ബുധനാഴ്‌ച, ജൂൺ 26, 2013

പുതുക്കി നിശ്ചയിക്കേണ്ട അദ്ധ്യയന വര്‍ഷത്തിന്റെ പ്രസക്തി

ശക്തമായ മഴ... വെള്ളക്കെട്ട്. വകുപ്പുകള്‍ തമ്മിലുള്ള മത്സരങ്ങളില്‍ പെട്ട് റോഡാണൊ കുളമാണോ തോടാണോ എന്നറിയാതെ കുണ്ടും കുഴിയുമായി കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍… വര്‍ഷങ്ങളായി വൃത്തിയാക്കാതെ മാലിന്യം നിറഞ്ഞ് കിടക്കുന്ന, ശക്തമായ മഴയില്‍ അതേ മാലിന്യങ്ങള്‍ ഒഴുകി നടക്കുന്നതും സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ അപകടസാദ്ധ്യതകള്‍ ഏറെയുള്ളതുമായ റോഡോരത്തെ കാണകള്‍.... സമയക്രമം പാലിക്കുവാന്‍ മത്സരയോട്ടം നടത്തുന്ന ബസ്സുകള്‍.. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ഓട്ടോറിക്ഷകള്‍.. മഴയുടെ ആധിക്യത്താല്‍ ഇപ്പോഴും തുടരുന്ന പനി, ചര്‍ദ്ദി, പകര്‍ച്ചവ്യാധികള്‍... ഒപ്പം മഴക്കാലമായതിനാല്‍ പണിക്ക് പോകാന്‍ കഴിയാത്ത ജീവിതത്തിന്റെ വിവിധതുറകളില്‍ ഉള്ള സാധാരണക്കാരന്റെ സാമ്പത്തീക ഞെരുക്കം.... അതിനേക്കാളേറെ മേല്‍ക്കൂര നശിക്കാത്ത സ്കൂള്‍ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും ദുരിതാശ്വാസക്യാമ്പുകളും... മേല്‍‌പ്പറഞ്ഞവയൊക്കെ എല്ലാ വര്‍ഷവും തുടര്‍യാഥാര്‍ത്ഥ്യമായി നിലകൊള്ളൂമ്പോള്‍ അടിക്കടി കളക്ടര്‍ അവധി പ്രഖ്യാപിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് കേരളത്തിലെ അദ്ധ്യയന വര്‍ഷം പുതുക്കി നിശ്ചയിക്കുക എന്നത്

കുട്ടികള്‍ ആവുന്നിടത്തോളം കളിക്കട്ടെ.. മാനസീകോല്ലാസം നേടട്ടെ എന്ന ചിന്തയില്‍ നിന്നുമാകാം വേനലവധി എന്ന ഒരു ആശയം പണ്ടുള്ളവര്‍ നടപ്പിലാക്കിയത്. ഒപ്പം പൊള്ളുന്ന ചൂടുകാലത്ത് ഒരു മുറിക്കുള്ളില്‍ ഇരുന്ന് ഉഷ്ണിക്കണ്ട എന്നും കരുതി കാണും. അന്നത്തെ ചിന്തകള്‍ തെറ്റെന്ന് പറയുന്നില്ല. പക്ഷെ ഇന്ന് സ്ഥിതി അതാണോ? ഫാനുകള്‍ ഘടിപ്പിക്കാത്ത ക്ലാസ്സ് മുറികള്‍ തുലോം കുറവാണെന്നിരിക്കെ ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ എന്ന ഏതൊ സിനിമയിലെ സലിം‌കുമാറിന്റെ ആപ്തവാക്യം ഓര്‍മ്മവരുന്നു. ഉഷ്ണത്തെ നമുക്ക് ഫാന്‍ കൊണ്ട് തടയാം. പിന്നെ കുട്ടികളുടെ കളികള്‍.. പണ്ടുകാലത്ത് വേനലവധിക്ക് കിളികളി, കബഡികളി, തലപ്പന്ത് കളി, കുട്ടിയും കോലും കളി, തുടങ്ങിയ നാടന്‍ കളികളൊടൊപ്പം അന്തര്‍ദേശിയ മത്സരയിനങ്ങളായ ക്രിക്കറ്റും ഫുട്‌ബാളും ബാഡ്മിന്റനും ഉള്‍പ്പെടെയുള്ളവയുമായി കുട്ടികള്‍ സജീവമായി മൈതാനങ്ങളില്‍ ഉണ്ടായിരുന്നു. ആദ്യമേ പറയാം. ഇന്ന് മൈതാനങ്ങള്‍ ഇല്ല.. ഒരു അഞ്ച് സെന്റ് പുരയിടത്തിന്റെ മതില്‍ക്കെട്ടില്‍ കിട്ടാവുന്ന ക്രിക്കറ്റ് മൈതാനം ആണ് നമുക്കുള്ളത്. അതില്‍ കളിക്കണമെന്ന് കുട്ടി വിചാരിച്ചാലും ക്രിക്കറ്റിനോട് നീതി പുലര്‍ത്താന്‍ കഴിയില്ല. അതിനേക്കാളേറെ കുട്ടികള്‍ക്ക് അത്തരം കളികളോടുള്ള കമ്പം കുറഞ്ഞിരിക്കുന്നു. അവര്‍ ഇന്ന് വേനലവധിയായാലും മഴക്കാലമായാലും എല്ലാം ആഗ്രിബേര്‍ഡ്സിനൊപ്പവും ബെന്‍‌ടെനിനും ഡോറക്കും ഒപ്പവും എല്ലാമാണ്. ഇത് ശരാശരി കുടുംബങ്ങളിലെ കുട്ടികളുടെ അവസ്ഥ. അല്പം കൂടെ ഉയര്‍ന്ന കുടുംബപശ്ചാത്തലമുള്ള കുട്ടികള്‍ ആണെങ്കില്‍ അവര്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കും ജോയ്‌സ്റ്റിക്കുകള്‍ക്കും പിറകേയാണ്. അല്പം വലിയ കുട്ടികള്‍ (പ്ലസ് വണ്‍ മുതല്‍ ഉള്ളവര്‍) ഹെല്‍ത്ത് ക്ലബുകളിലെ സിക്സ് പാക്ക് ജ്വരത്തിലും മൊബൈല്‍ അപ്ലിക്കേഷനുകളിലും ഗെയിമുകളിലും ആണ് സമയം ചിലവഴിക്കുന്നത്. അതല്ലാതെ ഇന്ന് പഴയപോലെ കുട്ടിക്കൂട്ടങ്ങള്‍ ഇല്ല. ഒറ്റതിരിഞ്ഞുള്ള കുട്ടികള്‍ മാത്രം.

പറഞ്ഞു വന്നത് മേല്‍പ്പറഞ്ഞ ഒരു കുട്ടി പോലും (പൊതുവില്‍ പരിഗണിക്കുമ്പോള്‍) വേനലവധിക്ക് മൈതാനങ്ങള്‍ തേടി നടക്കുന്നില്ല. കളിക്കുന്നില്ല. പിന്നെയെന്തിന് പനിയും പകര്‍ച്ചവ്യാധികളും നടമാടുന്ന ഈ കൊടിയ മഴക്കാലത്ത് കുട്ടികളെ സ്കൂളുകളിലേക്ക് അയക്കണം. അധികൃതര്‍ ചിന്തിക്കേണ്ട സമയമായില്ലേ? അധികൃതര്‍ ചിന്തിക്കും മുന്‍പ് പൊതു സമൂഹമെങ്കിലും ഇത്തരത്തില്‍ ചിന്തിക്കേണ്ട സമയമായില്ലേ? ഈ വര്‍ഷം ജൂണ്‍ മാസം സ്കൂള്‍ തുറന്നതിന് ശേഷം കേരളത്തിലെ പല ജില്ലകളിലായി പ്രഖ്യാപിച്ച അവധികളുടെ ശരാശരിയെടുത്താല്‍ (ഇന്ന് കൂടെ ആവുമ്പോള്‍) മഴമൂലം അവധി പ്രഖ്യാപിക്കപ്പെട്ട നാലാമത്തെ ദിവസമാണിതെന്ന് തോന്നുന്നു. വകുപ്പുകള്‍ തമ്മിലുള്ള ഈഗോക്ലഷുകള്‍ മൂലം റോഡുകള്‍ ഒരു കാലത്തും നന്നാക്കില്ല എന്നതും പകര്‍ച്ച‌വ്യാധികള്‍ക്ക് തടയിടുവാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുവാന്‍ കാലാകാലങ്ങളായി ഭരിച്ചു വരുന്ന മുന്നണികള്‍ക്ക് കഴിയില്ല എന്നതും (ഭരണത്തിലിരിക്കുമ്പോള്‍ മൌനമവലംബിക്കുകയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒച്ചവെയ്ക്കുകയും ചെയ്യുന്ന കപടരാഷ്ട്രീയം മാത്രമേ നമുക്ക് വശമുള്ളു. അത് ഇടതനായാലും വലതനായാലും) ഒരു യാഥാര്‍ത്ഥ്യമായിരിക്കെ കുട്ടികളെ ഈ ശക്തമായ മഴയില്‍ നിറഞ്ഞ് കിടക്കുന്ന കാണകളില്‍ വീഴ്തി അപകടം വരുത്തുവാനോ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന മഴക്കാലത്ത് ആശുപത്രിക്കിടക്കയില്‍ ആക്കുവാനോ രക്ഷിതാക്കള്‍ ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല. ആയത് കൊണ്ട് തന്നെ അധികൃതര്‍ ഇക്കാര്യത്തില്‍ പുനര്‍ചിന്ത നടത്തേണ്ട സമയമായി എന്ന് തോന്നുന്നു. നമുക്ക് അദ്ധ്യയന വര്‍ഷം ആഗസ്റ്റ് മുതല്‍ മെയ് വരെയുള്ള കാലമാക്കിക്കൂടെ? ആഗസ്റ്റില്‍ തുറക്കുന്ന സ്കൂളുകള്‍ പൂജ വെയ്പ്പ് ഓണത്തിന് പത്ത് ദിവസം അടച്ചിടട്ടെ. രണ്ടാമത്ത പത്ത് ദിവസം അവധി ഇപ്പോഴുള്ളത് പോലെ തന്നെ ക്രിസ്മസ് - ന്യൂഇയര്‍ പ്രമാണിച്ച് തന്നെ ആവാം. അതിന് ശേഷമുള്ള ജനവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലം പഠനത്തിന്റെ വസന്തകാലമാവട്ടെ. ശേഷമുള്ള മെയ് മാസം പരീക്ഷകളുടെ ഗ്രീഷ്മകാലമാവട്ടെ. ജൂണ്‍ - ജൂലൈ മാസങ്ങള്‍ മണ്‍സൂണ്‍ അവധിക്കാലമാവട്ടെ.

ഇത്തരത്തില്‍ അദ്ധ്യയനവര്‍ഷത്തെ പരിഷ്കരിക്കുന്നതിനെ പറ്റി ചിന്തിച്ചുകൂടെ ?

ശനിയാഴ്‌ച, ജൂൺ 22, 2013

കുമാരി

ഇന്നവള്‍ക്ക് ഓപ്പറേഷനാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി അലച്ചിലോടലച്ചിലായിരുന്നു. ഓപ്പറേഷന് വേണ്ടിയുള്ള സാധനസാമഗ്രികളുടെ ലിസ്റ്റ് കണ്ടപ്പോള്‍ അന്തം വിട്ടു നില്‍ക്കാനേ കഴിഞ്ഞുള്ളു! ഇതൊക്കെ എവിടെ കിട്ടും എങ്ങിനെ വാങ്ങും എത്ര രൂപയാകും ഒരു രൂപവുമുണ്ടായിരുന്നില്ല കുമാരിക്ക്. ഡോക്ടര്‍ തന്നെയാണ് ഓപ്പറേഷനു വേണ്ടുന്ന സാധനസാമഗ്രികള്‍ കിട്ടാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പറഞ്ഞു തന്നത്. എന്നിട്ടും ചിലതൊന്നും കിട്ടിയിരുന്നില്ല. ആകെപ്പാടെ വീര്‍പ്പുമുട്ടലിന്റെയും പിരിമുറുക്കത്തിന്റെയും രണ്ട് ദിനങ്ങള്‍. ഒടുവില്‍ ഇനിയും കിട്ടാത്തവയേതെന്ന് ഫോണിലൂടെ ഡോക്ടറോട് പറയുമ്പോള്‍ കരച്ചിലിന്റെ വക്കിലായിരുന്നു കുമാരി. കുറച്ചൊക്കെ അവസ്ഥ അറിയാവുന്നത് കൊണ്ടാവാം , ഡോക്ടര്‍ തന്നെ എവിടെനിന്നൊക്കെയോ തേടിപ്പിടിച്ച് സാധനങ്ങള്‍ പലതും എത്തിച്ചത്. ചിലയാളുകള്‍ അങ്ങിനെയാണ്! മനുഷ്യത്വം മരവിക്കാത്ത കുറച്ചുപേരെങ്കിലും ഈ ഭൂമുഖത്ത് അവശേഷിക്കുന്നു എന്ന് ആശ്വാസം കൊള്ളുവാനെങ്കിലും ചിലയാളുകളെ ദൈവം അങ്ങിനെ സൃഷ്ടിച്ചതാവാം എന്ന് തോന്നിപ്പോയി കുമാരിക്ക്.

സെഡേഷന്റെ മയക്കവുമായി ഓപ്പറേഷന്‍ ടേബിളേക്ക് അവള്‍ പോകുമ്പോള്‍ ഹൃദയം വിങ്ങുകയായിരുന്നു കുമാരിക്ക്. ദൈവമേ, എന്റെ കുഞ്ഞിന് ഒന്നും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയുമായി അവളുടെ ചെവിയിതളുകളില്‍ മെല്ലെ തലോടുമ്പോള്‍ മയക്കത്തിലും അവള്‍ ഒന്ന് ചുരുണ്ടുകൂടിയോ?

എന്നും അവള്‍ അങ്ങിനെയാണ്. ഏതുറക്കത്തിലും തന്റെ കരസ്പര്‍ശമേറ്റാല്‍ അവള്‍ ഒന്നുകൂടെ ചുരുണ്ട് പറ്റിച്ചേരും. നാസികാഗ്രം കൊണ്ട് തന്റെ മാര്‍വിടത്തില്‍ മെല്ലെ ഉരക്കുമ്പോള്‍ വല്ലാത്ത ഒരനുഭൂതിയാണ് കുമാരിക്ക് അനുഭവപ്പെടാറ്. മാര്‍വിടം വല്ലാതെ വിങ്ങുന്നത് പോലെയും ചുരത്തുന്നത് പോലെയും തോന്നും. ആ അനുഭൂതിയുടെ സുഖം നുകരുവാനായി മാത്രം എത്രയോ വട്ടം അവളുടെ വെളുത്ത ചെവിയഗ്രത്തില്‍ നാവുകൊണ്ട് മെദുവെ കടിച്ചിക്കിളിയാക്കിയിരിക്കുന്നു.

ഓപ്പറേഷന്‍ ടേബിളില്‍ അവള്‍ മലര്‍ന്ന് കിടക്കുന്നത് പച്ചസ്ക്രീനിന്റെ ചെറിയ വിടവിലൂടെ കാണാം. അവള്‍ക്കരികിലേക്ക് ചെല്ലണമെന്നും തലയില്‍ മെല്ലെ തലോടിക്കൊടുക്കണമെന്നും തോന്നി കുമാരിക്ക്. പക്ഷെ കഴിയില്ലല്ലോ. അവിടേക്ക് ഡോക്ടര്‍ക്കും അസിസ്റ്റന്റിനുമല്ലാതെ അന്യര്‍ക്ക് പ്രവേശനമില്ലല്ലോ. അത് ആ ടേബിളില്‍ കത്തിമുനയുടെ പാളലേക്കാന്‍ കിടക്കുന്നയാളുടെ ഏറ്റവും അടുത്ത ബന്ധുവാണെങ്കില്‍ പോലും!!

സത്യത്തില്‍ ആരാണ് ഇവള്‍ക്ക് ഞാന്‍? അമ്മയോ ചേച്ചിയോ..? അറിയില്ല.. പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷമായി എനിക്ക് ഇവള്‍ മകളെപ്പോലെയാണ്. മകള്‍ മാത്രമോ? അല്ലല്ലോ.. എന്റെ ഏറ്റവും വലിയ ആശ്വാസവും സുരക്ഷിതിത്വവും ഇവള്‍ കൂടെയുള്ളതാണെന്നതല്ലേ സത്യം. അല്ലെങ്കില്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തന്റെ ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചു. മറക്കാന്‍ ആഗ്രഹിക്കുന്ന എന്തെന്ത് കാര്യങ്ങള്‍...

ഓപ്പറേഷന്‍ മുറിയ്ക്ക് പുറത്ത്, വെള്ള വലിച്ച, അഴുക്കുപുരണ്ട ചുമരില്‍ ചാരി തന്റെ കറുത്ത ജീവിതമോര്‍ത്ത് കുമാരി നെടുവീര്‍പ്പിട്ടു.

ഭര്‍ത്താവും രണ്ടാണ്മക്കളുമൊത്ത് അധികം അല്ലലില്ലാത്ത ജീവിതമായിരുന്നു കുമാരിയുടേത്. അല്പസ്വല്പം മദ്യപിക്കും എന്നതും മദ്യപിച്ചാല്‍ കുമാരിയെ ചെറുതായി ഉപദ്രവിക്കും എന്നതുമൊഴിച്ചാല്‍ മുടങ്ങാതെ പണിക്ക് പോകുകയും കുടുംബകാര്യങ്ങള്‍ മുറപോലെ നിറവേറ്റുകയും ചെയ്യുമായിരുന്നു കറവക്കാരനായിരുന്ന രമണന്‍. മക്കളില്‍ മൂത്തയാള്‍ വാര്‍ക്കപ്പണിക്കാരന്‍. ഇളയവന്‍ പ്ലസ് ടു വിദ്യാര്‍ത്ഥി. അടുത്തുള്ള കമ്പനിയില്‍ ചെമ്മീന്‍ കിള്ളാന്‍ പോകുന്ന വകയില്‍ കുമാരിക്കും ഉണ്ടായിരുന്നു തുച്ഛമെങ്കിലും മോശമല്ലാത്ത ഒരു വരുമാനം. അതുകൊണ്ട് തന്നെ വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാത്ത കൊച്ചുവീട്ടില്‍ നുറുങ്ങു സന്തോഷങ്ങളും വൈകുന്നേരങ്ങളില്‍ ഉയരുന്ന കൊച്ചുകൊച്ചു തേങ്ങലുകളുമായി അവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നു.

ഒരു കൊടുങ്കാറ്റ് പോലെയല്ലേ സുനാമി തിരകള്‍ ജീവിതത്തിലേക്ക് വീശിയടിച്ചത്! കടലോരത്തെ കുടിലുകളില്‍ ഭീതി പടര്‍ത്തിക്കൊണ്ട് തിരമാലകള്‍ സംഹാരമാടിയപ്പോള്‍ തനിക്ക് നഷ്ടമായത് ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളായിരുന്നു. കടപ്പുറത്തെ പൂഴിമണലില്‍ കാല്‍പ്പന്തുകളിയുടെ ആവേശം പരമകോടിയില്‍ നില്‍ക്കുകയായിരുന്നതിനാല്‍ വീശിയടിച്ച തിരക്കാറ്റിന്റെ ഗര്‍ജ്ജനം കേള്‍ക്കാതെ പോയ ഇളയമകന്‍ ഒരു ഫുട്ബാള്‍ പോലെ ചീര്‍ത്ത് വീര്‍ത്ത് മൂന്നാം പക്കം തീരത്തടിഞ്ഞപ്പോള്‍ ദുരിതാശ്വാസക്യാമ്പിലെ തിണ്ണയില്‍ വിരിച്ച കീറപ്പായയില്‍ കിടന്ന് ആര്‍ത്തലച്ച് കരയുകയായിരുന്നു.

അന്ന് മകന്റെ നനഞ്ഞ, മരവിച്ച, ശരീരത്തോടൊപ്പം ജീവന്റെ ചെറുതുടിപ്പുകള്‍ അവശേഷിപ്പിച്ച് പറ്റിച്ചേര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണ് ഇവളെ ആദ്യം കാണുന്നത്. വാരിയെടുത്ത് നെഞ്ചോട് അടക്കിപ്പിടിക്കാനാണ് അപ്പോള്‍ തോന്നിയത്. നഷ്ടമായ മകനെ ഒരു പക്ഷെ ദൈവം ഇവളിലൂടെ തിരികെതന്നതാണെങ്കിലോ എന്ന തോന്നല്‍!! ദുരിതാശ്വാസക്യാമ്പിലെ മനസ്സുമരവിച്ച ജീവിതങ്ങള്‍ക്കിടയില്‍ ഒരമ്മയുടെ വാത്സല്യത്തോടെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പേര്‍ത്തും പേര്‍ത്തും അവളെ കൊഞ്ചിച്ചും കളിപ്പിച്ചും സമയം‌പോക്കിയിരുന്ന താന്‍ ക്യാമ്പംഗങ്ങള്‍ക്കിടയിലും കുടുംബാംഗങ്ങള്‍ക്കിടയിലും അങ്ങിനെ മാനസികനില തകര്‍ന്നവളായി.

ഇപ്പോഴോര്‍ക്കുമ്പോള്‍ കുമാരിക്ക് ചിരി വരുന്നുണ്ട്. ഒരു പക്ഷെ, അന്ന് ഇവളെ ഉപേക്ഷിച്ചിരുന്നെങ്കില്‍ ഇന്ന് താന്‍ ആരുമില്ലാത്തവളാകുമായിരുന്നില്ലേ? ഇവള്‍ മൂലമാണ് തന്റെ ജീവിതം ഈ പരുവത്തിലായതെന്ന് പറയുന്ന ഒട്ടേറെപ്പേര്‍ തുറയിലുണ്ട്. ശരിതന്നെ. പക്ഷെ.. .അതാണോ യഥാര്‍ത്ഥത്തില്‍ ശരി!? ആവ്വോ.. അറിയില്ല.. ഒന്നറിയാം.. അവളെ അത്രയേറെ സ്നേഹിക്കുന്നുണ്ട്.. തിരിച്ചവളും.. മറ്റാരും നല്‍കാത്ത സ്നേഹവും സുരക്ഷിതത്വബോധവും ഇവളില്‍ നിന്നും തനിക്ക് കിട്ടുന്നുണ്ടെന്നതിന് തെളിവാകാം അവളെക്കുറിച്ച് വാത്സല്യത്തോടെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നനയുന്ന തന്റെ മാര്‍വിടങ്ങള്‍. അതില്‍പ്പോലും തെറ്റുകള്‍ കണ്ടെത്തിയവര്‍ ഏറെയാണെന്നോര്‍ക്കുമ്പോള്‍ കുമാരിക്ക് നെഞ്ചുരുകി. അക്കൂട്ടത്തില്‍ തന്റെ ഭര്‍ത്താവും മകനും ഉണ്ടായിരുന്നുവെന്നത് ഒരു നനുത്ത തേങ്ങലായി കണ്‍കോണിലൂടെ ഉരുണ്ടിറങ്ങി.

കുഴപ്പമൊന്നുമില്ല പെങ്ങളേ. ഒരു പത്തു മിനിറ്റിനുള്ളില്‍ കഴിയും കേട്ടോ.. ഡോക്ടര്‍ സ്റ്റിച്ചിട്ടോണ്ടിരിക്കുവാ..” ഓപ്പറേഷന്‍ മുറിയില്‍ നിന്നും പുറത്തേക്ക് വന്ന അറ്റന്റര്‍ മണിയേട്ടന്റെ സ്വരമാണ് കുമാരിയെ തിരികെയെത്തിച്ചത്. ഒന്ന് ചിരിക്കുവാന്‍ ശ്രമിച്ചു. പാഴായിപ്പോയ ഒരു ശ്രമം. മണിയേട്ടന്റെ കൈയിലെ സ്റ്റീല്‍ ടബ്ലറില്‍ അവളില്‍ നിന്നും അടര്‍ത്തിമാറ്റിയ മാംസപിണ്ഢം!!. വെറുമൊരു മാംസപിണ്ഢമാണോ അത്...? അല്ല, അതില്‍ അവളുടെ എല്ലാമില്ലേ.. ഒരു പെണ്ണിന് ഇതില്‍ പരം എന്ത് നഷ്ടം സംഭവിക്കാന്‍!!

ഹോ....“ അകത്തും നിന്നും വന്ന തേങ്ങല്‍ വല്ലാത്ത ഉച്ചത്തിലായിപോയി. പാത്രം മൂടിയിരുന്നില്ലെന്ന തിരിച്ചറിവില്‍ മണിയേട്ടനും വല്ലാതായി.

കരയണ്ട പെങ്ങളേ. വേദനയോടെ ഞരങ്ങുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് ഇത്. അങ്ങിനെ ചിന്തിച്ചാല്‍ ….”

ശരിയാവാം.. അതും ശരിയാവാം.. മറ്റുള്ളവരുടെ കണ്ണില്‍ അതൊക്കെ ശരിയാവാം. പക്ഷെ.. നഷ്ടമായത് അവള്‍ക്കല്ലേ...

നഷ്ടം!! ആ വാക്കിനോട് കുമാരിക്ക് ഇപ്പോള്‍ പുച്ഛമാണ്.

സുനാമിത്തിരകള്‍ പരിക്കേല്‍പ്പിച്ച വീട്ടിലേക്ക് സുനാമിയില്‍ നഷ്ടമായ മകന്റെ ഓര്‍മ്മകളും പേറി ദുരിതാശ്വാസക്യാമ്പില്‍ നിന്നും തിരികെയെത്തുമ്പോഴേക്കും ഇവള്‍ ഒഴിവാക്കാനാവാത്ത വിധം ജീവിതത്തിന്റെ ഭാഗമായിരുന്നിരുന്നു. ആദ്യമൊക്കെ അടുപ്പം കാട്ടിയില്ലെങ്കിലും രമണന്‍ ഇവളോട് വിരോധം കാട്ടിയിരുന്നില്ല. പക്ഷെ, ആദ്യമേ തന്നെ മൂത്തവന് ഇവളെ തീര്‍ത്തും അംഗീകരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഒരു പക്ഷെ അവന്റെ സ്വാര്‍ത്ഥതയാവാം.. സ്നേഹക്കൂടുതലാവാം എന്നേ അപ്പോഴൊക്കെ കരുതിയുള്ളൂ. പക്ഷെ, ക്രമേണ ഇവളോടുള്ള അടുപ്പത്തില്‍ രമണന്‍ അസ്വസ്ഥത പ്രകടിപ്പിക്കുവാനും ഒന്നു രണ്ട് വട്ടം അവളെ കാലുമടക്കി തൊഴിക്കുവാനും തുനിഞ്ഞപ്പോള്‍ അത്രയും നാളിനിടക്ക് ആദ്യമായി കുമാരി രമണനോട് എതിരിട്ടു.

.. ഇത്രക്ക് നോവാന്‍ മാത്രം ആരാടീ ഒരുമ്പെട്ടവളേ നിനക്കീ സാധനം... അസത്ത്.. ത്ഫൂ” നീട്ടിത്തുപ്പി ഇറങ്ങിപ്പോയതാണ് രമണന്‍. കറക്കാന്‍ പോകുന്ന വീട്ടിലെ ഏതോ ചന്ദ്രികയുമായുള്ള അടുപ്പം ഭദ്രമാക്കാന്‍ അയാള്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു അതെന്ന് മനസ്സിലാക്കാന്‍ പക്ഷെ മൂത്തമകനുള്‍പ്പെടെ മറ്റാര്‍ക്കും കഴിഞ്ഞില്ല. എല്ലാവരുടെയും കുത്തുവാക്കുകളും പഴികളും കേട്ടപ്പോഴും ഇവളെ നെഞ്ചോട് ചേര്‍ത്ത് വിങ്ങിക്കരയാനേ കഴിഞ്ഞിരുന്നുള്ളൂ.

കാലുകള്‍ വല്ലാതെ കഴച്ചുതുടങ്ങിയിരുന്നു കുമാരിക്ക്. ആശുപത്രി വരാന്തയിലെ കാലൊടിഞ്ഞ മരബെഞ്ചില്‍ ഭിത്തിചാരി ഇരുന്നുപോയി. അത്രയ്ക്കുണ്ട് ക്ഷീണം. എന്തെങ്കിലും കഴിച്ചിട്ട് ഒന്നര ദിവസമായി. മിനിയാന്നാള്‍ ഉച്ചയോടെയാണ് അവള്‍ക്ക് അസഹനീയമായ വയറുവേദന തുടങ്ങിയത്. രാത്രിയോടെ നിര്‍ത്താതെയുള്ള ശര്‍ദ്ദിയും. വേദനകൊണ്ട് ഞരങ്ങുന്നത് കണ്ട് സഹിച്ചില്ല. മകനോട് വിവരം പറയാമെന്ന് കരുതി മരുമകളുടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ തീറ്റകൂടിയതിന്റെ ദഹനക്കേടായിരിക്കും എന്ന് മരുമകളുടെ പരിഹാസം. അത് സഹിക്കാവുന്നതായിരുന്നു. പക്ഷെ, പിന്നീട് അവള്‍ പറഞ്ഞത് ക്ഷമിക്കാവുന്നതിനപ്പുറമായിരുന്നു.

വല്ലോടത്തും നെരങ്ങി വയറ് വീര്‍പ്പിച്ചിട്ടുണ്ടോന്നാര്‍ക്കറിയാം. പറ്റിയ ആളോടൊപ്പമല്ലേ സഹവാസം..”

നിര്‍ത്തടീ അറുവാണിച്ചീ നിന്റെ അധികപ്രസംഗം... ഫോണ്‍ എന്റെ പുന്നാരമോന്റെ കൈയീ കൊടുക്കെടീ..” അങ്ങിനെ പരിഹസിക്കാനാണ് അന്നേരം തോന്നിയത്. അത്തരത്തില്‍ ഒരു ഭൂതകാലമവള്‍ക്ക് ഉണ്ടായിരുന്നെന്നത് ആ സമയത്ത് ഓര്‍ത്തില്ല എന്നത് സത്യം.

ആ തള്ളക്ക് വട്ടാടീ.. നീ അത് വെച്ചിട്ട് ഇങ്ങ് പോരേ.. അതവിടെ കെടന്ന്‍ കൊരക്കട്ടെ.. പറ്റിയ കൂട്ടുമുണ്ടല്ലോ..” മകന്റെ വാക്കുകള്‍ ഇങ്ങേത്തലക്കല്‍ സുവ്യക്തമായിരുന്നു. വലിയ വിഷമമോ അമ്പരപ്പോ ഒന്നും തോന്നിയില്ല. അതിലേറെ അവനില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്‍ ഒരുവള്‍ക്കൊപ്പം ഇറങ്ങിപ്പോയപ്പോള്‍ കുറവ് തീര്‍ക്കാന്‍ രണ്ട് ദിവസങ്ങള്‍ക്കകം മകന്‍ വിളിച്ചുകൊണ്ടു വന്നവള്‍ മോശക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അരിയും പൂവുമിട്ട് സ്വീകരിച്ചത്. പക്ഷെ മൂന്നാംനാള്‍ ഈ വൃത്തികെട്ട ജന്തുക്കളോടൊത്ത് കഴിയാന്‍ പറ്റില്ല എന്ന് പറഞ്ഞ് കെട്ടിയവനെയും കൂട്ടി അവള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സര്‍ക്കാര്‍ പട്ടയഭൂമി അനുവദിച്ചപ്പോള്‍ അത് സ്വന്തം പേരില്‍ എഴുതിവാങ്ങാന്‍ തോന്നിയ നല്ല ബുദ്ധിയെ മനസ്സാ നമിച്ചുപോയി. അല്ലെങ്കില്‍ ഒരു പക്ഷെ ഇപ്പോള്‍...

നടുവ് കഴക്കുന്നു. തലചുറ്റുന്നത് പോലെ.. തൊണ്ട വല്ലാതെ വരളുന്നു. ഒരല്പം വെള്ളം കിട്ടിയിരുന്നെങ്കില്‍...

കുമാരി മരബെഞ്ചിലേക്ക് കിടന്നുപോയി. കണ്ണുകളില്‍ ഇരുട്ട് കയറും‌പോലെ.. ആശുപത്രി കെട്ടിടം ആകെ കറങ്ങും‌പോലെ..

ദൈവമേ അവള്‍ക്ക് ഒരു കുഴപ്പവും സംഭവിക്കരുതേ.. കാത്തോളണേ.. “ ബോധം മറയുമ്പോഴും കുമാരി മന്ത്രിച്ചുകൊണ്ടിരുന്നു..

മുഖത്ത് തണുത്ത വെള്ളം വീണപ്പോളാണ് ഞെട്ടിയുണര്‍ന്നത്. മണിയേട്ടനതാ ചിരിച്ചോണ്ട് മുന്‍പില്‍ നില്‍ക്കുന്നു.

മണിയേട്ടാ.. എന്റെ.. എന്റെ...“ വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല. തൊണ്ട ആകെ വരണ്ടിരിക്കുന്നു.

പേടിക്കാനൊന്നുമില്ല കുമാരി. കുമാരിയുടെ പട്ടിക്കുട്ടി ഇനി സേയ്ഫാണ്. ഗര്‍ഭപാത്രത്തിലുണ്ടായിരുന്ന പഴുപ്പായിരുന്നു അസഹനീയമായ വേദനക്ക് കാരണം. അത് നമ്മള്‍ നീക്കം ചെയ്തു. ഇനി യാതൊരു കുഴപ്പവുമില്ല. ഇതാ കൊണ്ടുപൊയ്ക്കോളു” ആകെ വിയര്‍ത്ത നിലയില്‍ ഒരു പുഞ്ചിരിയോടു കൂടി ഡോക്ടര്‍ അടുത്തുണ്ടെന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്. ഡോക്ടറുടെ കൈകളില്‍ വയറില്‍ വെച്ചുകെട്ടുമായി തളര്‍ന്നുറങ്ങുന്നത് തന്റെ പാറുവല്ലേ..... തന്റെയെല്ലാമായ പാറുക്കുട്ടി...

ഹോ.. പാറൂ.. മോളേ.. നീ വല്ലാണ്ട് പേടിപ്പിച്ചല്ലോ..“

ഡോക്ടറില്‍ നിന്നും പാറുവിനെ കൈയേല്‍ക്കുമ്പോഴേക്കും കുമാരിയുടെ തളര്‍ച്ചയൊക്കെ പമ്പകടന്നിരുന്നു. സ്റ്റിച്ചുവീണ വയര്‍ ഭാഗത്ത് തൊടാതെ തലോടിക്കൊണ്ട് കുമാരി പാറുവിന്റെ നീണ്ട ചെവിയിതളുകളില്‍ മെല്ലെ കടിച്ചു. മരുന്നിന്റെ മയക്കത്തിലും പാറു കുമാരിയുടെ മാര്‍വിടത്തിലേക്ക് പറ്റിച്ചേരുന്നത് കണ്ട് മണിയേട്ടനും ഡോക്ടറും പുഞ്ചിരിച്ചു. തന്റെ മാര്‍ത്തടം നനയുന്നത് മറ്റാരും അറിയാതിരിക്കുവാനായി ഡോക്ടറെ നോക്കി നിറകണ്ണുകളോടെ കൈകൂപ്പി കൊണ്ട് കുമാരി പെട്ടന്ന് പടിയിറങ്ങി.

കുമാരിയുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്ന് അവളുടെയെല്ലാമായ പാറുവും...


ബുധനാഴ്‌ച, ജൂൺ 19, 2013

ബാന്‍ഡ്‌വിഡ്തില്‍ ഒരു കാക്ക - ഒരു വായനക്കാരിയുടെ കത്ത്

ഇന്നലെ ഉച്ചക്ക് രെജിസ്ട്രേര്‍ഡ് പോസ്റ്റില്‍ ഒരു കത്ത് വന്നു. ഒപ്പിട്ട് വാങ്ങിക്കഴിഞ്ഞപ്പോള്‍ പോസ്റ്റ്മാന്‍ ഒരു നോട്ടം :) അപ്പോഴാണ് അഡ്രസ്സ് ശ്രദ്ധിച്ചത്. ഒരു പെണ്ണിന്റെ പേര്. സരിതമാരും മറ്റും മുഖ്യമന്ത്രിക്ക് വരെ തലവേദന സൃഷ്ടിക്കുന്ന സമയം. ഒരു ഭാഗ്യപരീക്ഷണത്തിന് നില്‍ക്കാതെ കത്ത് നല്ലപാതിയെ ഏല്‍പ്പിച്ചു. ഞാന്‍ നിരപരാധിയാ.. നീ തന്നെ വായിക്ക് എന്ന ഭാവത്തോടെ വിനയകുനയനായി.. കത്ത് പൊട്ടിച്ച് നോക്കിയിട്ട് ഓ.. എന്നെക്കൊണ്ടൊന്നും മേലാന്നും പറഞ്ഞ് അവള് സംഭവം തിരിച്ചു തന്നു. പ്രശ്നബാധിത ലെറ്റര്‍ ഒന്നുമല്ല എന്ന് മനസ്സിലായപ്പോള്‍ ആകാംഷ കൂടി. പക്ഷേ, വായിച്ചു കഴിഞ്ഞപ്പോള്‍ സന്തോഷം തോന്നി. നമ്മളറിയാത്ത.... നമ്മെയറിയാത്തവര്‍... (ഈ കത്തയച്ച കുട്ടിയെ ഞാന്‍ അറിയില്ല.. പക്ഷേ, ആ കുട്ടിക്ക് പുസ്തകം നല്‍കിയത് എന്റെ കസിന്‍ സിസ്റ്ററുടെ മകള്‍ ആണ് എന്ന് കത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു) പുസ്തകം വായിച്ച് അതേക്കുറിച്ചുള്ള അഭിപ്രായം കത്തയക്കുക! അതും ഞാനേറെ ഇഷ്ടപ്പെടുന്ന വായനവാരത്തില്‍ എനിക്ക് ലഭിക്കുക. പേര്‍സണലായി അയച്ച ഒരു കത്തിനെ പബ്ലിക്കാക്കുന്നതിലെ ശരി തെറ്റുകളെക്കുറിച്ച് കുറച്ചധികം ചിന്തിച്ചു. ഒരു പക്ഷേ, എന്റെ അല്പത്തമാവാം... എന്തുതന്നെയായാലും പേര്‍സണല്‍ വിശേഷങ്ങള്‍ ഒന്നും അല്ലല്ലോ കത്തിലെന്നും വ്യത്യസ്ത വീക്ഷണമുള്ളവരുടെ ഓരോരോ വായനകളും കഥകളെ പുതിയ രീതികളില്‍ ചിന്തിപ്പിക്കുവാന്‍ എഴുത്തുകാരനെ തന്നെ പ്രാപ്തനാക്കുന്നു എന്നുമുള്ള ചിന്തയില്‍ നിന്നും പ്രിയ കൂട്ടുകാരുമായി ആ കത്ത് പങ്കുവെയ്ക്കട്ടെ..






മെയ് 31,2013
ആനന്ദഭവനം

മനോരാജ്യ’ത്തെ ജീവിതസത്യങ്ങളോടടുപ്പിച്ച കഥാകൃത്തിനു വന്ദനം,

ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക’ എന്ന കഥാസമാഹാരത്തിന്റെ വായനക്കാരി എന്നതിലുപരി, താങ്കളുടെ വ്യക്തിജീവിതത്തിന്റെ വിദൂരപ്രേക്ഷകകൂടിയാണ് ഞാന്‍. പേര് അമ്മു. അശ്വതിരവി(അച്ചു)യിലൂടെ താങ്കളുടെ ജീവിതചിത്രം കിട്ടുകയുണ്ടായി. അതിനുശേഷമാണ് അവളെനിക്ക് സമ്മാനിച്ച താങ്കളുടെ കഥാസമാഹാരത്തിന്റെ വായനക്കാരിയായതു പോലും

പുസ്തകത്തിലെ ഏറ്റവും ആഴം തോന്നിയ ഭാഗം സമര്‍പ്പണമാണ്.
നീ പരിചയപ്പെടുത്തുന്ന അവര്‍ക്ക്...
അവര്‍ പരിചയപ്പെടുത്തുന്ന അവര്‍ക്ക്..”
ഓര്‍മ്മയുടെ അകലങ്ങളില്‍ പൊട്ടാറായി നിന്ന ബന്ധങ്ങളുടെ കാണാച്ചരടുകള്‍ക്ക് ഒരു ശക്തിവന്നതുപോലുള്ള ഒരനുഭൂതി. മിക്കപ്പോഴും ഒരു ഫെമിനിസ്റ്റായി ചിന്തിക്കുവാന്‍ ഇഷ്ടപ്പെടുന്ന എനിക്ക് പെണ്മയുടെ കതിരും, പതിരും അടങ്ങുന്ന ജീവിതം മണക്കുന്ന ഒരു പിടി കഥകള്‍ സമ്മാനിച്ചതിന് നന്ദി.

ഹരിചന്ദന’ത്തിലെ അവസാനവരിയില്‍ തങ്ങിനില്‍ക്കുന്ന ആശയം പൂര്‍ണ്ണമായും എനിക്ക് ഗ്രഹിക്കുവാനായില്ല.... അല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയതിനുമപ്പുറം അവിടെ തുടിക്കുന്ന ഒരു വികാരമുണ്ട് എന്ന് തോന്നുന്നു. ‘ശവക്കുഴിയിലേക്ക് വഴിക്കണ്ണുമായി’ലെ പിതാവിനെ അറിഞ്ഞപ്പോള്‍, മകള്‍ക്കുവേണ്ടി കൊലപാതകിയായ (നിയമത്തിന്റെ മുന്‍പില്‍ മാത്രം ആ പേര്‍ ഏറ്റുവാങ്ങിയ) കൃഷ്ണപ്രിയയുടെ അച്ഛനെയാണ് ഓര്‍മ്മവന്നത്. കറുത്ത കോട്ടിനുള്ളില്‍ സത്യത്തെ ഒളിപ്പിച്ച്, നിയമപുസ്തകത്തിലെ പേജുകള്‍ കീറിപ്പൊതിഞ്ഞ് ചമച്ചെടുത്ത അസത്യങ്ങളെ പുറത്തെടുക്കുന്ന ക്രിമിനല്‍ വക്കീലന്മാരുടെ കണ്‍കെട്ടുകളെ തോല്‍പ്പിച്ച ആ അച്ഛന്റെ ധീരതയ്ക്ക് പ്രണാമം.

ഫെമിനിസ്റ്റാണെന്നിരിക്കെ, ഞാനൊരു കമ്യൂണിസ്റ്റല്ല. മൃഗീയമായി ചിന്തിച്ചും, പ്രവര്‍ത്തിച്ചും വിധവകളെയും അനാഥകുടുംബങ്ങളെയും പെറ്റിടുന്ന ചുവപ്പന്‍ പാര്‍ട്ടിയെ ഞാന്‍ വെറുക്കുക തന്നെ ചെയ്യുന്നു. പാര്‍ട്ടിവിരുദ്ധന്റെ ഹൃദയം മുറിച്ച്, അതില്‍ തുണികുത്തിത്തിരുകി അവന്റെ രക്തത്തില്‍ തീര്‍ത്ത ചെങ്കൊടിയേന്തുന്ന ഇടതിനേക്കാള്‍, ഗ്രൂപ്പിസവും അധികാര തര്‍ക്കവും, കസേരകളിയും നടത്തുന്ന വലതുകൈയാണ് എനിക്ക് താല്‍‌പര്യം. ക്ഷമിക്കണം , പറഞ്ഞുവന്നത് പാര്‍ട്ടിയല്ല, ഞാന്‍ കമ്മ്യൂണിസ്റ്റല്ല എന്നാണ്! അതെ, ഞാന്‍ ഒരു ഉറച്ച ദൈവവിശ്വാസിയാണ്. .. അഥവാ ദൈവഭക്ത. പക്ഷേ, വിഗ്രഹങ്ങള്‍ക്കപ്പുറം ജീവനെ നിലനിര്‍ത്തുന്ന, പ്രപഞ്ചമെന്ന ബൃഹത്‌കാവ്യത്തെ സൃഷ്ടിച്ച ശക്തിമണ്ഢലത്തെയാണ് ഞാന്‍ ആരാധിക്കുന്നത്. ജീവിതത്തിന്റെ പരിഹാരമില്ലാത്ത പ്രശ്നങ്ങള്‍ക്ക് മുന്‍പില്‍ ‘ശ്രീഗുരുവായൂരപ്പന്‍’ എന്ന ഒരൊറ്റ ശക്തിയില്‍ വിശ്വസിച്ചതുകൊണ്ടുമാത്രം ഇന്നും നിര്‍ഭയയായി ജീവിക്കുന്നവരില്‍ ഒരാള്‍ ഞാനാണ്. ‘ഇനി നീ ജീവിച്ചുകൂട’ എന്ന് എന്നോടാക്രോശിച്ച സാഹചര്യങ്ങളെ സിസ്സാരമായി ചിരിച്ചുതള്ളാന്‍ എനിക്കുവന്ന ധൈര്യത്തെ ഞാന്‍ കടം വാങ്ങിയത്, സ്നേഹത്തിന് മാത്രം പലിശയുള്ള ആ ബാങ്കില്‍ നിന്നുമാണ്.... ദൈവം വിഗ്രഹമല്ല എന്ന് ചിന്തിപ്പിക്കാന്‍ സമാഹാരത്തിലെ ആദ്യരണ്ടുകഥകളായ ‘ഹോളോബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവവും’ ‘നടപ്പാതയില്‍ വീണുടയുന്ന സ്വപ്നങ്ങളും’ വായനക്കാരന് പ്രചോദനമാകും.

ശവംനാറിപ്പൂവ്’ ഒരു കഥയായി തോന്നിയില്ല. ദിക്ക് കിടുങ്ങുന്ന, മനം പിടയുന്ന ഒരു നിലവിളിയായാണ് ബൌദ്ധീകമണ്ഢലത്തില്‍ വന്ന് പതിച്ചത്. അതെ, ബൌദ്ധീകമേഖലയിലാണത് പതിച്ചത്. കാരണം, പലേ തവണ ഞാനതുവായിച്ചു. അവസാനവായനയിലാണ് കഥാഗതി തിരിച്ചറിഞ്ഞത്. … മരിച്ചത് കണ്ണകിയുടെ അമ്മയല്ല, അച്ഛനാണെന്ന ബോധമുണ്ടായത്. അനര്‍വ്വചനീയമായ ഹൃദയവായ്പും , വാത്സല്യവും നിറഞ്ഞ വൈകാരികബന്ധമാണ് നമ്മെ അച്ഛന്റെ ബന്ധുവാക്കുന്നത്. ആ ബന്ധം എന്നു നിലയ്ക്കുന്നൊവോ ആ നിമിഷം മുതല്‍ മക്കളെല്ലാം അപ്പനില്ലാത്തവരാകുന്നു. വാത്സല്യത്തിന്റെ പാലത്തില്‍ രണ്ടുവ്യക്തികളെ അച്ഛനും മകളുമായി / മകനുമായി ബന്ധിച്ചിരിക്കുന്നു. ബന്ധിപ്പിക്കുവാന്‍ ഒരേഒരു വികാരം മാത്രമുള്ളു. ആഴമേറിയ ബന്ധം ഇതുമാത്രമായിരിക്കാം. ശരീരം മരിക്കുമ്പോഴും വാത്സല്യം മരിക്കുന്നില്ല. അതിനാല്‍ അച്ഛന്‍ മരിക്കുന്നില്ല. അനശ്വരനായി നമ്മെ തലോടുന്നു. പക്ഷേ, കണ്ണകിക്ക് മരിച്ചത് അച്ഛനാണ് അമ്മയല്ല! കാരണം, കാളിയപ്പനില്‍ ആദ്യം നിലച്ചത് വാത്സല്യം പമ്പുചെയ്യുന്ന ഹൃദയമാണ്. തീ തിന്നത് അമ്മയുടെ രക്തം പമ്പുചെയ്യുന്ന ഹൃദയം മാത്രവും.

ഒരു ശരാശരി കഥാപ്രമേയങ്ങളുടെ അരങ്ങുകളില്‍ നിന്നും മാറിനില്‍ക്കുന്നവരാണ് സീനിയര്‍ സിറ്റിസണ്‍സ്. എന്നാല്‍ above average പ്രമേയങ്ങളില്‍ അനാഥമാകുന്ന വാര്‍ദ്ധക്യം പരിഗണിക്കപ്പെടുന്നു. പക്ഷേ, താങ്കള്‍ അവരിലും ഉയര്‍ന്ന തസ്തികയില്‍പ്പെടുന്നു- എന്തെന്നാല്‍ ‘ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക’യില്‍ സ്നേഹിച്ചു തീരാത്ത വാര്‍ദ്ധക്യ ദമ്പതിമാര്‍ വായനക്കാരന്റെ അതിഥികളാകുന്നു. അനാഥരാകുന്ന വാര്‍ദ്ധക്യകഥകള്‍ വായിച്ചു കണ്ണീരു വീഴ്തുന്ന, കുറ്റബോധം കൊണ്ട് ഉറക്കം കെടുത്തുന്ന രാത്രികളില്‍ നിന്നും വായനക്കാരന് ഒരു ഇടത്താവളമാണത്. ഇതുവരെ മറ്റാരും പയറ്റിയിട്ടില്ലാത്ത ഒരു പുതിയ ആയുധം ആ കഥയിലുണ്ട്. … നായകനും, നായികയും ജന്മം കൊടുത്ത ഹൃദയസ്നേഹത്തിന്റെ നവാഗത ബിം‌ബം അഭിനന്ദനീയാര്‍ഹം.

കഥകളില്‍, അഥവാ എഴുതപ്പെട്ട ജീവിതാംശങ്ങളില്‍ പ്രതീക്ഷയുടെ പകല്‍‌വെളിച്ചം മങ്ങിയിരിക്കുന്നതായി തോന്നി. അവസാനവരികളില്‍ ശുഭപ്രതീക്ഷയുടെ ചേരുവകള്‍ കൂട്ടിയിട്ടാല്‍ വായനക്കാരന്റെ പിരിമുറുക്കത്തിനൊരാശ്വാസം കൊടുക്കാം. സ്വന്തം ജീവിതത്തില്‍ തന്നെ ആവശ്യത്തിലധികം മാനസീക സംഘര്‍ഷങ്ങളനുഭവിക്കുന്ന , ചിരിക്കാന്‍ മറക്കുന്ന, പ്രതീക്ഷകളില്ലാത്ത വായനക്കാരനെ കഥാകൃത്തിന്റെ ലോകത്തിലും പീഡിതരാക്കേണ്ട. അവര്‍ ചിരിക്കട്ടെ. നാളെയെപ്പറ്റി ശുഭപ്രതീക്ഷ പുലര്‍ത്തട്ടെ. താങ്കളുടെ മനോരാജ്യത്തില്‍ വായനക്കാരന്‍ ചിരിക്കാനും, കരയാനും, പ്രതീക്ഷിയ്ക്കുവാനും, വേദനിയ്ക്കുവാനും, സ്നേഹിക്കുവാനും, സ്വപ്നം കാണുവാനും അറിയുന്ന മനുഷ്യനാ‍കട്ടെ. അതിന് താങ്കളുടെ അക്ഷരങ്ങള്‍ പ്രാപ്തരാകട്ടെ എന്ന് ആശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.
ഇനിയും മികച്ച രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട്,
അമ്മു.എം.ജി