വെള്ളിയാഴ്‌ച, ഡിസംബർ 23, 2011

കുട്ടിക്കള്ളന്‍

ളവ് എന്നത് ചിലര്‍ക്ക് ഒരു ഹോബിയാണ്. ചിലര്‍ അത് ജീവിക്കുവാനുള്ള ഉപാധിയാക്കുന്നു. മറ്റു ചിലരില്‍ അത് അവര്‍ പോലുമറിയാത്ത മാനസീക വൈകല്യത്തിന്റെ പ്രതിഫലനമാണ്. ഇത്തരത്തിലുള്ളവര്‍ ചിലപ്പോള്‍ പിടിക്കപ്പെടുന്ന സാഹചര്യവും മറ്റും ചേര്‍ത്ത് ജീവിതകാലം മുഴുവന്‍ കള്ളനെന്ന പേരില്‍ അറിയപ്പെടേണ്ടിവരുന്നു. ഒട്ടേറെ കുട്ടിക്കള്ളന്മാരെ പറ്റി ഇന്ന് നമ്മള്‍ വാര്‍ത്തകളിലൂടെയും മറ്റും അറിയുന്നു. പക്ഷെ ഇവര്‍ എങ്ങിനെ കള്ളന്മാരായി എന്നോ അല്ലെങ്കില്‍ ഇവരുടെ ഒക്കെ ഭാവിയെന്തെന്നോ ആരും ചികഞ്ഞിട്ടില്ല. എനിക്ക് നേരില്‍ അറിയാവുന്ന ഒരു സംഭവം പറയാം.


ഒരു സുഹൃത്തിന്റെ വീട്ടില്‍ അടുത്തിടെ തുടര്‍ച്ചയായി വളരെ വ്യത്യസ്തമായ ചില കളവുകള്‍ നടക്കുകയുണ്ടായി. കളവ് എന്ന് പറയാന്‍ കഴിയുമോ എന്നറിയില്ല. കാരണം , കളവ് നടത്തുന്ന ആള്‍ തന്നെ ആരുമറിയാതെ തൊണ്ടിമുതല്‍ ഒരു ദിവസത്തിനകം വീട്ടുവളപ്പില്‍ തിരികെ എത്തിക്കും!!. സുഹൃത്തിന്റെ വീട്ടില്‍ അവനെകൂടാതെ അച്ഛന്‍ , അമ്മ, സഹോദരി എന്നിവരാണ് ഉള്ളത്. വീട്ടില്‍ നിന്നും തുടര്‍ച്ചയായി നഷ്ടപ്പെട്ടുകൊണ്ടിരുന്നത് സ്ത്രീകളുടെ അടിവസ്ത്രങ്ങളും!! ഇതില്‍ ഏറ്റവും അത്ഭുതകരമായ വസ്തുതയെന്തെന്നാല്‍ കള്ളന്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ഈ കളവ് മുതല്‍ കൈവശം സൂക്ഷിക്കില്ല എന്നതാണ്.


അടിവസ്ത്രങ്ങള്‍ അലക്കിയുണക്കാന്‍ ഇട്ടാല്‍ അവ കാണാതാകുന്നു. പിറ്റേന്നോ അന്ന് വൈകീട്ടോ തന്നെ അവ പറമ്പിന്റെ ഏതെങ്കിലും മൂലയില്‍ നിന്നോ പുരയിടത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നോ കണ്ടുകിട്ടുകയും ചെയ്തു. ആദ്യം രണ്ടുമൂന്ന് ദിവസമൊന്നും ആര്‍ക്കും ഒന്നും മനസ്സിലായില്ല. കാക്കയോ മറ്റോ ചെയ്തതാവും എന്നേ ആദ്യമൊക്കെ സ്ത്രീകള്‍ കരുതിയുള്ളൂ.. അമ്മയോ സഹോദരിയോ ഈ വിവരം നാണക്കേട് കൊണ്ടാവാം മറ്റാരെയും അറിയിച്ചുമില്ല. കള്ളനാണെങ്കിലും വളരെയധികം ബുദ്ധിപൂര്‍‌വ്വം തന്നെയായിരുന്നു മുന്നോട്ട് പോയിരുന്നത്. രണ്ട് ദിവസത്തെ മോഷണത്തിന് ശേഷം പിന്നീട് പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. അതുകൊണ്ട് തന്നെ സ്ത്രീകള്‍ ഈ സംഭവം വിട്ടുകളയുകയും ചെയ്തു. പക്ഷെ, വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോള്‍ നേരത്തെ സംഭവിച്ചത് പോലെ വസ്ത്രങ്ങള്‍ നഷ്ടപ്പെടുവാനും അന്ന് വൈകുന്നേരമോ അടുത്ത ദിവസമോ ഒക്കെയായി പഴയത് പോലെ അവ തിരികെ കിട്ടുകയും ചെയ്തു. അതോടുകൂടി സ്ത്രീകള്‍ കൂടുതല്‍ ജാഗരൂകരായി.. അവര്‍ വസ്ത്രങ്ങള്‍ അലക്കിയിടുന്നത് വളരെയധികം ശ്രദ്ധിച്ചായി. അടുത്തുള്ള ചില വീടുകളിലും ഇതേ പോലുള്ള കളവ് നടന്നു എന്ന്‍ അറിയുന്നത് അപ്പോഴായിരുന്നു.. മോഷണങ്ങള്‍ക്കിടയിലെ ഒരാഴ്ചയുടെ ഗ്യാപ്പുകള്‍ ഇതുപോലെ ഒട്ടുമിക്ക വീട്ടുകാര്‍ക്കും ഉണ്ടായിരുന്നു എന്നത് അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സ്ത്രീകളാരും അടിവസ്ത്രങ്ങള്‍ വീടിനു പുറത്ത് അലക്കിയിടുന്നത് ഒഴിവാക്കി. അതോടെ കള്ളന്റെ അവസ്ഥ പരിതാപകരമായി. മോഷ്ടിക്കുവാന്‍ 'വസ്തു' കിട്ടാതെ വന്നപ്പോള്‍ കള്ളന്‍ മുന്‍പ് കൈവശപ്പെടുത്തിയ മോഷണമുതല്‍ തിരികെ കൊടുക്കുന്ന വിശാലമനസ്കത അവസാനിപ്പിച്ചു.


ആരായിരിക്കും കള്ളന്‍? എല്ലാവരും തലപുകയ്കാന്‍ തുടങ്ങി. ഒരു രൂപവും കിട്ടുന്നില്ല. അപ്പോഴാണ് മറ്റൊരു കാര്യം ഏവരുടേയും ശ്രദ്ധയില്‍ പെട്ടത്. മിക്കവാറും ഉച്ചസമയത്താണ് കളവ് നടക്കുന്നത്. ഊണ് കഴിക്കുന്ന നേരങ്ങളില്‍. അങ്ങിനെ അവരുടെ വിശദമായ ഇന്‍‌വെസ്റ്റിഗേഷനൊടുവില്‍ കള്ളനെ കണ്ടുപിടിച്ചു. ഒരു എട്ടാംക്ലാസുകാരന്‍ പയ്യനായിരുന്നു പ്രതി! അവനാണെങ്കിലോ നാട്ടുകാര്‍ക്കിടയില്‍ നല്ല ഇമേജുള്ള അച്ഛനമ്മമാരുടെ രണ്ട് മക്കളില്‍ ഒരാള്‍. സാമാന്യം നന്നായി പഠിക്കുന്ന, കണ്ടാല്‍ പാവം പോലെ തോന്നുന്ന ഒരു പയ്യന്‍. ആദ്യം ഇത് പറഞ്ഞ സ്ത്രീയോട് മറ്റുള്ളവര്‍ തട്ടിക്കയറി. ഹെയ്, അവനാവില്ല. അവന്‍ ഒരു പാവം പയ്യനല്ലേ എന്നൊക്കെയായിരുന്നു മറ്റുള്ളവരുടെ ന്യായീകരണം. എങ്കിലും ക്രമേണ, പിന്നീടുള്ള രണ്ട് ദിവസങ്ങള്‍ കൊണ്ട് കള്ളനെ പലരും കാണുകയുണ്ടായി. കാരണം, മോഷണമുതല്‍ വീടിനു വെളിയില്‍ വരാതായതോടെ കള്ളന്റെയും സമചിത്തത തെറ്റിയിരുന്നു. എങ്ങിനെയും വസ്തു കൈക്കലാക്കണമെന്ന ചിന്തയോടെ പലപ്പോഴും കൊച്ചുകള്ളന്‍ സമയവും സന്ദര്‍ഭവും മറന്നു. മുന്‍പുണ്ടായിരുന്നത് പോലെ വ്യക്തമായ പ്ലാനിങ് ഇല്ലാതെയായി കള്ളന്റെ നീക്കങ്ങള്‍. പലപ്പോഴും പല മതില്‍ക്കെട്ടിന്റെയും മറവില്‍ കൊച്ചുകള്ളന്‍ പതുങ്ങിനില്‍ക്കുന്നത് ഇവരില്‍ പലരും കണ്ടു. അതോടെ പെണ്ണുങ്ങള്‍ അവനെ നോക്കി കണ്ണുരുട്ടാന്‍ തുടങ്ങി. പക്ഷെ, ഒരിക്കല്‍ പോലും തൊണ്ടിമുതലുമായി അവനെ ആര്‍ക്കും പിടിക്കാന്‍ കഴിഞ്ഞില്ല. പെണ്ണുങ്ങള്‍ ചര്‍ച്ചചെയ്ത് വീണ്ടും അടിവസ്ത്രങ്ങള്‍ പുറത്ത് ഉണക്കാനിടുവാന്‍ തീരുമാനിച്ചു. ഇവനെ കൈയോടെ പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. ഓരോ വീട്ടിലും സ്ത്രീകള്‍ ഇവനെ പിടിക്കാന്‍ പതുങ്ങി നിന്നു. പക്ഷെ, അവനെ തൊണ്ടിയോട് കൂടെ പിടികൂടുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അത്രയേറെ സമര്‍ഥമായിട്ടായിരുന്നു കളവ് നടത്തിയിരുന്നത്. അങ്ങിനെയായിരുന്നു പ്രശ്നം ആണുങ്ങളുടെ ചെവിയില്‍ എത്തിയത്.


അങ്ങിനെ അവസാനം സംഭവം കൂട്ടുകാരന്റെ പെങ്ങള്‍ അവനോട് പറഞ്ഞു. ഇവനെ കൈയോടെ പിടികൂടാന്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നായി പിന്നീടുള്ള ചിന്ത. കാരണം തെളിവ് സഹിതമല്ലാതെ ഇത് മറ്റാരോടും പറയാന്‍ കഴിയില്ല. ഇത്തരം ഒരു സംഭവത്തിലെ പ്രതിയാണ് ആ പയ്യനെന്ന് ആരും വിശ്വസിക്കില്ലെന്നതാണ് സത്യം. അത്രക്കേറെയായിരുന്നു അവന്റെ വീട്ടുകാര്‍ക്ക് നാട്ടുകാര്‍ക്കിടയിലുള്ള ഇമേജ്.


ഒടുവില്‍ നായ്കരണപ്പൊടി പ്രയോഗം നടത്താമെന്ന് അവര്‍ തീരുമാനിച്ചു. നായ്കരണപൊടി വിതറിയ ഒരു അടിവസ്ത്രം പതിവ് പോലെ അലക്കിയുണക്കാന്‍ എന്ന രീതിയില്‍ അയയില്‍ ഇട്ട് കാത്തിരിപ്പായി. ആദ്യ ദിവസം സംഭവം അവിടെ തന്നെ കിടന്നു. എന്തോ മറ്റെവിടെയോ ആയിരുന്നു അന്ന് കൊച്ചുകള്ളന്റെ ലക്ഷ്യസ്ഥാനം. പിറ്റേന്ന് കള്ളന്‍ മുതല്‍ കൈകലാക്കി. ഒരു മണിക്കൂറോളം വെയിറ്റ് ചെയ്ത ശേഷം കൂട്ടുകാരനും അമ്മയും കൂടെ അവരുടെ വീട്ടിലേക്ക് ചെന്നു. ഇവര്‍ ചെല്ലുമ്പോള്‍ മുറിക്കകത്ത് മുറുമുറുക്കലുകളും വഴക്ക് പറച്ചിലും ഒക്കെ പതുക്കെയെങ്കിലും കേള്‍ക്കുന്നുണ്ട്. ഇവരെ കണ്ടതും പയ്യന്റെ അച്ഛനും അമ്മയും തൊഴുകൈകളുമായി വെളിയിലേക്ക് വന്നു. ദയവ് ചെയ്ത് ഇത് ആളുകളെ അറിയിച്ച് പ്രശ്നമാക്കരുത്. അങ്ങിനെ വന്നാല്‍ പിന്നെ ഞങ്ങള്‍ക്ക് ആത്മഹത്യ മാത്രമേ മാര്‍ഗ്ഗമുള്ളൂ എന്ന് പറഞ്ഞ് ആ മാതാപിതാക്കള്‍ കരയാന്‍ തുടങ്ങി. പയ്യന്‍ അകത്ത് മുറിയില്‍ കിടന്ന് ചൊറിച്ചിലോട് ചൊറിച്ചില്‍. ഒടുവില്‍ ആ പയ്യന്റെ നല്ല ഭാവിയെ കരുതി ആ വീട്ടുകാരുടെ അവസ്ഥ മനസ്സിലാക്കി കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാതെ അത് ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു.


അന്ന് അവനെ ഒരു കള്ളന്‍ അല്ലെങ്കില്‍ മാനസീകരോഗി എന്ന രീതിയില്‍ പുറംലോകത്തിനു മുന്‍പില്‍ തുറന്നുകാട്ടുവാനുള്ള അവസരം കളഞ്ഞു കുളിച്ചു എന്ന ഒരു തോന്നല്‍ ഇപ്പോള്‍ ആര്‍ക്കുമില്ല. അവന്റെ മാതാപിതാക്കള്‍ ഒരു പാട് ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ അവന്റെ പ്രശ്നം എവിടെ നിന്നൊക്കെയോ കിട്ടിയ അപക്വമായ ലൈംഗീക പരിഞ്ജാനമാണെന്ന് മനസ്സിലാക്കുകയും മറ്റാരുമറിയാതെ അവന് നല്ല ഒരു മന:ശാസ്ത്രഞ്ജന്‍ വഴി കൌണ്‍സിലിങ് നല്‍കുകയും ഇന്ന് അവന്‍ നല്ല കുട്ടിയായി തീരുകയും ചെയ്തു. ഒരു പക്ഷെ, സമൂഹത്തിനു മുന്‍പില്‍ അന്ന് മോശക്കാരനായി ചിത്രീകരിച്ചിരുന്നെങ്കില്‍ ഇന്ന് അവന്‍ ഒരു താന്തോന്നിയായി മാറിയേനേ..

------------------------------------------------------------------------------------------------------

റഹ്‌മാന്‍ കിടങ്ങയം എഡിറ്റ് ചെയ്ത് ഒലിവ് പബ്ലിക്കേഷന്‍സ് , കോഴിക്കോട് പുറത്തിറക്കിയ, കഥകള്‍/ കവിതകള്‍/ അനുഭവങ്ങള്‍ എന്നിവ ഉള്‍പ്പെട്ട 'കള്ളന്‍ ഒരു പുസ്തകം' എന്ന സമാഹാരത്തില്‍ 'നായ്കരണപ്പൊടി' എന്ന പേരില്‍ അനുഭവമെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകൃതമായ കുറിപ്പ്..

ചൊവ്വാഴ്ച, ഡിസംബർ 06, 2011

ബെന്യാമിനുമായുള്ള അഭിമുഖം ബ്ലോഗനയില്‍


ആടുജീവിതത്തില്‍ നിന്നും മഞ്ഞവെയില്‍ മരണങ്ങളിലേക്ക് എന്ന പേരില്‍ നാട്ടുപച്ച വെബ്‌മാഗസിനു വേണ്ടി ബെന്യാമിനുമായി നടത്തിയ ഇമെയില്‍ അഭിമുഖം മാതൃഭൂമിയുടെ ലക്കം (2011 ഡിസംബര്‍ 11) ബ്ലോഗനയില്‍!. ബ്ലോഗനയുടെ പേജ് പരിമിതി മൂലമാവാം അഭിമുഖം പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയിട്ടില്ല. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെയും ഇവിടെയും വായിക്കാം.





ഈ അഭിമുഖം ചെയ്യുവാന്‍ എന്നെ സമീപിച്ച നാട്ടുപച്ചയുടെ അണിയറപ്രവര്‍ത്തകര്‍ക്കും, ഇതിലേക്കായി ഒട്ടേറെ ഇന്‍ഫൊര്‍മേഷന്‍സ് നല്‍കി സഹായിച്ച പ്രിയപ്പെട്ട ചില ബ്ലോഗ് സുഹൃത്തുക്കള്‍ക്കും അതിനേക്കാളേറെ ഒരു ഇമെയില്‍ അഭിമുഖം എന്ന ആശയത്തോട് സഹകരിച്ച ശ്രീ. ബെന്യാമിനും ഹൃദയം നിറഞ്ഞ നന്ദി


എന്റെ കുറിപ്പുകള്‍ വായിക്കുവാന്‍ സമയം കണ്ടെത്തുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന എല്ലാവരോടും ഈ അവസരത്തില്‍ നന്ദി അറിയിക്കട്ടെ.

വെള്ളിയാഴ്‌ച, നവംബർ 25, 2011

ഒരു നാടിന്റെ രക്ഷക്കായുള്ള ഒത്തുചേരലിലേക്ക്..

ജീവിക്കുവാനുള്ള തത്രപ്പാടിനിടയില്‍, ഒഴുക്കില്‍ പെട്ടുപോയേക്കാവുന്ന സ്വജീവിതവും സഹജീവിതങ്ങളും രക്ഷപ്പെടണമെന്ന ആഗ്രഹവുമായി തൊഴിലിടങ്ങളില്‍ നിന്നും ബാഗുകളും തൂക്കി മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയ ഈ തലമുറയുടെ പ്രതിനിധികളേ.. നിങ്ങളാണ് ശരി..!! നിങ്ങള്‍ തെളിയിച്ച ഈ മെഴുകിതിരി വെട്ടം കേരളത്തിലെ ജനങ്ങള്‍ നാളെയേറ്റെടുത്തേക്കും.. ഒരു ഡാമിന്റെ പേരില്‍.. ഒരു നാട്ടിലെ ജനതയുടെ പേരില്‍ ഇത് വരെ കാണാത്ത വെര്‍ച്ചല്‍ സൌഹൃദങ്ങള്‍ ഒരുമിച്ചു ചേര്‍ന്നെങ്കില്‍ - തീര്‍ച്ചയായും തൊട്ടപ്പുറത്തെ വീട്ടിലെ സുഖമില്ലാത്ത ചേട്ടനെ തിരിഞ്ഞു നോക്കാത്തവരെന്നും പട്ടിണി പാവങ്ങളോട് മുഖം തിരിച്ചിട്ട് അവരുടെ ഫോട്ടോകളില്‍ ലൈക്ക് അടിക്കുകയും കമന്റിടുകയും ചെയ്യുന്നവരെന്നുമുള്ള - അറിവില്ലായ്മയുടെ ജല്പനങ്ങള്‍ പുലമ്പുന്നവര്‍ക്ക് നേരെ നിങ്ങള്‍ക്കിനി ശക്തമായി പ്രതികരിക്കാം. “35 ലക്ഷത്തിനു മേല്‍ ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരു കൈത്തിരി വെട്ടമെങ്കിലും കത്തിച്ചു. ആ കൈത്തിരി വെട്ടത്തിന്റെ പ്രകാശം കെടാതെ സൂക്ഷിക്കുവാനുള്ള ഊര്‍ജ്ജം ഞങ്ങളില്‍ നിന്നും കെടുത്താതെ നോക്കുക. ഒരു പക്ഷെ ഇനിയും നാളെകളില്‍ നിങ്ങളുടെ വീരസാഹികതകള്‍ , കവലപ്രസംഗങ്ങള്‍, ഭാവനാസൃഷ്ടികള്‍, പരിസ്ഥിതി വാദങ്ങള്‍ ഒക്കെ ശ്രവിക്കാന്‍ ഇവിടെ ഈ മണ്ണില്‍ ആള്‍ വാസമുണ്ടാവണമെങ്കില്‍ ഒന്നുകില്‍ ഞങ്ങളോടൊത്ത് അണിചേരൂ.. അതല്ലെങ്കില്‍ ദയവ് ചെയ്ത് ഞങ്ങളെ തളര്‍ത്താന്‍ ശ്രമിക്കാതിരിക്കുക

സത്യത്തില്‍ ഈ വെര്‍ച്ചല്‍ മീഡിയയുടെ ഒരു ഭാഗമായതില്‍ ഒട്ടേറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു ഇന്ന് വൈകുന്നേരം 5.30 മണിമുതല്‍ 8 മണിവരെ. അത്രയേറെ ആസ്വദിച്ചായിരുന്നു എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ തടിച്ചു കൂടിയ സൈബര്‍ എഴുത്തിടങ്ങളില്‍ തളക്കപ്പെട്ട യുവജനതയുടെ ആവേശം. ഞങ്ങള്‍ ആവേശം കൊണ്ടത് പരസ്പരമുള്ള പുകഴ്തലുകളിലെ ലൈകുകളിലോ കമന്റുകളിലോ ചിറ്റ്ചാറ്റിലോ ആയിരുന്നില്ല. മറിച്ച് ഒരു ജനതയെ ഉണര്‍ത്തുവാനുള്ള ഈ ശ്രമത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞത് ഓര്‍ത്തായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്ലോഗ്, ബസ്സ്, ഫെയ്ബുക്ക് എന്നിവിടങ്ങളിലായി ചര്‍ച്ചകളിലൂടെ രൂപപ്പെട്ട് വന്ന Save Sinking Kerala എന്ന മൂവ്മെന്റിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നടന്ന കാന്‍ഡില്‍ ലൈറ്റ് വിജിലില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞു. ഇത് വരെ കാണാത്തവര്‍ വീ വാന്‍ഡ് ന്യൂ ഡാം എന്ന മുദ്രാവാക്യത്തിനു പിന്നില്‍ (അതോ മുറവിളിയോ) അണിനിരന്നതില്‍ നിന്നും ചില നിമിഷങ്ങള്‍ ഇവിടെ പങ്കുവെക്കട്ടെ.





റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം വായിക്കുവാന്‍ നമ്മുടെ ബൂലോകത്തിലേക്ക് ഇത് വഴി പോകാം.

വ്യാഴാഴ്‌ച, നവംബർ 17, 2011

ആടുജീവിതത്തില്‍ നിന്നും മഞ്ഞവെയില്‍ മരണങ്ങളിലേക്ക് : ബെന്യാമിനുമായി ഒരു അഭിമുഖം

ആടുജീവിതത്തിലൂടെ മരുഭൂമിയിലെ പൊള്ളുന്ന ജീവിതചിത്രങ്ങള്‍ മലയാളി വായനക്കാര്‍ക്ക് സമ്മാനിച്ച ബെന്യാമിന്‍ വ്യത്യസ്തമായ മറ്റൊരു പ്രമേയപരിസരവുമായി വീണ്ടും മലയാള സാഹിത്യപ്രേമികളെ വിസ്മയിപ്പിക്കുന്നു! ‘മഞ്ഞവെയില്‍ മരണങ്ങള്‍‘ എന്ന ബെന്യാമിന്റെ പുതിയ നോവല്‍ വായന കഴിഞ്ഞപ്പോള്‍ എന്തുകൊണ്ടോ നോവലിസ്റ്റുമായി ആശയവിനിമയം നടത്തണമെന്ന് ഒരാഗ്രഹം തോന്നി. അദ്ദേഹവുമായി ഇമെയില്‍ വഴി നടത്തിയ ചെറിയ ഒരു അഭിമുഖമാണ് ഇത്. ആദ്യമായാണ് ഇത്തരം ഒരു സാഹസത്തില്‍ ഏര്‍പ്പെടുന്നത്. അതിന്റെ എല്ലാ പരാധീനതകളും ഇതിനുണ്ടാവാം. എന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ സമയം കണ്ടെത്തിയ ബെന്യാമിനോട് നന്ദി അറിയിക്കട്ടെ.

1) ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലെ പച്ചയായ ചില ജീവിത കാഴ്ചകളില്‍ നിന്നും പച്ചപ്പു നിറഞ്ഞ ഡീഗോ ഗാര്‍ഷ്യയിലെ ചുട്ടുപൊള്ളിക്കുന്ന ചില ജീവിത കാഴ്ചകളിലേക്ക്... അല്ലെങ്കില്‍ ഭാവി ജീവിതം കരുപ്പിടിപ്പിക്കുവാനുള്ള ജീവിത സമരത്തിനിടയില്‍ നജീബനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങളില്‍ നിന്നും ഭാവിയിലേക്കുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ക്കായി നോവലിസ്റ്റാകുവാന്‍ ശ്രമിക്കുന്ന അന്ത്രപ്പേര്‍ അനുഭവിച്ച് തീര്‍ത്ത സംഘര്‍ഷങ്ങളിലേക്ക്... അല്ലെങ്കില്‍ ആടുജീവിതത്തില്‍ നിന്നും മഞ്ഞവെയില്‍ മരണങ്ങളിലേക്കെത്തുമ്പോള്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ അനുഭവിച്ച സംഘര്‍ഷങ്ങളെ പറ്റി പറയാമോ?


ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഓരോ രചനയും ഒരു പുതിയ എഴുത്തനുഭവമാണ്. ഇന്നലെ വരെ അവന്‍ എഴുതിയതൊന്നും അവനെ സ്വാധീനിക്കുകയോ സഹായിക്കുകയോ സമാധാനിപ്പിക്കുകയോ ചെയ്യില്ല. അതൊരു വലിയ ഗുണവും അതേസമയം വലിയ ഭാരവുമാണ്. ശൂന്യതയില്‍ നിന്ന് ഒരു ലോകത്തെ കെട്ടിപ്പടുത്തുകൊണ്ടു വരുക എന്നത് അത്ര ചെറിയ കാര്യമല്ല. പുതിയ കഥാപാത്രങ്ങളെയും അവരുടെ ജീവിതത്തെയും അവരുടെ മാനസിക സംഘർഷങ്ങളെയും സാമൂഹിക പരിസരത്തെയും തുടങ്ങി രാഷ്‌ട്രീയ നിലപാടുകളെ വരെ നാം പുന:സൃഷ്ടിക്കേണ്ടതുണ്ട്. അതിന്റെ ഭാരം വലുതു തന്നെയാണ്. അതാണ് എഴുത്തുകാരന്റെ ആത്മസംഘര്‍ഷം. അതാണ് രചന പൂര്‍ത്തികരിച്ച് കഴിയുമ്പോള്‍ എഴുത്തുകാരന്‍ അനുഭവിക്കുന്ന ആത്മഹര്‍ഷവും..!


2 ) ഡീഗോ ഗാർഷ്യ എന്ന രാജ്യത്തെ (ദ്വീപിലെ) രാഷ്ട്രീയവും താങ്കൾ ജീവിക്കുന്ന ബഹറിൻ എന്ന രാജ്യത്തെ (ദ്വീപിലെ) രാഷ്ട്രീയവും തമ്മിൽ എന്തെങ്കിലും സാമ്യം തോന്നിയിട്ടുണ്ടോ? അങ്ങനെ എന്തെങ്കിലും ഒരു ചിന്തയിൽ നിന്ന് കൂടെയാണോ മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന പുതിയ നോവലിന്റെ കഥാതന്തു വികസിപ്പിച്ചെടുത്തത് ?


ഒരു നോവലിന്റെ രചനാവേളയില്‍ നാം കണ്ടതും അനുഭവിച്ചതും നമ്മെ സ്പര്‍ശിച്ചതും ഒക്കെയായ നിരവധി വിഷയങ്ങള്‍ നമ്മുടെ മുന്നില്‍ വന്നു നിറയും. അതൊക്കെ കഥാസന്ദര്‍ഭങ്ങളോട് കൃത്യമായി ചേര്‍ത്തുവയ്ക്കുന്നതിലാണ് ഒരു എഴുത്തുകാരന്‍ തന്റെ മികവ് പ്രകടിപ്പിക്കേണ്ടത്. അത്തരത്തിലുള്ള ശ്രമം എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അത് ഒരു പ്രത്യേക ദേശത്തെ രാഷ്‌ട്രീയമല്ല. അതില്‍ എല്ലായിടത്തെയും രാഷ്‌ട്രീയമുണ്ട്. അതുകൊണ്ടാണ് സ്വതവേ പരിചിതമല്ലാത്ത ഡീഗോ ഗാർഷ്യ എന്നൊരു രാജ്യത്തിനെ കഥാഭൂമികയായി ഞാന്‍ തിരഞ്ഞെടുത്തത്. പലയിടങ്ങളിലെ പല സാമൂഹിക സാഹചര്യങ്ങളെ ചേര്‍ത്തു വയ്ക്കാനാണ് ഞാന്‍ ശ്രദ്ധിച്ചത്. അക്കൂട്ടത്തില്‍ ഞാന്‍ ജീവിക്കുന്ന ബഹ്‌റൈനിലെ രാഷ്‌ട്രീയവും പരോക്ഷമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്.


3) എതെല്ലാം അദ്ധ്യായങ്ങള്‍ ആരിലുടെയൊക്കെ പറയണം എന്ന വ്യക്തമായ ലക്ഷ്യബോധം ബെന്യാമിനിലിനെ നോവലിസ്റ്റിനുണ്ടെന്ന് അടിവരയിട്ടുറപ്പിക്കുന്ന ഒന്നാണ് മഞ്ഞവെയില്‍ മരണങ്ങളുടെ കഥ പറച്ചില്‍ ശൈലി. സത്യത്തില്‍ ഈ കഥപറയുവാന്‍ ഇത്തരം വ്യത്യസ്തമായ ഒരു ചട്ടക്കൂട് തിരഞ്ഞെടുക്കുവാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണങ്ങള്‍ ?


കഥ എഴുത്തില്‍ അങ്ങനെ മുന്‍നിശ്ചിതമായ ഒരു ശൈലിയൊന്നുമില്ല. നമ്മുടെ ഉള്ളില്‍ പറയാന്‍ ഒരു വിഷയമുണ്ടെങ്കില്‍ അതിന്റെ ശൈലി അത് സ്വയമേ കണ്ടെത്തിക്കൊള്ളും എന്നാണ് എന്റെ അനുഭവം. എന്റെ ഒരു കഥയും ഒരു നോവലും ഈ ശൈലിയില്‍ എഴുതണം എന്ന നിശ്ചയത്തോടെ എഴുതിത്തുടങ്ങിയതല്ല. എഴുതി കുറച്ച് കഴിയുമ്പോള്‍ താനേ വന്നു കൂടുന്നതാണ്. മഞ്ഞവെയിലിന്റെ കാര്യവും വ്യത്യസ്‌തമായിരുന്നില്ല. പിന്നൊരു കാര്യം എന്റെ ഒരു കൃതിയും മറ്റൊന്നിന്റെ അനുകരണം ആകരുതെന്ന ഒരു ആഗ്രഹം എനിക്കുണ്ട്. അതെത്ര മികച്ചതായാലും വായിക്കപ്പെട്ടതായാലും. അങ്ങനെ അനുകരിക്കുന്നിടത്ത് എഴുത്തിന്റെ സുഖം നഷ്‌ടപ്പെട്ട് പോകില്ലേ.. എഴുത്തിലെ ത്രില്‍ അനുഭവിക്കാന്‍ കൂടിയാണ് ഞാന്‍ എഴുതുന്നത്. വെറുതെ പ്രസിദ്ധീകരിക്കപ്പെടാന്‍ വേണ്ടി മാത്രമല്ലത്. എന്റെ അബീശഗിന്റെ രീതിയിലല്ല അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങശ് എഴുതപ്പെട്ടത്. അതുപോലെയല്ല ആടുജീവിതം വന്നത്. നിശ്ചയമായും മഞ്ഞവെയിലിന് അതിന്റേതായ ശൈലിയുണ്ട്. അത് നോവല്‍ സ്വയം കണ്ടെത്തിയതാണ്.


4) നോവലിലെ നായകന്റെ സുഹൃത്തായ ജയേന്ദ്രന്‍ പറയുന്നു. "ഏതൊരെഴുത്തുകാരനും ആദ്യത്തെ അന്‍പത് പേജിന്റെ സൗജന്യം ഞാന്‍ നല്‍കും. അതിനപ്പുറത്തേക്ക് എന്നെക്കൊണ്ടു പോകേണ്ടത് എഴുത്തുകാരന്റെ കടമയാണെന്ന്. എന്നാല്‍ ആ കാലം പോയെന്നും ഒരു അഞ്ച് പേജിന്റെ സൗജന്യമേ ഞാന്‍ നല്‍കൂ എന്ന് നായക കഥാപാത്രത്തെ കൊണ്ടും പറയിപ്പിക്കുന്നുണ്ട്. ഒരു സാഹിത്യകാരന്‍ എന്ന നിലയില്‍ ഇന്നത്തെ വായനാ സമൂഹത്തെ എങ്ങിനെ നോക്കിക്കാണുന്നു? അഥവാ വായനക്കാരനോട് എഴുത്തുകാരനുള്ള കമ്മിറ്റ്മെന്റ് എന്താണ്?


ആ പ്രസ്ഥാവന എന്റെ ഒരു വിശ്വാസമാണ്. ആഗ്രഹവുമാണ്. ഇന്നത്തെ വായനാ സമൂഹം വല്ലാതെ മാറിയിട്ടുണ്ട്. കൃതിയുടെ പിന്നാലെ പോയി കഷ്ടപ്പെട്ട് വായിച്ചെടുക്കുന്ന കാലമൊക്കെ അസ്‌തമിച്ചിരിക്കുന്നു. അങ്ങനെ വായിക്കണമെന്ന് ഒരു വായനക്കാരനും ഇപ്പോള്‍ ആഗ്രഹമില്ല. ഒരു കൃതി വായിപ്പിക്കുക എന്നത് ഇന്ന് എഴുത്തുകാരന്റെ മാത്രം ഉത്തരവാദിത്വമാണ്. അവന് പറയാനുള്ളത് വായനക്കാരനോട് പറയും എന്ന ദൃഢനിശ്ചയത്തോടെ എഴുത്തുകാരന്‍ വായനക്കാരനെ സമീപിക്കേണ്ടതുണ്ട്. അതിനര്‍ത്ഥം വായനക്കാരന് ഇഷ്‌ടമുള്ളത് കൊടുക്കുക എന്നല്ല. തനിക്ക് പറയാനുള്ളതിലേക്ക്, തന്റെ ശൈലിയിലേക്ക് ,തന്റെ വാചകങ്ങളിലേക്ക് എഴുത്തിന്റെ മാന്ത്രികദണ്ഡ് വീശി വായനക്കാരനെ ആകർഷിച്ച് കൊണ്ടുവരുക എന്നതാണ്. അതുമാത്രമാണ് എഴുത്തുകാരന് വായനക്കാരനോടുള്ള കമ്മിറ്റ്മെന്റ്..


5) മഞ്ഞവെയില്‍ മരണങ്ങളില്‍ ഒട്ടേറെ വായനക്കാരെ ആകര്‍ഷിച്ച ഒന്നായിരുന്നു വ്യാഴചന്ത. പുസ്തകത്തിന്റെ ഒരോ ഭാഗത്തിനൊടുവിലും പുസ്തകമടച്ചുവെച്ച് കഥാഗതിയെ പറ്റി സ്വയം തര്‍ക്കിക്കുവാനും വ്യാഴചന്തകളുമായി തര്‍ക്കത്തിലേര്‍പ്പെടുവാനും പിതാക്കന്മാരുടെ പുസ്തകത്തിന്റെ അടുത്ത ഭാഗം ആരുടെ പക്കല്‍ ആവുമെന്ന് കണ്ടെത്തുവാന്‍ ശ്രമിക്കുവാനും വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട് വ്യാഴചന്തയുടെ അന്തരീക്ഷം. ഈ നോവലിനു വേണ്ടി സൃഷ്ടിച്ചെടുത്ത ഒരു സങ്കല്പമാണോ വ്യാഴചന്ത? വ്യാഴചന്തയെ പറ്റി ഒന്ന് വിശദമാക്കാമോ?


ഞങ്ങളുടെ സുഹൃത്തുക്കളുടെ കൂടിയിരിപ്പിന് എന്റെ ഭാവനയുടെ നിറം ചേര്‍ത്ത പേരാണ് വ്യാഴച്ചന്ത എന്നത്. പക്ഷേ ഞങ്ങളുടെ ജീവിതത്തെ സമ്പുഷ്ടമാക്കുന്ന അര്‍ത്ഥവത്താക്കുന്ന അത്തരമൊരു കൂടിയിരുപ്പ് ഞങ്ങള്‍ക്കിടയില്‍ നടക്കുന്നുണ്ട്. സത്യത്തില്‍ അവർക്കുപോലും അറിയാത്ത ഒരു കാര്യമുണ്ട്. ഞാന്‍ നോവലിനുവേണ്ട പല കാര്യങ്ങളും ഒപ്പിച്ചെടുക്കുന്നത് ഈ സംസാരത്തിനിടയില്‍ നിന്നാണ്. ഒന്നുരണ്ട് ഉദാഹരണം തരാം. നോവലില്‍ ചൈനീസ് തത്വചിന്തകന്‍ ചാങ്സുവിനെക്കുറിച്ച് പറയുന്ന ഒരു ഭാഗമുണ്ടല്ലോ. അക്കാര്യം എന്നോട് പറയുന്നത് നിബുവാണ്. ഞങ്ങള്‍ തമ്മില്‍ അതേ സംബന്ധിച്ച് നിരവധി സംവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേ പോലെ ഹസ്‌തഫലകത്തെപ്പറ്റി സൂചന തരുന്നതും നിബു തന്നെ. പോണോഗ്രാഫി സൈറ്റുകളിലെ അപകടങ്ങളെക്കുറിച്ച് ആദ്യമായി ഞാന്‍ അറിയുന്നത് ഒരു കൂടിയിരുപ്പില്‍ ബിജു പറഞ്ഞുകേട്ടാണ്. അങ്ങനെ നിരവധി ഉദാഹരണങ്ങള്‍ തരാന്‍ കഴിയും. വളരെ ശക്‌തമായ വാക്കുതര്‍ക്കങ്ങളും കൊടുക്കല്‍വാങ്ങലുകളും നടക്കുന്ന ഒരു കൂടിയിരുപ്പാണ് ഞങ്ങളുടെ വ്യാഴച്ചന്ത.


6) ജീവിച്ചിരിക്കുന്ന ചില സുഹൃത്തുക്കളെയും ചില സെലിബ്രിറ്റികളെയും കഥാപാത്രമായി മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവലിലേക്ക് ഭംഗിയായി കുടിയിരുത്തിയിട്ടുണ്ട്. മുകുന്ദന്റെ ചില നോവലുകളിലും സേതുവിന്റെ പുതിയ നോവലായ മറുപിറവിയിലുമെല്ലാം നോവലിസ്റ്റ് തന്നെയും സെലിബ്രിറ്റികളും ചില അദ്ധ്യായങ്ങളില്‍ കഥാപാത്രമായി തലകാട്ടി പോകുന്നത് മുന്‍പും വായനക്കാര്‍ക്ക് പരിചിതം തന്നെ. എന്നാല്‍ തനിക്ക് ചുറ്റുമുള്ള കുറേ സുഹൃത്തുക്കളെ നോവലിലെ കഥാഗതിയെ സ്വാധീനിക്കും വിധം അല്ലെങ്കില്‍ നിയന്ത്രിക്കാന്‍ തക്ക വിധം മുഖ്യകഥാപാത്രങ്ങളാക്കി നോവല്‍ വികസിപ്പിക്കുകയാണ് മഞ്ഞവെയില്‍ മരണങ്ങളിലൂടെ.. ഇത് എഴുത്തിന്റെ ഒഴുക്കിനെ എങ്ങിനെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കാമോ? അല്ലെങ്കില്‍ എഴുത്തിനെ സ്വാധീനിക്കും വിധമുള്ള പോസിറ്റീവ് / നെഗറ്റീവ് ഇടപെടലുകള്‍ ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നുവോ? ചില കാര്യങ്ങള്‍ പറയുവാന്‍ എന്നെ ഉപയോഗിക്കരുതെന്നോ മറ്റോ രീതിയില്‍?


അതി ഭാവനയും അതിയാഥാര്‍ത്ഥ്യവും തമ്മിലുള്ള ഒരു കൂട്ടിക്കലർപ്പാണ് മഞ്ഞവെയില്‍ മരണങ്ങള്‍. അതില്‍ യാഥാർത്ഥ്യമെത്ര ഭാവന എത്ര എന്ന് വേർതിരിച്ചറിയാനാവാത്തവിധം കലര്‍പ്പ് സാധ്യമായിട്ടുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അത് സാധ്യമാക്കി എടുക്കുന്നതിനായിട്ടാണ് ഇത്തരം ചില കഥാപാത്രങ്ങളെയും സെലിബ്രിറ്റികളെയും ഒക്കെ കഥയിലേക്ക് സന്നിവേശിപ്പിച്ചത്. എന്നാല്‍ കഥ എഴുതിത്തുടങ്ങിയാല്‍ പിന്നെ അവരൊക്കെയും ഫിക്‌ഷന്‍ മാത്രമാണ്. അവര്‍ യഥാര്‍ത്ഥത്തിലുള്ളവരല്ല. അവരുടെ ചില സ്വഭാവസവിശേഷതകളും പേരുകളും ഉപയോഗിച്ചു എന്നല്ലാതെ അവരുടെ വാര്‍പ്പ് മാതൃകകളല്ല കഥാപാത്രങ്ങള്‍. അതുകൊണ്ടുതന്നെ രചനയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം മുന്‍കൂട്ടി അറിയിക്കേണ്ടതില്ല. അങ്ങനെയുള്ള ഇടപെടലുകള്‍ രചനാവേളയില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ എഴുതി പൂർത്തിയായ ശേഷം വായനക്കാര്‍ എന്ന നിലയില്‍ കൃതി അവരെ ഏല്പിക്കുകയും അഭിപ്രായം ശേഖരിക്കുകയും ചെയ്‌തിരുന്നു. അവര്‍ നിര്‍ദ്ദേശിച്ച ക്രിയാത്മകമായ ചില വെട്ടിത്തിരുത്തലുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് നോവല്‍ പുറത്തുവന്നിട്ടുള്ളത്.


7) ബെന്യാമിന്റെ കഥകളേക്കാള്‍ എന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത് നോവലുകളാണെന്ന് തോന്നുന്നു. കഥയെഴുതുന്ന ബെന്യാമിനെയാണോ നോവലെഴുതുന്ന ബെന്യാമിനെയാണോ കൂടുതല്‍ ഇഷ്ടം? അല്ലെങ്കില്‍ കഥയെഴുതുമ്പോഴാണോ നോവലെഴുതുമ്പോഴാണോ കൂടുതല്‍ സംതൃപ്തി കിട്ടുയിട്ടുള്ളത്?


രണ്ടും രണ്ട് അനുഭവമാണ്. നോവലാണ് എനിക്ക് കുറച്ച് കൂടി ആത്മസംതൃപ്‌തി തരുന്ന രചനാരൂപം. ഇത്തിരി വിശാലമായ ക്യാന്‍വാസിലാണ് എന്റെ കഥകള്‍ രൂപം കൊള്ളാറുള്ളത്. അതിനു പറ്റിയ മാധ്യമം നോവല്‍ തന്നെയാണ്. എന്റെ കഥകള്‍ തന്നെ വളരെ നീണ്ടവയാണെന്ന് ശ്രദ്ധിച്ചാല്‍ മനസിലാവും. നോവലിന്റെ ചെറുരൂപങ്ങളാണവ. എന്നാല്‍ രസകരമായ കാര്യം എന്റെ കഥകള്‍ക്കാണ് കൂടുതല്‍ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുള്ളത് എന്നതാണ്.


8) അബീശഗിന്‍, ആടുജീവിതം, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, പ്രവാചകന്‍മാരുടെ രണ്ടാംപുസ്തകം, ഇരുണ്ട വനസ്ഥലികള്‍... (അതുപോലെ തന്നെ ആര്‍ക്കോപിലാഗോ , പിതാക്കന്മാരുടെ പുസ്തകം, കള്‍ച്ചറല്‍ ആംബുലന്‍സ്, കന്യാഭോഗസൂക്തം...... തുടങ്ങി സൃഷ്ടിക്കുള്ളില്‍ സൃഷ്ടിക്കപ്പെടുന്ന പേരുകള്‍) സൃഷ്ടികളുടെ പേരുകള്‍ കണ്ടെത്തുന്നതില്‍ ഈ വ്യത്യസ്തത മന:പൂര്‍‌വ്വമാണോ? അതോ സംഭവിച്ചു പോകുന്നതാണോ?


അത് സംഭവിച്ച് പോകുന്നതാണ്. എന്നാല്‍ അത്തരം പേരുകള്‍ക്കുവേണ്ടി ഞാന്‍ എത്രവേണമെങ്കിലും കാത്തിരിക്കാറുണ്ടെന്നതും സത്യമാണ്.


9) ചരിത്രവും മിത്തും തമ്മില്‍ സം‌യോജിപ്പിച്ചുള്ള ഒരു എഴുത്ത് രീതി മഞ്ഞവെയില്‍ മരണങ്ങളില്‍ പലയിടത്തും കാണം. ഒരു പക്ഷെ ഇതിനു മുന്‍പ് 'ഇട്ടിക്കോര'യില്‍ ടി.ഡി.ആര്‍ പരീക്ഷിച്ച ഒരു എഴുത്ത് തന്ത്രം. ഉദയം പേരൂര്‍ സുന്നഹദോസിന്റെയും തൈക്കാട്ടമ്മയെയും ഡീഗോ ഗാര്‍ഷ്യ ചരിത്രവും മറ്റു വിവരണങ്ങളും മഞ്ഞവെയില്‍ മരണങ്ങളിലെ മറിയം സേവയും ഇട്ടിക്കോരയിലെ കോരക്ക് കൊടുക്കല്‍ ചടങ്ങുകളിലുമെല്ലാം അത്തരം ചെറിയ സാമ്യം തോന്നിയിരുന്നു. ഒരിക്കലും ഇട്ടിക്കോര പോലെ നെറ്റ് വിഞ്ജാനം പകര്‍ത്തിവെച്ചിരിക്കുകയാണ് ഈ നോവലില്‍ എന്നല്ല പറഞ്ഞു വരുന്നത്. പക്ഷെ, നോവലെഴുതുമ്പോഴോ അതിനു ശേഷമോ മേല്‍‌സൂചിപ്പിച്ചത് പോലെ ഒരു സാദൃശ്യം എഴുത്തുകാരനോ എഴുത്തുകാരനിലെ വായനക്കാരനോ അനുഭവപ്പെട്ടിട്ടുണ്ടോ?


അങ്ങനെയൊരു സാമ്യം വായനക്കാര്‍ ചൂണ്ടിക്കാട്ടുന്നതുവരെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നതാണ് സത്യം. ഇട്ടിക്കോര എനിക്കിഷ്‌ടപ്പെട്ട കൃതിയാണ് പക്ഷേ. വളരെ വ്യത്യസ്‌തമായ ഒരു വിഷയമല്ലേ അത് കൈകാര്യം ചെയ്യുന്നത്. ഞാന്‍ അങ്ങനെയാണ് അത് വായിച്ചത് എന്നതുകൊണ്ടുമാകാം. ഞാന്‍ ഇത്തരം വിഷയങ്ങളില്‍ എത്തുന്നത് എന്റെ തന്നെ അന്വേഷണത്തിന്റെയും പഠനത്തിന്റെയും തുടര്‍ച്ചയായാണ്. ആടുജീവിതത്തിനു ശേഷമുള്ള എന്റെ കഥകള്‍ ശ്രദ്ധിച്ചാല്‍ അറിയാം, ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ന്യൂനപക്ഷ സമുദായങ്ങളെക്കുറിച്ചും അവർക്കിടയിലെ വിചിത്രങ്ങളായ ആചാരങ്ങളെക്കുറിച്ചും സ്‌ത്രീ കേന്ദ്രീകൃതമായിരുന്ന ഒരു അധികാര വ്യവസ്ഥയെക്കുറിച്ചും ഒക്കെയാണ് അക്കഥകള്‍ പറഞ്ഞത്. ആഡിസ് അബാബ എന്ന കഥ എടുക്കുക. എത്യോപ്യയിലെ ഒരു വിഭാഗം ജനങ്ങളെക്കുറിച്ചും അതിലൊരു രാജ്ഞിയെ വാഴിക്കുന്നതിനെക്കുറിച്ചും ഒക്കെയാണത്. കുമാരിദേവിയാകട്ടെ സ്‌ത്രീയെ ദൈവമാക്കുന്ന നേപ്പാളി ആചാരത്തെക്കുറിച്ചാണ് പറയുന്നത്. ,എം.എസും പെണ്‍കുട്ടിയുമാകട്ടെ മോംഗ് എന്ന് ജനവിഭാഗത്തെക്കുറിച്ചും അവരുടെ വിചിത്ര ചിക്‌ത്സകനായ ഷമാനെക്കുറിച്ചും ഒക്കെ പറയുന്നു. അതിന്റെ തുടർച്ചയാണ് മഞ്ഞവെയില്‍ മരണങ്ങള്‍. അത് നമുക്കിടയിലെ തന്നെ ചില കാര്യങ്ങള്‍ ചർച്ച ചെയ്യുന്നു. ഇട്ടിക്കോരയിലെ ചരിത്രങ്ങള്‍ കെട്ടുകഥകളാണെങ്കില്‍ ഉദയം പേരൂര്‍ സുന്നഹദോസും തൈക്കാട്ടമ്മയും മറിയം സേവയും കെട്ടുകഥകള്‍ അല്ല. അത്തരത്തില്‍ നോവലുകള്‍ തമ്മില്‍ അന്തരമുണ്ട് എന്നാണ് എന്റെ വിശ്വാസം.


10.) നോവലിൽ പറയുന്ന ഡീഗോ ഗാർഷ്യ ദ്വീപ് ചരിത്രം, ഉദയം പേരൂർ അടക്കമുള്ള കേരളത്തിലെ ചരിത്രവിവരങ്ങൾ, ക്രിസ്റ്റന്‍ സഭാതര്‍ക്ക പരാമര്‍ശങ്ങള്‍ എന്നതൊക്കെ തേടിപ്പിടിച്ച് പങ്കുവെക്കാൻ കാണിച്ചിട്ടുള്ള താൽ‌പ്പര്യം ശ്ലാഘനീയമാണ്. ഡീഗോ ഗാർഷ്യയിൽ എപ്പോഴെങ്കിലും പോയിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇനിയെങ്കിലും പോകണമെന്ന ആഗ്രഹം മനസ്സിലുണ്ടോ ?


ഡീഗോ ഗാര്‍ഷ്യയെപ്പറ്റി ഞാന്‍ കേട്ടിട്ടു മാത്രമേയുള്ളൂ. പോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ സന്ദര്‍ശകരെ അനുവദിക്കുന്ന ഇടമല്ല അതിപ്പോള്‍. അമേരിക്കന്‍ നാവികത്താവളമാണത്. പിന്നെ നോവല്‍ വായിച്ചിട്ട് ഡീഗോയില്‍ പോയാല്‍ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വായിച്ചിട്ട് മാഹി കാണാന്‍ പോയവന്റെ അനുഭവമായിരിക്കും ഉണ്ടാകുക. നോവലില്‍ ഉള്ളതെല്ലാം യഥാര്‍ത്ഥത്തില്‍ ഉണ്ടാവണം എന്നില്ല. പക്ഷേ നിങ്ങള്‍ക്ക് ഉദയം പേരൂരില്‍ പോകാവുന്നതാണ്. പഴയപള്ളിയും തൈക്കാട്ടമ്മയുടെ കപ്പോളയും ഒക്കെ അവിടെ കാണാം. നോവലില്‍ ഉള്ളതുപോലെ തന്നെ. അങ്ങനെ പോയ ചില വായനക്കാര്‍ അവരുടെ അനുഭവം പങ്കുവച്ചിരുന്നു.


11) എഴുതി പൂര്‍ത്തിയാക്കിയ മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവലിലേക്ക് ഒരു പ്രത്യേകസാഹചര്യത്തില്‍ വ്യാഴചന്തയും അതിലെ അംഗങ്ങളും കടന്നു വന്നതാണ് എന്ന് ഇതേ കുറിച്ചുള്ള മറ്റൊരു അഭിമുഖത്തില്‍ നട്ടപ്പിരാന്തന്‍ പറയുന്നുണ്ട്. ആ സാഹചര്യം എന്തെന്ന് ബെന്യാമിന്‍ വെളിപ്പെടുത്തുന്നതിന് മുന്‍പ് വെളിപ്പെടുത്തുന്നതിലെ ഔചിത്യക്കുറവും നട്ടപ്പിരാന്തന്‍ ആ അഭിമുഖത്തില്‍ പങ്കുവെക്കുന്നു. ഇതേ കുറിച്ച് നോവലിസ്റ്റിന്റെ അഭിപ്രായമറിയുവാന്‍ ആകാംഷയുണ്ട് ?


ഞാൻ നേരത്തെ പറഞ്ഞില്ലേ ഒരു നോവല്‍ അതിന്റെ ശൈലി സ്വയം കണ്ടെത്തുന്നതാണെന്ന്. എഴുത്തിന്റെ ഒരു ഘട്ടത്തില്‍ വച്ച് ഇതുവരെ പറഞ്ഞ രീതിയിലല്ല ഈ നോവല്‍ പറയേണ്ടത് എന്നൊരു തോന്നല്‍ എനിക്കുണ്ടായി. അതുവരെ എഴുതിയതിനെ എല്ലാം മുറിച്ച് പുതിയൊരു രചനാരീതി ഞാന്‍ അവലംബിച്ചു. ഒരു പതിനഞ്ച് നിലകെട്ടിടം പത്തുനില പണിഞ്ഞ് കഴിഞ്ഞ് ആദ്യം മുതല്‍ ഇടിച്ച് പണിയുന്നതുപോലെ ആയിരുന്നു അത്. പക്ഷേ എഴുത്തുകാരന് അങ്ങനെ തോന്നിയാല്‍ അത് ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടി ഇരട്ടി പണി എടുക്കേണ്ടതുണ്ട്. എന്തായാലും അപ്പോഴാണ് വ്യാഴച്ചന്തയും അതിലെ അംഗങ്ങളും ഒക്കെ കടന്നുവരുന്നത്. നിങ്ങള്‍ ഇപ്പോള്‍ വായിക്കുന്ന രൂപത്തിലല്ല ഈ നോവല്‍ ആദ്യം എഴുതപ്പെട്ടത്.


12) ബ്ലോഗ്, ഫെയ്സ്‌ബുക്ക്, ഓര്‍ക്കൂട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് അത്യധികം പ്രാധാന്യം നല്‍കുന്നുണ്ട് മഞ്ഞവെയില്‍ മരണങ്ങളില്‍. ചിലയവസരങ്ങളില്‍ കഥാഗതിയെ നിയന്ത്രിക്കുന്നതില്‍ പോലും ഇവയില്‍ ചിലതിന്റെ പങ്ക് വലുതുമാണ്. ബ്ലോഗ് ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങളെ പറ്റിയുള്ള ചില പ്രശസ്തരായ എഴുത്തുകാരുടെ അഭിപ്രായപ്രകടനങ്ങള്‍ ( നപുംസക സഹിത്യം, ടോയ്‌ലെറ്റ് സാഹിത്യം) ബ്ലോഗില്‍ സജിവമായി നിലകൊള്ളുന്ന ഒരാളെന്ന നിലയില്‍ എങ്ങിനെ നോക്കിക്കാണുന്നു. ഓണ്‍ലൈന്‍ , ബ്ലോഗ്, -എഴുത്തുകളെ കുറിച്ച് താങ്കളുടെ കാഴ്ചപാട് ?


സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ലോഗുകളും ഒക്കെ ഇന്നൊരു സാമൂഹിക യാഥാര്‍ത്ഥ്യമാണ്. ഇന്നിന്റെ കഥ പറയുന്ന ഒരാള്‍ക്ക് അതിനെ ഒഴിവാക്കിക്കൊണ്ട് ഒന്നും പറയാന്‍ കഴിയില്ല. ചില എഴുത്തുകാരുടെ അത്തരത്തിലുള്ള അഭിപ്രായം അവര്‍ക്കതിലുള്ള പരിജ്ഞാനക്കുറവുകൊണ്ട് സംഭവിക്കുന്നതാണ്. മൂന്നു രാജ്യങ്ങളിലെ ഭരണാധികാരികളെ അട്ടിമറിക്കാന്‍ പ്രധാനപങ്ക് വഹിച്ച ഫേസ്ബുക്കിനെ ചെറുതായി കാണുന്നെങ്കില്‍ അതിനെ മണ്ടത്തരം എന്നുപോലും വിളിക്കേണ്ടി വരും. ബ്ലോഗുകളും അത്തരത്തിലുള്ള ദൌത്യം നിര്‍വ്വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇറാഖ് യുദ്ധ സമയത്തും മറ്റും. - എഴുത്തും ഇ- വായനയും എഴുത്തിന്റെ ഒരു പുതിയ മാധ്യമത്തിലേക്കുള്ള കുടിയേറ്റമായാണ് കാണേണ്ടത്. അതിനു കഴിയുന്നില്ലെങ്കില്‍ ലോകം അതിന്റെ വഴിക്ക് പോകും. എഴുത്ത് അവിടെത്തന്നെ നില്ക്കുകയും ചെയ്യും. എന്തും നമ്മള്‍ പുതിയ കാലത്തിലേക്കും സാങ്കേതിക വിദ്യകളിലേക്ക് സന്നിവേശിപ്പിക്കാന്‍ തയ്യാറാവേണ്ടതുണ്ട്.


13) അവസാനമായി ഒരു ചോദ്യം കൂടി.. മഞ്ഞവെയില്‍ മരണങ്ങളില്‍ പലവട്ടം പറഞ്ഞു പോകുന്ന 'നെടുമ്പാശ്ശേരി' എന്ന നോവല്‍ വായനക്കാര്‍ക്ക് ഉടനെ പ്രതീക്ഷിക്കാമോ? അതോ നോവലിനു വേണ്ടി രൂപപ്പെടുത്തിയ ഒരു സാങ്കല്പ്പീക സൃഷ്ടി മാത്രമാണോ നെടുമ്പാശ്ശേരി? അങ്ങിനെയെങ്കില്‍ പുതിയ വര്‍ക്ക് എന്തെങ്കിലും മനസ്സിലുണ്ടോ?


അപ്പോള്‍ ഒരു സാങ്കല്പിക സൃഷ്ടി മാത്രമായിരുന്നു നെടുമ്പാശ്ശേരി. എന്നാല്‍ അത്തരത്തില്‍ ഒരു കഥ എന്റെ മനസിലുണ്ട്. എഴുതണം. പുതിയ ഒരു വിഷയം മനസ്സില്‍ കൊണ്ടുനടക്കുന്നു. അതെങ്ങനെ നോവല്‍ ആക്കും എന്ന വേദന തിന്ന് നടക്കുന്നു.. !!


നാട്ടുപച്ച വെബ് മാഗസിനു വേണ്ടി ചെയ്ത അഭിമുഖം.


ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

മഞ്ഞവെയില്‍ മരണങ്ങള്‍

പുസ്തകം : മഞ്ഞവെയില്‍ മരണങ്ങള്‍
രചയിതാവ് : ബെന്യാമിന്‍
പ്രസാധകര്‍
: ഡി.സി.ബുക്സ്



ടുജീവിതത്തിലൂടെ മരുഭൂമിയിലെ പൊള്ളുന്ന ജീവിതചിത്രങ്ങള്‍ മലയാളി വായനക്കാര്‍ക്ക് സമ്മാനിച്ച ബെന്യാമിന്‍ വ്യത്യസ്തമായ മറ്റൊരു പ്രമേയപരിസരവുമായി വീണ്ടും മലയാള സാഹിത്യപ്രേമികളെ വിസ്മയിപ്പിക്കുന്നു! ‘മഞ്ഞവെയില്‍ മരണങ്ങള്‍‘ എന്ന ബെന്യാമിന്റെ പുതിയ നോവല്‍ കഴിഞ്ഞ ദിവസം വായിച്ചു തീര്‍ത്തു. വായിച്ചു തീര്‍ത്തു എന്നതിനേക്കാള്‍ നോവലിലെ കഥാപാത്രങ്ങളായ ബെന്യാമിന്‍, അനില്‍ വെങ്കോട്, ..സലിം, നിബു, സുധി മാഷ്, ബിജു, നട്ടപ്പിരാന്തന്‍ എന്നിവരോടൊപ്പം വ്യാഴചന്തയില്‍ മനസ്സുകൊണ്ട് പങ്കെടുത്തു എന്ന് പറയുന്നതാവും ഉചിതം. അല്പം കൂടെ ദീര്‍ഘിപ്പിച്ച് പറഞ്ഞാല്‍ അവര്‍ക്ക് മുന്‍പേ നോവലിന്റെ അടുത്ത ഭാഗം എന്ത് എന്നത് കണ്ടെത്തുവാന്‍ എനിക്ക് കഴിയണം എന്ന വാശിയിലായിരുന്നു ഞാനെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.


മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന ഈ പുസ്തകം എന്താണ്? ഇത് ചരിത്രമാണോ? നോവലിസ്റ്റിന്റെ മനോഹരമായ ഭാവനയാണോ? അതോ യാതൊരു നാട്യങ്ങളുമില്ലാതെ പറഞ്ഞു തീര്‍ത്ത ഒരു സസ്പെന്‍സ് ത്രില്ലറാണോ? എന്നോട് ചോദിച്ചാല്‍ ചരിത്രത്തില്‍ ഭാവന ചേര്‍ത്തെഴുതിയ സസ്പെന്‍സ് ത്രില്ലെര്‍ എന്ന് ഞാന്‍ പറയും. നോവലിന് പോരായ്മകള്‍ ഇല്ല എന്നോ പരിപൂര്‍ണ്ണമായി നോവല്‍ ഗംഭീരമെന്നോ അല്ല ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്. മറിച്ച് വായനക്കാരനെ നോവലിന്റെ ആഴങ്ങളിലേക്ക് നയിക്കുവാന്‍ , അതിന്റെ ഗഹനതയിലേക്ക് ഇഴുകിചേര്‍ക്കുവാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട് എന്നാണ്. ഓരോ പേജും കടന്നുപോകുന്നത് നിറയെ വിസ്മയം സൃഷ്ടിച്ചുകൊണ്ടാണ്. ഇത്രമേല്‍ ലയിച്ചിരുന്ന് ഇതിന് മുന്‍പ് ഒരു പുസ്തകം വായിച്ചു തീര്‍ത്തത് സങ്കീര്‍ത്തനം പോലെയായിരുന്നു.


മഞ്ഞവെയില്‍ മരണങ്ങളുടെ തുടക്കഭാഗത്തുള്ള പുലപ്പേടി എന്ന അദ്ധ്യായത്തില്‍ നോവലിലെ മുഖ്യകഥാപാത്രമായ അന്ത്രപ്പേര്‍ പറയുന്നതില്‍ നിന്നും തുടങ്ങട്ടെ. "ജയേന്ദ്രന്‍ പറയുമായിരുന്നു ഏതൊരു നോവലിസ്റ്റിനും ഞാന്‍ ആദ്യത്തെ അന്‍പതു പേജിന്റെ സൌജന്യം അനുവദിച്ചിട്ടുണ്ട്. അതിനപ്പുറത്തേക്ക് എന്നെ കൊണ്ടുപേകേണ്ടത് എഴുത്തുകാരന്റെ കടമയാണ്. ആ സാഹചര്യം ഒക്കെ പോയിരിക്കുന്നു. അദ്യത്തെ അഞ്ചുപേജിനുള്ളില്‍ ശ്രദ്ധപിടിച്ചുപറ്റാനായില്ലെങ്കില്‍ പിന്നൊരു വായനക്കാരനെ നേടുക അസാദ്ധ്യം എന്നാണ്‌ എനിക്ക് തോന്നുന്നത്." കഥാപാത്രത്തെ കൊണ്ട് പറയിച്ച വാക്കുകള്‍ തന്റെ എഴുത്തിലൂടെ തെളിയിക്കുന്നു ബെന്യാമിന്‍. അത്രയേറെ ആദ്യാവസാനം വായനക്കാരനെ പിടിച്ചിരുത്തുവാന്‍ മഞ്ഞവെയില്‍ മരണങ്ങളിലൂടെ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.


ഈ നോവലിന്റെ പ്രമേയം വിവരിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന് അറിയാം. എങ്കിലും ഒരു മുഖവുരയെന്ന നിലയില്‍ അല്പം പറയാതെ വയ്യ. തന്റെ അടുത്തിടെ പ്രസിദ്ധീകരിച്ച നോവല്‍ വായിച്ച് അതില്‍ ആകൃഷ്ടനായ ഒരു അപരിചിതനില്‍ നിന്നും അയാള്‍ക്ക് ഒരു കഥ പറയാനുണ്ടെന്നും അത് എഴുതുവാന്‍ ഏറ്റവും അനുയോജ്യന്‍ താങ്കളാണെന്നും സൂചിപ്പിച്ച് കൊണ്ട് ബെന്യാമിന്‍ എന്ന എഴുത്തുകാരന് ഒരു ഇ-മെയില്‍ ലഭിക്കുന്നു. പിന്നീട് കുറച്ച് നാളുകള്‍ക്ക് ശേഷം അയാളില്‍ നിന്നുതന്നെ മറ്റൊരു ഇ-മെയിലും അതോടൊപ്പം അയാളുടെ ജീവിതകഥയുടെ ഒരു അദ്ധ്യായവും ലഭിക്കുകയും എന്തുകൊണ്ടോ അതില്‍ പറഞ്ഞ കാര്യങ്ങളില്‍ ആകൃഷ്ടരായി ബെന്യാമിന്‍ എന്ന എഴുത്തുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന ഉദ്വേഗഭരിതമായ ഒരു അന്വേഷണ പരമ്പരയുടെ കഥയാണ് മഞ്ഞവെയില്‍ മരണങ്ങള്‍. (വില 195 രൂപ)


ഇന്ത്യന്‍ ഉപഭൂഖണ്ഢത്തില്‍ നിന്നും 1600കിലോമീറ്റര്‍ മാത്രം അകലെയായി ശ്രീലങ്ക, മാലിദ്വീപ്, സെല്‍ഷ്യസ്, സാന്‍സിബാര്‍, മൌറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുടെ അയല്‍‌രാജ്യമായി സ്ഥിതിചെയ്യുന്ന, പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയില്‍ ഫ്രഞ്ചുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് അധികാരം കൈമാറികൊടുത്ത ഡീഗോ ഗാര്‍ഷ്യ എന്ന കായലുകളുടെ രാജ്യത്താണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നത്. കഥാനായകനായ ക്രിസ്റ്റി അന്ത്രപ്പേരിന്റെ സ്വദേശമാണ് അവിടം. ഡീഗോ ഗാര്‍ഷ്യ എന്ന മേല്‍സൂചിപ്പിച്ച കായല്‍ രാജ്യത്തെ ആദ്യ കുടിയേറ്റക്കാരും കായല്‍രാജാക്കന്മാരുമായിരുന്നു അന്ത്രപ്പേര്‍ കുടുംബം. ഒരു നോവലിസ്റ്റാവണം എന്ന മോഹവുമായി ജീവിക്കുന്ന ക്രിസ്റ്റിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷഭരിതവും വേദനാജനകവുമായ ചില സംഭവ വികാസങ്ങള്‍ മൂലം എഴുതുവാനായി മനസ്സില്‍ സൂക്ഷിച്ചിരുന്ന കഥയൊക്കെ മറന്നു പോകുകയും പകരം സ്വന്തം ജിവിതത്തെ കുറിച്ച് എന്തൊക്കെയോ എഴുതുവാന്‍ ഒരു ശ്രമം നടത്തുകയും അതിലെ ആദ്യ ഭാഗം ഒരു ഡിസ്പോസിബിള്‍ ഇ-മെയില്‍ വിലാസത്തില്‍ നിന്നും ബെന്യാമിന്‍ എന്ന എഴുത്തുകാരന് അയച്ചുകൊടുക്കുകയും ചെയ്യുന്നതാണ് കഥയുടെ ത്രെഡ്. തന്റെ ജീവിതകഥ ഇഷ്ടമാവുകയാണെങ്കില്‍ അത് എഴുതുവാന്‍ ഏറ്റവും അനുയോജ്യന്‍ താങ്കളാണെന്നും അതിന്റെ മറ്റു ഭാഗങ്ങള്‍ കഥയില്‍ പലയിടത്തായി പരാമര്‍ശിച്ചിട്ടുള്ള ചിലരുടെ പക്കല്‍ എത്തിച്ചിട്ടുണ്ടെന്നും താല്പര്യമുണ്ടെങ്കില്‍ അവ കണ്ടെത്തി താങ്കള്‍ക്ക് കൂട്ടിചേര്‍ക്കാമെന്നും ഇ-മെയിലില്‍ ക്രിസ്റ്റി സൂചിപ്പിക്കുന്നു. അങ്ങിനെ കൂട്ടിയോജിപ്പിക്കുന്നു എങ്കില്‍ അതിനെ ഒരു നോവലാക്കാതെ ജീവിതകഥയായി തന്നെ പ്രസിദ്ധീകരിക്കണമെന്ന അപേക്ഷയും അതോടൊപ്പം ഉണ്ടായിരുന്നു. തന്റെ ‘നെടുമ്പാശ്ശേരി‘ എന്ന എഴുതിക്കൊണ്ടിരുന്ന നോവല്‍ എവിടെയും എത്താതിരുന്ന ആ സാഹചര്യത്തില്‍ ഈ അഞ്ജാത എഴുത്തുകാരന്റെ ജീവിതകഥയിലും അതില്‍ പറഞ്ഞിരിക്കുന്ന ത്രസിപ്പിക്കുന്ന ചില സംഭവങ്ങളിലും ആകൃഷ്ടനായ ബെന്യാമിന്‍ അതിന്റെ ബാക്കി ഭാഗം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. ഒറ്റക്ക് തന്നെക്കൊണ്ടതിന് കഴിയില്ല എന്ന് മനസ്സിലാക്കിയ ബെന്യാമിന്‍ അങ്ങിനെയാണ് ഈ വിഷയം ആഗോളതാപനം മുതല്‍ അണ്ടിപ്പരിപ്പിന്റെ വിലവരെ, ഈദി അമീന്‍ മുതല്‍ ഇയ്യോബിന്റെ പുസ്തകം വരെ എന്തും ചര്‍ച്ച ചെയ്യുന്ന അനില്‍ വെങ്കോട്, ..സലിം, നിബു, സുധി മാഷ്, ബിജു, നട്ടപ്പിരാന്തന്‍ എന്നീ സുഹൃത്തുക്കള്‍ അടങ്ങിയ വ്യാഴചന്തയുടെ സമക്ഷം അവതരിപ്പിക്കുന്നത്. അങ്ങിനെ പിതാക്കന്മാരുടെ പുസ്തകം എന്ന് അവര്‍ വിശേഷിപ്പിച്ച ക്രിസ്റ്റി അന്ത്രപ്പേറിന്റെ ജീവിതകഥയുടെ മറ്റു ഭാഗങ്ങള്‍ കണ്ടെത്തുവാനും അതോടൊപ്പം തന്റെ ജിവിതകഥയില്‍ ക്രിസ്റ്റി സൂചിപ്പിച്ച രണ്ട് മരണങ്ങളുടെ (പഴയ സഹപാഠി സെന്തിലിന്റെയും കാമുകി മെല്‍വിന്റെയും) ചുരുളഴിക്കുവാനും വ്യാഴചന്തകള്‍ നടത്തുന്ന ബൌദ്ധീകവും ശാരീരികവുമായ അന്വേഷണങ്ങളാണ് മഞ്ഞവെയില്‍ മരണങ്ങളെ വ്യത്യസ്തമാക്കുന്നത്. അങ്ങിനെ ജീവിതകഥയുടെ അദ്ധ്യായങ്ങളിലൂടെ ഡീഗോ ഗാര്‍ഷ്യയിലും അത് കണ്ടെത്തുവാനുള്ള അന്വേഷണങ്ങളിലൂടെ വന്‍‌കരയിലും ആയി തികച്ചും വ്യത്യസ്തമായ ഡെസ്റ്റിനേഷനുകളില്‍ നോവലിസ്റ്റ് നടത്തുന്ന മനോഹരമായ സഞ്ചാരമാണ് മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന് പറയാം.


നോവലിന്റെ അവസാനം അന്ത്രപ്പേറിനെന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് നോവലിന്റെതല്ലാത്ത ഭാഗങ്ങള്‍ എന്ന് തോന്നിപ്പിക്കും വിധം എഴുതിയ അനുബന്ധത്തിലൂടെ വായനക്കാരെക്കൊണ്ട് തന്നെ ഉത്തരം കണ്ടെത്തിക്കുന്നു നോവലിസ്റ്റ്. അതുതന്നെ ഓരോരുത്തര്‍ക്കും അവരവരുടേതായ വ്യത്യസ്തമായ ഉത്തരങ്ങള്‍. വായനക്കാരന്റെ ചിന്താധാരകളോട് സത്യസന്ധത പുലര്‍ത്തിയെന്ന് ഓരോ വായനക്കാരനും തോന്നിയേക്കാവുന്ന ഉത്തരങ്ങള്‍! ഈ നോവല്‍ വായിച്ച ചിലരുമായി ഇതേ കുറിച്ച് സംസാരിച്ചപ്പോള്‍ അവരെല്ലാവരും അവര്‍ക്ക് കിട്ടിയ ഉത്തരങ്ങളില്‍ തൃപ്തരായിരുന്നു എന്നത് നോവലിസ്റ്റിന്റെ വിജയമായി കണക്കാക്കാമെന്ന് തോന്നുന്നു.


നോവലിന്റെ രചനക്കായി പുതിയ കാലത്തിന്റെ സങ്കേതങ്ങളായ ഓര്‍കൂട്ട്, ഫെയ്‌സ്ബുക്ക്, സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവയെല്ലാം നന്നായി ഉപയോഗിച്ചിരിക്കുന്നു. ചരിത്രത്തെ മിത്തുകളുമായി അല്ലെങ്കില്‍ ഭാവനകളുമായി സന്നിവേശം ചെയ്തിരിക്കുന്നു നോവലിസ്റ്റ്. ചിലയവസരങ്ങളില്‍ വിക്കീപീഡിയ കണ്ടന്റുകള്‍ എന്ന് തോന്നുന്ന വിധം ചില ചരിത്ര വിവരണങ്ങള്‍... അങ്ങിനെ നോക്കുമ്പോള്‍ ചില ഭാഗങ്ങളിലെങ്കിലും ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ഛായ നോവല്‍ രചനയില്‍ വന്നിട്ടുണ്ടോ എന്ന് സംശയം തോന്നാം. അതുപോലെ തന്നെ പുസ്തകത്തിനുള്ളിലെ പുസ്തകത്തിലൂടെ നടത്തുന്ന കഥ പറച്ചില്‍ ടി.കെ. അനില്‍കുമാറിന്റെ അല്‍ കാഫിറൂന്‍ : സം‌വാദങ്ങളുടെ പുസ്തകം എന്ന പുസ്തകത്തെയും ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ ഇത്തരം കൊച്ചു കൊച്ചു സാമ്യങ്ങളൊന്നും തന്നെ വ്യത്യസ്തതയില്ലാതെ പ്രമേയപരിസരങ്ങള്‍ നിരത്തി മടുപ്പിക്കുന്ന കുറെ വായനാനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇക്കാലത്ത്, വേറിട്ട ഒരു പ്രമേയപരിസരത്തിന്റെ തിരഞ്ഞെടുപ്പിനാലും ആദ്യ പേജുമുതല്‍ മുന്നൂറ്റി നാല്പത്തി ഒന്‍പതാമത്തെ പേജുവരെ നിലനില്‍ക്കുന്ന മനോഹരമായ പ്രമേയപരിചരണത്താലും സമ്പുഷ്ടമാക്കിയ ഈ നോവല്‍ വായനയെ വേണ്ടെന്നുവെക്കുവാന്‍ കഴിയുകയില്ല.


ഈ നോവലില്‍ എനിക്കേറെ ഇഷ്ടമായതെന്തെന്ന് ചോദിച്ചാല്‍ ജീവിതകഥയുടെ അടുത്ത അദ്ധ്യായങ്ങള്‍ തേടിയുള്ള വ്യാഴചന്തകളുടെ അന്വേഷണമാണെന്ന് പറയും. വ്യാഴചന്തയിലെ അന്തേവാസിയാവാന്‍ നോവല്‍‌വായനയിലെ ഓരോ നിമിഷവും വല്ലാത്ത ത്വരയായിരുന്നു. ഒരു വേള മഞ്ഞവെയില്‍ മരണങ്ങളിലെ കഥാഗതിയെക്കാളും എന്നെ ഉത്തേജിതനാക്കിയത് പിതാക്കന്മാരുടെ പുസ്തകത്തിന്റെ അടുത്ത ‍അദ്ധ്യായം ആരുടെ പക്കല്‍ എന്ന് കണ്ടെത്തുവാനാണ്. അത് നിബുവിനും അച്ചായനും ബിജുവിനും അനിലിലും സുധിമാഷിനും നട്ടപ്പിരാന്തനും മുന്‍പേ കണ്ടെത്തുവാന്‍ ഞാന്‍ എന്റേതായ ശ്രമം നടത്തികൊണ്ടേയിരുന്നു. ഒരിടത്തും എന്നെ വിജയിപ്പിക്കാന്‍ അനുവദിക്കാതെ തന്നെ ബെന്യാമിന്‍ ഭം‌ഗിയായി ആ സസ്പെന്‍സ് അവസാനം വരെ നിലനിര്‍ത്തി.


നോവലിസ്റ്റിന്റെ കാരക്റ്ററൈസേഷന്‍ പവറിനെ അംഗീകരിക്കാതെ വയ്യ. കഥാപാത്രങ്ങള്‍ക്ക് (പ്രത്യേകിച്ച് ജീവിച്ചിരിക്കുന്ന വ്യാഴചന്തകള്‍ക്ക്) അവരുടെ മേഖലയില്‍ വ്യക്തമായ ലേബല്‍ നല്‍കിയിരിക്കുന്നു. അല്ലെങ്കില്‍ റഹിം എന്ന അന്ത്രപ്പേറിന്റെ സുഹൃത്തിലേക്ക് വ്യാഴചന്തകള്‍ക്ക് കടന്നുചെല്ലുവാനുള്ള ഒരു പാതയും അന്‍പിന്റെ ഇമെയില്‍ വിലാസവും ബ്ലോഗ് എന്ന ആശയവും നട്ടപ്പിരാന്തന്‍ അല്ലാതെ മറ്റാരു പറഞ്ഞാലും അതവിടെ മുഴച്ചു നില്‍കും എന്ന് തോന്നി. (ഒരു പക്ഷെ നട്ടപ്പിരാന്തനെ അറിയുന്ന ഒരാളെന്ന നിലയിലാവും എനിക്ക് അത്ര കൃത്യമായി അത് ഫീല്‍ ചെയ്യുന്നത്) പക്ഷെ പാത്രസൃഷ്ടിയുടെ തുടക്കത്തില്‍ തന്നെ ഓരോരുത്തര്‍ക്കും വായനക്കാരുടെ മനസ്സില്‍ ഒരു സ്ഥാനം ഉണ്ടാക്കി കൊടുക്കുവാന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. പലയിടത്തും നട്ടപ്പിരാന്തനെ അല്ലാതെ മറ്റാരെയും അറിയില്ലെങ്കിലും അത് കണ്ടേത്തണ്ടത് ഇന്നയാളെന്ന തോന്നല്‍ വായനക്കാരനെന്നെ നിലയില്‍ എനിക്കുണ്ടായിരുന്നു. അന്ത്രപ്പേര്‍ കുടുംബാംഗങ്ങളിലൂടെ, മെല്‍‌വിനിലൂടെ, അന്‍പിലൂടെ, അനിതയിലൂടെ, ജസീന്തയിലൂടെ, സെന്തിലിലൂടെ ഡീഗോ ഗാര്‍ഷ്യയിലേക്കും ചേരര്‍ പെരുംതെരുവിലേക്കും ഉതിയന്‍ ചേരല്‍ തമിഴ് കഴകത്തിലേക്കും മെല്‍ജോ, ജിജോ, ശ്രീകുമാര്‍, മെറിന്‍ എന്നിവരിലൂടെ വല്യേടത്ത് വീട്, വില്യാര്‍‌വട്ടം, തൈക്കാട്ടമ്മ, മറിയം സേവ എന്നിവയിലേക്കും വായനക്കാരനെ എത്തിച്ചതില്‍ നോവലിസ്റ്റ് അഭിനന്ദനമര്‍ഹിക്കുന്നു. എന്തിനേറെ, നോവലിനൊടുവിലെ ഓരോ പാരഗ്രാഫുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അരവിന്ദ് , ഷണ്‍‌മുഖം, ലീന എന്നീ കഥാപാത്രങ്ങള്‍ക്ക് വരെ നോവലില്‍ വ്യക്തമായ പ്രാധാന്യം ഉണ്ടാക്കുവാന്‍ കഴിയും വിധം കഥയെ വിന്യസിക്കുക വഴി ഒരു ആടുജീവിതത്തിന്റെ പേരില്‍ മാത്രം കാലത്തിന്റെ കണക്കെടുപ്പില്‍ അറിയപ്പെടേണ്ടയാളല്ല താന്‍ എന്ന് ബെന്യാമിന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.