വെള്ളിയാഴ്‌ച, ഏപ്രിൽ 02, 2010

ഫ്രാന്‍സിസ് ഇട്ടിക്കോര

പുസ്തകം:ഫ്രാൻസിസ് ഇട്ടിക്കോര

രചയിതാവ് : ടി.ഡി.രാമകൃഷ്ണൻ

പ്രസാധനം : ഡി.സി. ബുക്സ്


പേശാമടന്തക്കും തത്തക്കുട്ടിക്കും വായനാനുഭവങ്ങൾക്കും ശേഷം വീണ്ടും ഒരു പുസ്തകത്തെ നിങ്ങളുടെ മുൻപിൽ പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ്. കഴിഞ്ഞ വർഷം ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ട ഒരു പുസ്തകം.. ടി.ഡി.രാമകൃഷ്ണന്റെ "ഫ്രാൻസിസ്‌ ഇട്ടിക്കോര.."


ആദ്യമേ തന്നെ ഈ പുസ്തകം എനിക്ക്‌ പരിചയപ്പെടുത്തിയ ബ്ലോഗർ കുമാരനുള്ള നന്ദി ഞാൻ ഇവിടെ അറിയിക്കട്ടെ.. എന്റെ 2009 ചില വായനാനുഭവങ്ങൾ എന്ന പോസ്റ്റിൽ കുമാരന്റേതായി ലഭിച്ച ഒരു കമന്റായിരുന്നു ഇത്തരം ഒരു പുസ്തകം മലയാളത്തിൽ ഉണ്ടെന്നുള്ള തിരിച്ചറിവുണ്ടാക്കിയത്‌. കുറച്ച്‌ നാളുകളുടെ തിരച്ചിലിനൊടുവിൽ ഡി.സി.ബുക്സിന്റെ എറണാകുളം അന്താരാഷ്ട്രാ പുസ്തകോൽസവത്തിൽ നിന്നും ഞാൻ ഈ പുസ്തകം കണ്ടെത്തി. വായനയുടെ ഇടയിലുള്ള എന്റെ പല സംശയങ്ങളും തേടി പിടിച്ച്‌ ദൂരീകരിച്ച്‌ തന്നതിനും കൂടി കുമാരനു ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.. പുസ്തകത്തിന്റെ മുഴുവൻ വായനക്ക്‌ ശേഷം എനിക്ക്‌ പറ്റുന്ന രീതിയിൽ ഇത്‌ മറ്റുള്ളവരിലേക്കെത്തിക്കാൻ ശ്രമിക്കണം എന്ന് ഞാൻ തീർച്ചപ്പെടുത്തിയിരുന്നു.. കാരണം വേറിട്ട കാഴ്ചപാടുകൾ / സമീപനങ്ങൾ അംഗികരിക്കപ്പെടേണ്ടത് തന്നെയാണെന്ന സത്യം..


വളരെ മികച്ചതെന്ന് പറയാൻ കഴിയില്ലെങ്കിലും , സ്ഥിരമായി നമ്മൾ കാണുന്ന ചട്ടകൂടുകളിൽ നിന്നും എന്തോ വ്യത്യാസം ഫ്രാൻസിസ് ഇട്ടിക്കോര എന്ന ഈ പുസ്തകത്തിൽ വരുത്താൻ രചയിതാവ് ശ്രമിച്ചിട്ടുണ്ട്. തന്റേത്‌ മാത്രമായ ഒരു ഭാവനാസൃഷ്ടിയെ ചരിത്രവും കുറെ മിത്തുകളുമായി അതിമനോഹരമായി തന്നെ ഈ പുസ്തകത്തിൽ ഗ്രന്ഥകാരൻ സന്നിവേശിപ്പിച്ചിരിക്കുന്നു.. ഒരു നിശ്ചിത ഭൂവിഭാഗത്തിലോ വൻകരയിലോ തന്നെ ഒതുങ്ങുന്നില്ല ഇതിലെ കഥയും കഥാപാത്രങ്ങളും. പ്രപഞ്ചത്തിന്റെ എല്ലാ കോണുകളും വിരൽതുമ്പിലേക്ക് ആവാഹിക്കാൻ ശേഷിയുള്ള പുതിയ വിവരസാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ് ഇട്ടിക്കോര മുന്നോട്ട് പോകുന്നതെന്നത് ഒരു നല്ല കാര്യമാണ്. കുറേ വർഷങ്ങൾക്ക് മുൻപ് മലയാളികളുടെ സ്വന്തം മുകുന്ദൻ “നൃത്തം” എന്ന നോവലിൽ പരീക്ഷിച്ച് വിജയം കണ്ട ഒരു ഫോർമാറ്റാണെങ്കിലും അതിൽ നിന്നും തുലോം വ്യത്യസ്തമാണ് രാമകൃഷ്ണൻ ഒരുക്കിയ ഈ ചട്ടകൂട്.


ഫ്രാൻസിസ്‌ ഇട്ടിക്കോര എന്ന പേരിൽ പണ്ട്‌ കേരളത്തിലെ കുന്നംകുളത്ത്‌ ജീവിച്ചിരുന്നതും പിന്നീട്‌ യൂറോപ്പിലേക്ക്‌ കുടിയേറിയതുമായ ഒരു കുരുമുളക്‌ വ്യാപാരിയെ ചുറ്റിപറ്റിയാണ് ഇതിന്റെ കഥ മുന്നോട്ട്‌ പോകുന്നത്‌. ഒരു പരിധിവരെ വായനക്കിടയിൽ ഇത്തരം ഒരു കഥാപാത്രം ചരിത്രത്തിലുണ്ടോ എന്ന് നമുക്ക് സംശയം തോന്നിക്കുമാറ് രാമകൃഷ്ണൻ കൈകാര്യം ചെയ്തിരിക്കുന്നു.. ഫ്രാൻസിസ്‌ ഇട്ടിക്കോരയുടെ പിൻതലമുറയിൽ പെട്ടതെന്ന് സ്വയം വിശേഷിപ്പിച്ച്‌ ഒരു ഇട്ടിക്കോര തന്റെ കോരപ്പാപ്പന്റേതായ കുറെ രഹസ്യങ്ങളുടെ കഥകൾ തേടി - അതോടൊപ്പം തന്റെ നഷ്ടപ്പെട്ടുപോയ പുരുഷത്വവും തേടി - അമേരിക്കയിൽ നിന്നും കേരളത്തിലേക്ക്‌ വരുവാൻ തുടങ്ങുന്നിടത്താണ് കഥയുടെ ആരംഭം. ഒരു റിയൽ ബിച്ച് ആയിരുന്ന സ്വന്തം അമ്മയുടെ കൂട്ടികൊടുപ്പുകാരനായി തുടങ്ങിയ ജീവിതം.. മദ്യപിച്ച് ലക്ക് കെട്ട് സ്വന്തം മകന്റെ മുൻപിലേക്ക് നഗ്നയായി വന്ന അമ്മയെ വെടിവെച്ച് കൊന്ന് തെരുവിലേക്ക് ജീവിക്കാനിറങ്ങിയ മകൻഅവന്റെ ആരോഗ്യം തുടിക്കുന്ന ശരീരത്തിൽ മയങ്ങാത്ത പെണ്ണൂങ്ങൾ ഇല്ല എന്നായപ്പോൾ മടുപ്പനുഭപ്പെടുകയും തുടർന്ന് ഒരു തുടുത്ത ഇറാഖിപ്പെണ്ണിന്റെ നഗ്നയാക്കി തോക്കിന്റെ മുനക്ക് മുൻപിൽ നിറുത്തി മതിയാവോളം റേപ്പ് ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ, അമേരിക്ക - ഇറാഖ്‌ യുദ്ധത്തിൽ ഒരു തികഞ്ഞ സാഡിസ്റ്റിന്റെ മാനസീകവ്യാപാരങ്ങളോടെ അമേരിക്കൻ പട്ടാളത്തിനുവേണ്ടി സ്ത്രീപീഡനവും മറ്റും നടത്തി, അതിന്റെ തുടർച്ചയായി നഷ്ടപ്പെട്ട പുരുഷത്വം തേടി പിടിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും പലരേയും സമീപിച്ച്‌ നിരാശനായ ജോസഫ്‌ , ഇന്റർനെറ്റിലെ ഗൂഗിൾ സെർച്ച്‌ എഞ്ചിൻ വഴി കണ്ടെത്തിയ "ദി സ്കൂളിന്റെ" പരസ്യത്തിൽ ആകൃഷ്ടനാവുകയും അതിൽ നിന്നും ദി സ്കൂളിന്റെ പ്രിൻസിപ്പാളായ മിസ്‌. രേഖയെ ഇമെയിലിലൂടെ കോണ്ടാക്ട്‌ ചെയ്യുന്നിടത്താണു കഥയുടെ തുടക്കം...


പിന്നീടുള്ള കഥയിൽ മുഴുവൻ അമേരിക്കൻ ഡോളറിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ രേഖ (കോളേജ്‌ അദ്ധ്യാപിക) , രശ്മി (ബാങ്ക് ഉദ്യോഗസ്ഥ), ബിന്ദു (ഫാഷൻ ഡിസൈനർ) എന്നീ മൂന്ന് പ്രോഫണലുകൾ തുടങ്ങിയിരിക്കുന്ന “ദി സ്കൂൾ“ എന്ന വെബ് സൈറ്റും അതിൽ ആകൃഷ്ടരായി വരുന്നവർക്ക് അവരുടെ ഇഷ്ടമേഖലകളിലൂടെ നയിച്ച് (ബിന്ദുവിൽ തുടങ്ങി രശ്മിയിലൂടെ രേഖയിലേക്ക് എന്ന് അവരുടെ ഭാഷ) അവിടെ നടക്കുന്ന ബോഡിലാബ്‌, ലിബെറേഷൻ, സൊറ തുടങ്ങിയ സെക്സ്‌ ടൂറിസത്തിന്റെ മാറിയ മുഖവും, ക്ലൈന്റ് ആയ ഇട്ടിക്കോരയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ മുത്തച്ച്ഛൻ എന്ന് പറയപ്പെടുന്ന ഫ്രാൻസിസ്‌ ഇട്ടിക്കോരയെക്കുറിച്ചും കോരപ്പാപ്പന്റെ കുടുംബമായ പതിനെട്ടാം കുറ്റുകാരെപറ്റിയും അവരുടെ ഇടയിലുള്ള ചില ആചാരങ്ങളെയും പറ്റിയൊക്കെ ദി സ്കൂളിന്റെ നടത്തിപ്പുകാരും അവരുടെ ചില വിശ്വസ്തരായ പറ്റുപടിക്കാരും (ബുജി , കുന്നംകുളത്തുകാരൻ ബെന്നി തുടങ്ങിയവർ) നടത്തുന്ന അന്വേഷണങ്ങളും തുടർന്നുണ്ടാവുന്ന അപകടങ്ങളും എല്ലാം നോവലിസ്റ്റ്‌ വരച്ചു കാട്ടുമ്പോൾ, നോവലിസ്റ്റിന്റെ അഗാധമായ ബാഹ്യവിജ്ഞാനം കൂടി വായനക്കാരൻ സഹിക്കേണ്ടി വന്നു എന്നതൊഴിച്ചാൽ വളരെ പുതുമ തോന്നുന്ന ഒരു ആഖ്യാനശൈലി തന്നെ രാമകൃഷ്ണൻ ഈ നോവലിനായി അവലംബിച്ചിരിക്കുന്നു എന്നത്‌ ശ്ലാഘനീയം തന്നെ...


സെക്സ്‌ പോലെ തന്നെ ഈ നോവലിൽ മുഖ്യ സ്ഥാനം വഹിക്കുന്ന മറ്റൊരു വിഷയം കണക്കാണ്. കണക്കിൽ തനിക്കുള്ള വിജ്ഞാനം മുഴുവൻ അല്ലെങ്കിൽ കണക്കിൽ നമുക്ക്‌ ഇന്റെർനെറ്റിൽ നിന്നും കിട്ടാവുന്ന ഏറെക്കുറെ വിവരങ്ങളും അദ്ദേഹം ഇതിലേക്ക്‌ കുത്തിനിറച്ചിരിക്കുന്നു.. പഴയ ഹൈപേഷ്യൻ സിദ്ധാന്തവും പഴയ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്തരായ പല മാത്തമാറ്റീഷ്യൻസിനെയും കഥയിലേക്ക്‌ ബോധപുർവ്വം കുടിയേറ്റുക വഴി ചില സമയങ്ങളിലെങ്കിലും വായന നമുക്ക്‌ വിരസമാകുന്നു എന്ന് പറയാതെ തരമില്ല.. അതുപോലെ തന്നെ ജോസഫ്‌ എന്ന ഇട്ടിക്കോരയുടെ പിന്മുറക്കാരൻ ഒരു നരഭോജിയാണെന്നതും അതിന്റെ തുടർച്ചയായി കാനിബാൾസ്‌ ഫീസ്റ്റ്‌ എന്ന രീതിയിൽ നരമാംസാസ്വാദനവും എല്ലാം കൂടി നോവൽ സംഭവബഹുലം തന്നെയെന്ന് പറയാതെ വയ്യ.. നരമാംസാസ്വാദന്ം മനോഹരമായി തന്നെ അല്ലെങ്കിൽ നരഭോജികൾ എങ്ങിനെയാണ് ആ ചടങ്ങ് ഒരു ഉത്സവമാക്കുന്നതെന്ന് വളരെ മനോഹരമായി വിവരിക്കുന്നുണ്ട്. അതുപോലെ, നോവലിൽ പറയുന്ന 18ം കൂറ്റക്കാർ എന്ന കോരപ്പാപ്പന്റെ പിൻ തലമുറക്കാർക്കിടയിൽ നിലകൊള്ളുന്ന കോരക്ക്‌ കൊടുക്കൽ, കോരപ്പൂട്ട്‌, കോരപ്പണം എന്നൊക്കെ പറയുന്ന വിചിത്രങ്ങളായ ചില ആചാരങ്ങളിലേക്കും നോവലിസ്റ്റ്‌ നമ്മെ കൊണ്ടുപോകുന്നുണ്ട്‌.. (ഇതിന്റെ സത്യം തേടി പല സുഹൃത്തുകളേയും സമീപിച്ചെങ്കിലും അത്തരം ആചാരങ്ങളും ഫ്രാൻസിസ്‌ ഇട്ടിക്കോരയെന്ന കഥാപാത്രത്തെപോലെ തന്നെ ഗ്രന്ഥകാരന്റെ ഫാന്റസി മാത്രമാണെന്നാണു അറിയാൻ കഴിഞ്ഞത്‌)


സെക്സിനു നോവലിൽ കൂടുതൽ പ്രാമുഖ്യം കൊടുക്കുമ്പോൾ പോലും അത്‌ നോവലിലെ അവശ്യമായ ഒരു ചട്ടക്കൂടാക്കാൻ നോവലിസ്റ്റ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌.. പിന്നെ ഹ്യെപേഷ്യൻ സിദ്ധാന്തവും കാനിബാൾസും ഒപ്പം പഴയ കാലത്തെയും പുതിയ കാലത്തെയും ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇമെയിൽ ചിന്തകളും എല്ലാം വേറിട്ടത്‌ തന്നെ.. ഒപ്പം സെക്സ്‌ ടൂറിസം കേരളത്തിൽ എത്രത്തോളം പടർന്നു എന്ന ഒരു തിരിച്ചറിവും ഈ നോവൽ നമുക്ക്‌ തരുന്നുണ്ട്‌. എന്ത്‌ തന്നെയായാലും പുസ്തകത്തിൽ ഗ്രന്ഥകാരൻ തന്റെ അറിവുകൾ വാരി വിതറാൻ ശ്രമിച്ചപ്പോളും അതിൽ അദ്ദേഹം ഒരു പരിധിവരെ വിജയിച്ചു എന്ന് തന്നെ എന്റെ വിശ്വാസം.. കാരണം.. ഇത്രയും അധികം അലോസരപ്പെടുത്താൻ സാദ്ധ്യതയുള്ള ഒരു വിഷയമാണു ഇത്രയേറേ ചർച്ചാവിഷയമായതെന്ന് തന്നെ.. കുറഞ്ഞ കാലം കൊണ്ട്‌ ഈ പുസ്തകത്തിന്റെ 2 പതിപ്പുകൾ വിറ്റഴിഞ്ഞു എന്ന് പറയുമ്പോൾ നമുക്കറിയാം മടിപിടിച്ച മലയാളിയുടെ വായനാശീലത്തിൽ ഈ പുസ്തകം എത്രത്തോളം സ്വാധീനം ചെലുത്തി എന്നത്‌.


ഒട്ടേറെ സമ്പുഷ്ടമായ മലയാള സാഹിത്യത്തിൽ നോവൽ ഒരു മുതൽകൂട്ടോ അല്ലെങ്കിൽ ബെഞ്ച്‌മാർക്കോ അവില്ല എങ്കിലും വ്യത്യസ്തമായ ഒരു രീതികൊണ്ടും പ്രമേയത്തിന്റെ ഒരു പുതുമകൊണ്ടുംവായന അർഹിക്കുന്ന ഒരു പുസ്തകമാണിതെന്ന് നിസ്സംശയം പറയാം.. കാരണം ഇന്നിന്റെ പലബെസ്റ്റ്‌ സെല്ലറുകളേക്കാളും നിലവാരം ഇതിനുണ്ടെന്നതിൽ തർക്കമില്ല എന്നത്‌ തന്നെ...

33 comments:

the man to walk with പറഞ്ഞു... മറുപടി

good introduction for those who are not yet read the book ..

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

പ്രാന്‍സീസ് ഇട്ടിക്കോരയെ വളരെ വിശദമായിതന്നെ പരിചയപ്പെടുത്തിയതിന്‌ നന്ദി. ആ പുസ്തകം വായിച്ച ഒരു ഫീല്‍. മനുവിന്റെ വിവരണത്തില്‍ തന്നെ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണെന്ന് തോന്നി. പരിചയപ്പെടുത്തലിന്‌ നന്ദി മനു.

അരുണ്‍ കരിമുട്ടം പറഞ്ഞു... മറുപടി

വായിക്കണം എന്ന് ആഗ്രഹം തോന്നുന്നു.അത്രക്ക് മനോഹരമായി വിവരിച്ചിരിക്കുന്നു.നന്ദി മനു

സുമേഷ് | Sumesh Menon പറഞ്ഞു... മറുപടി

വിശദമായ ഒരു പരിചയപ്പെടുത്തല്‍ തന്നെയാണിത്.. പുസ്തകം വായിക്കാന്‍ ആഗ്രഹം തോന്നുന്നു. ശ്രമം നന്നായി...

ശ്രീ പറഞ്ഞു... മറുപടി

പരിചയപ്പെടുത്തലിനു നന്ദി. ബിന്ദു ചേച്ചി ഒരിയ്ക്കല്‍ ഇതെപ്പറ്റി എഴുതിയത് വായിച്ചിരുന്നു.

Radhika Nair പറഞ്ഞു... മറുപടി

പരിചയപ്പെടുത്തലിനു നന്ദി മനോരാജ്:)

ഹംസ പറഞ്ഞു... മറുപടി

രാധികാനായര്‍ പറഞ്ഞതു തന്നെ പറയുന്നു.. !

Neena Sabarish പറഞ്ഞു... മറുപടി

good effort...

thalayambalath പറഞ്ഞു... മറുപടി

ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന ഈ നോവലിന്റെ പുറംചട്ട കണ്ടാല്‍ പെട്ടെന്ന് മതപ്രബോധന പുസ്തകത്തിന്റെ ഫീല്‍ ഉണ്ടാക്കുമെങ്കിലും നിങ്ങളുടെ കുറിപ്പ് അതു മാറ്റാന്‍ ഉപകരിച്ചു..... നന്ദി അറിയിക്കുന്നു മനോരാജ്‌

വീകെ പറഞ്ഞു... മറുപടി

ഈ പുസ്തകം പരിചയപ്പെടുത്തിയതിന് വളരെ നന്ദി.

Rainbow പറഞ്ഞു... മറുപടി

വ്യത്യസ്തമായ ഈ നോവല്‍ പരിചയപ്പെടുത്തിയതിനു നന്ദി...
തീര്‍ച്ചയായു വായിക്കണം എന്നുണ്ട്.... ആശംസകള്‍ ..

Rainbow പറഞ്ഞു... മറുപടി

എഴുതുകാരനെപ്പറ്റി കൂടുതല്‍ പരിചയപ്പെടാന്‍ താഴെക്കാണുന്ന ലിങ്ക് നോക്കാം .

http://www.youtube.com/watch?v=iZ5M4ZRLNUg

ഒരു നുറുങ്ങ് പറഞ്ഞു... മറുപടി

“മാധ്യമം”ആഴ്ചപതിപ്പില്‍ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ പ്രസിദ്ധീകരിച്ച് തുടങ്ങിയമുതല്‍,ആകാംക്ഷാപൂര്‍വം കാത്തിരിക്കുമായിരുന്നു...ഓരോ ലക്കവും കയ്യില്‍ കിട്ടിയാല്‍ ആദ്യം വായിക്കുന്നത് ടി.ഡി.ആറിനെയാവും. നല്ല ഫാന്‍റസിയും,മറ്റു കാല്പനികതകളും ചരിത്രപരമായ മിത്തുകളില്‍ സമംചേര്‍ത്ത് പാകപ്പെടുത്തിയ ആഖ്യാനം. ഈ റിവ്യൂ വായിച്ചപ്പോള്‍ പുസ്തകം വാങ്ങി വീണ്ടും വായിക്കണമെന്നൊരു തോന്നല്‍...

എറക്കാടൻ / Erakkadan പറഞ്ഞു... മറുപടി

മനോരാജും കുമാരനും കൂടി ചർച്ച നടത്തി എന്നു വിചാരിച്ചപ്പഴേ ഇതിലെന്തിങ്കിലും ഗുലുമാലുണ്ടെന്നു ചിന്തിച്ചു. സെക്സ്‌ തന്നെയാണ​‍്‌ ഇതിന്റെ ഹൈലൈറ്റ്‌ എന്ന് താങ്കൾ പറയുകയും ചെയ്തു. കഷ്ടം.....പിന്നെ കുമാരൻ ദ്ദേഹത്തിനുള്ളതു ഞാൻ നേരിട്ടു കൊടുത്തോളാം..


ഞാൻ വെറുതെ പറഞ്ഞതാണു കേട്ടോ മനു.....പുറം ലോകമറിയാത്ത എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം പരിചയപ്പെടുത്തലുകളിലൂടെ അല്ലാതെ ഇതൊന്നും അറിയില്ല.....പരിചയപ്പെടുത്തിയ സ്ഥിതിക്ക്‌ വായിച്ചിട്ടു തന്നെ കാര്യം. എന്റെ അറിവിൽ ബ്ലോഗർ പ്യാരി k ആണെന്നു തോന്നുന്നു അടുത്തിടെ ഒരു പുസ്തകം പരിചയപ്പെടുത്തിയത്‌. ഇത്തരമാളുകൾ കുറവാണ​‍്‌...മടുപ്പിക്കുന്ന കഥകളും ലേഖനങ്ങളും എഴുതുന്ന ബ്ലോഗർമാരിൽ നിന്ന് വത്യസതമായ ഇത്തരം പരീക്ഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

കാട്ടിപ്പരുത്തി പറഞ്ഞു... മറുപടി

പാഠഭേദത്തില്‍ പണ്ടൊരു റിവ്യു വന്നിരുന്നു. ഇപ്പോള്‍ ബ്ലോഗിലും ഒരു റിവ്യൂ, എന്തായാലും ഇനി വായിക്കാതിരിക്കാനാവില്ല എന്നായി

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ഒരു പുത്തൻ പുസ്തകത്തേകൂടി പരിചയ പെടുത്തിയതിനു നന്ദി കേട്ടൊ..മനോജ്

അഭി പറഞ്ഞു... മറുപടി

പരിചയപ്പെടുത്തലിനു നന്ദി.
വായിക്കാന്‍ ആഗ്രഹം ഉണ്ട് ,ഒരു ചാന്‍സ് കിട്ടിയാല്‍ കളയില്ല

ഒരിക്കല്‍ കൂടി നന്ദി

ramanika പറഞ്ഞു... മറുപടി

ഈ നോവല്‍ പരിചയപ്പെടുത്തിയതിനു നന്ദി

jayanEvoor പറഞ്ഞു... മറുപടി

വളരെ നന്നായി പുസ്തകം പരിചയപ്പെടുത്തി, മനോരാജ്.

വായിക്കാം.

Anil cheleri kumaran പറഞ്ഞു... മറുപടി

പരിചയപ്പെടുത്തല്‍ ചെറുതെങ്കിലും പൊതുവായ ഒരു ധാരണ നല്‍‌കാന്‍ പര്യാപ്തമായിരുന്നു. ഇത്തരം സംരംഭങ്ങള്‍ ബ്ലോഗിന്റെ വ്യത്യസ്തത വര്‍ദ്ധിപ്പിക്കുന്നു.

(യുവ ചെറുകഥാക്രുത്തായ വി.പി.സുരേഷ് കുമാര്‍ പരിചയപ്പെടുത്തിയ ഒരു ബുക്കുണ്ട്. ഡിജാന്‍ ലി. എഴുതിയത് കെ.വി.പ്രവീണ്‍. കറന്റ് ബുക്സ്. 65 രൂപയേ ഉള്ളൂ. അടുത്തത് അതായിക്കോട്ടെ.)

mukthaRionism പറഞ്ഞു... മറുപടി

ഒട്ടേറെ സമ്പുഷ്ടമായ മലയാള സാഹിത്യത്തിൽ ഈ നോവൽ ഒരു മുതൽകൂട്ടോ അല്ലെങ്കിൽ ബെഞ്ച് മാർക്കോ അവില്ല എങ്കിലും വ്യത്യസ്തമായ ഒരു രീതികൊണ്ടും പ്രമേയത്തിന്റെ ഒരു പുതുമകൊണ്ടും വായന അർഹിക്കുന്ന ഒരു പുസ്തകമാണിതെന്ന് നിസ്സംശയം പറയാം.. കാരണം ഇന്നിന്റെ പല ബെസ്റ്റ് സെല്ലറുകളേക്കാളും നിലവാരം ഇതിനുണ്ടെന്നതിൽ തർക്കമില്ല എന്നത് തന്നെ...

മാധ്യമം ആഴ്ചപതിപ്പില്‍
ഫ്രാന്‍സിസ് ഇട്ടിക്കോര
പ്രസിദ്ധീകരിക്കുമ്പോള്‍
ചില ഭാഗങ്ങള്‍ വായിച്ചിട്ടുണ്ട്.
മുഴുവനാക്കിയിട്ടില്ല.
എനിക്കു ഇഷ്ടമായില്ല.

മനോരാജ്
പറഞ്ഞതു കൊണ്ട്
ഒന്നൂടെ
വായിച്ചു നോക്കാം..
ബാക്കി എന്നിട്ടു പറയാം..

നിരൂപണത്തിന്റെ
കെമസ്ട്രി
അറിയാം
മനോരാജിന്..

സിനു പറഞ്ഞു... മറുപടി

നോവല്‍ വിശദമായി പരിചയപ്പെടുത്തിയതിന് നന്ദി
വായിക്കണം എന്നുണ്ട്
കിട്ടിയാല്‍ വായിക്കാം

നിരക്ഷരൻ പറഞ്ഞു... മറുപടി

പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി.

ഡി.സിയില്‍ ഇടയ്ക്കിടയ്ക്ക് കയറി ഇറങ്ങിയിട്ടും ഇത് കണ്ണില്‍പ്പെട്ടില്ല. ഇപ്പോഴും ലഭ്യമാണെങ്കില്‍ ഒരു കോപ്പി സംഘടിപ്പിച്ച് വായിക്കണമെന്ന ആഗ്രഹത്തിന് തിരികൊളുത്തിയതിന് പ്രത്യേകം നന്ദി മനോരാജ്.

Manoraj പറഞ്ഞു... മറുപടി

ഇവിടെ വന്ന് ഇട്ടിക്കോരയെ അറിയാൻശ്രമിച്ച എല്ലാവർക്കും എന്റെ നന്ദി..
തലയമ്പലത്ത് : ഒരു വലിയ സംശയം മാറ്റാൻ കുറിപ്പ് ഉപകരിച്ചല്ലോ.. സന്തോഷം.
റേയിൻബോ : എഴുത്തുകാരനെകുറിച്ചറിയാനുള്ള ലിങ്ക് തന്നതിന് നന്ദി
ഏറക്കാടൻ: പുസ്തക പരിചയം എന്റെ ബ്ലോഗിന്റെ ഒരു അജണ്ടയാട്ടോ.. ഇനിയും ഇത്തരം വധങ്ങൾ സഹിക്കാൻ തയ്യാറാവുക
കുമാരൻ: വലുതായിട്ടൊക്കെ പരിചയപ്പെടുത്താൻ അറിയുമായിരുന്നെങ്കിൽ ഞാൻ ആരായേനേ. പിന്നെ ഡീജാൻ ലീ വായിക്കാൻ ശ്രമിക്കാം..
റാംജി, അരുൺ, സുമേഷ്, ശ്രീ, രാധിക, ഹംസ, നീന, വികെ, തലയമ്പലത്ത്, റെയിൻബോ, നുറുങ്ങ്, ഏറക്കാടൻ, കാട്ടിപ്പരുത്തി, ബിലാത്തിപട്ടണം, അഭി, രമണിക, ജയൻ, കുമാരൻ, മുഖ് താർ, സീനു, നിരക്ഷരൻ.. നന്ദി.. സുഹൃത്തുക്കളേ.. തേജസിലേക്ക് വീണ്ടും വന്നതിനും “ഫ്രാൻസിസ് ഇട്ടികോരയെ“ വായിച്ചതിനും...

mini//മിനി പറഞ്ഞു... മറുപടി

പുസ്തകങ്ങൾ പരിചയപ്പെടുത്തുക വഴി വളരെ നല്ലൊരു കാര്യമാണ് താങ്കൾ ചെയ്യുന്നത്. ബ്ലോഗിലൂടേ തിരിച്ചറിവ് ഉണ്ടായിട്ട് വേണം ഇനി മലയാളികളുടെ വായനാശീലം വളർന്നുവരാൻ. ആശംസകൾ.

Ashly പറഞ്ഞു... മറുപടി

നല്ല റിവ്യൂ.

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

ഈ പുസ്തകത്തേപ്പറ്റി വായിച്ചിരുന്നു. പുസ്തകം വായിച്ചിട്ടില്ല.വിശദമായ പരിചയപ്പെടുത്തല്‍. ഒരെണ്ണം സംഘടിപ്പിക്കണം.

ആശിഷ് മുംബായ് പറഞ്ഞു... മറുപടി

പ്രാന്‍സീസ് ഇട്ടിക്കോരയെ വളരെ വിശദമായിതന്നെ പരിചയപ്പെടുത്തിയതിന്‌ നന്ദി.

ജീവി കരിവെള്ളൂർ പറഞ്ഞു... മറുപടി

thalayambalath പറഞ്ഞത് പോലെ പുറചട്ട കാണുമ്പോള്‍ തോന്നുന്ന തെറ്റിദ്ധാരണ മാറാന്‍ സഹായിച്ചു .

ManzoorAluvila പറഞ്ഞു... മറുപടി

നന്ദി മനോജ്
പുസ്തകം പരിചയപ്പെടുത്തിയതിന് ....!!!

perooran പറഞ്ഞു... മറുപടി

njan vayichu kazhinju.terrific

Manoraj പറഞ്ഞു... മറുപടി

മിനിടീച്ചർ : ഇത് പ്രചോദനമാണ്. പുസ്തക പരിചയങ്ങൾ ഇനിയും പ്രതീക്ഷിക്കാം.
ക്യാപ്റ്റൻ : നന്ദി. തേജസിലേക്ക് സ്വാഗതം.
എഴുത്തുകാരി ചേച്ചി : പുസ്തകം വായിക്കാൻ എന്റെ പോസ്റ്റ് തോന്നിപ്പിച്ചെങ്കിൽ എനിക്ക് സന്തോഷം
സോണ, ആഷിഷ്, ജീവി, മൻസൂർ : നന്ദി
പേരൂരാൻ : പുസ്തകം വായിച്ചു കഴിഞ്ഞു എന്നാണോ ഉദ്ദേശിച്ചത്. അതോ പോസ്റ്റോ? തേജസിലേക്ക് സ്വാഗതം.

skcmalayalam admin പറഞ്ഞു... മറുപടി

പുസ്തകം ഞാൻ വയിച്ചിട്ടുണ്ട് മനോ,..നല്ല പരിചയപ്പെടുത്തൽ,..ടി.ഡി.രാമകൃഷ്ണന്റെ മറ്റൊരു നോവലാണു ‘ആൽഫ’ ,..