ബുധനാഴ്‌ച, മാർച്ച് 14, 2012

സ്കൂള്‍ ഡയറി

ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലഘട്ടം. ഇന്ന് ചില സ്കൂളുകളില്‍ ഉള്ളതുപോലെ ഓരോ വിഷയത്തിന് ഓരോ ടീച്ചര്‍ എന്ന രീതിയൊന്നും അക്കാലത്ത് പ്രൈമറി ക്ലാസ്സുകളില്‍ ഇല്ലായിരുന്നു. ഒരു ക്ലാസ്സിന് ഒരു ടീച്ചറുണ്ടാവും. എന്നും ആ ടീച്ചര്‍ തന്നെയാവും ക്ലാസ്സിന്റെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുക. ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ ഒരു രാധ ടീച്ചര്‍ ആയിരുന്നു. അല്പം തടിച്ച്, പ്രത്യേകതയുള്ള ശബ്ദത്തിനുടമയായ (തൊണ്ടയില്‍ പിടിച്ചുവെച്ചത് പോലെ) രാധടീച്ചര്‍. അതുവരെയുള്ള ക്ലാസ്സുകളില്‍ ഒരിക്കലും രാധടീച്ചര്‍ എന്റെ ക്ലാസ്സിന്റെ ടീച്ചറായിട്ടുണ്ടായിരുന്നില്ല. ലീല ടീച്ചര്‍, കൊച്ചുലീല ടീച്ചര്‍, ശാന്തമ്മ ടീച്ചര്‍ എന്നിവരായിരുന്നു മുന്‍ക്ലാസ്സുകളിലെ എന്റെ അദ്ധ്യാപികമാര്‍. അവരില്‍ നിന്നൊക്കെ വ്യത്യസ്തമായി, നന്നായി വഴക്ക് പറയുകയും തല്ലുകയും ചെയ്യുമായിരുന്നത് കൊണ്ട് സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും രാധടീച്ചറെ വലിയ പേടിയായിരുന്നു.. ടീച്ചറുടെ കൈക്കുപിന്നില്‍ ഒരു വലിയ ചൂരല്‍ എപ്പോഴും മറഞ്ഞിരിപ്പുണ്ടാവും. ഒരു പ്രത്യേക ആംഗിളില്‍ കൈകുഴ തിരിച്ച് പിന്നിലിരിക്കുന്ന വടികൊണ്ട് ടീച്ചര്‍ ഒന്ന് തലോടിയാല്‍ സ്വര്‍ഗ്ഗം കണ്ടുപോകും. ഇതൊക്കെകൊണ്ട് വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും മാത്രമേ എല്ലാവരും ടീച്ചറുടെ ക്ലാസ്സില്‍ ഇരിക്കുകയുള്ളൂ. പക്ഷെ, ഇങ്ങൊനെയൊക്കെയാണെങ്കിലും ക്ലാസ്സിലെ കുട്ടികളെ ടീച്ചര്‍ക്ക് വല്ലാത്ത ഇഷ്ടവുമായിരുന്നു. തെറ്റുകള്‍ക്ക് ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുമെങ്കില്‍ പോലും എല്ലാവരോടും ടീച്ചര്‍ക്ക് വല്ലാത്ത സ്നേഹം ഉണ്ടായിരുന്നു.


അന്നൊക്കെ സ്കൂളുകളില്‍ ടീച്ചേര്‍സ് റൂമൊക്കെ ഉണ്ടെങ്കില്‍ പോലും മിക്കവാറും പ്രൈമറി ക്ലാസ്സിലെ അദ്ധ്യാപകര്‍ സ്വന്തം ബാഗ് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാവരജംഗമ വസ്തുക്കളും ക്ലാസ്സ് മുറിയില്‍ തന്നെ വെയ്ക്കുകയായിരുന്നു പതിവ്. അത്തരത്തില്‍ ഒരു പ്രവൃത്തി ദിവസം. രാവിലെയുള്ള ഇന്റര്‍‌വെല്ല് സമയം. ഞാനുള്‍പ്പെടെയുള്ള കുട്ടികളെല്ലാം കിട്ടിയ ചെറിയ ഇടവേള മുതലാക്കിക്കൊണ്ട് പലതരം കളികളില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുകയാണ്. അസുഖങ്ങള്‍ കൂടപ്പിറപ്പ് പോലെ എപ്പോഴുമുള്ളതിനാല്‍ ഓടിച്ചാടിയുള്ള കളികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും എനിക്ക് വിലക്ക് ഉണ്ടായിരുന്നു. ഇരുന്നുള്ള കളികളോടായിരുന്നു അതുകൊണ്ട് എനിക്ക് താല്പര്യം. ഞങ്ങളൊക്കെ എപ്പോഴും വ്യാപൃതരായിരുന്ന ഒരു കളിയായിരുന്നു തീപ്പെട്ടിപടം കളി. കളി എന്നതിനേക്കാള്‍ അത് തീപ്പെട്ടിപ്പടം കളക്റ്റ് ചെയ്യുവാനുള്ള ഒരു ഉപാധി കൂടെയായിരുന്നു. എന്റെ പക്കല്‍ പഴയ ഒരു ഇന്‍‌സ്ട്രമെന്റ് ബോക്സ് നിറയെ പല തരത്തിലുള്ള തീപ്പെട്ടി പടങ്ങള്‍ റബ്ബര്‍ബാന്‍ഡ് ഇട്ട് കെട്ട് തിരിച്ച് സൂക്ഷിച്ചിരുന്നു. വൈകുന്നേരങ്ങളില്‍ റോഡ് വക്കില്‍ നിന്നും വീട്ടിലെയും അയല്‍ വീടുകളിലെയും അടുക്കള പുറങ്ങളില്‍ നിന്നുമെല്ലാം പെറുക്കിക്കൂട്ടുന്നതായിരുന്നു ആ തീപ്പെട്ടിപടങ്ങള്‍. ഷിപ്പ്, കിങ്, ആരോ, എയിം, ജോക്കര്‍, പാരറ്റ്, ജൂഡോ, സ്റ്റാര്‍, മയൂര അങ്ങിനെ അങ്ങിനെ വിവിധ ബ്രാന്‍ഡുകളുടെ പുറംകവറുകള്‍. എന്റെ പക്കല്‍ ഉള്ളത് പോലെ തന്നെ ക്ലാസ്സിലെ ഭൂരിഭാഗത്തിന്റെ കൈവശവും ഇതുപോലെ തീപ്പെട്ടിപടങ്ങളുടെ ശേഖരം ഉണ്ടായിരിക്കും. ഇവ ഉപയോഗിച്ചാണ് കളി. ഏറ്റവും അധികം തീപ്പെട്ടിപ്പടങ്ങള്‍ കൈവശപ്പെടുത്തണമെന്ന വാശിയോടെയാണ് കളിക്കുന്നത്. ഇന്റര്‍‌വെല്‍ സമയത്തെ ചെറിയ ഇടവേളകളിലുള്ള ഇത്തരം കളിയുടെ ആവേശത്തിനിടയില്‍ മറ്റൊന്നിലും ആരും ശ്രദ്ധ ചെലുത്താറില്ല. ടീച്ചറുടെ വടി വന്ന് ആരുടെയെങ്കിലും കാലില്‍ വീഴുമ്പോഴാവും പരിസരബോധം ലഭിക്കുന്നത്.


മിക്കവാറും ദിവസങ്ങളില്‍ ഇത്തരം സമയത്ത് ക്ലാസ്സിലെ ആരുടെയെങ്കിലും പെന്‍സിലോ റബ്ബറോ പത്ത് പൈസയോ ഒക്കെ കാണാതാവാറുണ്ട്. ചിലതൊക്കെ കണ്ടുകിട്ടാറുമുണ്ട്. പക്ഷെ, അതൊന്നും ഒരു കളവ് എന്ന രീതിയില്‍ ആരും കണ്ടിരുന്നില്ല. എവിടെയോ കാണാതെ പോയി എന്നേ കരുതാറുണ്ടായിരുന്നുള്ളൂ.. അഥവാ കണ്ടുകിട്ടിയിട്ടുള്ളവയൊക്കെ മായ്കുവാനോ എഴുതുവാനോ മറ്റുമായി ആരെങ്കിലും എടുത്തതായിരുന്നതിനാലൊക്കെ അത് അത്ര കാര്യമാക്കാറുമില്ല. പക്ഷെ, സംഭവദിവസം അത്തരത്തില്‍ കാണാതെ പോയത് അഞ്ച് രൂപയായിരുന്നു! അതും ടീച്ചറുടെ ബാഗില്‍ നിന്ന്!! അക്കാലത്ത് അഞ്ച് രൂപയെന്നാല്‍ വലിയ തുകയാണ്. അഞ്ച് രൂപയൊക്കെ കൈവശമുള്ളവന്‍ കുട്ടികള്‍ക്കിടയില്‍ രാജാവാണ്. അഞ്ച് രൂപക്ക് അക്കാലത്ത് ഒരു ഊണ് വരെ കിട്ടുമെന്ന് ഓര്‍മ്മ.


ടീച്ചറുടെ ബാഗില്‍ നിന്നും കളവ് നടത്തുക! അതും കുട്ടികള്‍ക്ക് ഏവര്‍ക്കും ഏറെ പേടിയുള്ള രാധ ടീച്ചറുടെ ബാഗില്‍ നിന്ന് തന്നെ. ക്ലാസ്സ് ആകെ വല്ലാത്ത നിശ്ശബദ്ധതയില്‍ ആഴ്ന്നു. എല്ലാവരും ഭയപ്പെട്ട് ഇരിക്കുകയാണ്. ടീച്ചറുടെ വടി ആര്‍ക്കൊക്കെ നേരെ നീളുമെന്ന ഉല്‍കണ്ഠ എല്ലാവരിലും ഉണ്ട്. ക്ലാസ്സില്‍ മുന്‍‌വരിയില്‍ ആയിരുന്നു എന്റെ സ്ഥാനം. അതുകൊണ്ട് തന്നെ ടീച്ചറുടെ ബാഗിനോട് വളരെയടുത്ത് ഇരിക്കുന്ന ആളെന്ന നിലക്ക് എന്റെ അടുത്തേക്കും ചോദ്യങ്ങള്‍ വരാം എന്ന് പേടിച്ച് ഇരിക്കുകയാണ് ഞാന്‍. ക്ലാസ്സ് ലീഡറായ പെണ്‍കുട്ടിയാണെങ്കില്‍ ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്. അവള്‍ക്കിട്ട് ഒരു കുത്ത് വെച്ച് കൊടുക്കാന്‍ തോന്നിയ നിമിഷം.


പതിവില്ലാതെയാണ് അന്ന് ഇന്റര്‍‌വെല്ലിനു ശേഷം ടീച്ചര്‍ ക്ലാസ്സില്‍ വന്ന് ബാഗ് എടുത്തത്. ഇന്റര്‍‌വെല്‍ സമയത്തെ ചായയുടെ പൈസ കൊടുക്കുവാനോ മറ്റോ ആയിരുന്നു ടീച്ചര്‍ ബാഗ് ആ സമയം എടുത്തത്. അങ്ങിനെയാണ് ബാഗിന്റെ ഫ്രണ്ട് പോക്കറ്റ് തുറന്നിരിക്കുന്നത് ശ്രദ്ധിച്ചതും അതില്‍ ഉണ്ടായിരുന്ന അഞ്ച് രൂപ നഷ്ടമായത് മനസ്സിലാക്കിയതും. ആരായിരിക്കും കള്ളന്‍ എന്നത് കുട്ടികളായ ഞങ്ങളിലും വല്ലാത്ത ഒരു ആകാംഷ ജനിപ്പിച്ചു. ടീച്ചര്‍ എല്ലാവരെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാ കുട്ടികളുടെയും മുഖം പേടി കൊണ്ട് വിളറിയിരിക്കുകയാണ്. എനിക്കന്ന് തീപ്പെട്ടിപ്പടം കളിച്ച വകയില്‍ നഷ്ടമായിരുന്നു. എന്റെ തീപ്പെട്ടിപ്പടങ്ങള്‍ മുഴുവന്‍ കൈവശപ്പെടുത്തിയ പ്രശാന്താവണേ ടീച്ചറുടെ പൈസ എടുത്തതെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. അവന് ടീച്ചറില്‍ നിന്നും അടികിട്ടുന്നത് മനസ്സില്‍ സങ്കല്‍‌പ്പിച്ച് ഞാന്‍ അറിയാതെ ചിരിച്ചുപോയി.


എന്റെ ചിരികണ്ടിട്ട് പെട്ടന്ന് ടീച്ചര്‍ എന്റെ നേരെ തിരിഞ്ഞു.


"നീ എന്താ ചിരിച്ചത്?"


എനിക്ക് ഉത്തരം മുട്ടി. എന്ത് പറയും? പ്രശാന്താവണേ കള്ളന്‍ എന്ന് ആഗ്രഹിച്ച് അവന് തല്ലുകൊള്ളുന്നത് ഓര്‍ത്ത് ചിരിച്ചതാണെന്ന് പറഞ്ഞാല്‍ പിന്നെ അന്നത്തെ ദിവസം കുശാലായി. നിക്കറിനു കീഴോട്ടുള്ള ഭാഗത്ത് പിന്നെ അടിയുടെ വലിയ പെരുന്നാളാവും. അതുകൊണ്ട് ഒന്നും മിണ്ടാതെ തലകുമ്പിട്ട് നിന്നു.


"എന്താടാ നീ മിണ്ടാതെ നില്‍ക്കുന്നത്? നീ കണ്ടോ ആരാ എടുത്തതെന്ന്?" - ഭാഗ്യം ടീച്ചര്‍ക്ക് എന്നെ സംശയമില്ല. അത്രയും ആശ്വാസമായതിന്റെ ആത്മവിശ്വാസത്തില്‍ ഞാന്‍ മുഖമുയര്‍ത്തി.


"ഇല്ല ടീച്ചറേ. എനിക്കറിയില്ല"


"ഇവന്‍ തീപ്പെടി പടം കളിക്കുകയായിരുന്നു ടീച്ചറേ" - ക്ലാസ്സ് ലീഡറായ പെണ്‍കുട്ടി പറഞ്ഞു. ഇവളിത് എന്തിനാ ഇപ്പോള്‍ പറഞ്ഞതെന്നായി എന്റെ ചിന്ത. എന്നെ രക്ഷിക്കാനോ അതോ തല്ലുക്കൊള്ളിക്കാനോ. ഞാന്‍ അവളെ ഒന്ന് ഇരുത്തി നോക്കി. അവള്‍ ചിരിച്ചുകൊണ്ടിരിക്കുകയാണ്.


വീണ്ടും ടീച്ചര്‍ ഓരോരുത്തരെയായി ചോദ്യം ചെയ്തുകൊണ്ടിരുന്നു.


മുന്‍‌വശത്തുള്ള ബഞ്ചില്‍ തുടങ്ങി പിന്നിലുള്ള ബഞ്ചില്‍ ഇരിക്കുന്നവരെ വരെ ചോദ്യം ചെയ്തുകഴിഞ്ഞു. 'ആരാണ് എടുത്തതെന്ന് സത്യം പറഞ്ഞോ'. ടീച്ചര്‍ കലികൊണ്ട് ചൂരല്‍ ചുഴറ്റി. ആരും മിണ്ടുന്നില്ല. ടീച്ചറുടെ ഒച്ച ആകാവുന്നതിന്റെ മാക്സിമം വോളിയത്തില്‍ എത്തിത്തുടങ്ങി. ടീച്ചര്‍ക്ക് ശരിക്ക് ദ്വേഷ്യം വന്നിട്ടുണ്ടെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ഏവരും പേടിച്ച് ഒന്ന് ശബ്ദിക്കാന്‍ പോലുമാവാതെ ഇരുന്നു. അടുത്ത ക്ലാസ്സില്‍ നിന്നും ലീല ടീച്ചര്‍ കൂടെ അന്വേഷണത്തിനായ് വന്നെത്തി. ലീല ടീച്ചറെ കണ്ടപ്പോള്‍ ഞങ്ങള്‍, കുട്ടികള്‍ക്ക് അല്പം ആശ്വാസമായി. ടീച്ചര്‍ കുട്ടികളെ അങ്ങിനെ അധികം തല്ലാറില്ല. പകരം ഞങ്ങളോട് എല്ലാവരോടും വല്ലാത്ത വാത്സല്യവുമാണ്. അതുകൊണ്ട് തന്നെ കുട്ടികളും ടീച്ചറോട് അല്പം ഫ്രീയായി ഇടപെഴകാറുണ്ട്.


രണ്ട് ടീച്ചര്‍മാരും കൂടെ മാറി നിന്ന് എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. അവരുടെ കണ്ണുകള്‍ ആരിലേക്കാണ് നീളൂന്നതെന്ന ചിന്തയില്‍ എല്ലാവരും ആകാംഷയോടെ ഇരുന്നു. പെട്ടന്നായിരുന്നു ടീച്ചര്‍മാര്‍ ഇരുവരും ചേര്‍ന്ന് പിന്‍ബഞ്ചിലിരിക്കുന്ന രഘുവിന്റെ അടുക്കല്‍ വന്ന് നിലയുറപ്പിച്ചത്.


"മോന്റെ പോക്കറ്റില്‍ എന്താ രഘൂ?" വീര്‍ത്ത് നില്‍ക്കുന്ന രഘുവിന്റെ പോക്കറ്റിലേക്ക് നോക്കി ലീല ടീച്ചര്‍ ചോദിച്ചു. രഘു ഒന്നും മിണ്ടിയില്ല. "നിന്നോടല്ലേടാ ചോദിച്ചത്" - രാധ ടീച്ചര്‍ അധികം ഉയരാത്ത തന്റെ ശബ്ദത്തില്‍ ദ്വേഷ്യപ്പെട്ടു. അപ്പോഴേക്കും അടുത്തിരുന്നിരുന്ന ഏതോ കുട്ടി രഘുവിന്റെ നിക്കറിന്റെ പോക്കറ്റില്‍ നിന്ന് ഒരു കടലാസ് പൊതി വലിച്ചെടുത്തു. അവന് പ്രതിരോധിക്കാനാവും മുന്‍പേ ആ പൊതിയില്‍ നിന്നും കുറേ ശര്‍ക്കര മിഠായിയും കപ്പലണ്ടി മിഠായിയും ക്ലാസ്സ് റൂമില്‍ വീണ് ചിതറി തെറിച്ചു.


"സത്യം പറയ് രഘൂ. ഈ മിഠായിയൊക്കെ വാങ്ങാന്‍ നിനക്കെവിടെന്നാ പൈസ കിട്ടിയത്." രഘുവിന്റെ വീട്ടുകാരുടെ സാമ്പത്തീകസ്ഥിതി അറിയാമായിരുന്ന ലീല ടീച്ചര്‍ വാത്സല്യത്തോടെ ചോദിച്ചു. ടീച്ചറുടെ വിരലുകള്‍ അവന്റെ മുടിയിഴകളെ മെല്ലെ തടവിക്കൊണ്ടിരുന്നു.


"ഞാന്‍ ടീച്ചറുടെ ബാഗില്‍ നിന്നും എടുത്തതാ" - ആ വാത്സല്യത്തിന് മുന്‍പില്‍ പെട്ടന്നൊരു കള്ളം പറയാന്‍ അവന് കഴിഞ്ഞില്ല.. ലീല ടീച്ചര്‍ തടുത്തില്ലായിരുന്നെങ്കില്‍ രാധ ടീച്ചറുടെ വടി അവന്റെ മേല്‍ പതിച്ചേനേ.


"എന്തിനാ അത് ചെയ്തത്. അനുവാദം കൂടാതെ മറ്റൊരാളില്‍ നിന്നും എന്തെങ്കിലും എടുക്കുന്നത് തെറ്റല്ലേ രഘൂ" അവന്‍ മിണ്ടിയില്ല. "നിനക്ക് വിശന്നിട്ടാണെങ്കില്‍ എന്നോടോ ടീച്ചറോടോ ചോദിക്കാമായിരുന്നില്ലേ.. എന്തിനാ കള്ളന്മാരെ പോലെ.." ലീലടീച്ചര്‍ വാത്സല്യത്തോടെ അവന്റെ തലയില്‍ തലോടിക്കൊണ്ടിരുന്നു. അവനെ ഞങ്ങളുടെയൊക്കെ മുന്‍പില്‍ വെച്ച് കള്ളന്‍ എന്ന് വിളിക്കുവാന്‍ ടീച്ചര്‍ക്ക് കഴിയാതിരുന്നതാവും.


"..ഞാന്‍ ചുമ്മാ ഒരു രസത്തിനെടുത്തതാണ്. ബാഗ് ഇരിക്കുന്നത് കണ്ടപ്പോള്‍ അങ്ങിനെ തോന്നി." എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പെട്ടന്ന് രാധടീച്ചറുടെ വടിപിടിച്ച് വാങ്ങി ലീല ടീച്ചര്‍ രഘുവിനെ കലിതീരും വരെ തല്ലി. രഘു പതറി പോയി. ടീച്ചറുടെ രൌദ്രഭാവം കണ്ട് രാധടീച്ചറുള്‍പ്പെടെ എല്ലാവരും പകച്ച് നിന്നു. അത്രമേല്‍ ലീലടീച്ചര്‍ ക്ഷുഭിതയായി ആരും കണ്ടിരുന്നില്ല. ഒടുവില്‍ വടി ക്ലാസ്സ് മുറിയിലെ തറയിലേക്ക് വലിച്ചെറിഞ്ഞ് ടീച്ചര്‍ കരഞ്ഞുകൊണ്ട് ക്ലാസ്സ് മുറി വിട്ട് പുറത്തേക്ക് പോയി.


ടീച്ചര്‍ക്ക് പിന്നാലെ ചെന്ന് രഘു ടീച്ചറുടെ കൈയില്‍ പിടിച്ചു. അവന് വല്ലാത്ത കുറ്റബോധം ഉണ്ടായിരുന്നു. ടീച്ചറോട് അവന്‍ മാപ്പ് പറയുമ്പോള്‍, ടീച്ചര്‍ അവനെ ചേര്‍ത്ത് പിടിക്കുമ്പോള്‍ എല്ലാം കണ്ട് രാധ ടീച്ചറും പുഞ്ചിരിച്ചു. ഏങ്ങിക്കരഞ്ഞ് കൊണ്ട് തിരികെ ബഞ്ചില്‍ വന്നിരുന്ന രഘുവിനെ രാധടീച്ചര്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. പിന്‍ ബഞ്ചിലിരുന്ന ഏതോ പെണ്‍കുട്ടി 'എടാ കള്ളാ' എന്ന് അവനെ വിളിച്ചപ്പോള്‍ അവള്‍ക്ക് നേരെ വടിയുയര്‍ത്തിക്കൊണ്ട് ടീച്ചര്‍ വീണ്ടും പഴയ രാധ ടീച്ചറായി.


ഇന്നിപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം രഘുവിനെ കുറിച്ച് എനിക്കേറെയൊന്നും അറിയില്ല. പക്ഷെ, ഒന്നറിയാം... സ്കൂള്‍ കാലം കഴിയും വരെ പിന്നീടൊരിക്കലും രഘു മോഷ്ടിച്ചിട്ടില്ല.

വാല്‍കഷണം : മുന്‍പൊരിക്കല്‍ ഒലിവ് പബ്ലിക്കേഷന്‍സിന്റെ 'കള്ളന്‍ ഒരു പുസ്തകം' എന്ന പുസ്തകത്തിനായി ഒരു കള്ളന്‍ അനുഭവം എഴുതുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ മനസ്സിലേക്ക് വന്ന ഒരു സ്കൂള്‍ ഓര്‍മ്മ. പക്ഷെ, ഒലിവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചത് ഇതോടൊപ്പം തന്നെ എഴുതിയ മറ്റൊരു കുറിപ്പായിരുന്നു. ആ കുറിപ്പ് 'കുട്ടിക്കള്ളന്‍' എന്ന പേരില്‍ പോസ്റ്റ് ചെയ്തത് ഇവിടെ വായിക്കാം. രണ്ടിലും കാണുന്ന ചില സമാനതകള്‍ ഒരേ ആവശ്യത്തിലേക്കായി എഴുതിയത് കൊണ്ട് ഉണ്ടായതാവാം എന്ന് ഇപ്പോള്‍ തോന്നുന്നു. വല്ലപ്പോഴും പിന്തിരിഞ്ഞു നോക്കുമ്പോള്‍ പഴയ സ്കൂള്‍ കാലഘട്ടത്തിലേക്ക് ഒന്ന് തിരിച്ചു നടക്കാന്‍ ഉപകരിക്കുമല്ലോ എന്ന ചിന്തയില്‍ ഇവിടെ കുറിച്ചിടുന്നു എന്ന് മാത്രം!


വ്യാഴാഴ്‌ച, മാർച്ച് 01, 2012

അനന്തപത്മനാഭന്റെ മരക്കുതിരകള്‍

പുസ്തകം : അനന്തപത്മനാഭന്റെ മരക്കുതിരകള്‍
രചയിതാവ് : ഷാഹിന..കെ.
പ്രസാധകര്‍
: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട്


"അങ്ങിനെയാവുമ്പോള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലക്ക്, സമൂഹത്തിനോട്, സമൂഹത്തിലെ ഓരോ അച്ഛനോടും താങ്കള്‍ക്കെന്താണ് പറയുവനുള്ളത്? എങ്ങിനെയാണ് പ്രതികരിക്കുവാനുള്ളത്?" കൂര്‍ത്തുമൂര്‍ത്ത രണ്ടു ചോദ്യങ്ങള്‍ കൊണ്ട് ഒരു കഥാപാത്രത്തിന്റെ മൊത്തം ദൈന്യതയും ഒരു കഥയുടെ മുഴുവന്‍ അന്ത:സത്തയും വായനക്കാരിലേക്കെത്തിക്കുവാന്‍ കഥക്കാവുന്നു എങ്കില്‍ അത് കഥാഖ്യാനത്തിന്റെ വിജയമാണെന്ന് നിസ്സംശയം പറയാം. അത്തരത്തില്‍ മനോഹരമാക്കപ്പെട്ട 'മിസ്ഡ്കാള്‍' എന്ന കഥയിലൂടെയാണ് അനന്തപത്മനാഭന്റെ മരക്കുതിരകള്‍ എന്ന സമാഹരത്തിലേക്ക് ഷാഹിന നമ്മെ ക്ഷണിക്കുന്നത്. മകളുടെ അനാവശ്യമായ പിടിവാശികള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന നാട്ടിന്‍പുറത്തുകാരനായ ഒരച്ഛന്‍, അത്തരം പിടിവാശികള്‍ക്കും ദുശ്ശാഠ്യങ്ങള്‍ക്കുമൊടുവില്‍ അവള്‍ ഒരു കെണിയില്‍ അകപ്പെട്ട സമയം ചാനല്‍ ചര്‍ച്ചകളുടെ ക്രൂരമായ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ ദൈന്യതയോടെ ഇരിക്കുന്ന നേര്‍ചിത്രം വരച്ചുകാട്ടുവാന്‍ മിസ്ഡ്കാള്‍ എന്ന രചനയിലൂടെ ഷാഹിനക്ക് കഴിഞ്ഞിട്ടുണ്ട്. അനന്തപത്മനാഭന്റെ മരക്കുതിരകള്‍ എന്ന സമാഹാരത്തില്‍ സാമൂഹിക പ്രതിബന്ധത കൊണ്ടും രചനയിലെ കൈയടക്കം കൊണ്ടും ഏറ്റവും മനോഹരമാക്കപ്പെട്ട ഒന്നാണ് മിസ്ഡ്കാള്‍ എന്ന കഥയെന്ന് പറയാം.


മിസ്ഡ്കാള്‍ കൂടാതെ ചിത്രകാരി, അനന്തപത്മനാഭന്റെ മരക്കുതിരകള്‍, കാണാതാകുന്ന പെണ്‍കുട്ടികള്‍, തനിയെ, ദശാസന്ധി, ഒരാത്മഹത്യയുടെ പുരാവൃത്തം, പുനര്‍ജ്ജനി, ബോംബെ ദീദി, മഴനേരങ്ങളില്‍ , ഭാഗപത്രം, മഞ്ഞുകാലം.. ജീവിതം കൊണ്ടമ്പരപ്പിക്കുന്ന പന്ത്രണ്ട് കഥകള്‍ എന്ന പിന്മൊഴിയോടെ ഷാഹിനയുടെ ആദ്യ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് , കോഴിക്കോട് . (വില :52രൂപ)


സമാഹാരത്തിലെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നത് തീര്‍ത്തും നാട്യങ്ങളില്ലാത്ത കഥയുടെ നാട്ടുവഴികളും ഗ്രാമാന്തരീക്ഷവുമാണ്. ഇന്ന് പുത്തന്‍ കഥയെഴുത്തുകാര്‍ പരീക്ഷിക്കുന്ന നൂതന കഥരചനാ സങ്കേതങ്ങളിലൂടെയൊന്നും സഞ്ചരിക്കാതെ കഥയെ അണിയിച്ചൊരുക്കിയിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. എങ്ങിനെയെഴുതുന്നു എന്നതിനേക്കാളേറെ എത്രത്തോളം വായനക്കാരെ ആകര്‍ഷിക്കുന്നു എന്നതാണ് കഥയുടെ വിജയമെന്നിരിക്കില്‍ ഷാഹിനയുടെ കഥകള്‍ നിലവാരം സൂക്ഷിച്ചിട്ടുണ്ടെന്ന് പറയാം.


'ചിത്രകാരി' എന്ന കഥയിലെ ഫിസയില്‍ നിന്നും 'ദശാസന്ധി'യിലെ ശിവശങ്കരിയിലേക്കെത്തുമ്പോള്‍ ഷാഹിനയിലെ നായികക്ക് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചതായി കാണാം. കുടുംബമെന്ന ചട്ടക്കൂട്ടില്‍ പെട്ട് സര്‍ഗ്ഗാത്മകത പുറത്തെടുക്കാന്‍ കഷ്ടപ്പെടുന്ന ഫിസ... കുടുംബത്തിന്റെ പരിപൂര്‍ണ്ണമായ പിന്തുണയുണ്ടായിട്ട് പോലും കഴിവിനനുസരിച്ച് സര്‍ഗ്ഗശേഷി പ്രകടിപ്പിക്കുവാനാവാതെ ഒരു ദശാസന്ധിയില്‍ പെട്ട് ഉഴറുന്ന ശിവശങ്കരി.... അവതാരികയില്‍ അക്ബര്‍ കക്കട്ടില്‍ സൂചിപ്പിക്കുന്നത് പോലെ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായാണ് ഈ രണ്ടു കഥകളെയും വായിക്കുവാന്‍ തോന്നിയത്.


സമാഹാരത്തിലെ മറ്റു കഥകളില്‍ നിന്നും രചനാപരമായി വേറിട്ടുനില്‍ക്കുന്ന കഥയാണ് ടൈറ്റില്‍ രചനയായ 'അനന്തപത്മനാഭന്റെ മരക്കുതിരകള്‍'. പക്ഷെ മറ്റു കഥകളില്‍ നിറഞ്ഞു നില്‍ക്കുന്ന നൈര്‍മ്യല്യത്തെ ആസ്വദിച്ചത് കൊണ്ടാണോ എന്നറിയില്ല, ഫാന്റസിക്ക് കൂടുതല്‍ പ്രാധാന്യം തോന്നിയ ഈ രചന അത്രയേറെ ആകര്‍ഷിച്ചില്ല എന്ന് പറയാം. കാണാതാകുന്ന പെണ്‍കുട്ടികള്‍, ഒരാത്മഹത്യയുടെ പുരാവൃത്തം, മഴനേരങ്ങളില്‍ എന്നീ കഥകള്‍ മനോഹരമായ കൈയടക്കം കൊണ്ടും ഭാഷാപരമായ മേന്മ കൊണ്ടും പ്രശംസാര്‍ഹമായവ തന്നെ. ആദ്യ സമാഹാരത്തിലൂടെ തന്നെ എഴുത്തിന്റെ ഇടവഴികളില്‍ തന്റെ സാന്നിദ്ധ്യം ഈ യുവകഥാകാരി അടയാളപ്പെടുത്തുന്നു. വിഷയങ്ങളില്‍ വൈവിദ്ധ്യം സൃഷ്ടിക്കുവാന്‍ ഷാഹിനയിലെ കഥാകാരിക്ക് കഴിയുന്നുണ്ട്. വരും നാളുകളില്‍ കൂടുതല്‍ മികച്ച രചനകളുമായി ഷാഹിനയുടെ കഥാപ്രപഞ്ചം വളരുമെന്നും ഒട്ടേറെ വായനക്കാരെ സൃഷ്ടിക്കുവാന്‍ ഈ കഥാകാരിക്ക് കഴിയുമെന്നും പ്രത്യാശിക്കാം.

മലയാളസമീക്ഷയില്‍ പ്രസിദ്ധീകരിച്ചത്.