്ത്. കഥ പറയുന്ന ശൈലിയില്‍ ഒരല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയാകുമായിരുന്നു ഇത് എന്ന് തോന്നി. സമൂഹത്തോടുള്ള അമര്‍ഷം രേഖപ്പെടുത്തുവാന്‍ സാമ്പ്രദായിക കഥനശൈലി അനുവര്‍ത്തിച്ചപ്പോള്‍ എന്തോ ഒരു പോരായ്മ പോലെ!

നിഴല്‍ കൂത്ത് എന്ന കഥയില്‍ പുത്തന്‍ കാലത്തിന്റെ രീതികള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്ന ബഷീര്‍ എന്ന നായകനെ വായനക്കാരന് ദര്‍ശിക്കുവാന്‍ കഴിയും. സ്വന്തം മകളുടെ വിവാഹസല്‍ക്കാരത്തിലേക്ക് ഇവന്റ് മാനേജ്മെന്റിന്റെ ക്ഷണം സ്വീകരിച്ച് മണലാരണ്യത്തില്‍ നിന്നും എത്തിച്ചേരേണ്ടി വരുന്ന ഉപ്പ. വിവാഹത്തെ ഒരു പാക്കേജായി നിര്‍‌വികാരത്തോടെ കാണുന്ന പുത്തന്‍ കാലത്തിനെ നോക്കി അയാള്‍ക്ക് സ്തംഭിച്ചു നില്‍ക്കേണ്ടി വരുന്നു. വ്യത്യസ്തമായ ഒരു ആശയത്തെ മനോഹരമായ ട്രീറ്റ്മെന്റ് കൊണ്ട് സമ്പന്നമാക്കിയ ഒരു കഥ.

ഒരു പക്ഷെ, ചരിത്രത്തില്‍ ഫാന്റസിയെ സന്നിവേശിപ്പിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാകാം വെള്ളിച്ചാമി എന്ന കഥ. വളരെ നല്ല ഒരു നരേഷനിലൂടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ചരിത്രവും അതോടൊപ്പം നഷ്ട പ്രണയത്തിന്റെ, തീവ്ര സ്നേഹഭംഗങ്ങളുടെ കഥകൂടെ കഥാകൃത്ത് പറയുവാന്‍ ശ്രമിക്കുന്നുണ്ട്.


ഡിബോറ എന്ന ഈ സമാഹാരത്തെ ഒറ്റ വാചകത്തില്‍ ഒന്ന് വിശേഷിപ്പിക്കുവാന്‍ പറഞ്ഞാല്‍ എന്ത് പറയും? നഷ്ടസ്നേഹങ്ങളുടെ കഥ പറയുന്ന പുസ്തകം എന്നോ? അതോ ഫാന്റസികളിലേക്ക് യാഥാര്‍ത്ഥ്യങ്ങളെ തിരുകി കയറ്റിയ പുസ്തകം എന്നോ? തീര്‍ച്ചയില്ല.. ഈ കഥകള്‍ വ്യാഖാനിച്ച് നിരൂപണം നടത്താനുള്ളതല്ല; മറിച്ച് വായിച്ച് ആസ്വദിക്കാനുള്ളതാണെന്ന ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്റെ വാക്കുകള്‍ സത്യമാണെന്ന് പുസ്തക വായനക്കൊടുവില്‍ നമുക്കും ബോധ്യമാകുന്നുണ്ട്. ഇതിലെ എല്ലാ കഥകളും മഹത്തരമാണെന്ന അബദ്ധസങ്കല്പം ഇല്ലെന്ന് കഥാകൃത്തും സ്വയം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷെ, ഒന്നുണ്ട്. മനസ്സില്‍ അടക്കിപ്പിടിച്ച സ്നേഹങ്ങളുടെ, സ്നേഹ നിരാസങ്ങളുടെ കഥ പറയുന്ന ഈ സമാഹാരം നിലവാരമുള്ള വായന നമുക്ക് നല്‍കുന്നുണ്ട്.