വ്യാഴാഴ്‌ച, നവംബർ 17, 2011

ആടുജീവിതത്തില്‍ നിന്നും മഞ്ഞവെയില്‍ മരണങ്ങളിലേക്ക് : ബെന്യാമിനുമായി ഒരു അഭിമുഖം

ആടുജീവിതത്തിലൂടെ മരുഭൂമിയിലെ പൊള്ളുന്ന ജീവിതചിത്രങ്ങള്‍ മലയാളി വായനക്കാര്‍ക്ക് സമ്മാനിച്ച ബെന്യാമിന്‍ വ്യത്യസ്തമായ മറ്റൊരു പ്രമേയപരിസരവുമായി വീണ്ടും മലയാള സാഹിത്യപ്രേമികളെ വിസ്മയിപ്പിക്കുന്നു! ‘മഞ്ഞവെയില്‍ മരണങ്ങള്‍‘ എന്ന ബെന്യാമിന്റെ പുതിയ നോവല്‍ വായന കഴിഞ്ഞപ്പോള്‍ എന്തുകൊണ്ടോ നോവലിസ്റ്റുമായി ആശയവിനിമയം നടത്തണമെന്ന് ഒരാഗ്രഹം തോന്നി. അദ്ദേഹവുമായി ഇമെയില്‍ വഴി നടത്തിയ ചെറിയ ഒരു അഭിമുഖമാണ് ഇത്. ആദ്യമായാണ് ഇത്തരം ഒരു സാഹസത്തില്‍ ഏര്‍പ്പെടുന്നത്. അതിന്റെ എല്ലാ പരാധീനതകളും ഇതിനുണ്ടാവാം. എന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ സമയം കണ്ടെത്തിയ ബെന്യാമിനോട് നന്ദി അറിയിക്കട്ടെ.

1) ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലെ പച്ചയായ ചില ജീവിത കാഴ്ചകളില്‍ നിന്നും പച്ചപ്പു നിറഞ്ഞ ഡീഗോ ഗാര്‍ഷ്യയിലെ ചുട്ടുപൊള്ളിക്കുന്ന ചില ജീവിത കാഴ്ചകളിലേക്ക്... അല്ലെങ്കില്‍ ഭാവി ജീവിതം കരുപ്പിടിപ്പിക്കുവാനുള്ള ജീവിത സമരത്തിനിടയില്‍ നജീബനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങളില്‍ നിന്നും ഭാവിയിലേക്കുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ക്കായി നോവലിസ്റ്റാകുവാന്‍ ശ്രമിക്കുന്ന അന്ത്രപ്പേര്‍ അനുഭവിച്ച് തീര്‍ത്ത സംഘര്‍ഷങ്ങളിലേക്ക്... അല്ലെങ്കില്‍ ആടുജീവിതത്തില്‍ നിന്നും മഞ്ഞവെയില്‍ മരണങ്ങളിലേക്കെത്തുമ്പോള്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ അനുഭവിച്ച സംഘര്‍ഷങ്ങളെ പറ്റി പറയാമോ?


ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഓരോ രചനയും ഒരു പുതിയ എഴുത്തനുഭവമാണ്. ഇന്നലെ വരെ അവന്‍ എഴുതിയതൊന്നും അവനെ സ്വാധീനിക്കുകയോ സഹായിക്കുകയോ സമാധാനിപ്പിക്കുകയോ ചെയ്യില്ല. അതൊരു വലിയ ഗുണവും അതേസമയം വലിയ ഭാരവുമാണ്. ശൂന്യതയില്‍ നിന്ന് ഒരു ലോകത്തെ കെട്ടിപ്പടുത്തുകൊണ്ടു വരുക എന്നത് അത്ര ചെറിയ കാര്യമല്ല. പുതിയ കഥാപാത്രങ്ങളെയും അവരുടെ ജീവിതത്തെയും അവരുടെ മാനസിക സംഘർഷങ്ങളെയും സാമൂഹിക പരിസരത്തെയും തുടങ്ങി രാഷ്‌ട്രീയ നിലപാടുകളെ വരെ നാം പുന:സൃഷ്ടിക്കേണ്ടതുണ്ട്. അതിന്റെ ഭാരം വലുതു തന്നെയാണ്. അതാണ് എഴുത്തുകാരന്റെ ആത്മസംഘര്‍ഷം. അതാണ് രചന പൂര്‍ത്തികരിച്ച് കഴിയുമ്പോള്‍ എഴുത്തുകാരന്‍ അനുഭവിക്കുന്ന ആത്മഹര്‍ഷവും..!


2 ) ഡീഗോ ഗാർഷ്യ എന്ന രാജ്യത്തെ (ദ്വീപിലെ) രാഷ്ട്രീയവും താങ്കൾ ജീവിക്കുന്ന ബഹറിൻ എന്ന രാജ്യത്തെ (ദ്വീപിലെ) രാഷ്ട്രീയവും തമ്മിൽ എന്തെങ്കിലും സാമ്യം തോന്നിയിട്ടുണ്ടോ? അങ്ങനെ എന്തെങ്കിലും ഒരു ചിന്തയിൽ നിന്ന് കൂടെയാണോ മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന പുതിയ നോവലിന്റെ കഥാതന്തു വികസിപ്പിച്ചെടുത്തത് ?


ഒരു നോവലിന്റെ രചനാവേളയില്‍ നാം കണ്ടതും അനുഭവിച്ചതും നമ്മെ സ്പര്‍ശിച്ചതും ഒക്കെയായ നിരവധി വിഷയങ്ങള്‍ നമ്മുടെ മുന്നില്‍ വന്നു നിറയും. അതൊക്കെ കഥാസന്ദര്‍ഭങ്ങളോട് കൃത്യമായി ചേര്‍ത്തുവയ്ക്കുന്നതിലാണ് ഒരു എഴുത്തുകാരന്‍ തന്റെ മികവ് പ്രകടിപ്പിക്കേണ്ടത്. അത്തരത്തിലുള്ള ശ്രമം എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അത് ഒരു പ്രത്യേക ദേശത്തെ രാഷ്‌ട്രീയമല്ല. അതില്‍ എല്ലായിടത്തെയും രാഷ്‌ട്രീയമുണ്ട്. അതുകൊണ്ടാണ് സ്വതവേ പരിചിതമല്ലാത്ത ഡീഗോ ഗാർഷ്യ എന്നൊരു രാജ്യത്തിനെ കഥാഭൂമികയായി ഞാന്‍ തിരഞ്ഞെടുത്തത്. പലയിടങ്ങളിലെ പല സാമൂഹിക സാഹചര്യങ്ങളെ ചേര്‍ത്തു വയ്ക്കാനാണ് ഞാന്‍ ശ്രദ്ധിച്ചത്. അക്കൂട്ടത്തില്‍ ഞാന്‍ ജീവിക്കുന്ന ബഹ്‌റൈനിലെ രാഷ്‌ട്രീയവും പരോക്ഷമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്.


3) എതെല്ലാം അദ്ധ്യായങ്ങള്‍ ആരിലുടെയൊക്കെ പറയണം എന്ന വ്യക്തമായ ലക്ഷ്യബോധം ബെന്യാമിനിലിനെ നോവലിസ്റ്റിനുണ്ടെന്ന് അടിവരയിട്ടുറപ്പിക്കുന്ന ഒന്നാണ് മഞ്ഞവെയില്‍ മരണങ്ങളുടെ കഥ പറച്ചില്‍ ശൈലി. സത്യത്തില്‍ ഈ കഥപറയുവാന്‍ ഇത്തരം വ്യത്യസ്തമായ ഒരു ചട്ടക്കൂട് തിരഞ്ഞെടുക്കുവാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണങ്ങള്‍ ?


കഥ എഴുത്തില്‍ അങ്ങനെ മുന്‍നിശ്ചിതമായ ഒരു ശൈലിയൊന്നുമില്ല. നമ്മുടെ ഉള്ളില്‍ പറയാന്‍ ഒരു വിഷയമുണ്ടെങ്കില്‍ അതിന്റെ ശൈലി അത് സ്വയമേ കണ്ടെത്തിക്കൊള്ളും എന്നാണ് എന്റെ അനുഭവം. എന്റെ ഒരു കഥയും ഒരു നോവലും ഈ ശൈലിയില്‍ എഴുതണം എന്ന നിശ്ചയത്തോടെ എഴുതിത്തുടങ്ങിയതല്ല. എഴുതി കുറച്ച് കഴിയുമ്പോള്‍ താനേ വന്നു കൂടുന്നതാണ്. മഞ്ഞവെയിലിന്റെ കാര്യവും വ്യത്യസ്‌തമായിരുന്നില്ല. പിന്നൊരു കാര്യം എന്റെ ഒരു കൃതിയും മറ്റൊന്നിന്റെ അനുകരണം ആകരുതെന്ന ഒരു ആഗ്രഹം എനിക്കുണ്ട്. അതെത്ര മികച്ചതായാലും വായിക്കപ്പെട്ടതായാലും. അങ്ങനെ അനുകരിക്കുന്നിടത്ത് എഴുത്തിന്റെ സുഖം നഷ്‌ടപ്പെട്ട് പോകില്ലേ.. എഴുത്തിലെ ത്രില്‍ അനുഭവിക്കാന്‍ കൂടിയാണ് ഞാന്‍ എഴുതുന്നത്. വെറുതെ പ്രസിദ്ധീകരിക്കപ്പെടാന്‍ വേണ്ടി മാത്രമല്ലത്. എന്റെ അബീശഗിന്റെ രീതിയിലല്ല അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങശ് എഴുതപ്പെട്ടത്. അതുപോലെയല്ല ആടുജീവിതം വന്നത്. നിശ്ചയമായും മഞ്ഞവെയിലിന് അതിന്റേതായ ശൈലിയുണ്ട്. അത് നോവല്‍ സ്വയം കണ്ടെത്തിയതാണ്.


4) നോവലിലെ നായകന്റെ സുഹൃത്തായ ജയേന്ദ്രന്‍ പറയുന്നു. "ഏതൊരെഴുത്തുകാരനും ആദ്യത്തെ അന്‍പത് പേജിന്റെ സൗജന്യം ഞാന്‍ നല്‍കും. അതിനപ്പുറത്തേക്ക് എന്നെക്കൊണ്ടു പോകേണ്ടത് എഴുത്തുകാരന്റെ കടമയാണെന്ന്. എന്നാല്‍ ആ കാലം പോയെന്നും ഒരു അഞ്ച് പേജിന്റെ സൗജന്യമേ ഞാന്‍ നല്‍കൂ എന്ന് നായക കഥാപാത്രത്തെ കൊണ്ടും പറയിപ്പിക്കുന്നുണ്ട്. ഒരു സാഹിത്യകാരന്‍ എന്ന നിലയില്‍ ഇന്നത്തെ വായനാ സമൂഹത്തെ എങ്ങിനെ നോക്കിക്കാണുന്നു? അഥവാ വായനക്കാരനോട് എഴുത്തുകാരനുള്ള കമ്മിറ്റ്മെന്റ് എന്താണ്?


ആ പ്രസ്ഥാവന എന്റെ ഒരു വിശ്വാസമാണ്. ആഗ്രഹവുമാണ്. ഇന്നത്തെ വായനാ സമൂഹം വല്ലാതെ മാറിയിട്ടുണ്ട്. കൃതിയുടെ പിന്നാലെ പോയി കഷ്ടപ്പെട്ട് വായിച്ചെടുക്കുന്ന കാലമൊക്കെ അസ്‌തമിച്ചിരിക്കുന്നു. അങ്ങനെ വായിക്കണമെന്ന് ഒരു വായനക്കാരനും ഇപ്പോള്‍ ആഗ്രഹമില്ല. ഒരു കൃതി വായിപ്പിക്കുക എന്നത് ഇന്ന് എഴുത്തുകാരന്റെ മാത്രം ഉത്തരവാദിത്വമാണ്. അവന് പറയാനുള്ളത് വായനക്കാരനോട് പറയും എന്ന ദൃഢനിശ്ചയത്തോടെ എഴുത്തുകാരന്‍ വായനക്കാരനെ സമീപിക്കേണ്ടതുണ്ട്. അതിനര്‍ത്ഥം വായനക്കാരന് ഇഷ്‌ടമുള്ളത് കൊടുക്കുക എന്നല്ല. തനിക്ക് പറയാനുള്ളതിലേക്ക്, തന്റെ ശൈലിയിലേക്ക് ,തന്റെ വാചകങ്ങളിലേക്ക് എഴുത്തിന്റെ മാന്ത്രികദണ്ഡ് വീശി വായനക്കാരനെ ആകർഷിച്ച് കൊണ്ടുവരുക എന്നതാണ്. അതുമാത്രമാണ് എഴുത്തുകാരന് വായനക്കാരനോടുള്ള കമ്മിറ്റ്മെന്റ്..


5) മഞ്ഞവെയില്‍ മരണങ്ങളില്‍ ഒട്ടേറെ വായനക്കാരെ ആകര്‍ഷിച്ച ഒന്നായിരുന്നു വ്യാഴചന്ത. പുസ്തകത്തിന്റെ ഒരോ ഭാഗത്തിനൊടുവിലും പുസ്തകമടച്ചുവെച്ച് കഥാഗതിയെ പറ്റി സ്വയം തര്‍ക്കിക്കുവാനും വ്യാഴചന്തകളുമായി തര്‍ക്കത്തിലേര്‍പ്പെടുവാനും പിതാക്കന്മാരുടെ പുസ്തകത്തിന്റെ അടുത്ത ഭാഗം ആരുടെ പക്കല്‍ ആവുമെന്ന് കണ്ടെത്തുവാന്‍ ശ്രമിക്കുവാനും വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട് വ്യാഴചന്തയുടെ അന്തരീക്ഷം. ഈ നോവലിനു വേണ്ടി സൃഷ്ടിച്ചെടുത്ത ഒരു സങ്കല്പമാണോ വ്യാഴചന്ത? വ്യാഴചന്തയെ പറ്റി ഒന്ന് വിശദമാക്കാമോ?


ഞങ്ങളുടെ സുഹൃത്തുക്കളുടെ കൂടിയിരിപ്പിന് എന്റെ ഭാവനയുടെ നിറം ചേര്‍ത്ത പേരാണ് വ്യാഴച്ചന്ത എന്നത്. പക്ഷേ ഞങ്ങളുടെ ജീവിതത്തെ സമ്പുഷ്ടമാക്കുന്ന അര്‍ത്ഥവത്താക്കുന്ന അത്തരമൊരു കൂടിയിരുപ്പ് ഞങ്ങള്‍ക്കിടയില്‍ നടക്കുന്നുണ്ട്. സത്യത്തില്‍ അവർക്കുപോലും അറിയാത്ത ഒരു കാര്യമുണ്ട്. ഞാന്‍ നോവലിനുവേണ്ട പല കാര്യങ്ങളും ഒപ്പിച്ചെടുക്കുന്നത് ഈ സംസാരത്തിനിടയില്‍ നിന്നാണ്. ഒന്നുരണ്ട് ഉദാഹരണം തരാം. നോവലില്‍ ചൈനീസ് തത്വചിന്തകന്‍ ചാങ്സുവിനെക്കുറിച്ച് പറയുന്ന ഒരു ഭാഗമുണ്ടല്ലോ. അക്കാര്യം എന്നോട് പറയുന്നത് നിബുവാണ്. ഞങ്ങള്‍ തമ്മില്‍ അതേ സംബന്ധിച്ച് നിരവധി സംവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേ പോലെ ഹസ്‌തഫലകത്തെപ്പറ്റി സൂചന തരുന്നതും നിബു തന്നെ. പോണോഗ്രാഫി സൈറ്റുകളിലെ അപകടങ്ങളെക്കുറിച്ച് ആദ്യമായി ഞാന്‍ അറിയുന്നത് ഒരു കൂടിയിരുപ്പില്‍ ബിജു പറഞ്ഞുകേട്ടാണ്. അങ്ങനെ നിരവധി ഉദാഹരണങ്ങള്‍ തരാന്‍ കഴിയും. വളരെ ശക്‌തമായ വാക്കുതര്‍ക്കങ്ങളും കൊടുക്കല്‍വാങ്ങലുകളും നടക്കുന്ന ഒരു കൂടിയിരുപ്പാണ് ഞങ്ങളുടെ വ്യാഴച്ചന്ത.


6) ജീവിച്ചിരിക്കുന്ന ചില സുഹൃത്തുക്കളെയും ചില സെലിബ്രിറ്റികളെയും കഥാപാത്രമായി മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവലിലേക്ക് ഭംഗിയായി കുടിയിരുത്തിയിട്ടുണ്ട്. മുകുന്ദന്റെ ചില നോവലുകളിലും സേതുവിന്റെ പുതിയ നോവലായ മറുപിറവിയിലുമെല്ലാം നോവലിസ്റ്റ് തന്നെയും സെലിബ്രിറ്റികളും ചില അദ്ധ്യായങ്ങളില്‍ കഥാപാത്രമായി തലകാട്ടി പോകുന്നത് മുന്‍പും വായനക്കാര്‍ക്ക് പരിചിതം തന്നെ. എന്നാല്‍ തനിക്ക് ചുറ്റുമുള്ള കുറേ സുഹൃത്തുക്കളെ നോവലിലെ കഥാഗതിയെ സ്വാധീനിക്കും വിധം അല്ലെങ്കില്‍ നിയന്ത്രിക്കാന്‍ തക്ക വിധം മുഖ്യകഥാപാത്രങ്ങളാക്കി നോവല്‍ വികസിപ്പിക്കുകയാണ് മഞ്ഞവെയില്‍ മരണങ്ങളിലൂടെ.. ഇത് എഴുത്തിന്റെ ഒഴുക്കിനെ എങ്ങിനെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കാമോ? അല്ലെങ്കില്‍ എഴുത്തിനെ സ്വാധീനിക്കും വിധമുള്ള പോസിറ്റീവ് / നെഗറ്റീവ് ഇടപെടലുകള്‍ ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നുവോ? ചില കാര്യങ്ങള്‍ പറയുവാന്‍ എന്നെ ഉപയോഗിക്കരുതെന്നോ മറ്റോ രീതിയില്‍?


അതി ഭാവനയും അതിയാഥാര്‍ത്ഥ്യവും തമ്മിലുള്ള ഒരു കൂട്ടിക്കലർപ്പാണ് മഞ്ഞവെയില്‍ മരണങ്ങള്‍. അതില്‍ യാഥാർത്ഥ്യമെത്ര ഭാവന എത്ര എന്ന് വേർതിരിച്ചറിയാനാവാത്തവിധം കലര്‍പ്പ് സാധ്യമായിട്ടുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അത് സാധ്യമാക്കി എടുക്കുന്നതിനായിട്ടാണ് ഇത്തരം ചില കഥാപാത്രങ്ങളെയും സെലിബ്രിറ്റികളെയും ഒക്കെ കഥയിലേക്ക് സന്നിവേശിപ്പിച്ചത്. എന്നാല്‍ കഥ എഴുതിത്തുടങ്ങിയാല്‍ പിന്നെ അവരൊക്കെയും ഫിക്‌ഷന്‍ മാത്രമാണ്. അവര്‍ യഥാര്‍ത്ഥത്തിലുള്ളവരല്ല. അവരുടെ ചില സ്വഭാവസവിശേഷതകളും പേരുകളും ഉപയോഗിച്ചു എന്നല്ലാതെ അവരുടെ വാര്‍പ്പ് മാതൃകകളല്ല കഥാപാത്രങ്ങള്‍. അതുകൊണ്ടുതന്നെ രചനയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം മുന്‍കൂട്ടി അറിയിക്കേണ്ടതില്ല. അങ്ങനെയുള്ള ഇടപെടലുകള്‍ രചനാവേളയില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ എഴുതി പൂർത്തിയായ ശേഷം വായനക്കാര്‍ എന്ന നിലയില്‍ കൃതി അവരെ ഏല്പിക്കുകയും അഭിപ്രായം ശേഖരിക്കുകയും ചെയ്‌തിരുന്നു. അവര്‍ നിര്‍ദ്ദേശിച്ച ക്രിയാത്മകമായ ചില വെട്ടിത്തിരുത്തലുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് നോവല്‍ പുറത്തുവന്നിട്ടുള്ളത്.


7) ബെന്യാമിന്റെ കഥകളേക്കാള്‍ എന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത് നോവലുകളാണെന്ന് തോന്നുന്നു. കഥയെഴുതുന്ന ബെന്യാമിനെയാണോ നോവലെഴുതുന്ന ബെന്യാമിനെയാണോ കൂടുതല്‍ ഇഷ്ടം? അല്ലെങ്കില്‍ കഥയെഴുതുമ്പോഴാണോ നോവലെഴുതുമ്പോഴാണോ കൂടുതല്‍ സംതൃപ്തി കിട്ടുയിട്ടുള്ളത്?


രണ്ടും രണ്ട് അനുഭവമാണ്. നോവലാണ് എനിക്ക് കുറച്ച് കൂടി ആത്മസംതൃപ്‌തി തരുന്ന രചനാരൂപം. ഇത്തിരി വിശാലമായ ക്യാന്‍വാസിലാണ് എന്റെ കഥകള്‍ രൂപം കൊള്ളാറുള്ളത്. അതിനു പറ്റിയ മാധ്യമം നോവല്‍ തന്നെയാണ്. എന്റെ കഥകള്‍ തന്നെ വളരെ നീണ്ടവയാണെന്ന് ശ്രദ്ധിച്ചാല്‍ മനസിലാവും. നോവലിന്റെ ചെറുരൂപങ്ങളാണവ. എന്നാല്‍ രസകരമായ കാര്യം എന്റെ കഥകള്‍ക്കാണ് കൂടുതല്‍ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുള്ളത് എന്നതാണ്.


8) അബീശഗിന്‍, ആടുജീവിതം, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, പ്രവാചകന്‍മാരുടെ രണ്ടാംപുസ്തകം, ഇരുണ്ട വനസ്ഥലികള്‍... (അതുപോലെ തന്നെ ആര്‍ക്കോപിലാഗോ , പിതാക്കന്മാരുടെ പുസ്തകം, കള്‍ച്ചറല്‍ ആംബുലന്‍സ്, കന്യാഭോഗസൂക്തം...... തുടങ്ങി സൃഷ്ടിക്കുള്ളില്‍ സൃഷ്ടിക്കപ്പെടുന്ന പേരുകള്‍) സൃഷ്ടികളുടെ പേരുകള്‍ കണ്ടെത്തുന്നതില്‍ ഈ വ്യത്യസ്തത മന:പൂര്‍‌വ്വമാണോ? അതോ സംഭവിച്ചു പോകുന്നതാണോ?


അത് സംഭവിച്ച് പോകുന്നതാണ്. എന്നാല്‍ അത്തരം പേരുകള്‍ക്കുവേണ്ടി ഞാന്‍ എത്രവേണമെങ്കിലും കാത്തിരിക്കാറുണ്ടെന്നതും സത്യമാണ്.


9) ചരിത്രവും മിത്തും തമ്മില്‍ സം‌യോജിപ്പിച്ചുള്ള ഒരു എഴുത്ത് രീതി മഞ്ഞവെയില്‍ മരണങ്ങളില്‍ പലയിടത്തും കാണം. ഒരു പക്ഷെ ഇതിനു മുന്‍പ് 'ഇട്ടിക്കോര'യില്‍ ടി.ഡി.ആര്‍ പരീക്ഷിച്ച ഒരു എഴുത്ത് തന്ത്രം. ഉദയം പേരൂര്‍ സുന്നഹദോസിന്റെയും തൈക്കാട്ടമ്മയെയും ഡീഗോ ഗാര്‍ഷ്യ ചരിത്രവും മറ്റു വിവരണങ്ങളും മഞ്ഞവെയില്‍ മരണങ്ങളിലെ മറിയം സേവയും ഇട്ടിക്കോരയിലെ കോരക്ക് കൊടുക്കല്‍ ചടങ്ങുകളിലുമെല്ലാം അത്തരം ചെറിയ സാമ്യം തോന്നിയിരുന്നു. ഒരിക്കലും ഇട്ടിക്കോര പോലെ നെറ്റ് വിഞ്ജാനം പകര്‍ത്തിവെച്ചിരിക്കുകയാണ് ഈ നോവലില്‍ എന്നല്ല പറഞ്ഞു വരുന്നത്. പക്ഷെ, നോവലെഴുതുമ്പോഴോ അതിനു ശേഷമോ മേല്‍‌സൂചിപ്പിച്ചത് പോലെ ഒരു സാദൃശ്യം എഴുത്തുകാരനോ എഴുത്തുകാരനിലെ വായനക്കാരനോ അനുഭവപ്പെട്ടിട്ടുണ്ടോ?


അങ്ങനെയൊരു സാമ്യം വായനക്കാര്‍ ചൂണ്ടിക്കാട്ടുന്നതുവരെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നതാണ് സത്യം. ഇട്ടിക്കോര എനിക്കിഷ്‌ടപ്പെട്ട കൃതിയാണ് പക്ഷേ. വളരെ വ്യത്യസ്‌തമായ ഒരു വിഷയമല്ലേ അത് കൈകാര്യം ചെയ്യുന്നത്. ഞാന്‍ അങ്ങനെയാണ് അത് വായിച്ചത് എന്നതുകൊണ്ടുമാകാം. ഞാന്‍ ഇത്തരം വിഷയങ്ങളില്‍ എത്തുന്നത് എന്റെ തന്നെ അന്വേഷണത്തിന്റെയും പഠനത്തിന്റെയും തുടര്‍ച്ചയായാണ്. ആടുജീവിതത്തിനു ശേഷമുള്ള എന്റെ കഥകള്‍ ശ്രദ്ധിച്ചാല്‍ അറിയാം, ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ന്യൂനപക്ഷ സമുദായങ്ങളെക്കുറിച്ചും അവർക്കിടയിലെ വിചിത്രങ്ങളായ ആചാരങ്ങളെക്കുറിച്ചും സ്‌ത്രീ കേന്ദ്രീകൃതമായിരുന്ന ഒരു അധികാര വ്യവസ്ഥയെക്കുറിച്ചും ഒക്കെയാണ് അക്കഥകള്‍ പറഞ്ഞത്. ആഡിസ് അബാബ എന്ന കഥ എടുക്കുക. എത്യോപ്യയിലെ ഒരു വിഭാഗം ജനങ്ങളെക്കുറിച്ചും അതിലൊരു രാജ്ഞിയെ വാഴിക്കുന്നതിനെക്കുറിച്ചും ഒക്കെയാണത്. കുമാരിദേവിയാകട്ടെ സ്‌ത്രീയെ ദൈവമാക്കുന്ന നേപ്പാളി ആചാരത്തെക്കുറിച്ചാണ് പറയുന്നത്. ,എം.എസും പെണ്‍കുട്ടിയുമാകട്ടെ മോംഗ് എന്ന് ജനവിഭാഗത്തെക്കുറിച്ചും അവരുടെ വിചിത്ര ചിക്‌ത്സകനായ ഷമാനെക്കുറിച്ചും ഒക്കെ പറയുന്നു. അതിന്റെ തുടർച്ചയാണ് മഞ്ഞവെയില്‍ മരണങ്ങള്‍. അത് നമുക്കിടയിലെ തന്നെ ചില കാര്യങ്ങള്‍ ചർച്ച ചെയ്യുന്നു. ഇട്ടിക്കോരയിലെ ചരിത്രങ്ങള്‍ കെട്ടുകഥകളാണെങ്കില്‍ ഉദയം പേരൂര്‍ സുന്നഹദോസും തൈക്കാട്ടമ്മയും മറിയം സേവയും കെട്ടുകഥകള്‍ അല്ല. അത്തരത്തില്‍ നോവലുകള്‍ തമ്മില്‍ അന്തരമുണ്ട് എന്നാണ് എന്റെ വിശ്വാസം.


10.) നോവലിൽ പറയുന്ന ഡീഗോ ഗാർഷ്യ ദ്വീപ് ചരിത്രം, ഉദയം പേരൂർ അടക്കമുള്ള കേരളത്തിലെ ചരിത്രവിവരങ്ങൾ, ക്രിസ്റ്റന്‍ സഭാതര്‍ക്ക പരാമര്‍ശങ്ങള്‍ എന്നതൊക്കെ തേടിപ്പിടിച്ച് പങ്കുവെക്കാൻ കാണിച്ചിട്ടുള്ള താൽ‌പ്പര്യം ശ്ലാഘനീയമാണ്. ഡീഗോ ഗാർഷ്യയിൽ എപ്പോഴെങ്കിലും പോയിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇനിയെങ്കിലും പോകണമെന്ന ആഗ്രഹം മനസ്സിലുണ്ടോ ?


ഡീഗോ ഗാര്‍ഷ്യയെപ്പറ്റി ഞാന്‍ കേട്ടിട്ടു മാത്രമേയുള്ളൂ. പോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ സന്ദര്‍ശകരെ അനുവദിക്കുന്ന ഇടമല്ല അതിപ്പോള്‍. അമേരിക്കന്‍ നാവികത്താവളമാണത്. പിന്നെ നോവല്‍ വായിച്ചിട്ട് ഡീഗോയില്‍ പോയാല്‍ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ വായിച്ചിട്ട് മാഹി കാണാന്‍ പോയവന്റെ അനുഭവമായിരിക്കും ഉണ്ടാകുക. നോവലില്‍ ഉള്ളതെല്ലാം യഥാര്‍ത്ഥത്തില്‍ ഉണ്ടാവണം എന്നില്ല. പക്ഷേ നിങ്ങള്‍ക്ക് ഉദയം പേരൂരില്‍ പോകാവുന്നതാണ്. പഴയപള്ളിയും തൈക്കാട്ടമ്മയുടെ കപ്പോളയും ഒക്കെ അവിടെ കാണാം. നോവലില്‍ ഉള്ളതുപോലെ തന്നെ. അങ്ങനെ പോയ ചില വായനക്കാര്‍ അവരുടെ അനുഭവം പങ്കുവച്ചിരുന്നു.


11) എഴുതി പൂര്‍ത്തിയാക്കിയ മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവലിലേക്ക് ഒരു പ്രത്യേകസാഹചര്യത്തില്‍ വ്യാഴചന്തയും അതിലെ അംഗങ്ങളും കടന്നു വന്നതാണ് എന്ന് ഇതേ കുറിച്ചുള്ള മറ്റൊരു അഭിമുഖത്തില്‍ നട്ടപ്പിരാന്തന്‍ പറയുന്നുണ്ട്. ആ സാഹചര്യം എന്തെന്ന് ബെന്യാമിന്‍ വെളിപ്പെടുത്തുന്നതിന് മുന്‍പ് വെളിപ്പെടുത്തുന്നതിലെ ഔചിത്യക്കുറവും നട്ടപ്പിരാന്തന്‍ ആ അഭിമുഖത്തില്‍ പങ്കുവെക്കുന്നു. ഇതേ കുറിച്ച് നോവലിസ്റ്റിന്റെ അഭിപ്രായമറിയുവാന്‍ ആകാംഷയുണ്ട് ?


ഞാൻ നേരത്തെ പറഞ്ഞില്ലേ ഒരു നോവല്‍ അതിന്റെ ശൈലി സ്വയം കണ്ടെത്തുന്നതാണെന്ന്. എഴുത്തിന്റെ ഒരു ഘട്ടത്തില്‍ വച്ച് ഇതുവരെ പറഞ്ഞ രീതിയിലല്ല ഈ നോവല്‍ പറയേണ്ടത് എന്നൊരു തോന്നല്‍ എനിക്കുണ്ടായി. അതുവരെ എഴുതിയതിനെ എല്ലാം മുറിച്ച് പുതിയൊരു രചനാരീതി ഞാന്‍ അവലംബിച്ചു. ഒരു പതിനഞ്ച് നിലകെട്ടിടം പത്തുനില പണിഞ്ഞ് കഴിഞ്ഞ് ആദ്യം മുതല്‍ ഇടിച്ച് പണിയുന്നതുപോലെ ആയിരുന്നു അത്. പക്ഷേ എഴുത്തുകാരന് അങ്ങനെ തോന്നിയാല്‍ അത് ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടി ഇരട്ടി പണി എടുക്കേണ്ടതുണ്ട്. എന്തായാലും അപ്പോഴാണ് വ്യാഴച്ചന്തയും അതിലെ അംഗങ്ങളും ഒക്കെ കടന്നുവരുന്നത്. നിങ്ങള്‍ ഇപ്പോള്‍ വായിക്കുന്ന രൂപത്തിലല്ല ഈ നോവല്‍ ആദ്യം എഴുതപ്പെട്ടത്.


12) ബ്ലോഗ്, ഫെയ്സ്‌ബുക്ക്, ഓര്‍ക്കൂട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് അത്യധികം പ്രാധാന്യം നല്‍കുന്നുണ്ട് മഞ്ഞവെയില്‍ മരണങ്ങളില്‍. ചിലയവസരങ്ങളില്‍ കഥാഗതിയെ നിയന്ത്രിക്കുന്നതില്‍ പോലും ഇവയില്‍ ചിലതിന്റെ പങ്ക് വലുതുമാണ്. ബ്ലോഗ് ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങളെ പറ്റിയുള്ള ചില പ്രശസ്തരായ എഴുത്തുകാരുടെ അഭിപ്രായപ്രകടനങ്ങള്‍ ( നപുംസക സഹിത്യം, ടോയ്‌ലെറ്റ് സാഹിത്യം) ബ്ലോഗില്‍ സജിവമായി നിലകൊള്ളുന്ന ഒരാളെന്ന നിലയില്‍ എങ്ങിനെ നോക്കിക്കാണുന്നു. ഓണ്‍ലൈന്‍ , ബ്ലോഗ്, -എഴുത്തുകളെ കുറിച്ച് താങ്കളുടെ കാഴ്ചപാട് ?


സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ലോഗുകളും ഒക്കെ ഇന്നൊരു സാമൂഹിക യാഥാര്‍ത്ഥ്യമാണ്. ഇന്നിന്റെ കഥ പറയുന്ന ഒരാള്‍ക്ക് അതിനെ ഒഴിവാക്കിക്കൊണ്ട് ഒന്നും പറയാന്‍ കഴിയില്ല. ചില എഴുത്തുകാരുടെ അത്തരത്തിലുള്ള അഭിപ്രായം അവര്‍ക്കതിലുള്ള പരിജ്ഞാനക്കുറവുകൊണ്ട് സംഭവിക്കുന്നതാണ്. മൂന്നു രാജ്യങ്ങളിലെ ഭരണാധികാരികളെ അട്ടിമറിക്കാന്‍ പ്രധാനപങ്ക് വഹിച്ച ഫേസ്ബുക്കിനെ ചെറുതായി കാണുന്നെങ്കില്‍ അതിനെ മണ്ടത്തരം എന്നുപോലും വിളിക്കേണ്ടി വരും. ബ്ലോഗുകളും അത്തരത്തിലുള്ള ദൌത്യം നിര്‍വ്വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇറാഖ് യുദ്ധ സമയത്തും മറ്റും. - എഴുത്തും ഇ- വായനയും എഴുത്തിന്റെ ഒരു പുതിയ മാധ്യമത്തിലേക്കുള്ള കുടിയേറ്റമായാണ് കാണേണ്ടത്. അതിനു കഴിയുന്നില്ലെങ്കില്‍ ലോകം അതിന്റെ വഴിക്ക് പോകും. എഴുത്ത് അവിടെത്തന്നെ നില്ക്കുകയും ചെയ്യും. എന്തും നമ്മള്‍ പുതിയ കാലത്തിലേക്കും സാങ്കേതിക വിദ്യകളിലേക്ക് സന്നിവേശിപ്പിക്കാന്‍ തയ്യാറാവേണ്ടതുണ്ട്.


13) അവസാനമായി ഒരു ചോദ്യം കൂടി.. മഞ്ഞവെയില്‍ മരണങ്ങളില്‍ പലവട്ടം പറഞ്ഞു പോകുന്ന 'നെടുമ്പാശ്ശേരി' എന്ന നോവല്‍ വായനക്കാര്‍ക്ക് ഉടനെ പ്രതീക്ഷിക്കാമോ? അതോ നോവലിനു വേണ്ടി രൂപപ്പെടുത്തിയ ഒരു സാങ്കല്പ്പീക സൃഷ്ടി മാത്രമാണോ നെടുമ്പാശ്ശേരി? അങ്ങിനെയെങ്കില്‍ പുതിയ വര്‍ക്ക് എന്തെങ്കിലും മനസ്സിലുണ്ടോ?


അപ്പോള്‍ ഒരു സാങ്കല്പിക സൃഷ്ടി മാത്രമായിരുന്നു നെടുമ്പാശ്ശേരി. എന്നാല്‍ അത്തരത്തില്‍ ഒരു കഥ എന്റെ മനസിലുണ്ട്. എഴുതണം. പുതിയ ഒരു വിഷയം മനസ്സില്‍ കൊണ്ടുനടക്കുന്നു. അതെങ്ങനെ നോവല്‍ ആക്കും എന്ന വേദന തിന്ന് നടക്കുന്നു.. !!


നാട്ടുപച്ച വെബ് മാഗസിനു വേണ്ടി ചെയ്ത അഭിമുഖം.


39 comments:

Manoraj പറഞ്ഞു... മറുപടി

ആദ്യമായാണ് ഇത്തരം ഒരു സാഹസത്തില്‍ ഏര്‍പ്പെടുന്നത്. അതിന്റെ എല്ലാ പരാധീനതകളും ഇതിനുണ്ടാവാം. എന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ സമയം കണ്ടെത്തിയ ബെന്യാമിനോട് നന്ദി അറിയിക്കട്ടെ.

സേതുലക്ഷ്മി പറഞ്ഞു... മറുപടി

മനോരാജ്, അഭിമുഖം വായിച്ചു. എത്ര തഴക്കം വന്ന ആളെപ്പോലാണു ചോദിക്കുന്നത്.
കൃതിയെ ശരിക്കു മനസ്സിലാക്കി ചോദിക്കുമ്പൊൾ എഴുത്തുകാരനും സന്തോഷം.
ഞാൻ പുസ്തകം വായിച്ചില്ല.

പൈമ പറഞ്ഞു... മറുപടി

ചോദ്യങ്ങള്‍ ..അറിയേണ്ടത് തന്നെയായിരുന്നു ...അഭിമുഖ സംഭാഷണം രുചി ആറിഞ്ഞു..
ആശംസകള്‍ മനോചെട്ടാ...

Lipi Ranju പറഞ്ഞു... മറുപടി

ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍ മനൂ... നല്ലൊരു അഭിമുഖം വായിച്ച സുഖമുണ്ട്. അതില്‍ നാലാമത്തെ ചോദ്യവും ഉത്തരവും കൂടുതല്‍ ഇഷ്ടായി...

വേണുഗോപാല്‍ പറഞ്ഞു... മറുപടി

ബെന്യാമിന്‍ എന്ന എഴുത്തുകാരനെ..... അദ്ദേഹത്തിന്‍റെ എഴുത്തിന്റെ വേറിട്ട തലങ്ങളെ ...
എല്ലാം പരിചയപെടുത്തി തന്ന ഈ അഭിമുഖം ഏറെ നന്നായി മനു .....
കഴമ്പുള്ള ചോദ്യങ്ങള്‍ക്ക് മറുപടി എഴുത്തുകാരന്‍ കാര്യ കാരണ സഹിതം നല്‍കുമ്പോള്‍ അടുത്ത ചോദ്യം എന്ത്
എന്ന ഒരു ആകാംക്ഷ വായനക്കാരനില്‍ അവസാനം വരെ നില നില്‍ക്കുന്നു
ആശംസകളോടെ .....(തുഞ്ചാണി)

Mohammed Kutty.N പറഞ്ഞു... മറുപടി

'മഞ്ഞവെയില്‍ മരണങ്ങള്‍ 'വായിച്ചു കൊണ്ടിരിക്കുന്നു.അതിനിടയില്‍ ഇങ്ങിനെയൊരു അഭിമുഖം വായിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.നന്ദി.

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

നന്ദി മനോ...നാട്ടുപച്ചയില്‍ വായിച്ചിരുന്നു,പക്ഷെ കമന്ടിടുവാന്‍ പറ്റുന്നില്ല.ഒന്നുകൂടി നോക്കട്ടെ.നമ്മുടെ നെറ്റ് കൂട്ടുകാര്‍ കഥാപാത്രങ്ങളാകുക എന്നത് തികച്ചും പുതുമയുള്ള കാര്യം തന്നെ അല്ലെ.

kochumol(കുങ്കുമം) പറഞ്ഞു... മറുപടി

അഭിമുഖം വളരെ നന്നായിട്ടുണ്...പുസ്തകം കിട്ടിയില്ല അതിനാല്‍ വായിക്കാന്‍ സാധിച്ചില്ല ...നാട്ടുപച്ചയില്‍ വായിച്ചിരുന്നു,പക്ഷെ കമന്ടിടുവാന്‍ പറ്റുന്നില്ല....കുറെ ശ്രമിച്ചു നടക്കണില്ല...

ശിഖണ്ഡി പറഞ്ഞു... മറുപടി

പോസ്റ്റിനു നന്ദി......
അഭിനന്ദനങ്ങള്‍

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ജാഡകളില്ലാത്ത ചോദ്യവും ഉത്തരവും എന്നത് തന്നെയാണ് 'മഞ്ഞവെയില്‍ മരണങ്ങള്‍ ' എന്ന കൃതിയെ മുന്‍നിര്‍ത്തിയുള്ള അഭിമുഖത്തില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത്. എഴുത്തുകാരന്‍ ഒരു സൃഷ്ടി നടത്തുമ്പോള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ വളരെ കൃത്യമായി തന്നെ ഒരു സാധാരണക്കാരന്റെ ഭാഷയില്‍ ബെന്യാനില്‍ പറയുന്നു. പുത്തന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ സ്വാധീനിക്കുന്ന തലവും, ഒരു കൃതിയിലേക്ക്‌ വായനക്കാരനെ കൊണ്ടുവരെണ്ടതിന്റെ ആവശ്യകതയും, എങ്ങിനെ ഇന്നത്തെ നിലയില്‍ വായനക്കാരനെ ഒരു പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കും അല്ലെങ്കില്‍ വായനക്കാരനെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്‌ എങ്ങിനെ രൂപപ്പെടുത്താം എന്നത് ബെന്യമില്‍ പറഞ്ഞത്‌ വളരെ ശരിയാണ് എന്ന് തോന്നി.
വളരെ നല്ല ഒരഭിമുഖം.

jayanEvoor പറഞ്ഞു... മറുപടി

വളരെ നന്നായി ചെയ്തിട്ടുണ്ട് മനോരാജ്. മഞ്ഞവെയിൽ മരണങ്ങൾ വായിച്ചിട്ടില്ല ഇതുവരെ. ഉടനെ വായിക്കണം.

അഭിനന്ദനങ്ങൾ!

yousufpa പറഞ്ഞു... മറുപടി

നല്ലത് , മനോ...ആശംസകൾ.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു... മറുപടി

valare nannayittundu ee abhimukham ....... abhinandanangal......

SHANAVAS പറഞ്ഞു... മറുപടി

വളരെ ഹൃദ്യമായ ഒരു അനുഭവമാണ്,മനൂ , ഈ അഭിമുഖം വായിച്ചപ്പോള്‍ ലഭിച്ചത്..ഒരു തുടക്കക്കാരന്റെ യാതൊരു ലക്ഷണവും കണ്ടില്ല , ചോദ്യങ്ങളില്‍..ചോദ്യങ്ങള്‍ സുന്ദരം..ഉത്തരങ്ങള്‍ അതിസുന്ദരം..ആശംസകള്‍..

African Mallu പറഞ്ഞു... മറുപടി

Enjoyed reading interview with Benyamin. congrats

Yasmin NK പറഞ്ഞു... മറുപടി

@ റോസാപൂക്കള്‍
@ കുങ്കുമം. നാട്ടുപച്ചയില്‍ കമന്റിടുവാന്‍ പറ്റുന്നുണ്ടല്ലോ. നിങ്ങളുടെ മെയില്‍ ഐഡിയും പേരും കൊടുക്കണം. എല്ലാ കോളമും ഫില്‍ ചെയ്യു. എന്നിട്ട് സബ്മിറ്റ് ചെയ്യു.

@ മനോരാജ്. ആശംസകള്‍ .

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

ഈയ്യിടെ ആടുജീവിതം വായിച്ച് ബെന്യമിനോട് ആരാധന തോന്നിയതിനുപിന്നാലെ ഈ ‘മഞ്ഞവെയില്‍ മരണങ്ങള്‍‘ എന്നപുസ്തകത്തിന്റെ വിലയിരുത്തലും ഒപ്പമുള്ള അഭിമുഖവും വളരെ സന്തോഷം ഉളവാക്കി കേട്ടൊ

Pradeep Kumar പറഞ്ഞു... മറുപടി

പ്രസക്തമായ ചോദ്യങ്ങളും അവയ്ക് ബെന്യാമിന്‍ നല്‍കിയ തുറന്ന മറുപടികളും നല്ല വായനാനുഭവം നല്‍കി.മഞ്ഞവെയില്‍ മരണങ്ങള്‍ ഇതുവരെ വായിച്ചിട്ടില്ല.ഈ അഭിമുഖം നല്‍കിയ ഉള്‍ക്കാഴ്ച സ്വതന്ത്രമായ ആസ്വാദനത്തെ ഒട്ടും തടസപ്പെടുത്താതെ തന്നെ നോവല്‍ വായനയില്‍ എന്നെ സ്വാധീനിക്കും എന്ന കാര്യം ഉറപ്പാണ്.

ഇത് ഒരു സാഹസമായി തോന്നിയില്ല.പരാധീനതകളും അനുഭവപ്പെട്ടില്ല.മറിച്ച് നിലവാരമുള്ള നല്ല ഒരു അഭിമുഖം എന്നേ പറയാനുള്ളു.

കൂട്ടത്തില്‍ പറയട്ടെ ബെന്യാമിനെപ്പോലെയുള്ള എഴുത്തുകാരുടെ സൈബര്‍ എഴുത്തിനോടുള്ള സമീപനം വ്യക്തമാക്കുവാന്‍ കാരണമായ ആ ചോദ്യവും., അതിന് അദ്ദേഹം നല്‍കിയ കൃത്യമായ മറുപടിയും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു..

ശ്രീജ പ്രശാന്ത് പറഞ്ഞു... മറുപടി

ആശംസകള്‍ ...

khaadu.. പറഞ്ഞു... മറുപടി

സുഹൃത്തെ..ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍

സീത* പറഞ്ഞു... മറുപടി

നല്ലൊരു അഭിമുഖം..പുസ്തകം വായിക്കാത്തതു കൊണ്ട് അതിനൊപ്പമെത്താൻ കഴിഞ്ഞില്ലെങ്കിലും ഇഷ്ടായി

Hashiq പറഞ്ഞു... മറുപടി

മനോരാജ്, ഈ പുസ്തകത്തെപ്പറ്റി ആദ്യം അറിയുന്നതും ഇവിടെനിന്നുമാണ്. ഇപ്പോള്‍ ആ എഴുത്തുകാരനെ കൂടുതല്‍ പരിചയപ്പെടുത്തിയ ഈ അഭിമുഖവും.
നന്നായിട്ടുണ്ട് !!

Manoraj പറഞ്ഞു... മറുപടി

സേതുലക്ഷ്മി ,Pradeep paima ,Lipi Ranju, വേണുഗോപാല്‍ ,Mohammedkutty irimbiliyam ,റോസാപൂക്കള്‍ ,kochumol(കുങ്കുമം),ശിഖണ്ഡി ,പട്ടേപ്പാടം റാംജി,jayanEvoor ,yousufpa , jayarajmurukkumpuzha , SHANAVAS, AFRICAN MALLU,മുല്ല,മുരളീമുകുന്ദൻ , ബിലാത്തിപട്ടണം ,Pradeep Kumar ,ശ്രീജ പ്രശാന്ത് , khaadu..,സീത*,Hashiq നിങ്ങള്‍ നല്‍കുന്ന പ്രോത്സാഹനത്തിന് നന്ദി.

Prasanna Raghavan പറഞ്ഞു... മറുപടി

ബുക്കു പരിചയം നന്നായിരിക്കുന്നു. നോവല്‍ ഒരിക്കല്‍ കൈയ്യില്‍ കിട്ടിയാല്‍ വായിക്കണമെന്നുണ്ട്.

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു... മറുപടി

ഈ അഭിമുഖം നന്നായി മനോജേട്ടാ... നിരക്ഷരന്‍ മഞ്ഞവെയില്‍ മരണത്തിലെ കഥാപാത്രങ്ങളുമായി നടത്തിയ അഭിമുഖം വായിച്ചപ്പോള്‍ തോന്നിയിരുന്നു ഈ പുസ്തകത്തെപറ്റി ബെന്യാമിന്റെ അഭിപ്രായം കേട്ടിരുന്നെങ്കില്‍ എന്ന്. ഇപ്പോള്‍ അത് സാധിച്ചു. നന്ദി...

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു... മറുപടി

പുസ്തകം വാങ്ങി വെച്ചിട്ട് ദിവസങ്ങളായി.അത് ഉടനെ വായിപ്പിക്കാന്‍ ഈ അഭിമുഖം പ്രേരിതമായി. നന്ദി മനോ

Sreekumar Elanji പറഞ്ഞു... മറുപടി

മനോരാജ് ,
ബെന്യാമിനെ തൊട്ടറിയുവാന്‍ മനോ ഒരു നിമിത്തമായി മാറി.
അഭിനന്ദനം.
ഹരിശ്രീയുടെയും വിദ്യാരംഗത്തിന്റെയും അഭിനന്ദനംഅറിയിക്കുന്നു.
അഭിപ്രായങ്ങള്‍ അറിയിക്കാം.

majeed alloor പറഞ്ഞു... മറുപടി

മനോഹരമായി ചോദിച്ചു, പറഞ്ഞു..
എലാ ഭാവുകങ്ങളും ..!

Typist | എഴുത്തുകാരി പറഞ്ഞു... മറുപടി

അഭിമുഖം വായിച്ചു. (പുസ്തകം വായിക്കാൻ കഴിഞ്ഞിട്ടില്ല). നന്നായി മനോരാജ്, ബെന്യാമിൻ എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തിയതു്.

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

ഗഹനമായ അഭിമുഖം. വളരെ നന്നായി മനോരാജ്.

റിഷ് സിമെന്തി പറഞ്ഞു... മറുപടി

അഭിമുഖം വായിച്ചു..നന്നായിട്ടുണ്ട്..ആശംസകൾ..

Manoj vengola പറഞ്ഞു... മറുപടി

നല്ല അഭിമുഖം.

Cv Thankappan പറഞ്ഞു... മറുപടി

ഞാന്‍ 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ലെ
"ബ്ലോഗാന"യില്‍ നിന്നാണ്‌ രചന വായിച്ചത്.ബ്ലോഗ് കണ്ടിരുന്നില്ല.
ബെന്യാമിന്റെ മറ്റുള്ള പുസ്തകങ്ങളെല്ലാം
വായിച്ചിട്ടുണ്ട്.'മഞ്ഞവെയില്‍ മരണങ്ങളിലേക്ക്' വായിക്കാന്‍ പറ്റിയട്ടില്ല.
താങ്കളുടെ അഭിമുഖം മികവുപുലര്‍ത്തി.
അഭിനന്ദനങ്ങള്‍!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Manoraj പറഞ്ഞു... മറുപടി

@ റിഷ് സിമെന്തി : തേജസിലേക്ക് സ്വാഗതം

@ Sreekumar Elanji : ഹരിശ്രീയിലെ കൂട്ടുകാരുടെ സ്നേഹത്തിന് നന്ദി.


@MKERALAM, ഷബീര്‍ - തിരിച്ചിലാന്‍ ,sherriff kottarakara, Sreekumar Elanji ,majeedalloor ,Typist | എഴുത്തുകാരി, ഭാനു കളരിക്കല്‍ , റിഷ് സിമെന്തി , Manoj vengola, c.v.thankappan,chullikattil.blogspot.com : എല്ലാവര്‍ക്കും നന്ദി.

Suja പറഞ്ഞു... മറുപടി

പ്രിയ മനോരാജ് ,

"മഞ്ഞവെയില്‍" മരണങ്ങള്‍ "വായിച്ചു .കേരളകൗമുദിയില്‍ ശ്രീ ലാല്‍ ജോസ്സ് (ഡയറക്ടര്‍ )പറഞ്ഞിരുന്നു ഈ നോവലിനെകുറിച്ച് .കഴിഞ്ഞ ആഴ്ച നോവല്‍ വാങ്ങി ,വളരെ നാളുകള്‍ക്ക്‌ ശേഷം നല്ലൊരു വായനാനുഭവം സമ്മാനിച്ച പുസ്തകം .ഇടയ്ക്ക് മനോരാജിന്‍റെ ഈ പോസ്റ്റ്‌ കണ്ടിരുന്നുവെങ്കിലും നോവല്‍ വായിച്ചിട്ട് പോസ്റ്റ്‌ വായിക്കുന്നതാണ് നല്ലതെന്ന് തോന്നി.വായനയില്‍ ഞാന്‍ മനസ്സില്‍ കരുതിയ പല ചോദ്യങ്ങളും താങ്കള്‍ ഈ അഭിമുഖത്തിലൂടെ ചോദിച്ചു. ശ്രീ ബെന്യാമിന്‍റെ വളരെ വ്യക്തമായ മറുപടികള്‍ അതിലേറെ സന്തോഷം നല്‍കുന്നു. എനിക്കത്ഭുതമായി തോന്നിയത് ഗ്രന്ഥ കര്‍ത്താവ് ഡീഗോ ഗാര്‍ഷ്യയില്‍ പോയിട്ടേ ഇല്ല എന്ന് കേട്ടതാണ്. "മഞ്ഞവെയില്‍" മരണങ്ങളുടെ" ഹാന്‍ഗ് ഓവറില്‍ ആണ്‌ ഇപ്പോഴും .ഇനിയും ചോദിയ്ക്കാന്‍ മനസ്സില്‍ ചോദ്യങ്ങള്‍ ബാക്കി ഉണ്ട് .....
ശ്രീ ബെന്യാമിന് എന്‍റെ ആശംസകള്‍.

ഈ അഭിമുഖം എന്ത് കൊണ്ടും നന്നായി.
തേജസ്സിന് ഭാവുകങ്ങള്‍

സസ്നേഹം
സുജ-വയല്‍പൂവുകള്‍

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു... മറുപടി

ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. ബ്ലോഗെഴുത്തിനു നിലവാരമില്ലെന്നും അത് ടോയ്ലെറ്റു സാഹിത്യവുമാണെന്നും മറ്റും ചില മുഖ്യധാരാ (എന്തു മുഖ്യധാര?) എഴുത്തുകാർക്കുള്ള ശക്തമായ മറുമടിയാണ് ബൂലോകത്തെ മനോരാജ്മാർ. ഇത്രയും നിലവാരമുള്ള ഒരു ഇന്റെർവ്യൂ ഈ അടുത്ത് ഒരു മുഖ്യധാരയിലും ഈയുള്ളവനു വായിക്കുവാൻ കഴിഞ്ഞില്ല. ബെന്യാമിൻ എന്ന എഴുത്തുകാരനോട് ഈ സന്ദർഭത്തിൽ എന്തൊക്കെയാണോ ചോദിക്കേണ്ടത് എന്ന് കൃത്യമായി ഗൃഹപാഠം ചെയ്ത് ചോദിക്കുകയും ബെന്യാമിൻ എന്ന എഴുത്തുകാരനിൽ നിന്ന് അദ്ദേഹത്തെ വായിക്കുന്നവർ എന്തൊക്കെയാണോ ചോദിക്കുവാനും ഉത്തരങ്ങളായി കേൾക്കുവാനും ആഗ്രഹിക്കുന്നത് ആ ഉത്തരങ്ങൾ തന്നെ ലഭിക്കുവാൻ മനോരാജിന്റെ ചോദ്യങ്ങൾ സഹായകമായി. ലളിതവും ധൈഷണികമായ ചോദ്യങ്ങളും ഉത്തരങ്ങളും കൊണ്ട് ഹൃദ്യവും വൈജ്ഞാനികവുമായ ഒരു വായനാനുഭവം ഈ അഭിമുഖം വഴി നൽകിയ മനോരാജിനും ബെന്യാമിനും അഭിനന്ദനങ്ങൾ

പൊന്നാമ്പല്‍ പറഞ്ഞു... മറുപടി

njan innanu manjaveyil maranangal vaayichu theernnathu.appol manassil thalinja samsayangalkkulla marupadiyanu thangalude ee abhimukham.valere nannayirikkunnu.aasamsakal

പൊന്നാമ്പല്‍ പറഞ്ഞു... മറുപടി

njan innanu manjaveyi maranangal vaayichu theernnath.athinu sesham ente manassil uyarnna chodyangalkkulla marupadi aayirunnu thaangal nadaththiya abhimukham.valere nannayirikkunnu.aasamsakal..

കാടോടിക്കാറ്റ്‌ പറഞ്ഞു... മറുപടി

മനോരാജ്, മഞ്ഞവെയില്‍ മരണങ്ങള്‍ വായിച്ചു. അതിനുശേഷം ഈ അഭിമുഖവും. You have done an excellent job! നോവലിന്‍റെ ആത്മാവ് തൊട്ട് എഴുത്തുകാരന്‍റെ മനസ്സറിഞ്ഞ ഈ അഭിമുഖത്തിനു അഭിനന്ദനങ്ങള്‍... ഞങ്ങള്‍ ചോദിച്ചറിയാന്‍ ആഗ്രഹിച്ച പലതും ബെന്യാമിനിലൂടെ പറയിച്ചതിന്... നന്ദിയും..y