വ്യാഴാഴ്‌ച, ഡിസംബർ 31, 2009

2009 ലെ ചില വായനാനുഭവങ്ങള്‍

2009 ൽ പ്രസിദ്ധീകരിച്ച ചില നല്ല പുസ്തകങ്ങൾ പരിചയപ്പെടുത്താം എന്ന് മുൻപോസ്റ്റിൽ പറഞ്ഞിരുന്നത്‌ കൊണ്ട്‌ ഞാൻ വായിച്ച ചില മികവുറ്റ രചനകളെ വെറുതെ ഒന്ന് പരാമർശിക്കാൻ ഈ അവസരം വിനിയോഗിക്കട്ടെ. ഇതിന്റെ അർത്ഥം ഞാൻ താഴെ പരിചയപ്പെടുന്ന പുസ്തകങ്ങൾ മാത്രമാണു നല്ലത്‌ എന്നല്ല. തിർച്ചയായും വേറെയും നല്ല പുസ്തകങ്ങൾ ഉണ്ടാകുമെന്നും മറിച്ച്‌ ഈ പരാമർശവിധേയമായ പുസ്തകങ്ങൾ നിലവാരം പുലർത്തിയവ ആണെന്നും മാത്രം.

"വാൻ ഗോഗിന്റെ ചെവി" എന്ന ആദ്യ സമാഹരത്തിലൂടെ തന്നെ തന്റെ വരവ്‌ അറിയിച്ച ഒരു എഴുത്തുകാരനാനു വി.എച്ച്‌. നിഷാദ്‌. അദ്ദേഹത്തിന്റേതായി 2 പുസ്തകങ്ങൾ 2009 ൽ വായനക്കരനെ തേടി എത്തി. 2009 ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചയവിൽ ആദ്യം വായനക്കായി അവതരിപ്പിക്കുന്നത്‌ അവ തന്നെയാവാം. ഈ രണ്ട്‌ പുസ്തകങ്ങളും രണ്ടു വ്യത്യസ്ത രീതികളിൽ പരാമർശവിധേയമായവ തന്നെ. ആദ്യമെത്തിയത്‌ മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ച "മിസ്സ്ഡ്‌ കാൾ" എന്ന ചെറുചെറുകഥകളുടെ സമാഹാരമാണു. നമുക്കറിയാം, സാഹിത്യത്തിന്റെ ഏതൊരു രുപവുമായി താരതമ്യം ചെയ്താലും മിനിക്കഥകൾ എഴുതുക എന്നത്‌ അൽപം ബുദ്ധിമുട്ടേറിയ കാര്യമാണു. ചുരുങ്ങിയ വാക്കുകളിൽ വായനക്കാരനിലേക്ക്‌ ഉള്ളിലുള്ള ആശയങ്ങൾ മുഴുവൻ സംവേദിക്കുക എന്നത്‌ അസാധാരണമായുള്ള ഒരു കഴിവ്‌ തന്നെ... ഈ പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത കഥാകൃത്ത്‌ സുഭാഷ്‌ ചന്ദ്രൻ പറയുന്ന പോലെ, മിസ്സ്ഡ്‌ കാൾ എന്ന സമാഹാരത്തിലെ ഓരോ കഥയും മിന്നൽ കഥകൾ തന്നെയാണെന്നുള്ളതാണു. മലയാളത്തിലെ പുതു തലമുറയിലെ ഒരു പറ്റം എഴുത്തുകാരുടെ ഒരു കൂട്ടായ്മയും നമുക്ക്‌ ഈസമാഹാരത്തിൽ ദർശിക്കാം. മിസ്സ്ഡ്‌ കാളിനു വേണ്ടി ചിത്രങ്ങൾ രൂപപ്പെടുത്തിയത്‌ സാഹിത്യലോകത്തിലെ ഈ പുതുതലമുറയാണു. മിസ്സ്ഡ്‌ കാളിൽ നിന്നും 2009 ലെ തന്റെ രണ്ടാമത്തെ സമാഹാരമായ ഡി.സി. ബുക്സ്‌ പുറത്തിറക്കിയ "ഷോക്കിൽ" എത്തുമ്പോൾ നിഷാദ്‌ എന്ന എഴുത്തുകാരനു രൂപപരിണാമം സംഭവിക്കുന്നത്‌ കാണാൻ കഴിയും.അതിലെ 3 കഥകൾ തികച്ചും പരാമർശവിധേയം തന്നെ. "ഇതാ, ഇവിടേയൊരു കുപ്പായം, നൃത്തക്കാരിയുടെ മകൾ, ഷോക്ക്‌" എന്നിവയാണു ഏറ്റവും ഹൃദ്യമായ വായനാനുഭവം തന്ന ആ 3 രചനകൾ. കഥരചനയിൽ നൂതനമായ ഒരു ശൈലി അദ്ദേഹം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും, ആ ശ്രമം ഒരു പരിധിവരെ വായനക്കാരനിലേക്ക്‌ എത്തിക്കാൻ നിഷാദിനു കഴിഞ്ഞു എന്നുള്ളതും ശ്ലാഘനീയമായ വസ്തുതയാണു. കഥകൾ, അത്‌ എഴുതപ്പെട്ട കാലഘട്ടത്തിലെ സാമൂഹികമായ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നുഎന്നുള്ളതു കൊണ്ട്‌ തന്നെ സാമൂഹിക ജീവി എന്ന നിലയിൽ എഴുത്തുകാരൻ തന്റെ കടമയിൽ നിന്നും അകന്നിട്ടില്ല എന്നും നമുക്ക്‌ വിവക്ഷിക്കാം.

പരാമർശവിധേയമായ മറ്റൊരു പുസ്തകം ഗ്രാൻഡ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച ശ്രീ ഡെന്നീസ്‌ ജോസഫിന്റെ "പത്താം നിലയിലെ തിവണ്ടി" എന്ന തിരക്കഥയും, തിരക്കഥക്ക്‌ അവലംബമായ, അതേ പേരിലുള്ള കഥയും അടങ്ങിയ പുസ്തകമാണു. മനോഹരമായ ഒരു ചെറുകഥ , അതിലും എത്രത്തോളം മനോഹരമായി ഒരു തിരക്കഥയാക്കാം എന്നതിന്റെ ഉദാഹരണം കുടിയാണു ഈ കൃതി. ആമുഖത്തിൽ പറയുന്ന പോലെ ഒരു ചലച്ചിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അമൂല്യമായ ഒരു റഫറൻസ്‌ ഗ്രന്ഥം തന്നെയാണു ഇത്‌. പ്രിന്റിങ്ങിലുള്ള ചില്ലറ പോരായ്മകൾ ക്ഷമിക്കുകയാണെങ്കിൽ മനോഹരമാക്കാൻ പ്രസാദകർക്ക്‌ സാധിച്ചിട്ടുണ്ട്‌ എന്ന് പറയാം. (ഒപ്പം ഒന്നുകൂടി പറഞ്ഞോട്ടെ, ആ തിരക്കഥ വായിച്ചപ്പോൾ മുതൽ ആ സിനിമ കാണാൻ കൊതിയായി. നിർഭാഗ്യകരമെന്ന് പറയട്ടെ, പുസ്തകത്തോളം പോലും ചലച്ചിത്രം ജനങ്ങളിലേക്കെത്തിക്കാൻ അതിന്റെ വിതരണക്കാർക്ക്‌ കഴിഞ്ഞില്ലല്ലോ എന്ന നിരാശയുണ്ട്‌)

2009 ൽ ആദ്യപതിപ്പായി ഇറങ്ങിയതല്ലെങ്കിലും , 2009 ലെ വായനയിൽ കണ്ട മറ്റൊരു അപൂർവ്വ അനുഭവമായിരുന്നു മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ച കെ.ബി.ശ്രീദേവിയുടെ "ബോധിസത്വർ". കപിലവസ്തു എന്ന രാജ്യത്തിലെ യുവരാജാവിൽ നിന്നും ശ്രീബുദ്ധൻ എന്ന യോഗിയിലേക്കുള്ള വളർച്ചയും, അതിനിടയിൽ നമ്മൾ അറിയാതെ പോയ കുറെ നല്ല കഥാപാത്രങ്ങളുമെല്ലാമായി നോവൽ സംഭവബഹുലം തന്നെ. ഹെർമൻ ഹെസ്സെയിലൂടെ നമ്മൾ വായിച്ചിട്ടുള്ള സിദ്ധാർത്ഥനിൽ നിന്നും ഒത്തിരി മാറ്റങ്ങൾ നമുക്ക്‌ ശ്രീദേവിടീച്ചറുടെ കാഴ്ചപാടിൽ കാണാൻ കഴിയും.

ഇതുപോലെ തന്നെയാണു 2008 ൽ ആദ്യപതിപ്പായി ഇറങ്ങുകയും, 2009 ൽ കൂടുതൽ ചർച്ച ചെയ്യപെടുകയും ചെയ്ത സാറാ ജോസെഫിന്റെ "ഊരുകാവൽ" എന്ന കറന്റ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച നോവലും. രാമായണത്തിലെ ഒട്ടനവധി കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച്‌ പല രചനകൾ പല ഭാഷകളിൽ ആയി ഉണ്ടായിട്ടുണ്ടെങ്കിലും, അംഗദൻ എന്നവാനരകഥാപാത്രത്തിന്റെ മാനസീക വ്യാപാരങ്ങളിലൂടെ ഉള്ള ഒരു യാത്ര ഇത്‌ആദ്യമാണെന്ന് തോന്നുന്നു. വെറും ഒരു കാഴ്ചക്കാരനായി പലവട്ടം പല പുസ്തകങ്ങളിലും, രാമായണത്തിന്റെ വിവിധരൂപമാറ്റങ്ങളിലും പരാമർശവിധേയനായ അംഗദനെ വേറിട്ടൊരു ആംഗിളിലൂടെ ചിത്രീകരിക്കുക വഴി മികച്ചൊരു വായനാനുഭവം മലയാളി വായനക്കാരനു സാറ ജോസഫിനു നൽകാൻ കഴിഞ്ഞു എന്നറ്റാണു ഏറ്റവും പ്രധാനമായ ഒരു വസ്തുത.

കുറിപ്പുകൾ അല്ലെങ്കിൽ അനുഭവങ്ങൾ എന്ന വിഭാഗത്തിൽ പെട്ടെന്ന് ഓർമയിൽ നിൽക്കുന്ന ഒന്നാണു സന്തോഷ്‌ എച്ചിക്കാനത്തിന്റെ "മാംഗല്യം തന്തു നാൻ ദേന" എന്ന പുസ്തകം(പ്രസാദനം - കൈരളി ബുക്സ്‌). ഒരു പരിധിവരെ അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങൾ എന്ന് പറയാം. അതിൽ പലതും ഒരു കഥയുടെ തലത്തിലേക്ക്‌ എത്തപ്പെടുന്നുണ്ടെന്ന വസ്തുത തള്ളികളയാൻ കഴിയില്ല എങ്കിലും... പക്ഷെ, മികവുറ്റതും കുറ്റമറ്റതുമാക്കാനുള്ള നല്ല ഒരു ശ്രമം എഴുത്തുകാരനിൽ നിന്നും ഉണ്ടായെന്നുള്ളതു കൊണ്ട്‌, പ്രത്യേകിച്ച്‌ നോവലുകളും കഥാസമാഹാരങ്ങളും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ തന്റെ ചില അനുഭവകുറിപ്പുകളിലൂടെ വായനക്കാരനെ പിടിച്ചിരുത്തുക എന്നത്‌ തികച്ചും ഒരു വെല്ലുവിളിയാണെന്നതും, ആ വെല്ലുവിളി സധൈര്യം എഴുത്തുകാരൻ ഏറ്റെടുക്കുകയും ഒരു പരിധിവരെ അതിൽ വിജയിക്കുകയും ചെയ്തു എന്നുള്ളതും കൊണ്ട്‌ പരാമർശിക്കാതിരിക്കുന്നത്‌ ശരിയല്ല.

കവിത വിഭഗത്തിൽ ഒത്തിരി വായനയൊന്നും 2009 ൽ ഞാൻ നടത്തിയിട്ടില്ലാത്തതിനാൽ നല്ല പുസ്തകം എന്ന രീതിയിൽ തിരഞ്ഞെടുക്കാൻ സാധിക്കില്ല.. എങ്കിലും വായിച്ച ഒരു പുസ്തകത്തെ കുറിച്ച്‌ നേരത്തെ ഒരു പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു. ജ്യോതിഭായി പരിയാടത്തിന്റെ "പേശാമടന്ത" എന്ന ആദ്യ കവിതാസമാഹാരം. ആ പുസ്തകത്തെ കുറിച്ചുള്ള എന്റെ പോസ്റ്റിലേക്ക്‌ ഇതുവഴി പോകാം.....

2009 ൽ മലയാളത്തിൽ ഏറ്റവും അധികം പ്രസിദ്ധീകരിച്ചതും , വിറ്റഴിഞ്ഞതും വിവർത്തന സാഹിത്യം ആണു. ഒരു പക്ഷെ, മലയാളി എഴുത്തുകാരുടെ അലസതയോ, അല്ലെങ്കിൽ പ്രസാദക വൃന്ദത്തിന്റെ കൈകടത്തലുകളോ, അതുമല്ലെങ്കിൽ വായനക്കാരുടെ വിവർത്തനസാഹിത്യത്തോടുള്ള അമിത പ്രതിപത്തിയോ ആകാം.. മലയാളി എന്നും ട്രെന്റുകൾക്ക്‌ പിന്നാലെ പായാൻ ഇഷ്ടപെടുന്നവരാണല്ലോ? എന്തായാലും , വിവർത്തനം എന്ന വിഭാഗത്തിൽ ഏറ്റവും അധികം പുസ്തകങ്ങൾ ഇറങ്ങിയത്‌ പ്രസിദ്ധ ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെതായ്യിരുന്നു എന്നാണു എന്റെ ഓർമ. നിർഭാഗ്യകരമാവാം, കഴിഞ്ഞ വർഷമിറങ്ങിയ അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും വായിക്കാൻ കഴിഞ്ഞില്ല.. നേരത്തെ, ആൽക്കെമിസ്റ്റ്‌ വായിക്കാൻ തുടങ്ങിയിട്ട്‌ എതുകൊണ്ടോ ഇതുവരെ പലകാരണങ്ങളാൽ മുഴുമിപ്പിക്കാൻ പറ്റാത്തതാവാം ഒരു പക്ഷെ, കാരണം. എന്തായാലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിപണി കീഴടക്കി എന്ന് തന്നെ പറയാം.. വിവർത്തനശാഖയിൽ , മറ്റു ഭാരതീയ ഭാഷകളിലെ എഴുത്തുകാരിൽനിറാഞ്ഞുനിന്നത്‌ ശശി തരൂർ തന്നെ.. ഒരു പക്ഷെ, വിവാദങ്ങളാവാം അദ്ദേഹത്തെ മുൻ നിരയിൽ എത്തിച്ചത്‌. എന്നിരുന്നാലും അദ്ദേഹത്തിന്റെ "കലാപം", ഒത്തിരി വിറ്റഴിയപ്പെട്ടു എന്നതിനേക്കാളും നിലവാരം പുലർത്തിയ ഒരു പുസ്തകം തന്നെ. "ബാഗ്ദാദിലെ പുസ്തകത്തെരുവുകൾ" എന്ന പുസ്തകവും വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചു. പക്ഷെ, ഇതിനേക്കാളൊക്കെ വിവർത്തന വിഭാഗത്തിൽ ആകർഷിച്ചത്‌ മറ്റൊരു ചെറിയ പുസ്തകമായിരുന്നു. സ്റ്റെഫാൻ സ്വൈഗ്‌ എന്ന ജർമ്മൻ സാഹിത്യകാരൻ എഴുതി സുൾഫി എന്ന വ്യക്തി മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്ത്‌ ഡി.സി.ബുക്സ്‌ പ്രസിദ്ധീകരിച്ച "അജ്ഞാത കാമുകിയുടെ അവസാനത്തെ കത്ത്‌". വിയോജിപ്പുകൾ ഉണ്ടാകാം.. പക്ഷെ, എന്തുകൊണ്ടോ, വളരെ സാധാരണമായ ഒരു പ്രമേയം അതീവ ഹൃദ്യവും അതിനേക്കാളുപരി ലാളിത്യവും തീവ്രവുമായി വായനക്കാരനിലേക്കെത്തിക്കാൻ ഒരു പരിധിവരെ വിവർത്തകനെങ്കിലും കഴിഞ്ഞിട്ടുണ്ട്‌ എന്നത്‌ പ്രസ്ഥാവിക്കാതെ തരമില്ല...

സുഹൃത്തുക്കളെ, ഇതൊന്നും വായനയുടെ പുർണ്ണതയിൽ ഉള്ള നിഗമനങ്ങളല്ല എന്നും എന്റെ തുച്ഛമായ്‌ വായനക്കിടയിൽ എനിക്ക്‌ തോന്നിയത്‌ മാത്രമാണെന്നും കരുതുക...

ഇതെന്തൊക്കെത്തന്നെയായാലും ഇന്നും മലയാളികളുടെ ബെസ്റ്റ്‌ സെല്ലർ പട്ടികയിൽ സങ്കീർത്തനം പോലെയും, ഖസാക്കിന്റെ ഇതിഹാസവും, മയ്യഴിപുഴയുടെ തീരങ്ങളിലും, രണ്ടാമൂഴവും, എന്റെ കഥയും ഒക്കെ തന്നെ എന്ന് പറയുമ്പോൾ പുതിയ എഴുത്തുകാർ ഇനിയും ഒത്തിരി മുന്നേറാൻ ഉണ്ടെന്ന സത്യം നമുക്ക്‌ വിസ്മരിക്കാൻ കഴിയില്ല... അല്ലെങ്കിൽ , പഴയ എഴുത്തുകാർ പോലും അൽപം ഉദാസീനരാകുന്നില്ലേ എന്നൊരു തോന്നൽ... (ബെസ്റ്റ്‌സെല്ലറുടെ കൂട്ടത്തിൽ നളിനി ജമീലയും, സിസ്റ്റർ ജെസ്മിയും ഉണ്ടെന്നുള്ള സത്യം ഞാൻ മറക്കാൻ ശ്രമിക്കുകയാണു.. അല്ലെങ്കിൽ നാളെ ഒരു പക്ഷെ, നമുക്ക്‌ ബെസ്റ്റ്‌ സെല്ലറുകളുടെ കൂട്ടത്തിൽ സിസ്റ്റർ സ്റ്റെഫിയെയും, റജീനയെയും, തടിയന്റവിട നസീറിനെയും മറ്റും കാണേണ്ടി വരും...)

പഴയകാലത്തെ നാട്ടിൻപുറങ്ങളിൽ വൈകുന്നേരങ്ങളിലെ കൂട്ടായ്മകളിൽ നിറഞ്ഞുനിന്ന സാഹിത്യചർച്ചകൾ ഇന്ന് നമ്മുടെ ഫാസ്റ്റ്‌ മോഡേൺ -ട്രെന്റ്‌ സെറ്റർ തലമുറക്ക്‌ അന്യം വന്നുകഴിഞ്ഞു.. നാളത്തെ തലമുറ, എം.ടിയെയും, മുകുന്ദനെയും, ഒ.വി.വിജയനെയുമെല്ലാം അറിയാത്ത ഒരു അവസ്ഥയിലേക്ക്‌ കാലം മലയാളിയെ കൈപിടിച്ച്‌ നടത്തുകയാണു.. ഇഷ്ടമില്ലാതിരുന്നിട്ടും നമുക്ക്‌ നഷ്ടപ്പെട്ടുപോകുന്ന വായനയുടെ ആ നല്ല നാളുകൾ!!!. തിരക്കു പിടിച്ച ജീവിതപാച്ചിലിൽ, പിൻ തിരിഞ്ഞുനോക്കുമ്പോൾ മധുരമുള്ള ഓർമകൾ ലഭിക്കാനെങ്കിലും നല്ല വായനയിലേക്ക്‌ നമുക്ക്‌ തിരികെ വരാം.. പുതുവർഷത്തിലെങ്കിലും അതിനു നമുക്ക്‌ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.. 2009 ൽ രംഗബോധമില്ലാത്ത കോമാളി നമ്മിൽ നിന്നും തട്ടിപറിച്ചെടുത്ത മലയാളത്തിന്റെ സ്വന്തം വാനമ്പാടിയുടെ ഒ‍ാർമകൾക്ക്‌ മുൻപിൽ ശിരസ്സ്‌ നമിച്ച്‌ കൊണ്ട്‌.. ആ നീർമാതളം ഇനി പൂക്കില്ലല്ലോ എന്ന ദുഃഖം മറക്കാൻ ശ്രമിച്ച്‌ കൊണ്ട്‌.. പുത്തൻ പ്രതീക്ഷയുടെ, നവകാഹളം ഉയരട്ടെ... പുതുതലമുറ ഇവിടെ തേജസ്സ്‌ വിതറട്ടെ എന്നും ആശംസിച്ചുകൊണ്ട്‌..
പുതുത്സരാശംളോടെ .....

വ്യാഴാഴ്‌ച, ഡിസംബർ 24, 2009

2009 ലേക്ക്‌ ഒരു തിരിഞ്ഞുനോട്ടം






അങ്ങിനെ ഒരു വർഷം കൂടി കൂടൊഴിയുകയാണു.. 2009 നമുക്ക്‌ എന്ത്‌ സമ്മാനിച്ചു എന്നതിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം ആണു ഇവിടെ നടത്തുന്നത്‌. ഇതിൽ കൂടുതലും എന്റെ മാത്രം അനുഭങ്ങളും, അഭിപ്രായങ്ങളും ആണു ഉൾപെടുത്തിയിരിക്കുന്നത്‌.. ക്ഷമിക്കുമല്ലോ?

എന്നെ സംബദ്ധിച്ചിടത്തോളം എനിക്ക്‌ 2009 ഒരു തീരാ നഷ്ടം ആണു സമ്മാനിച്ചത്‌. ഒരിക്കലും എനിക്ക്‌ തിരിച്ച്‌ പിടിക്കാനാവാത്ത ഒരു നഷ്ടം.. 2009 മെയ്‌ 16 - നു എന്റെ അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി.. അതു വരെ വിനോദയാത്ര എന്ന സിനിമയിലെ ദിലീപിന്റെ നായകനെപ്പോലെ ... അരിയുടെയും, മുളകിന്റെയും മറ്റും വിലപോലുമറിയാതിരുന്ന ഞാൻ, പെട്ടെന്ന് വീട്ടുകാര്യങ്ങളുടെ നിലയില്ലാകയത്തിലേക്ക്‌ കൂപ്പുകുത്തി.. അതിനിടയിൽ ഒരു ചെറിയ റിലീഫ്‌ കിട്ടുവാനായാണു ബ്ലോഗിന്റെ ജാലകം തുറക്കാൻ തീരുമാനിച്ചത്‌.. ആദ്യം ഒരു പേരിനായുള്ള അന്വേഷണമായിരുന്നു.. ഒടുവിൽ എന്റെ മകന്റെ പേരു തന്നെ ഞാൻ ബ്ലോഗ്ഗിനും ഇട്ടു.. തേജസ്‌.. അങ്ങിനെ ഞാനും ഇന്ന് ബൂലോകത്തിലെ ഒരു പുൽക്കൊറ്റിയായി..

കാരണവന്മാർ പറയാറുള്ള പഴം ചൊല്ല് ഓർമയുണ്ടാകുമല്ലോ അല്ലേ? അതെ, അതുതന്നെ... കൊതുകിനുമില്ലേ .......കടി. (ഫിൽ ഇൻ ദി ബ്ലാങ്ക്‌ വിത്‌ സ്യൂട്ടബിൾ വേർഡ്സ്‌ & സെന്റൻസസ്‌). ഒരു പരിധി വരെ അത്തരം ഒരു ദുരുദ്ദേശം എനിക്കുമുണ്ടായിരുന്നു.. വേറെയൊന്നുമല്ല... എനിക്ക്‌ വർഷങ്ങളായിട്ട്‌ ഒരു പുസ്തകം പോയിട്ട്‌ , ഒരു കഥ വരെ കൊള്ളാവുന്നിടത്തൊന്നും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല... ഒത്തിരി കാര്യങ്ങൾ അതിനു വേണ്ടി ചെയ്ത്‌ നോക്കി.. എഡിറ്റർമാർക്ക്‌ ജെയ്‌ വിളിച്ചു, കൈമണി അടിച്ചു.. മണിപോയത്‌ തുച്ഛമാണെങ്കിലും എന്റെ പണി പോകാതിരുന്നത്‌ മെച്ചമായി.. ചിലവന്മാർ പറയും.. "താങ്കൾ അയച്ചു തന്ന കഥ (എന്നാണു താങ്കളുടെ കവറിംഗ്‌ ലെറ്ററിൽ കണ്ടത്‌) ഇവിടെ പഴം പൊരി തിന്നിട്ട്‌ കൈതുടക്കാൻ ഉപകരിച്ചു.. നന്ദിയുണ്ട്‌.. ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു" എന്ന്.. വേറെ കുറേ അൽപന്മാർ പറയും "മനോരാജേ, താങ്കൾ ഉടൻ കോടതിയെ സമീപിക്കണം.. കാരണം , താങ്കൾ കഷ്ടപ്പെട്ട്‌ എഴുതി, സൂക്ഷിച്ച്‌ വച്ച്‌ സമയമായപ്പോൾ അയച്ചുതന്ന ഈ കിടിലൻ സാധനം നിർഭാഗ്യകരമെന്ന് പറയട്ടെ, എം.ടി.വാസുദേവൻ നായർ എന്ന ഒരാൾ കുറച്ച്‌ നാൾ മുൻപ്‌ ഞങ്ങൾക്കയച്ച്‌ തരികയും, ഞങ്ങളത്‌ താങ്ങളുടെ കുഞ്ഞാണെന്നറിയാതെ പുള്ളിയുടെ പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.. നിശ്ചയമായും ,ഞങ്ങൾക്കറിയാം പേറ്റുനോവിന്റെ വേദന!! അതുകൊണ്ട്‌, താങ്ങൾ ഇത്‌ കേസാക്ക ണം.. പിന്നെ, വയറ്റുപിഴപ്പിന്റെ പ്രശ്നമായതിനാൽ ഞങ്ങളെ കേസിൽ കക്ഷിചേർക്കരുത്‌.. എന്ന്, സ്വന്തം പത്രാധിപർ."

എന്നാൽ പിന്നെ നമുക്ക്‌ പാരപണിയുന്ന ഈ എം.ടിയും, പെരുമ്പടവവും, മുകുന്ദനുമൊക്കെ എഴുതുന്നതെടുത്ത്‌ വിമർശിച്ച്‌ കളയാം എന്ന് കരുതിയാണു ബ്ലോഗ്‌ തുടങ്ങിയത്‌. എം.കൃഷ്ണൻ നായർ സാറിനെ പോലെ, ഹേയ്‌, മിസ്റ്റർ. എം.ടി. നിങ്ങളുടെ കഥ എന്റെ വടക്കേതിലെ പ്രഭാകരൻ ചേട്ടൻ നാളുകൾക്ക്‌ മുൻപ്‌ എഴുതിയതാണെന്നു.. അത്‌, എഴുതിയ കാലത്ത്‌ അന്റാർട്ടിക്കയിൽ വരെ ഒരു സംഭവം ആയിരുന്നു എന്നും, നാണമില്ലേ,ഹേ നിങ്ങൾക്ക്‌ മോഷ്ടിക്കാൻ എന്നുമൊക്കെ ചോദിക്കണമെന്നുമൊക്കെ കരുതിയാണു ഈ പ്രസ്ഥാനത്തിലേക്ക്‌ ഇറങ്ങിതിരിച്ചത്‌.. പക്ഷെ, ജ്യാത്യാലുള്ളത്‌ തൂത്താൽ പോകില്ല എന്ന കാരണവന്മാരുടെ വചനം ഒരിക്കൽ കൂടി കടം കൊള്ളട്ടെ.. (ഈ കാരണവന്മാരില്ലായിരുന്നെങ്കിൽ നമ്മളൊക്കെ എന്തുചെയ്തേനേ.. ഒന്നുമ്മിലേലും നമ്മ്ടേ ഷെറിൻ ബിനുവിനെപോലുള്ളവർക്ക്‌ കൊല്ലാനായിട്ടെങ്കിലും ഭാസ്കര കാരണവന്മാർ വേണ്ടേ? ) കാരണം ബ്ലോഗ്‌ തുടങ്ങിയപ്പോൾ ആദ്യം ആരെ പ്രതിക്കൂട്ടിൽ കയറ്റണം എന്ന് ചിന്തിച്ച്‌, ഒടുവിൽ കൈവശമുള്ള എം.ടിയുടേയും, മുകുന്ദന്റെയും, മറ്റും പുസ്തകങ്ങൾ എടുത്ത്‌ ചൂഴ്‌ന്ന് നോക്കി... ഹേയ്‌, ഇവന്മാർക്കൊന്നും എഴുതാൻ അറിയില്ല... അല്ലെങ്കിൽ എന്റെ ഉപദേശങ്ങൾക്ക്‌ ഇവരൊന്നും അർഹരല്ല എന്നൊരു തോന്നൽ.. (സത്യം പറഞ്ഞാൽ ഇവരുടെ വല്ല ഫാൻസ്‌ അസ്സോസ്സിയഷൻ കാരുണ്ടെങ്ങിൽ വെറുതെ അവരുടെ കൈക്ക്‌ പണി ഉണ്ടാക്കണ്ട എന്ന് കരുതിയാ... അല്ല, തടിയന്റ വിട നസീറിനും, മറ്റും വരെ ഫാൻസ്‌ അസ്സൊസ്സിയഷൻ ഉള്ള കലികാലമാണു.. പോയാൽ ആർക്ക്‌ പോകും.. നിങ്ങൾക്ക്‌ ചിരിച്ചൊണ്ടിരുന്നാമതി.. ഒരു കൊച്ചൻ ഒള്ളത്‌ നേരെ ചൊവ്വെ അച്ഛാ എന്ന് വിളിച്ച്‌ തുടങ്ങിയിട്ടേ ഉള്ളൂ...) അപ്പോളാണു മെഡിക്കൽ ഷോപ്പുകാരൻ ഇച്ഛിച്ഛതും ഡോക്ടർ കൽപ്പിച്ചതും വിലക്കൂടിയ മരുന്ന് എന്ന് പറഞ്ഞപോലെ, നമ്മുടെ ബൂലോകവാസിയായ ജ്യോതിബായി പരിയാടത്ത്‌ (ജ്യോതിസ്സ്‌, കാവ്യം സുഗേയം, ജ്യോതിസ്സ്‌ ഒ‍ാൺലൈൻ) കക്ഷിയുടെ പുതിയ പുസ്തകമായ "പേശാമടന്ത" നല്ല മനസ്സോടെ എനിക്ക്‌ അയച്ച്‌ തന്നത്‌. (ആ പാവത്തിനറിയില്ലല്ലോ ഞാൻ ഒരു ഇരയെ കാത്ത്‌ ചൊറിയും കുത്തിയിരിക്കുകയാണെന്ന്...) എന്നാൽ പിന്നെ കോഴിയില്ലെങ്കിൽ കുളക്കോഴി എന്ന് പറഞ്ഞ മാതിരി ജ്യോതി എങ്കിൽ ജ്യോതി , കൊടുക്കാം പണി പാലിൽ തന്നെ എന്ന് ഞാൻ... സത്യം പറയാം, കഷ്ടപ്പെട്ട്‌ ഒരു പുസ്തകം ഞാൻ 4 ആവർത്തി വായിച്ചു. കൊടുക്കുന്ന പാൽ പിരിഞ്ഞുപോകാൻ പാടില്ലല്ലോ...!!!ഒടുവിൽ ബ്ലോഗു പുണ്യാളന്മാരായ ശ്രി സജീവ്‌ എടത്താടൻ (കൊടകരപുരാണം), അരുൺ കായം കുളം (കായം കുളം സൂപ്പർ ഫാസ്റ്റ്‌), മുതലായരെ ഒക്കെ മനസ്സിൽ തെറിവിളിച്ച്‌ ഗൂഗൾ ട്രാൻസിലേറ്റർ എടുത്ത്‌ ഒരു പിടി അങ്ങിട്‌ പിടിച്ചു.. പക്ഷെ, അപ്പോൾ എനിക്ക്‌ മനസ്സിലായി ഹേയ്‌ ഈ പണി കഥയെഴുത്തിലും മാരണമാണു.. അങ്ങിനെ പിന്നെ, പണ്ട്‌ എഴുതി വീട്ടുകാർ കാണാതെ സൂക്ഷിച്ച്‌ വച്ചിരുന്ന (കണ്ടാൽ എടുത്ത്‌ പഴയ കടലാസിനു വരുന്ന തമിഴത്തിക്ക്‌ കൊടുത്ത്‌ കളയും... 8 അണയെങ്കിൽ 8 അണ, കിട്ടിയാൽ ചാള വാങ്ങി കൊടമ്പുളിയിട്ട്‌ വെക്കാം എന്നതാണു അവരുടെ ഒരു ലൈൻ.) കഥകൾ പൊടിതട്ടിയേടുത്ത്‌ ഒരു പണിയും ഇല്ലാതിരിക്കുന്ന ചിലർക്കൊക്കെ പണിയായ്ക്കോട്ടെ (ഹയ്യോ, താങ്കളെയല്ല കേട്ടോ... താങ്കൾ പണിയുള്ള, സമയം തീരെയില്ലാതിരുന്നിട്ടും എന്നെയൊക്കെ പ്രോത്സാഹിപ്പിച്ചേക്കാം എന്ന് കരുതുന്ന വിശാലമനസ്കനല്ലേ... ഞാൻ ഉദ്ദേശിച്ചത്‌ മറ്റവന്മാരെയാ...അതെന്നെ, ബേപ്പൂർ സുൽത്താന്റെ ഭാഷയിൽ പറഞ്ഞാൽ വെറും കള്ളമണ്ട കുണ്ടമണ്ടികൾ)എന്ന് വിചാരിച്ച്‌ പോസ്റ്റാൻ തുടങ്ങി... ഉള്ളത്‌ പറയണമല്ലോ, പഴയ സി ക്ലാസ്സ്‌ തീയറ്റർ ഉടമയിൽ നിന്നും ഡോൾബി ഡിജിറ്റൽ സംവിധാനങ്ങളുള്ള ഒരു ബി ക്ലാസ്സ്‌ തീയറ്റർ ഉടമയാകാൻ കഴിഞ്ഞു... (ഇതാ, എനിക്ക്‌ പിടിക്കാത്തത്‌... ഡോൾബി ഡിജിറ്റൽ സിസ്റ്റം ഇപ്പോൾ ഉന്തുവണ്ടിയിൽ വരെ ഉണ്ടെന്നല്ലേ മനസ്സിൽ പറഞ്ഞത്‌... ഇതാ പറഞ്ഞത്‌ നിങ്ങളൊക്കെ പകൽക്കിനാവും കണ്ട്‌ ഇരിക്കുന്ന വെറും നിരക്ഷര കക്ഷികളാണെന്ന്... അല്ലെങ്കിൽ വെറും തറകളാണെന്ന്...) സുഹൃത്തുക്കളേ, പറഞ്ഞ്‌ പറഞ്ഞ്‌ കാടുകയറിപ്പോയി.. പറയാൻ ഉദ്ദേശിച്ചതൊന്നും പറഞ്ഞുമില്ല.. 2009 നമുക്കെന്തു നേടി തന്നു എന്നതിലേക്കാണു ഞാൻ എത്താൻ ശ്രമിക്കുന്നത്‌. ഇവിടെ ഈ സ്വപ്നഭൂമിയ്യിൽ പഴം പുരാണവും , നട്ടപ്പിരാന്തും കേട്ട്‌ പാവത്താനെപോലെ ഇരുന്നാൽ പോരാ... ബൂലോകത്തിലെ ബ്ലോഗ്ഗർമാരെ ബ്ലോഗ്ഗിണികളെ കാലം തെറ്റി വരുന്ന ഋതുഭേദങ്ങൾക്കനുസരിച്ച്‌ എന്റെ കണക്ക്‌ പുസ്തകത്തിൽ ഇടം പിടിച്ച ചില നല്ല പുസ്തകങ്ങളും, ബ്ലോഗുകളും ഇവിടെ പ്രതിപാദിക്കട്ടെ... മിനി ക്കഥകളും പോഴത്തരങ്ങളും കേട്ട്‌ അടുക്കളയിൽ ഇരിക്കാതെ, ചിന്തിക്കു... വായന ശീലമാക്കൂ...

മുകളിൽ ഞാൻ പല അവസരങ്ങളിലായി സൂചിപ്പിച്ച ചില ലിങ്കുകൾ വഴി ഒരു യാത്രനടത്തിയാൽ നിങ്ങൾക്ക്‌ ചില നല്ല ബ്ലോഗുകളും, കുറേ വായിച്ചിരിക്കേണ്ട പോസ്റ്റുകളും ലഭിക്കും... ബൂലോകം 2009 ൽ നൽകിയ മികച്ച കുറെ സൃഷ്ടികളെയും, സൃഷ്ടികർത്താക്കളേയും അങ്ങിനെ ഞാൻ പരിചയപ്പെടുത്തി കഴിഞ്ഞു.. 2009 ൽ ബൂലോകത്ത്‌ നിന്നും നമുക്ക്‌ കൈവിട്ട്‌ പോയ ഒരു മാണിക്യത്തെ കുറിച്ച്‌ പറയാതെ ഒരിക്കലും ഇത്‌ പൂർണ്ണമാവില്ല... ആദ്യമേ പറയേണ്ടതായിരുന്നു.. പക്ഷെ, ദുഃഖങ്ങൾ എപ്പോളും അവസാനത്തേക്ക്‌ മാറണേ എന്നല്ലേ നമ്മുടെ പ്രാർത്ഥന... അതു കൊണ്ട്‌ നമ്മുടെ സ്വന്തം ജ്യോനവൻ എന്നും, മറ്റൊരുലോകത്താണേലും നമ്മോടൊപ്പം ഉണ്ട്‌ എന്ന വിശ്വാസത്തോടെ, തൽക്കാലം വിടകൊള്ളട്ടെ.. ഭൂലോകത്തിൽ 2009ൽ കിട്ടിയ കുറച്ച്‌ നല്ല പുസ്തകങ്ങളും വാർത്തകളുമായി വീണ്ടും വരാമെന്ന വിശ്വാസത്തൊടെ...
ആരെയെങ്ങിലുമൊക്കെ വിട്ടുപോയിട്ടുനെങ്കില്‍ വായനക്കാരായ നിങ്ങള്‍ ക്ഷമിക്കു എന്ന ഉറപ്പോടെ.. ക്രിസ്തുമസ് ആശംസകള്‍

ഞായറാഴ്‌ച, ഡിസംബർ 20, 2009

മലയാളി മുല്ലപ്പെരിയാറിനെ ശരിക്ക്‌ ആറിഞ്ഞിട്ടുണ്ടോ?


മുല്ലപ്പെരിയാർ ബൂലോകം ഏറ്റെടുത്തപ്പോൾ അനുഭാവം പ്രകടിപ്പിക്കാം എന്നല്ലാതെ , അതിനെ കുറിച്ച്‌ ആധികാരികമായി ഒന്നും പറയണമെന്ന് ഇതുവരെ എനിക്ക്‌ തോന്നിയിരുന്നില്ല... കൃത്യമായി പറഞ്ഞാൽ ഇന്നലെ വരെ... കാരണം മറ്റൊന്നുമല്ല... വിഷയത്തിലുള്ള അജ്ഞതത്തന്നെ... കണ്ട ബ്ലോഗർമാർ മുഴുവൻ കാച്ചിക്കുറുക്കി, പ്രശ്നത്തെ സൂക്ഷ്മമായി അപഗ്രഥിച്ച്‌, അതിന്റെ ഉള്ളുകള്ളികളിലേക്ക്‌ ഇറങ്ങിച്ചെന്ന് ഗഹനമായതും ആഴമുള്ളതും കാര്യമാത്ര പ്രസക്തവുമായ രീതിയിൽ വിലയിരുത്തുമ്പോൾ അതിനിടയിൽ ഒരു കരടാവാതെ, ഒരു ബ്ലോഗർ എന്ന നിലയിൽ എല്ലാ പിൻ തുണയും നൽകി അവരോടു ചേർന്ന് പോകാം എന്ന് മാത്രമേ കരുതിയിരുന്നുള്ളൂ.. ഇവിടെ, നിരക്ഷരനും, മുരളിയും എല്ലാം മുല്ലപ്പെരിയാർ ഇഷ്യു വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തത്‌ നമ്മളെല്ലാവരും വായിച്ചുകഴിഞ്ഞതുമാണു.. പക്ഷെ, എന്തോ ഇവരിൽ നിന്നും ഉള്ള പ്രചോദനമാകാം ഞാനും കുറച്ചെന്തൊക്കെയോ മനസ്സിലാക്കാൻ ശ്രമിച്ചു എന്ന് തോന്നുന്നു.. (എന്റെ തോന്നലാണേ...) അങ്ങിനെ ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനിയിൽ എന്റെ സഹപ്രവർത്തകരുമായി വിഷയം സംസാരിച്ചു. അപ്പോൾ പലർക്കും സംഭവം വലിയ പിടിയില്ല..(എന്നെപ്പോലെ തന്നെ). അപ്പോളും ക്ഷമിച്ചു.. പക്ഷെ, ഇന്നലെ വൈകീട്ട്‌ യാദൃശ്ചികമായാണു ഞാൻ നാട്ടിൽ എല്ലാവരും ബഹുമാനിക്കുന്ന ഒരു കെ.എസ്‌..ബി. ഓഫീസറെ കണ്ടു.. അദ്ദേഹം വർക്ക്‌ ചെയ്യുന്നത്‌ ഇടുക്കി പദ്ധതി പ്രദേശത്താണു എന്നുള്ളത്‌ ആണു ഇവിടെ ഏറെ പ്രസക്തമായ ഒരു കാര്യം!! എന്തുകൊണ്ടോ, ഞാൻ സംഭാഷണം മുല്ലപ്പെരിയാറിലേക്കെത്തിച്ചു. മുരളിയുടെ മുല്ലപ്പെരിയാർ വിഷയമായുള്ള കഥയുടെ കമന്റ്‌ ബോക്സിൽ നിരക്ഷരൻ ഒരു പ്രോഫസറെ പറ്റി സൂചിപ്പിച്ചതായിരുന്നു എന്നെ ഇദ്ദേഹത്തോട്‌ വിഷയം സംസാരിക്കാൻ പ്രേരിപ്പിച്ചത്‌ തന്നെ. എനിക്ക്‌ കിട്ടിയത്‌ ഞെട്ടിപ്പിക്കുന്ന മറുപടിയായിരുന്നു. " അങ്ങിനെ ഒരു ഇഷ്യു ഉണ്ട്‌. ഇതൊക്കെ നമ്മളെ ബാധിക്കാത്ത കാര്യമല്ലേ? കരുണാനിധി ആരാ മോൻ, അവരു പണിത ഡാം അത്‌ അവർ തന്നെ നന്നാക്കട്ടെ.. അല്ലാതെ നമ്മളെന്തിനാ ചുമ്മാ അതിന്റെ കാര്യത്തിൽ ഇത്ര വികാരം കൊള്ളുന്നേ?" - ഒരു നിമിഷം ഞാൻ വല്ലാതായി. അപ്പോൾ ഞാൻ കരുതി ഹെയ്‌, ഇനിയെങ്ങിലും നമ്മുടെ വിക്കിപ്പീഢിയയിൽ നിന്ന് അറിഞ്ഞ സാമാന്യ വിവരമെങ്കിലും ഇവിടെ പങ്കുവക്കാം.. ഒരു പക്ഷെ, കോട്ടും, സൂട്ടും ഇട്ട്‌ നടക്കുന്നവൻ തോട്ടിപ്പണിയാണു ചെയ്യുന്നതെന്ന് പറയാനുള്ള മലയാളിയുടെ അപകർഷതാ ബോധം കൊണ്ട്‌, നമ്മുടെ ബൂലോകവാസികളെങ്കിലും മുല്ലപ്പെരിയാർ എന്താണെന്നുള്ള പ്രാധമികമായ വിവരങ്ങളെങ്കിലും അറിഞ്ഞിരിക്കണം എന്ന് തോന്നി. ആദ്യമേ തന്നെ സുഹൃത്തുകളെ ഒന്ന് പറാഞ്ഞോട്ടെ... ഇനി ഞാൻ പറയാൻ പോകുന്നത്‌ മുഴുവൻ നമ്മുടെ വിക്കിപ്പീഢിയയിൽ നിങ്ങൾക്ക്‌ വായിക്കാവുന്നതാണു. അല്ലാതെ, ഒത്തിരി കഷ്ടപ്പെട്ട്‌ ഞാൻ കണ്ടേത്തിയ ഡാറ്റയൊന്നും അല്ല. അതുകൊണ്ട്‌ , വിവരങ്ങളിൽ പാളിച്ചകൾ ഉണ്ടെങ്ങിൽ എന്നൊട്‌ ക്ഷമിക്കണമെന്നും ചെറിയ ബ്ലോഗർ ബൂലോകത്തെ വലിയൊരു സംരംഭത്തിൽ ഭാഗമാകാൻ ശ്രമിക്കുന്നത്‌ മാത്രമാണെന്നും കരുതി ക്ഷമിച്ചേക്കുക...

************** ******************* ******************

മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചിരിക്കുന്നത്‌ നമ്മുടെ പെരിയാർ നദിയിലാണു. മുല്ലായിയാറും, പെരിയാറും ചേർന്നാണു മുല്ലപ്പെരിയാർ ആയി മാറിയത്‌. കാരണം ഡാം സ്ഥിതിചെയ്യുന്നത്‌ ഇ രണ്ടു നദികളുറ്റെയും സംഗമസ്ഥാനത്താണു. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചത്‌ ബെന്നി കുക്ക്‌ എന്ന സൂപെർവ്വിസറുടെ മേൽനൊട്ടത്തിൽ ബ്രിട്ടീഷ്‌ ആർമി എൻ ജിനീറിംഗ്‌ കോർപ്പ്സ്‌ ആണു. 29-10-1886 ൽ തിരുവതാം കൂർ മഹാരാജാവും, സെക്രട്ടറി - ഇന്ത്യയും (പഴയ മദ്രാസ്‌ സ്റ്റേറ്റ്‌ - ഇന്നത്തെ തമിഴ്‌നാട്‌)തമ്മിൽ 999 വർഷത്തേക്കുള്ള ഒരു ലീസ്‌ കരാർ പെരിയാർ ജലവൈദ്യതുത പദ്ധതിക്കായി ഒപ്പുവച്ചു. അതുപ്രകാരം, ഇന്നത്തെ തമിഴ്‌നാടിനു പദ്ധതി പ്രദേശത്ത്‌ എല്ലാത്തരം ഇറിഗേഷൻ വർക്ക്സും നടത്തുവാനുള്ള അധികാരം നൽകികൊണ്ടായിരുന്നു കരാർ. ഏറ്റവും വലിയ ഒരു കാര്യം എന്താണെന്നു വച്ചാൽ ഈ കരാരിന്റെ കാലവധി വെറും 999 വർഷം മാത്രമാണെന്നുള്ളതാണു!!! അതിന്റെ പിൻ തുടർച്ചയെന്നവണ്ണം 1970 ൽ മറ്റൊരു കരാർ പ്രകാരം, തമിഴ്‌നാടിനു അവിടെനിന്നും വൈദ്യുതി ഉൾപ്പാദിപ്പിക്കാനുള്ള സമ്മതം കൂടി നൽകി.. ഇത്‌ പ്രാകാരം ആണു ബ്രിട്ടിഷ്‌ ഗവർണ്ൺമന്റിന്റെ സഹായത്തോടെ ബ്രിട്ടീഷ്‌ ആർമി എൻ ജിനീറിഗ്‌ കോർപ്പ്‌ ബെന്നി കോക്കിന്റെ മേൽനോട്ടത്തിൽ പണിതുടങ്ങിയത്‌. പിന്നീട്‌ ബ്രിട്ടീഷ്‌ ഗവർണ്ൺമന്റ്‌ ഫണ്ട്‌ പിൻ വലിച്ചപ്പോൾ , പദ്ധതി പ്രദേശത്തെ ജനങ്ങളുമായ നല്ല ബന്ധം കൊണ്ട്‌ ബെന്ന്യ്‌ കോക്ക്‌ സ്വന്തം പണം ചിലവഴിച്ച്‌ ഒരു ഡാം പണിതീർക്കുകയാണുണ്ടായത്‌(1895). നിർഭാഗ്യം കൊണ്ടോ, ഭാഗ്യം കൊണ്ടോ ഇന്റ്യയുടേ സ്വാതന്ത്യ്‌രത്തിനു ശേഷം , പദ്ധതൈ പ്രദേശം കേരളത്തിന്റെ ഭാഗമാകുകയും , അപ്പോളും തമിഴുനാട്‌ അതിന്റെ സ്രോതസ്സ്‌ ഉപയോഗിക്കുകയും ചെയുക്കയാണു. ഒരു പ്രധാനപെട്ട കാര്യം എന്താണെന്ന് വച്ചാൽ നിർമ്മാണ സമയത്ത്‌ 50 വർഷമാണു ഈ ഡാമിന്റെ പരമാവധി കാലാവധി പറഞ്ഞിരുന്നത്‌ എന്നുള്ളതാണു. !!!! ലീസ്‌ ഏഗ്രിമന്റ്‌ പ്രകാരം മുല്ലപ്പെരിയാർ ഡാമില്ലുള്ള മുഴുവൻ വെള്ളത്തിനും 40000 രൂപ വീതം വാർഷീക വാടകയുണ്ട്‌. ഇന്ന് നടക്കുന്ന തർക്കത്തിന്റെ തുടക്കം തമിഴ്‌നാട്‌ മുന്നോട്ട്‌ വച്ച ഒരു നിർദ്ദേശത്തിൽ നിന്നുമായിരുന്നു. ഡാമിന്റെ സംഭരണ ശേഷി ഇപ്പോളൂള്ള 136 അടിയിൽ നിന്നും 142 അടിയായി ഉയർത്താനായിരുന്നു നിർദ്ദേശം. 100 വർഷത്തിനു മേലെയായ പാലത്തിന്റെ അപകടാവസ്ഥയും, സമീപ ജില്ലകളുടെ സുരക്ഷയും മുൻ നിർത്തി കേരള ഗവർണ്ൺമന്റ്‌ നിർദ്ദേശത്തെ എതിർത്തു. പ്രശ്നം ഇപ്പോൾ പരമോന്നത നീതിപീടത്തിനു മുൻപിലാണു.. കോടതിയും സർക്കാരുകളും കണ്ണുപ്പൊത്തികളി തുടരുന്നു... ആരാന്റമ്മക്ക്‌ പ്രാന്ത്‌ വന്നാൽ കാണാൻ നല്ല ചേലാണല്ലോ.... ഇത്രയും വച്ച്‌ നോക്കിയാൽ മുല്ലപ്പെരിയാർ ഡാമിനു എന്തെങ്ങിലും സംഭവിച്ചാൽ പണ്ട്‌ പരശുരാമൻ മഴുവെറിഞ്ഞ്‌ ഉണ്ടാക്കിയ കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട്‌ ഏതാണ്ട്‌ ഇല്ലാതാവും... നാശനഷ്ടങ്ങളുടെ കണക്കെടുപ്പൊന്നും വേണ്ടിവരികയുമില്ല.... അവസരത്തിലാണു നമ്മുടെ ബൂലോകം പ്രശ്നത്തെ ഇന്റർനെറ്റ്‌ എന്ന ഇന്നിന്റെ മാധ്യമത്തിൽ തുറന്നു വച്ചത്‌. എനിക്കറിയില്ല, എന്തെങ്ങിലും നിങ്ങൾക്കുപകാരമായത്‌ ചെയ്യാൻ കഴിഞ്ഞോ എന്ന്... ഒന്നു പറയാം, എന്റെ എല്ലാ വിധ പിൻ തുണയും വാഗ്ദാനം ചെയ്യ്ത്‌ കൊണ്ട്‌ കൂട്ടായ്മക്ക്‌ നന്മകൾ നേരുന്നു...

ഞായറാഴ്‌ച, ഡിസംബർ 06, 2009

ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം!!!

ശുപത്രിയുടെ മുൻപിലുള്ള സിമന്റ്‌ ബെഞ്ചിൽ, അഴുക്ക്‌ പുരണ്ട ഒരു തോൾസഞ്ചിയും, ഏതോ തുണിക്കടയുടെ എഴുത്തുകൾ മാഞ്ഞുതുടങ്ങിയ ഒരു കവറുമായി വിഷണ്ണയായി, ഇരിക്കുന്ന അമ്മൂമ്മയെ നോക്കി ഒരു നിമിഷം ഞാൻ നിന്നു. എല്ലുന്തി, ചുക്കിച്ചുളിഞ്ഞ ശരീരം... മുഖം ആകെ കരിവാളിച്ചിട്ടുണ്ട്‌. കുളിച്ചിട്ട്‌ കുറച്ചുദിവസമായെന്നു തോന്നുന്നു... അവർ ദയനീയമായി ഒന്നു ഞരങ്ങിയോ?...ഭക്ഷണം കഴിച്ചിട്ട്‌ കുറച്ചായെന്നു തോന്നുന്നു. അത്രക്കധികം അകത്തേക്ക്‌ ഉന്തിയ വയറും, അതിനേക്കാളേറെ പുറത്തേക്ക്‌ തള്ളിയ കണ്ണൂകളും... കടന്നുപോകുന്ന പലരും അവരെ നോക്കിയിട്ട്‌ പോയി. ചില നേഴ്സുമാർ അവരെ സഹതാപത്തോടെ നോക്കുന്നുണ്ട്‌. ഞാനും എന്റെ കൂടെയുണ്ടയിരുന്ന രാമചന്ദ്രൻ ചേട്ടനും കൂടി അവരുടെ അരികിലേക്ക്‌ ചെന്നു.


ഇത്‌ നഗരത്തിലെ പ്രശസ്തമായ സൂപ്പർ സ്പേഷാലിറ്റി ഹോസ്പിറ്റൽ. എല്ലാ
സജ്ജീകരണങ്ങളും ഉള്ള , ജീവന്റെ അംശമുണ്ടെങ്ങിൽ ആയുസ്സ്‌ തിരികെ പിടിക്കാമെന്ന് ഉറപ്പിച്ചു പറയാവുന്ന ജനകോടികളുടെ വിശ്വസ്തസ്ഥാപനം. ഭൂമിയിലെ ദൈവം കെട്ടിപ്പെടുത്ത ആതുരാലയം!!! എന്റെയും , കൂടെയുണ്ടായിരുന്ന ചേട്ടന്റെയുമൊക്കെ അവസാന ആശാകേന്ദ്രം ആയിരുന്നു അവിടം. ഞങ്ങളുടെ ഇരുവരുടെയും അച്ഛന്മാർ അവിടെ മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിൽ സിലിണ്ടറുകളിൽ നിറച്ച്‌ , ട്യൂബുകളിലൂടെ അരിച്ചിറങ്ങുന്ന പ്രാണവായു മാത്രം ഭക്ഷിച്ച്‌, ഉള്ളിലുള്ള നീറ്റലും , വേദനയും കടിച്ചമർത്തി , നാളെകളെ കുറിച്ചുള്ള സ്വപ്നങ്ങളുമായി.... ഞങ്ങളാണെങ്കിൽ, ഇനി എന്തു ചെയ്യണം എന്നതിൽ ഒരു എത്തും പിടിയുമില്ലാതെ, മനസ്സിലുള്ള പല കാര്യങ്ങളും വീട്ടുകാരെയോ, ബന്ധുക്കളെയോ അറിയിക്കാനുള്ള ത്രാണിയില്ലാതെ, വിങ്ങുന്ന മനസ്സുകളോടെ , നഷ്ടസ്വപ്നങ്ങളുമായി... എന്തോ, എല്ലാത്തിനോടും ഇപ്പോൾ ഒരു തരം മരവിപ്പാണു.. അതിനിടയിലാണു ഇത്തരം കാഴ്ചകൾ.... ഇവിടെ, വന്ന ദിവസം മുതൽ കേൾ ക്കുന്നത്‌ രോഗികൾക്ക്‌ വേണ്ടി ചെയ്തിരിക്കുന്ന സൗകര്യങ്ങളെ കുറിച്ചാണു. അപ്പോളാണു ഈ ദയനീയ ചിത്രം കാണുന്നത്‌. .



"അമ്മൂമ്മേ? എന്തു പറ്റി? എന്താ ഇവിടെ കിടക്കുന്നത്‌?" - രാമചന്ദ്രൻ ചേട്ടൻ ചോദിച്ചു. അവർ ഒന്നും മിണ്ടിയില്ല. അപ്പോളേക്കും വേറെയും ചിലരെല്ലാം അവിടേക്ക്‌ വന്നുചേർന്നു .


"ഹേയ്‌, എല്ലാവരും ഒന്ന് മാറി നിന്നേ? ഇവിടെ വട്ടം കൂടി നിൽക്കരുത്‌. ചുമ്മാ മാർഗ്ഗതടസ്സം ഉണ്ടാക്കാനായി ..." - സെക്യുരിറ്റി ഗാർഡ്‌ ഒച്ച വച്ചു.


"അതെന്താ മാഷേ നിങ്ങൾ അങ്ങിനെ പറയുന്നേ? ഇത്‌ ഒരു വയസ്സായ സ്ത്രീ അല്ലേ? നിങ്ങൾ ഇതുവരെ ഒന്ന് തിരിഞ്ഞുനോക്കിയില്ലല്ലോ? എന്നിട്ടിപ്പോൾ ഓടികിതച്ച്‌ വന്നിരിക്കുകയാണോ? " - എന്നിലെ യുവരക്തം തിളച്ചുവന്നു. അവിടെ കൂടിനിന്ന ചിലരും അതേറ്റുപിടിച്ചു.


അപ്പോളും അമ്മൂമ്മ ഒന്നും മിണ്ടിയില്ല. അത്രക്കുണ്ടയിരുന്നു അവരുടെ തളർച്ച... കൂനിക്കൂടിയുള്ള ആ അമ്മൂമ്മയുടെ ഇരുപ്പ്‌ കണ്ട്‌ ഞങ്ങൾക്ക്‌ പാവം തോന്നി... "എന്തു പറ്റിയതാവും..." "ആരാ, ഇവരെ ഇവിടെ തനിച്ചാക്കിയിട്ട്‌ പോയത്‌.." "എന്നാലും എന്തൊരു കഷ്ടമായിപ്പോയി..?" എല്ലാവരും പരസ്പരം കുശുകുശുത്തുകൊണ്ടിരുന്നു.. ഇതിനിടയിൽ ആരോ അവരോട്‌ എന്തൊക്കെയോ ചോദിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു...


ഒ‍ാരോരുത്തരും അവരുടേതായ രിതികളിൽ കഥകൾ ചമക്കാൻ തുടങ്ങി... ഒരു വേള, എല്ലാവരും അമ്മൂമ്മയെ മറക്കുകയും കഥകളുടെ ലോകത്തിലേക്ക്‌ ഊളിയിടുകയും ചെയ്തു. പെട്ടന്ന് പൊടിപറപ്പിച്ച്കൊണ്ട്‌ , ഒരു വാൻ അവിടേക്ക്‌ പാഞ്ഞു വന്നു. പെട്ടന്ന് തന്നെ ക്യാമറ യൂണിറ്റുമായി ഒരു കൂട്ടം ചാനെൽ പ്രവർത്തകർ അവിടം കൈയടക്കി എന്ന് തന്നെ പറയാം. ഞങ്ങൾ എല്ലാവരും പകച്ച്‌ നിൽക്കുകയാണു. ചിലരെല്ലാം ഷൂട്ടിംഗ്‌ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ തിക്കി തിരക്കുന്നുണ്ട്‌. എന്താ നടക്കുന്നതെന്നറിയാതെ ഞാനും, രാമചന്ദ്രൻ ചേട്ടനും മറ്റുള്ളവരും സ്തംഭിച്ച്‌ നിന്നു.


"ഓ, ഇതേതോ സീരിയലിന്റെ ഷൂട്ടിംഗ്‌ ആണെന്നാ തോന്നുന്നേ..! " - ആരോ പറയുന്നത്‌ കേട്ടു. ചിലർ വെറുതെ സമയം കളഞ്ഞതിനു ഞങ്ങളെ ഇരുവരേയും ഒന്ന് ഇരുത്തി നോക്കിയിട്ട്‌ കടന്നു പോയി. മറ്റുചിലർ ആശുപത്രിയിൽ വന്നത്‌ എന്തിനാണെന്ന് വരെ മറന്ന പോലെ ഷൂട്ടിങ്ങിൽ ലയിച്ച്‌ നിന്നു. ഒന്ന് പിന്നാക്കം മാറിയെങ്കിലും, അവിടെ നിന്നും വിട്ടുപോകാൻ ഞങ്ങളുടെ മനസ്സ്‌ അനുവദിച്ചില്ല. എന്തുകൊണ്ടോ, ആ അമ്മൂമ്മ ഒരു സീരിയൽ സംഘത്തിലുള്ളതാണെന്ന് സമ്മതിക്കാൻ മനസ്സ്‌ തെയ്യാറയില്ല... അല്ല.. ഇത്‌ സിരിയലും, ടെലിഫിലിമും ഒന്നുമല്ല.. മറ്റെന്തോ ആണു.. ഞങ്ങൾ അവിടെ തന്നെ നിന്നു. പെട്ടന്നാണു ഞങ്ങളുടെ അരികിൽ എല്ലാം വീക്ഷിച്ച്‌ നിന്നിരുന്ന, തൂവെള്ള ഉടുപ്പും, തലയിൽ വെള്ളകിരീടവും, കാലുകളിൽ വെളുത്ത ഷൂവുമണിഞ്ഞ മാലഖയുടെ വിഷണ്ണമായ മുഖം ഞാൻ കണ്ടത്‌. അവർ ദയനീയമായി ആ അമ്മൂമ്മയെ നോക്കുന്നുണ്ടായിരുന്നു... മാലാഖയുടെ കവിളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞുവോ?... എന്തോ, ഇവർക്ക്‌ എന്തൊക്കെയോ അറിയാമെന്ന് എന്റെ മനസ്സ്‌ പറഞ്ഞു..


"സിസ്റ്ററേ, എന്താ അവിടെ ? ആരാ ആ അമ്മൂമ്മ. പലരും പറഞ്ഞു സിരിയൽ ഷൂട്ടിംഗ്‌ ആണെന്ന്. പക്ഷെ, ആ അമ്മൂമ്മയെ കണ്ടിട്ട്‌ ഒരു നടിയാണെന്ന് തോന്നുന്നില്ല."- ഞാൻ എന്റെ ന്യായമായ സംശയം ചോദിച്ചു.


"ഹും, സീരിയൽ... ആളുകൾക്ക്‌ പ്രാന്താ.. അത്‌ സീരിയലും കുന്തവുമൊന്നുമല്ല.. നിങ്ങൾ പറഞ്ഞത്‌ ശരിയാ.. ആ സ്ത്രീ നടിയുമല്ല.. പക്ഷെ, ഇപ്പോൾ അവർ നടിക്കുകയാ... " മാലാഖയുടെ മുഖം ചുട്ടുപഴുത്തു.

"നിങ്ങൾക്കറിയോ, കഴിഞ്ഞ 3 ദിവസമായിട്ട്‌ ഞാൻ കൂടി ഡ്യൂട്ടിക്ക്‌ നിൽക്കുന്ന വാർഡിൽ അഡ്മിറ്റ്‌ ആയിരുന്നു അവർ. കടുത്ത വൈറൽ പനിയായിരുന്നു. റോഡുവക്കിൽ പനിച്ച്‌ വിറച്ചിരിക്കുന്നത്‌ കണ്ട്‌, ആരോ അടുത്ത്‌ കണ്ട ഈ ആശുപത്രിയിൽ കൊണ്ടാക്കിയാതാ... സങ്കടം തോന്നും അവരുടെ കഥ കേട്ടാൽ..." - കഥ എന്ന് കേട്ടതിനാലാണെന്ന് തോന്നുന്നു. ചിലർ കൂടി ഷൂട്ടിങ്ങിന്റെ മായാലോകത്തിൽ നിന്നും ശ്രദ്ധ ഞങ്ങളുടെ സംസാരത്തിലേക്കാക്കി..

"എന്താ സിസ്റ്ററേ.." - രാമചന്ദ്രൻ ചേട്ടൻ ചോദിച്ചു.

"അവർക്ക്‌ 3 മക്കളുണ്ട്‌ എന്നാണു പറഞ്ഞത്‌. ഉണ്ടായിട്ടെന്തിനാ.. 3പേർക്കും ഇവരെ വേണ്ട. മൂത്ത മകൾ ഭർത്താവിനോടൊപ്പം അവരുടെ നാട്ടിൽ തന്നെയുണ്ട്‌.അവർ തിരിഞ്ഞുനോക്കില്ലാത്രേ!. രണ്ടാമൻ മകനാ.. അവൻ ഒരു പണക്കാരിപ്പെണ്ണിനെ കല്യാണവും കഴിച്ച്‌ അവരുടെ വീടിന്റെ കാവൽ ഏറ്റെടുത്തിരിക്കുകയാ..യജമാന സ്നേഹം!! ഇളയ മകൾ ആരുടെയോ കൂടെ ഒളിച്ചോടി..ഇപ്പോൾ പലരുടെയും കൂടെ ജീവിക്കുന്നു..!!! " സിസ്റ്ററുടെ മുഖത്ത്‌ വികാരങ്ങളുടെ വേലിയേറ്റം കണ്ടു. കേട്ട്‌ നിന്നവരെല്ലാം ഒരു നിമിഷം ഷൂട്ടിങ്ങിനു പകരം തിരശ്ശീലയിൽ ഒരു സിനിമ തന്നെ ദർശിച്ചു.

തൂവെള്ള വസ്ത്രം ധരിച്ച ആ മാലാഖ കഥ തുടർന്നു. "ആദ്യദിവസം തന്നെ അവരുടെ കൈവശം മരുന്നിനുപോലും പണമില്ലെന്ന് ഞങ്ങൾക്ക്‌ മനസ്സിലായി. ഹോസ്പിറ്റലിൽ കെട്ടിവക്കാനുള്ള രൂപ ഡോക്ടർ കൊടുത്തു. പക്ഷെ, പിന്നെയുമ്മുണ്ടല്ലോ, ഒത്തിരി നൂലാമാലകൾ... ഞങ്ങൾക്കറിയാമായിരുന്നു ഇവിടത്തെ ചെലവൊന്നും ഇവർ താങ്ങില്ല എന്ന്. ഒടുവിൽ , ഞാൻ തന്നെയാണു ഡോക്ടറോട്‌ പറഞ്ഞിട്ട്‌ ഇവർക്ക്‌ സഹായം നൽകണമെന്നും ,സൗജന്യചികൾസ അനുവദിക്കണമെന്നും അപേക്ഷിച്ചുകൊണ്ട്‌ ഇവരുടെ പേരിൽ ഹോസ്പിറ്റൽ അഡിമിനിസ്റ്റ്രേറ്റർക്ക്‌ കത്തെഴുതിയത്‌. കത്ത്‌ അവിടെ നിന്നും ട്രെസ്റ്റ്‌ ഭാരവാഹികൾ വഴി എത്തേണ്ടിടത്തെത്തിക്കാൻ പാവം ഡോക്ടറും കുറെ കഷ്ടപ്പെട്ടു. ഒടുവിൽ, ഇവർക്ക്‌ സൗജന്യമായി ചികൾസ അനുവദിച്ച്‌ കൊണ്ട്‌ ദൈവത്തിന്റെ കൽപന എത്തി... പക്ഷെ, ഇപ്പോൾ തോന്നുകാ, ഒന്നും വേണ്ടിയിരുന്നില്ലെന്ന്. അവരെ മരുന്നൊന്നും കൊടുക്കാതെ കൊന്നാൽ മതിയായിരുന്നെന്ന്... " സിസ്റ്റരുടെ തോണ്ടയിടറി.

"അതെന്താ മോളേ, അങ്ങിനെ പറയുന്നേ... മോളുചെയ്തത്‌ ഒരു പുണ്യകർമ്മമല്ലേ? അതിനുള്ള പ്രതിഫലം മോൾക്ക്‌ കിട്ടും.. ദൈവമായിട്ടല്ലേ ഇവരെ മോളുടേയും , ആ ഡൊക്ടറുടെയും അടുക്കൽ എത്തിച്ചത്‌." രാമചന്ദ്രൻ ചേട്ടനു ആ 22 കാരിയോട്‌ വാൽസല്യം തോന്നി. ഞാനും അവരെ അൽപം ബഹുമാനത്തോടെ നോക്കി. കാരണം, കേട്ടറിവിലുള്ളതെല്ലാം ക്രൂരമായ , കുത്തിവെക്കുമ്പോൾ വേദനിപ്പിക്കുന്ന, മാലഖയുടെ വസ്ത്രമണിഞ്ഞ്‌, പുതനമാരെ പോലെ പെരുമാറുന്ന സിസ്റ്റർമാരെ പറ്റിയാണല്ലോ?

"അല്ല ചേട്ടന്മാരെ ഞാൻ ചെയ്ത ഉപകാരത്തിന്റെ ബാക്കിപത്രമാ ഈ കാണുന്നേ.. "

"മനസ്സിലായില്ല?" - ഞാൻ

"ഇന്ന് രാവിലെ അവരെ ഡിസ്‌ ചാർജ്ജ്‌ ചെയ്തതാ.. രോഗം മുഴുവൻ മാറിയിട്ടൊന്നുമില്ല. എങ്കിലും ആശ്വാസമുണ്ട്‌. പക്ഷെ, ഇപ്പോൾ ഇതുവരെയായിട്ടും അവരെ എവിടെക്കും പോകാൻ അനുവദിച്ചിട്ടില്ല.. അല്ല, അനുവദിച്ചാലും പോകാൻ അവർക്ക്‌ പ്രത്യേകിച്ച്‌ വ‍ീടൊന്നുമില്ല എന്നതും സത്യമാ..എന്നാലും, ഈ വെയിലും കൊണ്ട്‌, വയ്യാത്ത അവർ..." സിസ്റ്ററുടെ നല്ല മനസ്സിനെ ഞങ്ങൾ മനസ്സുകൊണ്ട്‌ നമിച്ചു.

"എന്താ മോളേ.. അവരെ പോകാൻ അനുവദിക്കുന്നില്ലെന്ന് പറയുന്നത്‌. ആരാ തടഞ്ഞുവച്ചിരിക്കുന്നേ?" - രാമചന്ദ്രൻ ചേട്ടൻ ചോദിച്ചു.

"ചേട്ടാ, ആ നടക്കുന്നത്‌ സിരിയൽ ഷൂട്ടിംഗ്‌ ഒന്നുമല്ല. ഈ ഹോസ്പിറ്റൽ നടത്തുന്ന ട്രെസ്റ്റിന്റെ തന്നെ ടി.വി.ചനെൽ യൂണിറ്റാ അത്‌. ആ അമ്മൂമ്മയുടെ കദനകഥ അവരെക്കൊണ്ട്‌ തന്നെ പറയിപ്പിക്കുന്നതാ.. പക്ഷെ, ലക്ഷ്യം അവരുടെ അവസ്ഥ ജനങ്ങളിലെത്തിക്കുകയല്ല, മറിച്ച്‌ അവർക്ക്‌ ആശുപത്രിയിൽ നിന്നും നൽകിയ സാമ്പത്തിക ഇളവുകളും, പാവങ്ങളോടുള്ള ഭൂമിയിലെ ദൈവത്തിന്റെ കാരുണ്യത്തിന്റെ നേർക്കാഴ്ചകളും ഒക്കെയാ.. ഇതൊക്കെ കാണുമ്പോൾ ഈ ജോലിയൊക്കെ ഉപേക്ഷിച്ച്‌ പോയാലോ എന്ന് വരെ തോന്നുന്നുണ്ട്‌.." -

പെട്ടന്ന് ടി.വി ചാനൽ പ്രവർത്തകർ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതും, വെള്ളക്കുപ്പിയുമായി സെക്യൂരിറ്റി ഗാർഡ്‌ അവിടേക്ക്‌ ഒ‍ാടിയടുക്കുന്നതും കണ്ട്‌, ഞങ്ങളും അവിടേക്ക്‌ ചെന്നു. എല്ലാവരെയും തള്ളി മാറ്റി, തളർന്ന് കിടക്കുന്ന അമ്മൂമ്മയെ മടിയിലേക്ക്‌ എടുത്ത്‌ വെച്ച്‌ നെഞ്ചിൽ തടവികൊടുത്തുകൊണ്ട്‌ കണ്ണീരൊഴുക്കുന്ന വിഷണ്ണയായ സിസ്റ്ററുടെ മുഖം മറ്റുള്ളവരിൽ വല്ലാത്ത നീറ്റൽ ഉണ്ടാക്കി. മനോഹരമായ ഒരു മെലോഡ്രാമക്ക്‌ സ്കോപ്പ്‌ കണ്ട്‌, വീണ്ടും ക്യാമറ പോസിഷൻ ചെയ്യാൻ ശ്രമിച്ച യുവാവ്‌ രാമചന്ദ്രൻ ചേട്ടന്റെ നൊട്ടത്തിനു മുൻപിൽ തലതാഴ്ത്തി..

കുറച്ചു സമയത്തെ പ്രയാസങ്ങൾക്ക്‌ ശേഷം അമ്മൂമ്മക്ക്‌ വീണ്ടും എഴുന്നേറ്റിരിക്കാമെന്നായി. അവർ എല്ലാവരെയും മാറിമാറി നോക്കി. സിസ്റ്ററുടെ മുഖത്തേക്ക്‌ അവർ നോക്കിയപ്പോളേക്കും അവിടെ ഒരു കാർമേഘം ഉരുണ്ടുകൂടിയിട്ടുണ്ടായിരുന്നു.

"സാരമില്ല മോളേ.. മോളുടെ നല്ല മനസ്സ്‌ കൊണ്ടല്ലേ അങ്ങിനെ ചെയ്തത്‌. പിന്നെ, എന്നെപോലുള്ള അനാഥകളുടെ അവസ്ഥ എന്തായാലും ഇതൊക്കെ തന്നെ... മക്കൾക്കോ വേണ്ട..!! പിന്നെയാണോ, ദൈവത്തിനു... അല്ല ഒരു പക്ഷെ, ഇതൊന്നും ദൈവം അറിയുന്നില്ലായിരിക്കും അല്ലേ? എത്രയെത്ര ആളുകളാ ദിവസവും വരുന്നേ.. എത്രയെത്രയാളുകൾക്കാ ദിവസവും അനുഗ്രഹവും, രോഗശാന്തിയും നൽകേണ്ടത്‌.. അതിനിടയിൽ നിസ്സാരയായ ഈ ഞാൻ ആരു.. " - അമ്മൂമ്മക്ക്‌ വാക്കുകൾ തോണ്ടയിൽ കുടുങ്ങി...

രംഗം പന്തികേടാകുമെന്ന് തോന്നിയിട്ടാകാം, മാലാഖയെ വിളിച്ചുകൊണ്ട്‌ പോകാൻ ഭൂമിയിലെ ദൈവത്തിന്റെ ദുതന്മാർ വന്നു. അമ്മൂമ്മയെ വിട്ട്‌ - ഗത്യന്തരമില്ലാതെ, സ്വന്തം വീട്ടിലെ പ്രശ്നങ്ങൾക്ക്‌ പരിഹാരം ഇവിടെ നിന്നും കിട്ടുന്ന നിവേദ്യച്ചോറായത്‌ കൊണ്ടകാം... - മാലാഖ കാവൽക്കാരോടൊപ്പം യാത്രയായി.. തന്റെ ഭാണ്ഡക്കെട്ടും എടുത്ത്‌ വേച്ച്‌ വേച്ച്‌ നടന്നുപോക്കുന്ന അമ്മൂമ്മയെ നോക്കി ഞങ്ങളെല്ലാം പകച്ചു നിന്നു. ഇനി എന്തെന്നറിയാതെ, അവസാനഷോട്ടെന്ന പോലെ നടന്നുപോകുന്ന അമ്മൂമ്മയുടെ പിന്നാലെ ക്യാമറ സൂം ചെയ്യ്തുകൊണ്ട്‌ ചാനൽ വണ്ടിയും യാത്രയായി....

ദൂരെ ആകാശത്തേക്ക്‌ കണ്ണൂകളുയർത്തി സ്വർഗസ്ഥനായ ദൈവത്തോട്‌ പരാതികൾ അയവിറക്കി വേച്ച്‌ വേച്ച്‌ നടന്നുപോകുന്ന അമ്മൂമ്മയും... ഇവിടെ, ഭൂമിയിലെ ദൈവത്തിന്റെ കാവൽക്കാർ തിർത്ത കോടതിമുറിയിൽ, കണ്ണുകെട്ടപ്പെട്ട നീതിദേവതക്ക്‌ മുൻപിൽ , എല്ലാം തന്റെ പിഴ എന്ന് ഏറ്റ്‌ പറഞ്ഞ്‌ തലകുമ്പിട്ട്‌ നിൽക്കുന്ന മാലഖയും...ഒരു ഡോക്യുഫിക്ഷൻ പോലെ പ്രേക്ഷകരായ ഞങ്ങളില്ലേക്ക്‌ ആഴ്‌ന്നിറങ്ങി... ഒപ്പം മുകളിലേക്ക്‌ നോക്കി അമ്മൂമ്മയും, കെട്ടിയേൽപ്പിച്ച പാപഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി താഴേക്ക്‌ നോക്കി മാലാഖയും മനസ്സിൽ മന്ത്രിച്ചത്‌ ഇപ്രകാരമായിരുക്കാം...


ഇതെന്താ , ദൈവത്തെ ഹോളോബ്രിക്സിൽ ആണോ വാർത്തെടുത്തത്‌?

ടീം ഇൻഡ്യ ഉപജാപകരുടെ പിടിയിലോ?


ഒടുവിൽ ഒത്തിരി നാളുകൾക്ക്‌ ശേഷം ഭാരതം ഐ.സി.സി. ക്രിക്കറ്റ്‌ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. അഭിമാനകരമായ നേട്ടം തന്നെ. അതും വളരെ ആധികാരികമായ ഒരു പരമ്പര വിജയത്തോടെ അയിരുന്നു എന്നുള്ളത്‌ അതിലേറെ നേട്ടമാണു. എന്തൊരു പ്രകടനമായിരുന്നു അത്‌. ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ പിറകിലായ ശേഷം "ഗംഭീരമായ" തിരിച്ചുവരവ്‌. ഗംഭീറിന്റെയും, രാഹുലിന്റെയും, 20 വർഷം ആഘോഷിക്കുന്ന സച്ചിന്റെയും മനോഹരമായ സേഞ്ചുറികൾ.!!! രണ്ടാം ടെസ്റ്റിലാവട്ടെ, വാക്കിലും നോക്കിലും വരെ മാറ്റത്തിന്റെ താളവുമായി, ബോളിങ്ങിൽ പുതിയ വേഗവുമായി മലയാളികളുടെ സ്വന്തം ശ്രീശാന്ത്‌ നിറഞ്ഞാടിയപ്പോൾ ആകെ ഉലഞ്ഞുപോയ ലങ്കയെ ആണു നമ്മൾ കണ്ടത്‌... മൂന്നാം ടെസ്റ്റിൽ വീരേന്ദ്ര സെവാഗ്‌ ഒരിക്കൽ കൂടി കാട്ടിയ ഇന്ദ്രജാലത്തിനു മുൻപിൽ കപ്പൽ ചേതം സംഭവിച്ച കടൽകൊള്ളക്കാരുടെ അവസ്ഥയായിരുന്നു ശ്രീലങ്കൻ പടയാളികൾക്ക്‌.... ഇതിനേക്കാളൊക്കെ പ്രധാനം ധോണി എന്ന തുഴവള്ളക്കാരൻ ക്രിസ്റ്റൻ എന്ന അമരക്കാരനോടൊപ്പം കാലാവസ്ഥയോടും മറ്റും പൊരുതി ഈ വഞ്ചി കരക്കടുപ്പിച്ചു എന്നുള്ളതാണു... പക്ഷെ, ഇവിടെ, ഈ വിജയത്തിൽ അഭിമാനിക്കുന്നതോടൊപ്പം വേറേ ചില ദൂരകാഴചകൾ കാണാൻ ശ്രമിക്കുകയാണു. ഒരു പക്ഷെ, എല്ലാം തികച്ചും യാദൃശ്ചികമാകാം.. ചിലപ്പോൾ വെറും തോന്നലുകൾ ആകാം.. എങ്കിലും നിങ്ങളുടേയും അഭിപ്രായങ്ങൾ സമാഹരിക്കാൻ ഇവിടെ തുറന്നു വക്കുകയാണു.

ധോണി എന്ന ക്യാപ്റ്റനോടുള്ള എല്ലാ ആദരവും പുലർത്തികൊണ്ട്‌ തന്നെ പറയട്ടെ, എന്തുകൊണ്ടോ, ഒരു സംഘടിതമായ ലോബി ടീം ഇന്റ്യയിൽ നിഴൽ പോലെ പറ്റിച്ചേർന്നിട്ടുണ്ടൊ എന്നൊരു സംശയം ഇല്ലാതില്ല. എന്താണു ഇങ്ങനെ ഒരു സംശയം ജനിക്കാനുള്ള കാരണം... കഴിഞ്ഞ ടെസ്റ്റിലും ഈ ടെസ്റ്റിലും ഏറ്റവും നന്നായി ബൗൾ ചെയ്ത വ്യക്തി നമ്മുടെ ശ്രീ ആണെന്ന് എല്ലാവരും സമ്മതിച്ചതാണു... പക്ഷെ, എന്തുകൊണ്ടോ പലപ്പോഴും ഫോമിന്റെ, അല്ലെങ്കിൽ കൃത്യതയുടെ പാരമ്യത്തിൽ നിൽക്കുമ്പോൾ ഒന്നുകിൽ ശ്രീയെ പിൻ വലിച്ച്‌ പകരം ഹർഭജനെയോ , സഹീറിനെയോ പന്തേൽപ്പിക്കുന്ന ധോണിയെ പലവട്ടം നമ്മൾ കണ്ടു. മൂന്നാം ടെസ്റ്റിൽ ഒരു വേള, കുമാർ സങ്കാക്കരയും, പ്രസന്ന ജയവർദ്ദനയും കൂടി സഹീറിനെയും, ഹർഭജനേയും വേലിക്കു പുറത്തേക്ക്‌ അടിച്ചോടിചപ്പോൾ കമന്റേറ്റർമാർ വരെ ചോദിച്ചുപോയി.. എന്തുകൊണ്ടാണു ധോണി ശ്രീക്ക്‌ ബോൾ നൽക്കാൻ മടിക്കുന്നതെന്ന്... നമുക്കറിയാം, ശ്രീ കുഴപ്പക്കാരനായിരുന്നു... (ആണോ?. അഗ്രസ്സീവ്നെസ്സ്‌ അത്ര വലിയ തെറ്റൊന്നും അല്ലല്ലോ... ഇതിലും മോശം കാര്യങ്ങൾ ചെയ്ത പലരെയും പിന്നീടും നമ്മൾ തോളിലേറ്റിയില്ലേ... എങ്കിലും സമ്മതിക്കുന്നു ശ്രീക്ക്‌ ഒത്തിരി തെറ്റുകൾ പിണഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ വർഷം മനോരമവിഷനിലുണ്ടായ അൽഫോൺസ്‌ കണ്ണന്താനത്തെ വിമർശിച്ച പ്രകടനം മാത്രം മതി നമുക്ക്‌ ശ്രീയെ വെറുക്കാൻ... പക്ഷെ, തന്റെ കഴിവുകൊണ്ടും പെരുമാറ്റത്തിൽ (താൽകാലികമായിട്ടെങ്കിലും - സ്ഥിരമായി ഇനി ഇങ്ങിനെ ആയിരിക്കും എന്നുള്ള ശ്രീയുടെ ഉറപ്പ്‌ നമുക്ക്‌ മുഖവിലക്കെടുത്തേക്കാം)വരുത്തിയ മാറ്റം കൊണ്ടും ആ തെറ്റുകൾ നമുക്ക്‌ പൊറുക്കാവുന്നതേയുള്ളു... പക്ഷെ, എന്നിട്ടും ധോനി എന്തുകൊണ്ടോ ,ഇപ്പോളും പൊറുത്തിട്ടില്ലേന്നു തോന്നുന്നു. അല്ലെങ്കിൽ മറ്റാർക്കോ വേണ്ടി (ഹെയ്‌, ഭാജിക്കും , ഇഷാന്ത്‌ ശർമക്കും വേണ്ടി എന്ന് ഞാൻ പറഞ്ഞില്ലല്ലോ) ധോനി ഇന്നും ശ്രീയെ അകറ്റി നിറുത്തുന്നു. ഒരു കാര്യം ധോണി ഓർത്താൽ കൊള്ളാം, ഇതുപോലൊരു വ്യക്തി ഹത്യയുടെ പരിണിതഫലമായാണു ഒരിക്കൽ ലോകക്രിക്കറ്റ്‌ ലോകം മുഴുവൻ പേടിച്ചിരുന്ന ക്യാപ്റ്റൻ സൗരവ്‌ പടിയിറങ്ങേണ്ടി വന്നത്‌.... ഇത്തരം അൽപത്തം നിറഞ്ഞ തീരുമാനങ്ങളായിരുന്നു മറ്റു പല മേഖലകളിലും കഴിവുള്ള പലരും ചെറുപ്രായത്തിൽ തന്നെ വിടപറയാൻ നിർബന്ധിതരാക്കിയത്‌. ഇത്തരം ഉപജാപങ്ങളിൽ തലവച്ചുകൊടുക്കാത്തതുകൊണ്ടാണു സച്ചിനെ നമ്മൾ ദൈവത്തെപോലെ ആദരിക്കുന്നത്‌. ദ്രാവിഡിനെ നമ്മൾ ഇന്നും വിശ്വസ്ഥൻ എന്ന് വിളിക്കുന്നത്‌. ഉപജാപങ്ങൾക്കു പുറകെ പോയ അസ്‌ ഹരും , ജഡേജയും, മോംഗിയയും, ക്രീസിൽ കാലുറപ്പിക്കാനാവാതെ ക്ലീൻ ബൗൾഡ്‌ ആയത്‌.