ശനിയാഴ്‌ച, സെപ്റ്റംബർ 17, 2011

പെരുംആള്‍

പുസ്തകം : പെരുംആള്‍
രചയിതാവ്
: രമേശന്‍ ബ്ലാത്തൂര്
പ്രസാധകര്‍
: ഡി.സി.ബുക്സ്


ഭാരതീയ ഭാഷകളില്‍ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച സാഹിത്യസൃഷ്ടികളാണ്‌ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും എന്നതില്‍ തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല. ഇത്രയേറെ ചായക്കൂട്ടുകളും കഥാപാത്രങ്ങളും അവയുടെ സങ്കലനവും കൊണ്ട് വളരെ ബൃഹത്തായ കാന്‍‌വാസെങ്കില്‍ പോലും ഒരു മികച്ച ചിത്രകാരന്റെ അതല്ലെങ്കില്‍ ചലച്ചിത്രകാരന്റെ കൈത്തഴക്കത്തോടെ വാല്‍മീകിയും വേദവ്യാസനും നമ്മോട് പറഞ്ഞുവെക്കുന്നു. ഇതിഹാസങ്ങളെ പറ്റി പറയുമ്പോള്‍ എന്നും എന്റെ മനസ്സില്‍ ഓടിയെത്തുന്നത് വെള്ളിയാഴ്ചകളില്‍ വൈകുന്നേരം ആറ് മണിയാവാന്‍ കാത്തുനില്‍ക്കുന്ന കുട്ടികാലമാണ്‌. വെള്ളിയാഴ്ചകളിലായിരുന്നു അച്ഛന്‍ വരുന്നത്. വരുമ്പോള്‍ കൈയിലുള്ള പലഹാരപ്പൊതിയില്‍ എന്തെന്നറിയുവാനുള്ള ആകാഷയോടൊപ്പം തന്നെയായിരുന്നു അക്കാലത്ത് ബാലരമ അമര്‍ചിത്രകഥ രൂപത്തില്‍ പുറത്തിറക്കിയിരുന്ന ശ്രീകൃഷ്ണചരിതവും മഹാഭാരതവും. വല്ലാത്ത ഒരു ആവേശത്തോടെയായിരുന്നു അക്കാലത്ത് അത് വായിച്ചിരുന്നതും. പിന്നീട് അതുകൊണ്ട് തന്നെ ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട കൃതികള്‍ എന്നും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ഖണ്ഡേക്കറുടെ യയാതിയും ശിവജി സാവന്തിന്റെ കര്‍ണ്ണനും പ്രതിഭാറായിയുടെ ദ്രൌപദിയും അതുപോലെ മലയാളത്തിന്റെ സ്വന്തം രചനകളിലേക്ക് വന്നാല്‍ പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമുഴം, സാറാ ജോസഫിന്റെ ഊരുകാവല്‍ ...ഇവയെല്ലാം അതുകൊണ്ട് തന്നെ പ്രിയങ്കരങ്ങള്‍ തന്നെ. പക്ഷെ ഇവയില്‍ ഏറ്റവും അധികം മനസ്സിനെ സ്വാധീനിച്ച ഒരു കൃതി ഏതെന്ന് ചോദിച്ചാല്‍ ഇതിഹാസങ്ങള്‍ക്ക് പുത്തന്‍ ഡിവിയേഷന്‍സ് നല്‍കിക്കൊണ്ട് എം.ടി ഒരുക്കിയ രണ്ടാമൂഴം എന്ന ഒറ്റ ഉത്തരമേ എനിക്കുള്ളൂ. ഇന്ന് മഹാഭാരതമെന്നാല്‍ എനിക്ക് ഭീമന്റെ കഥയാണ്‌.


പറഞ്ഞ് വന്നത് പെരുംആള്‍ എന്ന പുസ്തകത്തെ കുറിച്ചാണല്ലോ പിന്നെയെന്തിന് രണ്ടാമൂഴത്തെ പറ്റി ഇത്രയേറെ വിശദീകരിക്കുന്നു എന്ന ഒരു സംശയം ഒരു പക്ഷെ ഉണ്ടായേക്കാം. പെരും‌ആള്‍ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ഗ്രന്ഥകാരന്‍ തന്നെ പറഞ്ഞുവെച്ച ചില പരാമര്‍ശങ്ങളാണ്‌ ഇത് പറയുവാന്‍ പ്രേരണയായത്. എന്നെ രണ്ടാമൂഴം ആവേശിച്ചത് പോലെ മറ്റൊരു രീതിയിലാണെങ്കില്‍ പോലും പെരും‌ആള്‍ എന്ന പുസ്തകത്തിന്റെ രചനക്ക് ശ്രീ. രമേശന്‍ ബ്ലാത്തൂരിന്‌ പ്രേരണയായിട്ടുണ്ട് എം.ടിയും രണ്ടാമൂഴവും എന്ന് അദ്ദേഹം പുസ്തകത്തിനെഴുതിയ ആമുഖക്കുറിപ്പില്‍ നിന്നും മനസ്സിലായി. മനോഹരമായി, നാട്യങ്ങളില്ലാതെ എഴുതപ്പെട്ട ഒരു ആമുഖം. അവിടെ തുടങ്ങുന്നു പെരും‌ആള്‍ എന്ന നല്ല പുസ്തകം എന്ന് വേണമെങ്കില്‍ പറയം. പലപ്പോഴും തിരക്കുപിടിച്ച വായനയില്‍ ഞാനുള്‍പ്പെടെ പലരും ഉപേക്ഷിക്കാറുള്ളതാണ്‌ ആമുഖങ്ങള്‍. പക്ഷെ പെരും‌ആള്‍ വായിക്കുമ്പോള്‍ തീര്‍ച്ചയായും ആമുഖവും വായിച്ചിരിക്കണം എന്ന് ഞാന്‍ പറയും.


മഹാഭാരതത്തെ പല കഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെ കണ്ടുകൊണ്ടുള്ള ഒട്ടേറെ കൃതികള്‍ ഉണ്ടെങ്കിലും രാമയണവുമായി ബന്ധപ്പെട്ട് ഗദ്യകൃതികള്‍ ഇത്തരത്തില്‍ കുറവാണെന്ന് തോന്നുന്നു. ബ്ലോഗുകളില്‍ / ആനുകാലീകങ്ങളില്‍ വായിച്ചിട്ടുള്ള ഒറ്റപ്പെട്ട ചില കഥകള്‍ ഒഴിച്ചുനിറുത്തിയാല്‍ സാറാജോസഫിന്റെ ഊരുകാവലും കെ.ബി.ശ്രിദേവിയുടെ ദാശരഥവും ടി.എന്‍.പ്രകാശിന്റെ കൈകേയിയും ആണ്‌ ഞാന്‍ വായിച്ചിട്ടുള്ളവയില്‍ രാമായണത്തെ വ്യത്യസ്തകാഴ്ചപ്പാടില്‍ കാണുന്ന നോവലുകള്‍. ഇതില്‍ തന്നെ ഊരുകാവല്‍ വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. (സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മി പണ്ടെപ്പോഴോ വായിച്ച് മുഴുമിപ്പിക്കാതെ പോയത് കൊണ്ട് അതേ പറ്റി ആധികാരികമായി പറയുന്നില്ല) ഇപ്പോള്‍ ഇതാ ആ ഗണത്തിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്ന ഒരു മികച്ച രചനകൂടെ പെരും‌ആളുടെ വായനയിലൂടെ സാധിച്ചു. കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും കണ്ടറിഞ്ഞതിമായ രാമായണത്തില്‍ ഏവരും വില്ലനായി കാണുന്ന കഥാപാത്രമാണ്‌ രാവണന്‍. ആ രാവണന്റെ മാനസീക വ്യാപാരങ്ങളിലൂടെയാണ്‌ പെരും‌ആളിലൂടെ രമേശന്‍ ബ്ലാത്തൂര് നമ്മെ നയിക്കുന്നത്.


മുഹൂര്‍ത്തം, അയനം, ഗ്രഹണം എന്നീ മൂന്ന് ഭാഗങ്ങളും നാന്ദിയും, വിരാമവും അങ്ങിനെയൊരു ഘടനയിലാണ് പെരും‌ആള്‍ എന്ന നോവലിനെ ശ്രീ.രമേശന്‍ ബ്ലാത്തൂര്‍ വിന്യസിച്ചിരിക്കുന്നത്. എഴുത്തുകാരന്റെ ഭാവനയില്‍ നിന്നും ഉടലെടുത്ത രാവണന്റെ പൂര്‍‌വ്വകാമുകിയെ വരെ വാല്‍മീകീ രാമായണത്തിലെ ഒരു കഥാപാത്രമാണെന്ന് തോന്നും‌വിധം ചിത്രീകരിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. പാടിപ്പതിഞ്ഞ കഥകളിലെല്ലാം നല്ല പിള്ള ഇമേജുള്ള വിഭീഷണന്റെ കുടിലതകളും സഹോദരീ സ്നേഹം മൂലം രാവണന്‍ വരുത്തിവെച്ച വിനകളും പറയുമ്പോള്‍ കൈയടക്കം കൊണ്ട് നോവല്‍ വായന ഒരിടത്തും വിരസത സൃഷ്ടിക്കുന്നില്ല. എങ്കില്‍ പോലും രാമായണമെന്ന ബൃഹത്തായ ക്യാന്‍‌വാസ് പുസ്തകത്തില്‍ നിന്നും ലഭിക്കും എന്ന മുന്‍‌ധാരണയോടെ പുസ്തകം വായിക്കരുത്. കാരണം ഇതില്‍ രാമന്‍ എന്ന കഥാപാത്രം തിരശ്ശീലയില്‍ ഒന്നോ രണ്ടോ സീനുകളില്‍ പ്രത്യക്ഷനാവുന്ന സഹനടന്‍ മാത്രം. ആ ഒരു വ്യത്യസ്തത തന്നെയാണ്‌ നോവലിനെ മനോഹരമാക്കുന്നതെന്നും തോന്നി. തീര്‍ത്തും രാവണനെ ചുറ്റിപ്പറ്റി തന്നെയാണ്‌ കഥ മുഴുവന്‍ നീങ്ങുന്നതും.


ഞാനാദ്യമായി ഒരാശ്രമം കാണുകയാണ്. പൊട്ടിത്തെറിക്കുന്ന ഉത്സാഹത്തോടെ ഹോമധൂപങ്ങള്‍ക്കൊപ്പം ചുറ്റിനടക്കുന്ന എന്നെ ആരോ ഗുരുവിന്റെ മുന്നിലേക്ക് നയിച്ചു. കാല്‍തൊട്ടുവന്ദിച്ച് ആചാര്യനോടഭ്യര്‍ത്ഥിച്ചു. “ശിഷ്യനായി സ്വീകരിച്ച് എനിക്ക് വെളിച്ചമേകിയാലും.”

നിന്റെ കുലമേതാണ്”

പുലസ്ത്യന്റെ വംശം, വിശ്രവസ്സാണ് പിതാവ്.” ആചാര്യന്‍ ഒരു നിമിഷം മൌനിയായി.

അമ്മയുടെ കുലം പറയൂ കറുമ്പാ”

കൈകസിയാണമ്മ. രാക്ഷസകുലത്തില്‍”

രാക്ഷസക്കുട്ടീ, നീയ് ബ്രഹ്മജ്നാനമല്ല നേടേണ്ടത്, ശാസ്ത്രങ്ങളല്ല, പോകൂ.. മാനിനെ കല്ലെറിഞ്ഞു വീഴ്ത്താന്‍ പഠിക്കൂ.. (നാന്ദി, പേജ് 15)


മനസ്സില്‍ ഗുരുവായി കണ്ട വ്യക്തി തന്നെ കൊലവിളി നടത്താന്‍ പറയുക. അതാവാം ഒരു പക്ഷെ രാവണന്‍ എന്ന വ്യക്തിയെ രാക്ഷസരൂപിയാക്കി തീര്‍ത്തത്. സത്യത്തില്‍ ഇത് തന്നെയല്ലേ ഇന്നും നടക്കുന്നത്. വിദ്യാഭ്യാസം ആഗ്രഹിക്കുന്നവന്റെ കുലവും അവന്റെ കുലീനത്വവും തിരക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍!! കുട്ടികളെ ജാതിയും വര്‍ണ്ണവും വര്‍ഗ്ഗവും തിരിച്ച് അവരിലേക്ക് വൈരാഗ്യത്തിന്റെ വിഷവിത്തുകള്‍ എറിഞ്ഞുകൊടുക്കുന്ന പുത്തന്‍ വിഭ്യാഭ്യാസ തത്വസംഹിതകള്‍. നാളെയുടെ യുവത്വത്തെ രാക്ഷസകുലത്തിലേക്ക് ചേക്കാറാന്‍ നിര്‍ബന്ധിക്കുന്ന വ്യവസ്ഥാപിത വിഭ്യാഭ്യാസരീതികള്‍. ഇനിയും രാവണന്മാരെ സൃഷ്ടിക്കരുതെന്ന ഒരു തിരിച്ചറിവ് നമുക്ക് തരുന്നു നാന്ദിയിലെ ഈ വാക്കുകളിലൂടെ ഗ്രന്ഥകാരന്‍.


അയനമെന്ന രണ്ടാം ഭാഗമാണ് ഏറെ സുന്ദരമായി തോന്നിയത്. യഥാര്‍ത്ഥ രാമായണത്തില്‍ എവിടെയും വായിച്ചിട്ടില്ലാത്ത ചമേലി എന്ന കഥാപാത്രത്തിലൂടെ രാവണിലെ കാമുകഭാവം ബ്ലാത്തൂര് മനോഹരമാക്കുന്നു. ചമേലിയോട് സാദൃശ്യം തോന്നിയതിനാല്‍ മാത്രം മണ്ഢോദരിയെ വേള്‍ക്കുന്നു രാവണന്‍. ശൂര്‍പ്പണഖയുടെ വാശിക്ക് മുന്‍പില്‍ തകര്‍ന്നു പോകുന്ന സഹോദരന്‍. സഹോദരിയുടെ രാത്രിസഞ്ചാരങ്ങള്‍ കാവല്‍ഭടന്മാര്‍ക്കിടയില്‍ പോലും മുറുമുറുപ്പായിട്ടും അവളെ ശാസിക്കാന്‍ കഴിയാതായി പോകുന്ന പരാക്രമി. ബാലിയോട് ഒരു വേള പരാജയമടഞ്ഞപ്പോളും ആ പരാജയത്തെ അഭിമാനമായി കാണുന്ന വില്ലാളിവീരന്‍. വിഭീഷണന്‍ എന്ന സഹോദരനാല്‍ ചതിക്കപ്പെടുന്ന ഏട്ടന്‍. ഇന്ദ്രജിത് എന്ന വില്ലാളിയായ മകന്റെ സ്നേഹം ആവോളം ആസ്വദിക്കുന്ന , ഒടുവില്‍ മകന്റെ മരണമേല്‍‌പ്പിച്ച മുറിവ് താങ്ങാനാവാതെ ഇരിക്കുന്ന പിതാവ്. മേഘനാഥന്‍ രാവണപുത്രനല്ലെന്ന മണ്ഢോദരിയുടെ വെളിപ്പെടുത്തലിനെ തികഞ്ഞ സമചിത്തതയോടെ, എല്ലാം എനിക്കറിയാമായിരുന്നുവെന്നും പക്ഷെ നീ എന്ത് തന്നെ പറഞ്ഞാലും അവന്‍ എന്റെ മകനാണ് എന്നു പ്രതിവചിക്കുന്ന മഹാന്‍. ഒടുവില്‍ യുധഭൂമിയിലേക്കുള്ള പടപുറപ്പാടിന് മുന്‍പ് നികുംഭിലയിലെ പൂജക്ക് വിഘ്നം വരുത്തുവാനായി കൊട്ടാരത്തിന്റെ രഹസ്യ അറയിലൂടെ വാനരനെ കടത്തിവിട്ട് മണ്ഢോദരിയെ ബലാല്‍കാരം ചെയ്യാന്‍ ബുദ്ധിയുപദേശിച്ച സ്വസഹോദരന്‍ വിഭീഷണന്റെ കുടിലബുദ്ധിയെ പ്രതി ഉത്കണ്ഠാകുലനാവുന്ന രാവണന്‍. രാവണന്റെ ഒട്ടേറെ വ്യത്യസ്ത മുഖങ്ങള്‍ - ഇത് വരെ നമ്മളാരും കാണാത്ത മുഖങ്ങള്‍ - വരച്ചു കാട്ടുന്നു ബ്ലാത്തൂര് പെരും‌ആളിലൂടെ. അവസാനം രണഭൂമിയില്‍ ശസ്ത്രങ്ങളാലും മായാവിദ്യകളാലും രാമ-ലക്ഷ്മണന്മാരെ വശംകെടുത്തുന്നതിനിടയില്‍ , സ്വന്തം സഹോദരന്റെ നെറികെട്ട പ്രവൃത്തിയുടെ ബാക്കിയെന്നോണം വാനരനാല്‍ അപമാനിതയായ സ്വപത്നിയെക്കുറിച്ചുള്ള അശ്ലീലം നിറഞ്ഞ സംസാരത്തിനു ചെവികൊടുക്കാനാവാതെ “രാമാ നീയെന്നെ ഒന്ന് കൊന്നുതരൂ.. അനുജനെയ്യിച്ച പരിഹാസസ്വരത്താല്‍ എന്റെ മനസ്സ് ചത്തു. ഇനി വെറും ജഡമായിരിക്കുന്ന ഈ ശരീരത്തെ നീ ജീവനറ്റതാക്കൂ“ എന്ന് മനസ്സാലെ വിലപിക്കുന്ന രാവണന്‍.


"വിഭീഷണാ, മഹാത്മാവാണ് നിന്റെ ജ്യേഷ്ഠന്‍. അഭ്യര്‍ത്ഥിക്കുന്നവരെ തൃപ്തരാക്കും വിധം ദാനം ചെയ്തു, ആശിച്ച സുഖങ്ങളെല്ലാം അനുഭവിച്ചു, നല്ല രാജാവെന്ന പേരുനേടും‌വിധം ആശ്രിതര ഭരിച്ചു, സുഹൃത്തുക്കളെ ഏറ്റവും നന്നായി പരിചരിച്ചു. ശത്രുവിനോട് പോരാടി. മഹാതപസ്സ് അനേകകാലം ചെയ്തവന്‍, വേദങ്ങളെല്ലാം തികച്ചുമറിയുന്നവന്‍, ഉത്തമങ്ങളായ കര്‍മങ്ങള്‍ നിര്‍‌വഹിക്കുന്നതില്‍ മഹാശൂരന്‍ ജീവനെ വെടിഞ്ഞു. യോജിച്ച രീതിയില്‍ സംസ്കാരം നടത്തൂ."


ഒടുവില്‍ രാമബാണമേറ്റ് ആ മഹാപരാക്രമി നിപതിച്ചപ്പോള്‍ രാമന്‍ വിഭീഷണനോട് പറയുന്ന ഈ വാക്കുകളില്‍ നിന്നും രാവണനെ നാം സ്നേഹിച്ചു തുടങ്ങുന്നു. ഒരു പരിധിവരെ രാവണനെ സ്നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുക തന്നെയായിരുന്നിരിക്കണം നോവലിസ്റ്റിന്റെ ലക്ഷ്യവും. അങ്ങിനെയെങ്കില്‍ പെരും‌ആള്‍ എന്ന നോവല്‍ വിജയിച്ചു എന്ന് തന്നെ പറയാം. “എനിക്ക് വേണ്ട നിന്റെ ശേഷക്രിയ“ മരണം പുല്‍കിയ രാവണനോടൊപ്പം വായനക്കാരും വിഭീഷണനെയും രാമനെയും നോക്കി ഇതേറ്റു പറയുമ്പോള്‍ അതിലൂടെ നോവലിസ്റ്റ് തന്റെ ദൌത്യം പൂര്‍ത്തീകരിച്ചു എന്ന് നിസംശയം പറയാം.


നോവലിസ്റ്റ് ഈ നോവലിനായി ഉപയോഗിച്ചിരിക്കുന്ന അനുപമമായ ഭാഷാപ്രയോഗങ്ങളെ പ്രകീര്‍ത്തിക്കാതെ വയ്യ. ചില വേളകളില്‍ അത് അത്യുന്നത നിലവാരം പുലര്‍ത്തുന്നുമുണ്ട്. പുസ്തകത്തിനായി സോമന്‍ കടലൂര്‍ വരച്ച ചിത്രങ്ങള്‍ വ്യത്യസ്തതകൊണ്ട് ഏറെ മികവ് പുലര്‍ത്തുന്നു. ആ ചിത്രങ്ങള്‍ കഥക്കും പുസ്തകത്തിനും നല്‍കുന്ന മിഴിവ് എടുത്തുപറയേണ്ടത് തന്നെ. കവര്‍ ഡിസൈന്‍ ചെയ്ത ബ്ലോഗര്‍ കൂടിയായ സുധീഷ് കൊട്ടിബ്രവും തന്റെ ജോലി മനോഹരമാക്കി. ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡ് നേടികൊണ്ട് പെരും‌ആള്‍ യാത്ര തുടങ്ങികഴിഞ്ഞു. ഇനിയും ഒട്ടേറെ പുരസ്കാരങ്ങള്‍ തീര്‍ച്ചയായും ഈ ഒരു പുസ്തകത്തിലൂടെ രമേശന്‍ ബ്ലാത്തൂരെ തേടിയെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. (വില: 85 രൂപ)


മാതൃഭൂമി ഓണ്‍ലൈന്‍ ബുക്സില്‍ പ്രസിദ്ധീകരിച്ച ഈ പോസ്റ്റ് ഇവിടെ വായിക്കാം

46 comments:

ഷാജു അത്താണിക്കല്‍ പറഞ്ഞു... മറുപടി

ഇങ്ങനെ ഒരു പുസ്തകം പരിചയപെടുത്തിയതിനു നന്ദി

വര്‍ഷിണി* വിനോദിനി പറഞ്ഞു... മറുപടി

മനോരാജ്..താങ്കളുടെ കാഴ്ച്ചപ്പാടുകളില്‍ കൂടിയും പെരുംആള്‍ അടുത്തറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം, നന്ദി..
അടുത്ത തവണ നാട്ടില്‍ പോയി വരുമ്പോള്‍ ഒരു കൂട്ടു കൂടി..

നിരക്ഷരൻ പറഞ്ഞു... മറുപടി

ഡീസിയിൽ കണ്ടിട്ടും വാങ്ങാതെ പോന്നു. ഇനിയിപ്പോൾ ഇത് വായിച്ച സ്ഥിതിക്ക് പുസ്തകം വായിക്കാതെ പറ്റില്ലല്ലോ ? ഈ അവലോകനത്തിന് നന്ദി മനോരാജ്

Junaiths പറഞ്ഞു... മറുപടി

പെരുംആളിന്റെ ആത്മാവ് ഉള്‍ക്കൊണ്ട അവതരണം മനോ..ഇത് പോലെയുള്ള പരിചയപ്പെടുത്തലുകള്‍ തന്നെയാണ് അവധിക്കു നാട്ടിലെത്തുമ്പോള്‍ വാങ്ങേണ്ടുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് തയാറാക്കാന്‍ സഹായിക്കാറുള്ളത്....നന്ദി മനോ..
(അവിടെ പോസ്റ്റിയ കമെന്റ് ഇവിടെയും പോസ്റ്റുന്നു :) )

yousufpa പറഞ്ഞു... മറുപടി

പൊതുവെ പുരാണങ്ങൾ ഒന്നും മനസ്സിനെ അകപ്പെടുത്താറില്ല.എന്തൊ ഇപ്പൊ അതിനോടൊരു താത്പര്യം ജനിച്ചിരിക്കുന്നു.ഇനി വായിക്കാതെ പറ്റില്ലല്ലോ..?

സുഗന്ധി പറഞ്ഞു... മറുപടി

ശ്ശോ! ഇത് വായിക്കാന്‍ ഇത്രേം വൈകരുതായിരുന്നു ഞാന്‍..നന്ദി മനോരാജ്

മുകിൽ പറഞ്ഞു... മറുപടി

നല്ല പരിചയപ്പെടുത്തൽ മനോരാജ്. വാങ്ങി വായിക്കണം.

nandakumar പറഞ്ഞു... മറുപടി

നന്നായിട്ടൂണ്ട് അവലൊകനം. പുസ്തകം കണ്ടിട്ടില്ല. അവലോകനം വായിച്ചപ്പോള്‍ അടുത്തുതന്നെ ഒരെണ്ണംസ്വന്തമാക്കാനുള്ള താല്പര്യം തോന്നുന്നു.

മാതൃഭൂമി ഓണ്‍ലൈനില്‍ വന്നതിനു അഭിനന്ദനം (പ്രിന്റ് എഡിഷനില്‍ വന്നിരുന്നോ?)

മറ്റൊരു കാര്യം. വളരെ നന്നായിരിക്കുന്നു പുസ്തകത്തിന്റെ കവര്‍ ചിത്രം. ആകര്‍ഷകം.

പ്രയാണ്‍ പറഞ്ഞു... മറുപടി

വാങ്ങിക്കാമല്ലേ........:)

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

നല്ലൊരാമുഖമായി മനോ. വായിക്കാനഒരു പ്രേരണയായി. നന്ദി.

Anil cheleri kumaran പറഞ്ഞു... മറുപടി

good review congrats..

ഫാരി സുല്‍ത്താന പറഞ്ഞു... മറുപടി

നന്ദി... വായിക്കാന്‍ താല്പര്യം തോന്നുന്നു...!

Manoraj പറഞ്ഞു... മറുപടി

@നന്ദകുമാര്‍ : പ്രിന്റ് എഡിഷനില്‍ വന്നിരുന്നില്ല. കവര്‍ ചെയ്തത് സുധീഷ് കൊട്ടിബ്രമാണ്. അദ്ദേഹവും ഒരു ബ്ലോഗറാണ്.

ആളവന്‍താന്‍ പറഞ്ഞു... മറുപടി

മനുവേട്ടാ, വീണ്ടും മനോഹരമായ ഒരു റിവ്യൂ......

സീത* പറഞ്ഞു... മറുപടി

നന്ദി ഏട്ടാ പുതിയൊരു പുസ്തകം പരിചയപ്പെടുത്തിയതിന്...

മാണിക്യം പറഞ്ഞു... മറുപടി

രമേശന്‍ ബ്ലാത്തൂര്‍ രചിച്ച "പെരുംആള്‍"
എന്ന കൃതിയ്ക്ക് മനോരാജ് നല്കിയ വിശദമായ
ഈ നല്ല അവലോകനത്തിന് നന്ദി .
ഈ പുസ്തകം വായിക്കാന്‍ ശ്രമിക്കും

പുസ്തകത്തിന്റെ പുറംതാള്‍ മനോഹരമായിട്ടുണ്ട്.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു... മറുപടി

മനോ ,
വിശദവും ഭംഗിയുള്ളതുമായ പരിചയപ്പെടുത്തല്‍.
തീര്‍ച്ചയായും ആ രചനയോട് നീതി പുലര്‍ത്തി എന്ന് വായിക്കാതെ തന്നെ തോന്നുന്നു.
ഇപ്പോഴത്തെ ഏറ്റവും വലിയ നഷ്ടവും വായിക്കാന്‍ സമയം ഇല്ലാതെ പോകുന്നു എന്നത് തന്നെ.
നന്ദി ഈ പരിചയപ്പെടുത്തലിന്.

Lipi Ranju പറഞ്ഞു... മറുപടി

നല്ല അവലോകനം, പരിചയപ്പെടുത്തിയതിനു നന്ദി മനു...

Sabu Hariharan പറഞ്ഞു... മറുപടി

രാവണനെ നമ്മൾ ശരിക്കും പരിചയപ്പെട്ടിട്ടുണ്ടോ? .. എന്തിനു? രാമായണം തന്നെ ശരിക്കും പരിചയപ്പെട്ടിട്ടുണ്ടോ?

ഈ വീഡിയോ ഒന്നു കാണ്ടു നോക്കൂ..
പുതിയ അറിവുകൾ..

http://youtu.be/KPRLBX7gWr8

kochumol(കുങ്കുമം) പറഞ്ഞു... മറുപടി

നല്ല പരിചയപ്പെടുത്തൽ മനോ , തീര്‍ച്ചയായും വാങ്ങി വായിക്കും ...

vijayakumarblathur പറഞ്ഞു... മറുപടി

നല്ല പരിചയപ്പെടുത്തല്‍ .നന്ദിയുണ്ട് മനോരാജ്.. രമേശന്‍ എന്റെ അനുജനാണ്..അച്ഛനാണു ഞങ്ങള്‍ക്ക് പുരാണങ്ങളിലേക്കുള്ള മഹാദ്വാരങ്ങള്‍ തുറന്നിട്ടു തന്നത്..എന്റെ യാത്രകള്‍ ആ കഥാസന്ദര്‍ഭങ്ങള്‍ അന്വേഷിച്ചും കൂടിയാണ്.രമേശന്റെ പുസ്തകത്തിനു കിട്ടിയ സ്വീകരണം സന്തോഷമുണ്ടാക്കുന്നതാണ്.പ്രസിദ്ധീകരിക്കും മുമ്പ് തന്നെ അങ്കണം നോവല്‍ അവാര്‍ഡ്.2003-
അറ്റ്ലസ്-കൈരളി സാഹിത്യ പുരസ്കാരം
കടത്തനാട് ഉദയവര്‍മ്മരാജ പുരസ്കാരം 2008-(കടത്തനാട് രാജാസ് ഹൈസ്കൂള്‍ ഭരണസമിതി,പുറമേരി.നവാഗത പ്രതിഭയ്ക്കുള്ള നോവല്‍ അവാര്‍ഡ്-) ഇപ്പോള്‍ അബുദാബി ശക്തി തായാട്ട് അവാര്‍ഡ്...കൂടാതെ എന്റെ നാട്ടുകാരുടെ സന്തോഷവും ..

vijayakumarblathur പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Manoraj പറഞ്ഞു... മറുപടി

വായിച്ച് അഭിപ്രായമറിയിച്ച ഷാജു അത്താണിക്കല്‍, വര്‍ഷിണി* വിനോദിനി, നിരക്ഷരൻ ,junaith ,yousufpa, സുഗന്ധി,മുകിൽ , നന്ദകുമാര്‍, പ്രയാണ്‍, ശ്രീനാഥന്‍, കുമാരന്‍ | kumaran, നെല്ലിക്ക )0( ,ആളവന്‍താന്‍, സീത*, മാണിക്യം, ചെറുവാടി , Lipi Ranju ,Sabu M H , kochumol(കുങ്കുമം), വിജയകുമാർ ബ്ലാത്തൂർ .. നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി..

@വിജയകുമാർ ബ്ലാത്തൂർ : പുസ്തകത്തിന്റെ എഴുത്തുകാരന്റെ കുടുംബത്തില്‍ നിന്നും ഒരാളുടെ അഭിപ്രായം ഇവിടെ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു. നന്ദി.

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

ഇങ്ങനെ പരിചയപ്പെടുത്തല്‍ തുടര്‍ന്നാല്‍ നാട്ടില്‍ പോവുമ്പോള്‍ പുസ്തകം വാങ്ങി ത്തന്നെ കാശ് തീരുമല്ലോ മനോ ,,:)
നല്ല പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ് ,ഈ പരിചയപ്പെടുത്തല്‍ നന്നായി :)

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു... മറുപടി

നല്ല അവലോകനം. നന്ദി.

മഹേഷ്‌ വിജയന്‍ പറഞ്ഞു... മറുപടി

മനോരാജ്,
പോസ്റ്റ് താല്പര്യത്തോടെ ഒറ്റയൊഴുക്കില്‍ വായിച്ചു..
നല്ല രീതിയില്‍ ഒരു പുസ്തകത്തെ പരിചയപ്പെടുത്തിയിരിക്കുന്നു...
പുസ്തകം വായിച്ചില്ലെങ്കില്‍ കൂടിയും പോസ്റ്റ്‌ വായിച്ചത് മുതല്‍ കൂട്ടാണ്...
എം. ടി.യുടെ 'ഒരു വടക്കന്‍ വീരഗാഥ' കണ്ട ശേഷം ചന്തുവിനെ ഇഷ്ടപ്പെട്ട പോലെ ഈ പുസ്തകം രാവണനെ ഇഷ്ടപ്പെടാനും നമ്മെ പ്രേരിപ്പിക്കും എന്ന് തോന്നുന്നു...

നന്ദു പറഞ്ഞു... മറുപടി

ഈ പരിചയപ്പെടുത്തല്‍ നന്നായി, മനോ. പുസ്തകം വാങ്ങണം. സുധീഷ് കോട്ടേമ്പ്രത്തിന്റെ കവര്‍ ഡിസൈന്‍ മികച്ചത്.

yetanother.softwarejunk പറഞ്ഞു... മറുപടി

സ്ട്ഫ്‌

yetanother.softwarejunk പറഞ്ഞു... മറുപടി

ഈ പുസ്തകത്തെ പരിചയപ്പെടുത്തിയത്തിനു നന്ദി. മഷിത്തണ്ടില്‍ ഈ പരിചയപ്പെടുത്തല്‍ കുറിപ്പ് നല്‍കിയിട്ടുണ്ട്
http://www.facebook.com/mashithantu

ajith പറഞ്ഞു... മറുപടി

നന്നായി ഈ പരിചയപ്പെടുത്തല്‍

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു... മറുപടി

good

Sandeep പറഞ്ഞു... മറുപടി

ശ്രീ മനോരാജ്,

നല്ലതായി എഴുതിയെക്കുന്നു. എന്റെ ചില അഭിപ്രായങ്ങള് താഴെ സുചിപ്പിയ്കുന്നു.

1)"ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡ് നേടികൊണ്ട് പെരും‌ആള്‍ യാത്ര തുടങ്ങികഴിഞ്ഞു.

ഇനിയും ഒട്ടേറെ പുരസ്കാരങ്ങള്‍ തീര്‍ച്ചയായും ഈ ഒരു പുസ്തകത്തിലൂടെ രമേശന്‍ ബ്ലാത്തൂരെ

തേടിയെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല"

പുരസ്കാരങ്ങള്‍ കിട്ടിയില്ലെങ്കില് ആണ് അത്ഭുതപ്പെടേണ്ടത്

ചിന്തികേണ്ട ഒരു കാര്യം ഇവിടെ നമ്മുടെ ജനാധിപത്യ (സെക്യുലര്‍) ചിന്താഗതിയ്ക്ക് ചേരുന്ന

രീതിയനുസരിചു ഹൈന്ദവേതര മത/ധര്‍മ്മ പുസ്തകങ്ങളുടെ 'പുനര്‍വായന' എന്തു കൊണ്ടു

ഉണ്ടാകുന്നില്ല?
( ഉണ്ടെന്ങ്കില് ദയവായി പറഞ്ഞു തരാന്‍ അഭ്യര്‍ത്ഥിക്കുന്നു)



2) " ഞാനാദ്യമായി ഒരാശ്രമം കാണുകയാണ്. .....

“അമ്മയുടെ കുലം പറയൂ കറുമ്പാ”

“കൈകസിയാണമ്മ. രാക്ഷസകുലത്തില്‍”

രാക്ഷസക്കുട്ടീ, നീയ് ബ്രഹ്മജ്നാനമല്ല നേടേണ്ടത്, ശാസ്ത്രങ്ങളല്ല, പോകൂ.. മാനിനെ കല്ലെറിഞ്ഞു വീഴ്ത്താന്‍

പഠിക്കൂ.. (നാന്ദി, പേജ് 15)"

രാവണന്‍ പണ്ഡിതന്‍, വേദങ്ങളില് അറിവുള്ളവന്‍ എന്നൊകെയായിയാണ് വാല്മികി രാമായണതില്

ചിത്രികരിച്ചിരിക്കുന്നത്.

'കറുമ്പാ' എന്നത് കൊണ്ട് എന്താണ് കഥാകാരന്‍ സൂചിപ്പിയ്കുന്നത് എന്ന് മനസ്സിലാക്കുന്നില്ല. അതു ഒരു

'ആക്ഷേപ്പത്തിന്റെ' ധ്വനി ആണ് എന്കില് അതു വാല്മീകി രാമായണം അനുസരിച്ച് ശരിയല്ല- കാരണം

രാവണന്‍ രൂപ ഗാംഭിര്യം ഉള്ളവനായി ആണ് അയി പറഞ്ഞിട്ട് ഉള്ളത്.( അല്ലാതെ വിരൂപനായിയല്ല)

3) "മനസ്സില്‍ ഗുരുവായി കണ്ട വ്യക്തി തന്നെ കൊലവിളി നടത്താന്‍ പറയുക. അതാവാം ഒരു പക്ഷെ

രാവണന്‍ എന്ന വ്യക്തിയെ രാക്ഷസരൂപിയാക്കി തീര്‍ത്തത്. സത്യത്തില്‍ ഇത് തന്നെയല്ലേ ഇന്നും നടക്കുന്നത്.

വിദ്യാഭ്യാസം ആഗ്രഹിക്കുന്നവന്റെ കുലവും അവന്റെ കുലീനത്വവും തിരക്കുന്ന വിദ്യാഭ്യാസ

സ്ഥാപനങ്ങള്‍!!"

ആദ്യം 'പുനര്‍വായനക്കാരന്‍' രാവണനെ ' എക്സ്പെല്ല്ട് ഫ്രം സ്കൂല്' ആക്കുന്നു, അതിനെ

നിരൂപകന്‍ ഇപ്പൊളത്തെ സാമുഹിക സ്ഥിതിയോട് ഉപമിച്ച് അതിന്നെ ചരിത്ര സത്യവും ആക്കുന്നു.

4)"പക്ഷെ ഇവയില്‍ ഏറ്റവും അധികം മനസ്സിനെ സ്വാധീനിച്ച ഒരു കൃതി ഏതെന്ന് ചോദിച്ചാല്‍

ഇതിഹാസങ്ങള്‍ക്ക് പുത്തന്‍ ഡിവിയേഷന്‍സ് നല്‍കിക്കൊണ്ട് എം.ടി ഒരുക്കിയ രണ്ടാമൂഴം എന്ന ഒറ്റ

ഉത്തരമേ എനിക്കുള്ളൂ. ഇന്ന് മഹാഭാരതമെന്നാല്‍ എനിക്ക് ഭീമന്റെ കഥയാണ്‌.
പറഞ്ഞ് വന്നത് പെരുംആള്‍ എന്ന പുസ്തകത്തെ കുറിച്ചാണല്ലോ പിന്നെയെന്തിന് രണ്ടാമൂഴത്തെ പറ്റി

ഇത്രയേറെ വിശദീകരിക്കുന്നു ....... ആമുഖത്തില്‍ ഗ്രന്ഥകാരന്‍ തന്നെ പറഞ്ഞുവെച്ച ചില പരാമര്‍ശങ്ങളാണ്‌

ഇത് പറയുവാന്‍ പ്രേരണയായത്. എന്നെ രണ്ടാമൂഴം ആവേശിച്ചത് പോലെ മറ്റൊരു രീതിയിലാണെങ്കില്‍

പോലും പെരും‌ആള്‍ എന്ന പുസ്തകത്തിന്റെ രചനക്ക് ശ്രീ. രമേശന്‍ ബ്ലാത്തൂരിന്‌ പ്രേരണയായിട്ടുണ്ട്

എം.ടിയും രണ്ടാമൂഴവും എന്ന് അദ്ദേഹം പുസ്തകത്തിനെഴുതിയ ആമുഖക്കുറിപ്പില്‍ നിന്നും മനസ്സിലായി."


എം.ടി യുടെ ആരാധകന്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഉണ്ട്. എം.ടി യുടെ ഡിവിയേഷന്‍സ് പുത്തന്‍ ആണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
ഇരാവതി കര്‍വെ യുടെ 'യുഗാന്ത' ഒന്നു വായിച്ച് നോക്കു.

Manoraj പറഞ്ഞു... മറുപടി

@Sandeep : പ്രിയ സന്ദീപ് ആദ്യമേ വായനക്ക് നന്ദി. താങ്കളുടെ ആദ്യ പോയന്റില്‍ ഉദ്ദേശിച്ചത് മറ്റു മത ഗ്രന്ഥങ്ങളെ എന്തുകൊണ്ട് പുനര്‍‌വായന നടത്തുന്നില്ല എന്നാണോ? അങ്ങിനെയെങ്കില്‍ ക്രിസ്തീയ പശ്ചാത്തലത്തിലും മറ്റു രചനകള്‍ ഇല്ലേ? ഇല്ലെന്നാണോ പറഞ്ഞു വരുന്നത്. എന്തോ അതത്ര വിശ്വാസം പോര. കൂടുതല്‍ അന്വേഷണം ഇല്ലാതെ എനിക്കൊരു മറുപടി നല്‍കാനാവില്ല :)
കറുപ്പിന് രൂപ ഗാംഭീര്യവും വൈരൂപ്യവും കല്പിച്ചു നല്‍കിയിട്ടുണ്ടോ സുഹൃത്തേ.. കറുമ്പന്‍ എന്നത് ഒരു പക്ഷെ ആക്ഷേപത്തിന്റെ സ്വരം തന്നെയാവാം. പക്ഷെ അതില്‍ ഒരിടത്തും രൂപഗാംഭീര്യക്കുറവിനെ പരാമര്‍ശിക്കുന്നില്ലല്ലോ. പിന്നെ രാവണനോട് എതിര്‍പ്പുള്ളവരുടെ വിളിയായല്ലേ രചയിതാവ് ആ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്. എന്തോ അതില്‍ അപാകമൊന്നും തോന്നിയില്ല. ചിലപ്പോള്‍ എന്റെ വായനയുടെ പോരായ്മയാവാം.
ഇരാവതി കാര്‍‌വയുടെ യുഗാന്ത വായിച്ചിട്ടില്ല. ഒരു പുസ്തകത്തെ പറ്റിയുള്ള അറിവ് നല്‍കിയതിന് നന്ദി. മലയാളവിവര്‍ത്തനം ഇറങ്ങിയിട്ടുണ്ടോ?

Sandeep പറഞ്ഞു... മറുപടി

പ്രിയ മനോരാജ്,
മറുപടിയ്ക്ക് നന്ദി.

1) "അങ്ങിനെയെങ്കില്‍ ക്രിസ്തീയ പശ്ചാത്തലത്തിലും മറ്റു രചനകള്‍ ഇല്ലേ? ഇല്ലെന്നാണോ പറഞ്ഞുവരുന്നത്. എന്തോ അതത്ര വിശ്വാസം പോര. കൂടുതല്‍ അന്വേഷണം ഇല്ലാതെ എനിക്കൊരു മറുപടി നല്‍കാനാവില്ല :) "

മലയാളത്തില്‍ ഇല്ല എന്ന് തന്നെയാണ് തോനുന്നത്. ഇനി അഥവാ ഉണ്ടങ്കില് നമ്മുടെ ഓര്‍മ്മയില്‍ തെളിയാതത് തന്നെ , അത്തരം രചനകള് മുഖ്യധാരയില്‍ ഇല്ലാതതിന്റെ സൂചനയല്ലെ.അന്വേഷിച്ച് കണ്ടത്തിയാല്, തീര്‍ച്ചയായും അറിയിക്കു.

2) "കറുപ്പിന് രൂപ ഗാംഭീര്യവും വൈരൂപ്യവും കല്പിച്ചു നല്‍കിയിട്ടുണ്ടോ "

വാല്മീകി രാമായണതില്‍ (എന്റെ അറിവില്‍) രണ്ടിടത്തില് രാവണെന്റെ രൂപ വര്‍ണ്ണന് ഉണ്ട്.

(ഹനുമാന്‍ രാവണനേ കാണുന്ന അവസരത്തില്).

"പിന്നെ രാവണനോട് എതിര്‍പ്പുള്ളവരുടെ വിളിയായല്ലേ രചയിതാവ് ആ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്"

പക്ഷെ വാല്മീകി രാമായണതില്‍ രാവണനോട് എതിര്‍പ്പുള്ളവര്‍ അങ്ങനെ ചെയ്യുന്നില്ല്.
രാവണനെ കാണുമ്പോള് ഹനുമാനെറെ ചിന്ത (വാല്മീകി പറയുന്നത് ഇപ്രകാരം ആണ്) -

അഹോ രൂപം അഹോ ധൈര്യം അഹോ സത്ത്വം അഹോ ദ്യുതി: |
അഹോ രാക്ഷസ രാജസ്യ സര്‍വ ലക്ഷണയുക്താ ||

"“What figure, what courage, what strength, what splendor and what amalgam of auspicious marks, alas, this king of demons has!”

യദി അധര്‍മ്മോ ന ബലവാന്‍ സ്യാത് അയം രാക്ഷസ ഈശ്വര: |
സ്യാത് അയം സുര ലോകസ്യ സശക്രസ്യ അപി രക്ഷിതാ ||

"“Had this lord of demons perhaps not strong in unrighteousness, he would have been a protector of even the world of celestials together with Indra the lord of celestials.”

(ലിപിമാറ്റം എന്റെതാണ്, തെറ്റുകള് ഉണ്ടായെക്കാം. Source: http://www.valmikiramayan.net/sundara/sarga49/sundara_49_frame.htm)


ഇത്രയും എഴുതിയതു 'പുനര്‍വായനക്കാര്‍' എത്ര മാത്രം ഒറിജിനലില്‍ നിന്നും 'ഡിവിയേറ്റ്' ചെയ്യുന്ന് എന്നു കാണിക്കാന്‍ വേണ്ടിയാണ്.

പിന്നെ 'പുനര്‍വായന' ചില ആള്ക്കാര്‍ തെറ്റിധരിക്കുന്നതു പോലെ ഒരു 'മോഢെന്' പ്രതിഭാസം ഒന്നുമല്ല.

ഭാരതത്തില്‍ 'പുനര്‍വായന' യിലൂടെ മഹത്തായ സ്രഷ്ടിക്കള് ഉണ്ടായിട്ടുണ്ട്.


3) "ഇരാവതി കാര്‍‌വയുടെ യുഗാന്ത വായിച്ചിട്ടില്ല. ഒരു പുസ്തകത്തെ പറ്റിയുള്ള അറിവ് നല്‍കിയതിന് നന്ദി. മലയാളവിവര്‍ത്തനം ഇറങ്ങിയിട്ടുണ്ടോ?"

ഇറങ്ങിയിതായി അറിയില്ല. 'യുഗാന്ത' വെബ്ബില് ലഭ്യമാണ്.

അനശ്വര പറഞ്ഞു... മറുപടി

പുസ്തകത്തെ നല്ല രീതിയില്‍ പരിചയപ്പെടുത്തി. ഈ പുസ്തകം വായിക്കാന് ഉടനെ ഒന്നും ആവില്ല.. എങ്കിലും ഈ രചന ഭംഗിയായി കര്‍ത്തവ്യം നിര്‍ വഹിച്ചു

khader patteppadam പറഞ്ഞു... മറുപടി

മലയാളത്തില്‍ 'ഇനി ഞാന്‍ ഉറങ്ങട്ടെ' കഴിഞ്ഞിട്ടേ മററു കൃതികള്‍ വരുന്നുള്ളൂ എന്നാണു എന്റെ വിനീതമായ അഭിപ്രായം.

വീകെ പറഞ്ഞു... മറുപടി

വായിക്കേണ്ട പുസ്തകം തന്നെയാണെന്ന് വിവരണത്തിൽ നിന്നും മനസ്സിലായി. പരിചയപ്പെടുത്തിയതിനു നന്ദി.

MINI.M.B പറഞ്ഞു... മറുപടി

നന്നായി, പുസ്തക പരിചയം.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

നേരത്തേ വായിച്ചതാണ്. കമന്റിടാന്‍ ഒന്നു കൂടി. നന്നായി പരിചയപ്പെടുത്തി. പുസ്തകം വായിച്ചിട്ടില്ല. ഭീമന്റേയും ചന്തുവിന്റേയും പിറകേ രാവണനും അല്ലേ? മണ്ഡോദരി (കാവാലം കുഞ്ചുപിള്ളയുടെ ഹൃദയഹാരിയായ കവിത) യും രാവണന്റെ നല്ല വശങ്ങള്‍ വിവരിക്കുന്നു. പിന്നെ ലങ്കാലക്ഷ്്മിക്കൊപ്പം സാകേതം, കാഞ്ചനസീത ഇവ കൂടി ഉള്‍പ്പെടുത്താം മനോ.

Manoraj പറഞ്ഞു... മറുപടി

@ yetanother.softwarejunk : തേജസിലേക്ക് സ്വാഗതം. മഷിത്തണ്ടിലെ കുറിപ്പിന് സന്തോഷം.

@ Sandeep : 1) കണ്ടെത്തിയാല്‍ തീര്‍ച്ചയായും ഞാന്‍ അറിയിക്കുന്നതാണ്. 3) യുഗാന്തയുടെ പി.ഡി.എഫ് കോപ്പി നല്‍കിയതിന് നന്ദി. തിരക്കുകളില്‍ പെട്ട് അതിന്റെ വായന നടന്നിട്ടില്ല. സമയമെടുത്തായാലും വായിക്കും. താങ്കളെ അഭിപ്രായമറിയിക്കാം. ഒരിക്കല്‍ കൂടെ പോസ്റ്റിനെ ക്രിയാത്മകമാക്കിയതിനും എനിക്ക് അറിവില്ലാത്ത കുറേ കാര്യങ്ങളെ പറ്റി ചിന്തിക്കാന്‍ പ്രേരണയായതിനും നന്ദി.

@ maithreyi : ലങ്കാലക്ഷ്മി, കാഞ്ചനസീത, സാകേതം ഇവ മൂന്നും ചേര്‍ത്ത് ഒറ്റ പുസ്തകമായി ഡി.സി ഈയിടെ പബ്ലിഷ് ചെയ്തു എന്ന് തോന്നുന്നു. ഏതായാലും വായനാ ലിസ്റ്റില്‍ ഇവയൊക്കെ കടന്നു വന്നിട്ടുണ്ട്. നന്ദി ചേച്ചി.

Manoraj പറഞ്ഞു... മറുപടി

@ രമേശ്‌ അരൂര്‍ , പള്ളിക്കരയില്‍ , മഹേഷ്‌ വിജയന്‍ , നന്ദു | naNdu | നന്ദു ,yetanother.softwarejunk , ajith , പ്രദീപ്‌ പേരശ്ശന്നൂര്‍ , Sandeep , അനശ്വര , khader patteppadam , വീ കെ , MINI.M.B , maithreyi എല്ലാവരുടേയും വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

ഭാനു കളരിക്കല്‍ പറഞ്ഞു... മറുപടി

പെരും ആള്‍ എന്നു രാമായണത്തില്‍ വിശേഷിപ്പിക്കാന്‍ യോഗ്യന്‍ രാവണന്‍ തന്നെ. നന്ദി മനോജ്‌ ഈ പുസ്തക പരിചയത്തിന്

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു... മറുപടി

മനോരാജ് നല്ല അവലോകനം. വാങ്ങിക്കണം വായിക്കണം.

Anees Hassan പറഞ്ഞു... മറുപടി

പരിചയപെടുത്തിയതിനു നന്ദി

എസ്സാര്‍ നേത്രമംഗലം. പറഞ്ഞു... മറുപടി

വായനയുടെ സമ്പന്നതയും ഭാഷാനൈപുണ്യവും ലേഖനത്തെ ഹൃദ്യമാക്കുന്നു.

ഇതിഹാസങ്ങളുടെ പുന:സൃഷ്ടിയിലെ നൈതികത എത്രത്തോളം എന്നത് നില്‍ക്കട്ടെ. സാഹിത്യമൂല്യം കൊണ്ട് പുസ്തകം ഗംഭീരം ആയിട്ടുണ്ട് എന്നുള്ളത് ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. ആശംസകള്‍.

വേണുഗോപാല്‍ പറഞ്ഞു... മറുപടി

മനു ... ഞാന്‍ ഇവിടെ എത്താന്‍ വൈകി .. പുസ്തക വിചാരത്തില്‍ വിലയിരുത്തപെടുന്ന നിലവാരമുള്ള രചനകള്‍ വായിക്കാന്‍ അതിയായ ആഗ്രഹം ഉണ്ട് . . അതിനായുള്ള ശ്രമങ്ങള്‍ എന്റെ സുഹൃത്തുക്കളുമായി ബന്ധപെട്ടു തുടരുന്നു ... സോണി കൊല്ലത്ത്‌ നിന്നും കുറച്ചു പുസ്തകങ്ങള്‍ എനിക്ക് കൂരിയര്‍ ചെയ്യാം എന്നറിയിച്ചു ... ഏതായാലും പുസ്തക വിചാരം നല്ല രചനകളെ മനസ്സിലാക്കാന്‍ എനിക്ക് വഴി കാട്ടി ആവുന്നു ... ആശംസകള്‍