വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2011

മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ!!

വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ അവളെ വീണ്ടും കണ്ടത്.

ഒബ്രോണ്‍‌മാളിന്റെ തിരക്കില്‍ അലിഞ്ഞില്ലാതാവാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. എസ്കലേറ്ററിലൂടെ മുകളിലേക്കും താഴെക്കും ഒരു കൗതുകം പോലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുഫ്രോക്കുകാരിയിലായിരുന്നു എന്റെ ശ്രദ്ധ. എത്ര ഓമനത്തമുള്ള മുഖം. ഒരു പാവക്കുട്ടിയുടെ മുഖം പോലെ. റോസ് നിറത്തിലുള്ള ആ ഫ്രോക്കില്‍ അവള്‍ ശരിക്കും ഒരു പാവക്കുട്ടി തന്നെ. റിലയന്‍സ് ട്രെന്‍ഡ്സിലേക്ക് ഓടികയറിയ ആ കുഞ്ഞിന് പിന്നാലെ കണ്ണുകള്‍ അറിയാതെ പാഞ്ഞു. അപ്പോഴായിരുന്നു അവളെ കണ്ടത്.

അപ്പോഴായിരുന്നു അവളെ കണ്ടതെന്ന് പറയാന്‍ കഴിയുമോ? കണ്ടു എന്നത് സത്യമാണെങ്കിലും ആളെ മനസ്സിലായില്ലല്ലോ. പാവക്കുട്ടിയില്‍ നിന്നും ദൃഷ്ടിമാറ്റാതെ നിന്നത് കൊണ്ട് അവള്‍ ശ്രദ്ധിക്കുന്നത് അറിഞ്ഞതുമില്ല. പുഞ്ചിരിച്ചുകൊണ്ട് അവള്‍ അടുത്തേക്ക് വന്നപ്പോള്‍ അതുകൊണ്ട് തന്നെ പരിഭ്രമിച്ചൂപോയി.

ഒരു സ്ത്രീയെ ഇങ്ങിനെ നോക്കി നില്‍ക്കുക. അതും ഈ പ്രായത്തില്‍. എന്തൊരു നാണക്കേടാണ്‌. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതൊക്കെ ഒരു ഹരമായി കൊണ്ടു നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോള്‍.. അവള്‍ എന്ത് വിചാരിച്ചിരിക്കും.

"എന്തൊരു നോട്ടമാണിഷ്ടാ ഇത്"

ആകെ നാണക്കേടായി. "അത് പിന്നെ.. ഞാന്‍.." വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി പോകുന്നു. "ഞാന്‍ മോളുടെ കുസൃതി നോക്കി നിന്നതാണ്‌". ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

"ഞാന്‍ കരുതി നീ പഴയ പണി ഇപ്പോഴും മറന്നിട്ടില്ലെന്ന്”. അവളുടെ കണ്ണുകളില്‍ വല്ലാത്ത കുസൃതി. പരിചയഭാവം. ഇതാരാണ്‌? മനസ്സിനെ പഴയകാലത്തേക്ക് മേയാന്‍ വിട്ടു. ഹെയ്, ഒരു പിടിയുമില്ല. മുഖത്തോട് മുഖം നോക്കി ഞങ്ങള്‍ നിന്നു. അവളില്‍ ഒരു നനുത്ത പുഞ്ചിരിയുണ്ട്. എന്നില്‍ വല്ലാത്ത വിസ്മയവും. ഇരുവരുടേയും മുഖത്ത് മാറി മാറി നോക്കി, അവളോട് കണ്ണുകൊണ്ട് എന്തോ പറഞ്ഞിട്ട് ഫ്രോക്കുകാരി വീണ്ടും എസ്കലേറ്ററിലേക്ക് ഓടി.

"മോളു സൂക്ഷിച്ച്. വീഴരുത് കേട്ടോ" - മാളിലെ എയര്‍കൂളറുടെ കാറ്റില്‍ പാറിപറക്കുന്ന മുടിയിഴകള്‍ ഒരു കൈകൊണ്ട് മാടിയൊതുക്കി അവള്‍ വീണ്ടും എന്നിലേക്ക് തിരിഞ്ഞു.

ഞാന്‍ വല്ലാതെ പതറി നില്‍ക്കുകയാണ്‌. അവളുടെ ചിരി എന്നെ ദ്വേഷ്യം പിടിപ്പിക്കുന്നുമുണ്ട്. ആരായിരിക്കും ഇവള്‍?

വെളുത്ത നിറം. കഷ്ടിച്ച് അഞ്ചടിയില്‍ അല്പം കൂടുതല്‍ മാത്രം പൊക്കം. തടിച്ച ശരീരം. സാരിയാണ്‌ വേഷം. ഞാന്‍ വിണ്ടും അവളെ അടിമുടി നോക്കിക്കൊണ്ടിരുന്നു.

"നിനക്കെന്നെ ഇനിയും മനസ്സിലായില്ലേ! എടാ ഞാന്‍ സുസ്മിതയാടാ"

സുസ്മിത!! ഞാന്‍ വീണ്ടും സംശയത്തോടെ നോക്കി. എന്തോ എനിക്ക് വിശ്വസിക്കുവാന്‍ പ്രയാസമായിരുന്നു. വര്‍ഷങ്ങള്‍ ഒട്ടേറെ കഴിഞ്ഞിരുന്നുവെങ്കിലും എന്റെ മനസ്സിലെ സുസ്മിതയുടെ രൂപത്തിന്‌ ഇന്നും മങ്ങലേറ്റിട്ടില്ല എന്നെനിക്കുറപ്പുണ്ട്. പക്ഷെ ഇവള്‍!!

"എടാ ഞാന്‍ സുസ്മിത തന്നെ. പണ്ട് നിന്നെ ഒട്ടേറെ കളിയാക്കിയിട്ടുള്ള നിന്റെ പഴയ കൂട്ടുകാരി”.

അവളുടെ കണ്ണുകളിലേക്ക് ഒരിക്കല്‍ കൂടി സൂക്ഷിച്ച് നോക്കി. ശരിയാണ്‌, ഇപ്പോള്‍ ആ കണ്ണുകളില്‍ സുസ്മിതയെ എനിക്ക് കാണാനാവുന്നുണ്ട്. എന്നിട്ടും ഇതുവരെ എന്തേ എനിക്കിവളെ മനസ്സിലായില്ല. വര്‍ഷം അത്രയേറെ കഴിഞ്ഞല്ലോ. പഴയ കോളേജ് കാലത്തെ സുഹൃത്ത്. വെളുത്ത് മെലിഞ്ഞിരുന്ന പഴയ സുസ്മിതയെവിടെ. ഇപ്പോള്‍ എന്റെ മുന്‍പില്‍ നില്‍ക്കുന്ന തടിച്ചുകുറുകിയ ഇവള്‍ എവിടെ.

പണ്ട് ഈര്‍ക്കിലി പോലെയിരുന്നിരുന്ന പെണ്‍കൊച്ചാണോ ഇപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നത്. എനിക്ക് അത്ഭുതം അടക്കാനായില്ല. അല്ല എന്നിലും ഒട്ടേറെ മാറ്റം വന്നല്ലോ. പണ്ട് തടിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ ജീവിതപ്രാരാബ്ദങ്ങളുടെ നെട്ടോട്ടത്തില്‍ വല്ലാതെ മെലിഞ്ഞു. എന്ന് മാത്രമോ, അത്രയേറെ പ്രായമായില്ലെങ്കിലും മുടിയിഴകളില്‍ ചെറിയ വെള്ളിവരകള്‍ വീഴുകയും കണ്‍‌തടങ്ങള്‍ പ്രായത്തിന്‍െ വരവരിയിച്ച് കുഴിഞ്ഞു കറുക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവള്‍ എന്നെ തിരിച്ചറിഞ്ഞു. അവള്‍ വല്ലാതെ മാറിയിട്ടുണ്ട്. ശരീരഭാഷയില്‍ നിന്നും ഒരിക്കലും പഴയ സുസ്മിതയെ എനിക്കെന്നല്ല, ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല. പക്വമതിയായ ഒരു സ്ത്രീയുടെ ഭാവാദികള്‍ അവളില്‍ ഉണ്ട്. ഒരു പാട് നേരം ഞങ്ങള്‍ സംസാരിച്ചു. പഴയ കാലത്തെ ഓര്‍മ്മകളിലൂടെയും മറ്റു കൂട്ടുകാരെക്കുറിച്ച് പരസ്പരമുള്ള അറിവുകള്‍ പങ്കുവെച്ചും സമയം പോയത് ഇരുവരും അറിഞ്ഞില്ല. അതിനിടയില്‍ രണ്ട് മൂന്ന് വട്ടം സുസ്മിതയുടെ മോള്‍ അടുത്തേക്ക് ഓടി വന്നതും വന്ന വേഗത്തില്‍ തന്നെ തിരികെ പോയതും ഒന്നും ഞങ്ങള്‍ മൈന്‍ഡ് ചെയ്തില്ല. അത്രയേറെ വിശേഷങ്ങള്‍ ഞങ്ങള്‍ക്ക് പങ്കുവെക്കുവാനുണ്ടായിരുന്നു. എത്രയോ വര്‍ഷങ്ങളുടെ അകലം ഞങ്ങള്‍ക്കിടയില്‍ പുകമറ തീര്‍ത്തിരുന്നു. അവളിപ്പോള്‍ ട്രഷറി ജീവനക്കാരിയാണെന്നും ഭര്‍ത്താവ് എക്സൈസ് വകുപ്പിലെ ഓഫീസറാണെന്നും ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അവളെ വലിയ സ്നേഹമാണെന്നും പറയുമ്പോള്‍ പഴയ കോളേജുകാലത്തെ പോലെ അവള്‍ ഒരിക്കല്‍ കൂടി വാചാലയായി. ഞങ്ങള്‍ക്കിടയിലെ പുകമറ മെല്ലെ മെല്ലെ മാറി വന്നു. ഇപ്പോള്‍ ഇരുവരും ഏറെക്കുറെ റിലാക്സ്ഡ് ആയി. ജീവിതത്തിലെ മനോഹരമായ ഒരു കാലത്തേക്ക് പറഞ്ഞു പറഞ്ഞു ഞങ്ങളിരുവരും ഊളിയിട്ടു.

കോളേജില്‍ ഞങ്ങള്‍ക്കിടയിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു സുസ്മിത. മനോഹരമായ പുഞ്ചിരിയുമായി എല്ലാവരോടും കളിചിരിയുമായി അവള്‍ എന്നുമുണ്ടായിരുന്നു. തീരെ മെലിഞ്ഞ ശരീരപ്രകൃതം. പലപ്പോഴും അത് പറഞ്ഞ് ഞങ്ങളൊക്കെ അവളെ കളിയാക്കിയിട്ടുണ്ട്. പകരം 'തടിയാ' എന്ന വിളിയോടെ അവള്‍ തിരിച്ചും കളിയാക്കുമായിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകള്‍ ഒന്നും അവള്‍ ആരെയും ഒരിക്കലും അറിയിച്ചിരുന്നില്ല. പേരു പോലെ തന്നെ എന്തിനെയും നിറഞ്ഞ പുഞ്ചിരിയോടെയായിരുന്നു അവള്‍ നേരിട്ടിരുന്നത്. പഴയ ആ പുഞ്ചിരി ഇപ്പോഴും അവളില്‍ ഉണ്ട് എന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു.

ഒബ്രോണ്‍ മാളിലെ കോഫീഹൌസിലെ ആഡംബര കസേരകളില്‍ ഇരുന്ന് ചായ മൊത്തിക്കൊണ്ട് പഴയ ഓരോ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോള്‍ ഒരു നിമിഷം കോളേജ് കാന്റിനിലെ സിമന്റ് ബഞ്ചും ചായക്കറ പുരണ്ട മേശയും ചില്ലലമാരയിലെ വയറുവീര്‍ത്ത മുളകുവടയും എല്ലാം എന്റെ മനസ്സിലൂടെ കടന്നുപോയി. മുഖം മുഴുവന്‍ ഐസ്ക്രീം തേച്ച് ഇരിക്കുന്ന അവളുടെ മോളെ കണ്ടപ്പോള്‍ പണ്ട് വണ്ണം വെക്കാന്‍ ദിവസവും ഓരോ ഐസ്ക്രീം തിന്നാല്‍ മതിയെന്ന് പറഞ്ഞ് സുസ്മിതയുടെ ചിലവില്‍ ഐസ്ക്രീം തട്ടിയിരുന്നതെല്ലാം പറഞ്ഞ് ഞങ്ങള്‍ ഏറെ ചിരിച്ചു.

ഇനിയും കണ്ടുമുട്ടാമെന്ന് പറഞ്ഞ് ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും കൈമാറി പിരിയുവാനായി എഴുന്നേറ്റപ്പോളാണ് അവളുടെ കൈയിലെ കാരി ബാഗിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞത്. വെളുത്ത ക്യാരിബാഗില്‍ നിന്നും പുറത്തേക്ക് തലയുന്തി നില്‍ക്കുന്ന ലവണതൈലത്തിന്റെ ഒരു പാക്കറ്റ്! എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പരിസരം മറന്ന് ഞാന്‍ പൊട്ടിച്ചിരിച്ചു.

"നീ എന്താടാ ഇങ്ങിനെ ചിരിക്കുന്നത്?”

"ഹെയ്. ഒന്നുമില്ല സുസ്മിത. പഴയ ചില കാര്യങ്ങളോര്‍ത്ത് ചിരിച്ചതാണ്‌“.

കോളേജ് ദിവസങ്ങളുടെ അവസാന നാളുകളില്‍ എന്റെ ഓട്ടോഗ്രാഫില്‍ അവള്‍ കോറിയിട്ട വരികളായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍.

"മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ.”

അവളെയും മോളെയും യാത്രയാക്കി കഴിഞ്ഞും എനിക്ക് ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എന്റെ ചിരി കണ്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കി പോവുകയായിരുന്ന അവളുടെ കൈയിലെ ക്യാരിബാഗിലേക്ക് ചൂണ്ടിക്കൊണ്ട് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

"സുസ്മിതാ... മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ”

കുലുങ്ങി ചിരിച്ചുകൊണ്ട് മോളുടെ കൈയും പിടിച്ച് വലിയ ശരീരവും വഹിച്ച് അവള്‍ നടക്കുന്നത് നോക്കി ഞാന്‍ നിന്നു. അവളുടെ കൈയിലെ ക്യാരിബാഗില്‍ നിന്നും ലവണതൈലത്തിന്റെ പാക്കറ്റ് എന്നെ നോക്കി കോക്കിരി കാട്ടി.

ശനിയാഴ്‌ച, ജൂലൈ 23, 2011

ബൂലോക പ്രസാധകരും ബൂലോക പുസ്തകങ്ങളും

കാലഹരണപ്പെട്ട മാധ്യമമെന്നും സർഗ്ഗസൃഷ്ടികൾ ജനിക്കാൻ യാതൊരു സാദ്ധ്യതയും ഇല്ലാത്ത ഇടമെന്നും ഒക്കെയായി ചർച്ചകൾ നടക്കുമ്പോഴും മലയാള ബ്ലോഗിൽ നിന്നും കാമ്പുള്ള രചനകൾ ഉണ്ടാവുന്നുണ്ട്‌ എന്നതിന്റെ ദൃഷ്ടാന്തമാണ്‌ ബ്ലോഗുകളിലെ ഒട്ടേറെ രചനകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്‌. കഴിഞ്ഞ വർഷം ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ആടുജീവിതം എഴുതിയ ബെന്യാമിൻ ബ്ലോഗെഴുത്തിന്റെ സാദ്ധ്യതകൾ പരീക്ഷിച്ച്‌ വിജയിച്ച വ്യക്തിയാണെന്നത്‌ ഇതിന്‌ ഏറ്റവും നല്ല ഉദാഹരണം. എന്നിരിക്കിലും ബെന്യാമിന്റെ ആടുജീവിതത്തെയും ഈയിടെ മനോരമയുടെ നോവൽ കാർണ്ണിവലിൽ അവാർഡിനർഹമായ ദേവദാസിന്റെ പന്നിവേട്ടയെയും കുറച്ച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഡി.സി ബുക്ക്സ്‌ നടത്തിയ.വി.വിജയൻ സ്മാരക നോവല്‍ മത്സരത്തിലെ അവസാന റൌണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റോഷ്നി സ്വപ്നയുടെ അരൂപികളുടെ നഗരത്തെയും ഒന്നും - ഇവരെല്ലാം ബ്ലോഗെഴുത്തുകളിലൂടെ ഉയർന്ന് വന്നവരാണെങ്കിൽ പോലും - ബ്ലോഗിൽ നിന്നുമുള്ള പുസ്ത്കങ്ങൾ എന്ന് പറഞ്ഞ്‌ ഇരുട്ടുകൊണ്ട്‌ ഓട്ടയടക്കുവാനുള്ള ശ്രമമല്ല ഇവിടെ നടത്തുന്നത്‌. മറിച്ച്‌, ബ്ലോഗുകളിലൂടെയാണ്‌ ഇവർ എഴുതി തുടങ്ങിയതെന്നും അതിലൂടെയാണ്‌ അവരുടെ സർഗ്ഗവാസനകൾ ആദ്യമായി അംഗീകരിക്കപ്പെട്ട്‌ തുടങ്ങിയതെന്നും സൂചിപ്പിച്ചു എന്ന് മാത്രം. അതുപോലെ തന്നെ, ബ്ലോഗിൽ സജീവമാകുന്നതിന്‌ മുൻപേ തന്നെ പുസ്തകങ്ങളുടെ വഴിയിലേക്ക്‌ കടന്ന കുഴൂർ വിത്സൺ, മനോജ്‌ കുറൂർ എന്നിവരുടെ പുസ്തകങ്ങളേയും ഇവിടെ ഒഴിവാക്കുന്നു.



ഇവിടെ
ഈ ലേഖനത്തിലൂടെ പറയാൻ ശ്രമിക്കുന്നത്‌ ബ്ലോഗ്‌ എന്ന മാധ്യമത്തിലൂടെ എഴുതി, അതിൽ പ്രസിദ്ധീകരിച്ച്‌, എഴുത്തുകാർ തന്നെ വായനക്കാരാകുന്ന ഒരു വലിയ ലോകത്തിന്റെ അഭിപ്രായങ്ങളിലൂടെ വളർന്ന്, ആ സൃഷ്ടികളെ പുസ്തകരൂപത്തിൽ എത്തിച്ചവരെ കുറിച്ചാണ്‌. ബ്ലോഗിലെ സൃഷ്ടികളോട്‌ മുഖ്യധാരാ മാധ്യമങ്ങൾ എന്ന് നാം വിളിക്കുന്ന പ്രിന്റഡ്‌ മീഡിയയിലെ എസ്റ്റാബ്ലിഷ്ഡ്‌ പത്രവാരികളും പ്രസാധകരും ഉൾപ്പെടെയുള്ളവരുടെ തികഞ്ഞ അവഗണനയുടെ ഒരു നാൾവഴികളിലായിരുന്നു എന്തുകൊണ്ട്‌ ഇ-എഴുത്തുകൾ നമുക്കിടയിൽ നിന്നും തന്നെ പുബ്ലിഷ്ചെയ്തുകൂടാ എന്ന ചിന്തയുണ്ടായതും ബ്ലോഗിലേയും ഇന്റര്‍നെറ്റിലേയും രചനകൾക്ക്‌ കൂടുതൽ അവസരങ്ങൾ നൽകാൻ തയ്യാറായികൊണ്ട്‌ പ്രസാധക സംരംഭങ്ങൾ ബ്ലോഗ്‌ മീഡിയയിൽ നിന്ന് തന്നെ ഉത്ഭവിച്ചതും. ഇന്ന് ഏതാണ്ട്‌ 6ൽ പരം പ്രസാധകർ ബ്ലോഗിന്‌ സ്വന്തം.!! സിയെല്ലസ്‌ ബുക്സ്‌, ബുക്ക്‌ റിപ്പബ്ലിക്ക്‌, മധുരം മലയാളം പബ്ലിഷിംഗ്‌ ഹൗസ്‌, സൈകതം ബുക്സ്‌, എൻ.ബി.പബ്ലിക്കേഷൻ, കൃതി പബ്ലിക്കേഷൻസ്‌... അണിയറയിൽ ഇനിയും പ്രസാധകർ ഒരുങ്ങുന്നുണ്ട്‌ എന്ന് കേൾക്കുന്നു . ഇവരെ കൂടാതെ ഒലിവും ലിപിയും പരിധിയും ഫേബിയനും കൈരളിയും ഡിസംബർ ബുക്സും എന്തിനേറേ, ഡി.സിയും മാതൃഭൂമിയും ഉൾപ്പെടെയുള്ള പ്രസാധകർ വരെ ഇന്ന് ബ്ലോഗെഴുത്തുകളെ സസൂക്ഷ്മം നിരീക്ഷിച്ചു തുടങ്ങി എന്നത്‌ അത്ര ചെറിയ കാര്യമായി തോന്നുന്നില്ല.


കൊടകരപുരാണം ആണ്‌ ബ്ലോഗിൽ നിന്നും പുറത്ത്‌ വന്ന ആദ്യ പുസ്തകം എന്നാണ്‌ എന്റെ അറിവ്‌
. കൊടകരപുരാണവും എന്റെ യൂറോപ്പ് സ്വപ്നങ്ങളും തന്നെയാണ്‌ പുസ്തകങ്ങളുടെ ലോകത്തേക്ക്‌ ചേക്കാറാൻ ബ്ലോഗെഴുത്തുകാരെ പ്രേരിപ്പിച്ചതും. എന്നിരിക്കിലും ബ്ലോഗെഴുത്തുകൾക്ക്‌ മുൻഗണന കൊടുക്കുന്നവർ എന്ന നിലയിൽ ബ്ലോഗ്‌ / ഓൺലൈൻ പ്രസാധകർക്കരുടെ പുസ്തകങ്ങളെ പറ്റി ഇവിടെ ആദ്യം പ്രതിപാദിക്കാം.



ഓൺലൈൻ
/ ബ്ലോഗ്‌ പ്രസാധകർ

ബ്ലോഗ്‌ എന്നത്‌ വെബ്‌ ലോഗ്‌ എന്നതിന്റെ ചുരുക്കെഴുത്താവുമ്പോൾ മലയാളത്തിലെ ആദ്യ ബ്ലോഗ്‌ പ്രസാധകർ ആര്‌ എന്ന ചോദ്യത്തിന്‌ ഒറ്റ പുസ്തകമേ ഇറക്കിയുള്ളൂ എങ്കിലും പുഴ.കോം എന്ന് പറയേണ്ടി വരും. പുഴ.കോം എന്ന ഇന്റർനെറ്റ്‌ മാഗസിനിൽ പ്രസിദ്ധീകരിച്ച മികച്ച കഥകളേയും കവിതകളേയും സമാഹരിച്ച്‌ 'പുഴ – കവിതകളും കഥകളും ' എന്ന സമാഹാരം അവർ പബ്ലിഷ്‌ ചെയ്യുകയും പിന്നീട്‌ എന്തൊക്കെയോ സാങ്കേതിക കാരണങ്ങളാൽ അത്‌ തുടരാതിരിക്കുകയും ആയിരുന്നു. എങ്കിലും അവരെ തന്നെയാണ്‌ ആദ്യ ഓൺലൈൻ / ബ്ലോഗ്‌ പ്രസാധകരായി ചൂണ്ടിക്കാണിക്കാൻ കഴിയുക എന്ന് തോന്നുന്നു.



കണ്ണൂർ തളിപ്പറമ്പയിൽ നിന്നും ഉള്ള സിയെല്ലസ്‌ ബുക്സ്‌ ആണ്‌ ഈ മേഖലയിലേക്ക്‌ പിന്നീടെത്തിയത്‌. ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്ന ആഗ്രഹത്തിന്‌ ലഭിച്ച നിരന്തരമായ അവഗണനകളാണ്‌ സ്വന്തമായി ഒരു പ്രസാധക സംരംഭം എന്ന ചിന്തയിലേക്ക്‌ എത്തിച്ചതെന്നും ഇതുപോലെ കഴിവുള്ള ഒട്ടേറെപേർ അവസരം കിട്ടാതെ ഉണ്ട്‌ എന്ന് മനസ്സിലാക്കിയത്‌ കൂടുതൽ ഗഹനമായി ഇതേ കുറിച്ച്‌ ചിന്തിക്കുവാൻ പ്രേരിപ്പിച്ചു എന്നും സിയെല്ലസിന്റെ ഉടമയായ ലീല.എം.ചന്ദ്രൻ അഭിപ്രായപ്പെടുന്നു. 2007 മുതൽ പുസ്തക പ്രസാധന പ്രവർത്തനവുമായി മുന്നോട്ട്‌ പോകുന്ന സിയെല്ലസ്‌ ബുക്സ്‌ ഓൺലൈൻ എഴുത്തുകാരുടേയും അല്ലാത്തവരുടേയും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച്‌ ഇന്ന് ഈ മേഖലയിലെ ശക്തമായ സാന്നിദ്ധ്യമായി തീർന്നിരിക്കുകയാണ്‌. ബ്ലോഗർ കൂടിയായ ലീല എം. ചന്ദ്രന്റെ ലൗലി ഡഫോഡിൽസ്‌, നെയ്തിരികൾ, ഓർക്കൂട്ടിൽ പ്രസിദ്ധീകരിച്ച കവിതകൾ കോർത്തിണക്കി ഹൃദയങ്ങൾ പറയുന്നത്‌ എന്ന സമാഹാരം, ശ്രീജ ബലരാജിന്റെ കണ്ണാടിചില്ലുകൾ, സ്വപ്നഭൂമി എന്ന ബ്ലോഗിലൂടെ പ്രശസ്തയായ പ്രിയ ഉണ്ണികൃഷ്ണന്റെ പ്രയാണം, ബ്ലോഗറും കോളമിസ്റ്റുമായ സ്വപ്ന അനു ബി ജോർജ്ജിന്റെ സ്വപ്നങ്ങൾ, ബ്ലോഗ്‌ കവിതകൾ സമാഹരിച്ച്‌ ദലമർമ്മരങ്ങൾ, കഥകൾ സമാഹരിച്ച്‌ സാക്ഷ്യപത്രങ്ങൾ, അമ്മ എന്ന കവിതാ ബ്ലോഗിലൂടെ ഒട്ടേറെ വായനക്കാരെ നേടിയെടുത്ത ഷാജി നായരമ്പലത്തിന്റെ വൈജയന്തി... സിയെല്ലസിന്റെ പുസ്തകങ്ങളുടെ ലിസ്റ്റിനു നീളമേറെയാണ്‌. ഇനിയും ഒട്ടേറെ പുസ്തകങ്ങൾ സിയെല്ലസ്സിന്റേതായി വായനക്കാരുടെ പുസ്തകശേഖരത്തിന്‌ മുതൽക്കൂട്ടായി എത്തും എന്നറിയുന്നു.



ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട ഒരുകൂട്ടം മലയാളികള്‍ ചേര്‍ന്ന് രൂപം നല്‍കിയ സമാന്തര പുസ്തക പ്രസാധന-വിതരണ സം‌രംഭമായ 'ബുക്ക്‌ റിപ്പബ്ലിക്ക്‌' ആണ്‌ ഓൺലൈൻ മേഖലയിൽ നിന്നും പുസ്തകങ്ങളുമായി പിന്നീടെത്തിയത്‌. അച്ചടിമലയാളത്തിലേക്ക് പ്രതിഭാധനരായ എഴുത്തുകാരെ കൊണ്ടുവരിക, വികേന്ദ്രീകൃതമായ ഒരു വിതരണ സം‌വിധാനം നടപ്പിലാക്കുക എന്നിവയാണ് ഈ സം‌രംഭത്തിന്റെ ലക്ഷ്യങ്ങള്‍ എന്നും അച്ചടിച്ചിലവുകള്‍, വിതരണം തുടങ്ങി എഴുത്തുകാരന് നിലവില്‍ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളികളെ ലഘൂകരിക്കും വിധമാണ് ബുക്ക് റിപ്പബ്ലിക്ക് എന്ന ആശയം രൂപീകരിച്ചിരിക്കുന്നതെന്നും പ്രസാധകർ അവകാശപ്പെടുന്നു. ലാ.പു.ട എന്ന ബ്ലോഗിലൂടെ എഴുതുന്ന ടി.പി.വിനോദിന്റെ 'നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ' എന്ന സമാഹാരവും മേശപ്പുറം എന്ന ബ്ലോഗിന്റെ ഉടമ വി.എം.ദേവദാസിന്റെ 'ഡിൽഡോ: ആറു മരണങ്ങളുടെ പൾപ്പ്‌ ഫിക്ഷൻ പാഠപുസ്തകം' എന്ന നോവലും ബുക്ക്‌ റിപ്പബ്ലിക്ക്‌ അക്ഷരകൈരളിക്ക്‌ സമ്മാനിച്ചു. മേതിൽ രാധാകൃഷ്ണന്റെ അവതാരികയോടു കൂടെ പ്രസിദ്ധീകരിച്ച ഡിൽഡോ, വ്യത്യസ്തമായ പ്രമേയപരിസരത്താലും ആഖ്യാനത്തിലെ പുത്തൻ രീതികളിലൂടെയും വായനക്കാരന്‌ പുതിയ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്‌.



നമ്മുടെ നാട്ടിലെ പ്രസാധകരെല്ലാം കുലപതികളയ എഴുത്തുകാർക്ക്‌ പിന്നാലെ പരക്കം പായുമ്പോൾ അവഗണന അനുഭവിക്കുന്നത്‌ പുത്തൻ എഴുത്തുകാരാണ്‌. മാത്രമല്ല, അഥവാ ഇനി അവരുടെ രചനകൾ പുസ്തകമാക്കിയാലും പ്രസാധകർ എഴുത്തുകാരനെ ചൂഷണം ചെയ്യുകയും ചെയ്യുന്ന കാഴ്ചയുണ്ട്‌. എഴുത്തുകാർക്ക്‌ അത്തരം ചൂഷണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഒരു വേദി എന്ന ആശയത്തിൽ നിന്നുമാണ്‌ മധുരം മലയാളം ട്രസ്റ്റിന്റെ ആരംഭം. ഓർക്കൂട്ട്‌ സോഷ്യൽ നെറ്റ്‌വർക്ക്‌ വഴി പരിചയപ്പെട്ട കുറച്ച്‌ സുഹൃത്തുക്കൾ ചേർന്ന് 2009 ൽ തുടങ്ങിയതാണ്‌ മധുരം മലയാളം പബ്ലിഷിംഗ്‌ ഹൗസ്‌. വെട്ടം ഓൺലൈൻ ടീമാണ്‌ ഈ പ്രോജക്റ്റിന്റെ പിന്നിൽ ഉള്ളത്‌. ഇത്‌ വരെ ഏഴ്‌ പുസ്തകങ്ങൾ മധുരം മലയാളം വഴി വിൽപനക്കെത്തി. പക്ഷെ, മധുരം മലയാളത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്ന എം.കെ. ഖരിം, സി.പി.അബൂബക്കർ, ഡോ: എം.പി.സലില, ഗിരീഷ്‌ കുമാര്‍ വർമ്മ എന്നിവരുടെ രചനകൾ മാത്രമേ ഇത്‌ വരെ ഈ സംരംഭത്തിലൂടെ പുറത്ത്‌ വന്നിട്ടുള്ളൂ. എം.കെ.ഗിരീഷ്‌ കുമാര്‍ വര്‍മയുടെ ആറാമിന്ദ്രിയം, എം.പി.സലിലയുടെ കണ്ണാടി ബിംബങ്ങൾ, സി.പി.അബൂബക്കറുടെ മുറിവേറ്റവരുടെ തടാകം, ഭൂമിയുടെ കണ്ണ്, എം.കെ.ഖരീമിന്റെ ആത്മായനങ്ങളുടെ തമ്പ്‌ മുതലായവ മധുരം മലയാളം പബ്ലിഷിംഗ്‌ ഹൗസ്‌ പുറത്തിറക്കി. മറ്റുള്ളവരുടെയും രചനകളെ പൊതുജനസമക്ഷം എത്തിക്കുവാൻ തയ്യാറാണ്‌ എന്നു പറയുമ്പോഴും അതിനായുള്ള തുടർ പ്രവർത്തനങ്ങൾ ഒന്നും ഇത്‌ വരെ ഇവരിൽ നിന്നും സജീവമായി ഉണ്ടായില്ല എന്ന് വേണം അനുമാനിക്കാൻ.



മറ്റുപ്രസാധകര്‍ കാണാതെ പോവുന്ന പ്രതിഭയുള്ള എഴുത്തുകാരെ കണ്ടെത്തി അവരെയും കൂടി വായനക്കാരിലേക്കെത്തിക്കുക എന്ന ദൗത്യവുമായാണ്‌ പുസ്തകങ്ങളുടെ വഴിയിലേക്ക് സൈകതം എത്തിയത്. പുസ്‌കതത്തെ ഒരിക്കലും ഒരു ഉല്‍പ്പന്നമായി കാണുന്നില്ല എന്നും, മറിച്ച ഓരോ എഴുത്തുകാരനും അത് ഏറ്റവും പുതിയ ആള്‍ ആയിരുന്നാല്‍ പോലും സമൂഹത്തില്‍ ഒരുപാട് ഇടപെടല്‍ നടത്താന്‍ കഴിയുമെന്നും ഓരോ നല്ല പുസ്തകവും ഓരോ ജീവിതപാഠങ്ങളാണെന്ന് വിശ്വസിക്കുന്നുവെന്നും പറയുമ്പോള്‍ എറണകുളത്ത്‌ കോതമഗലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈകതത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഏറെ ആത്മവിശ്വാസം. 2010ലെ അമ്പത് മികച്ച പുസ്‌കതങ്ങള്‍ ഇന്ത്യാടുഡേ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ സൈകത്തിന്റെ രണ്ടു പുസ്തകങ്ങള്‍(പി.എ അനീഷ്, ശ്രീകുമാര്‍ കരിയാട് എന്നിവര്‍) ഇടം കണ്ടെത്തി എന്നത് വളരെയധികം ശ്രദ്ധിക്കപ്പെടേണ്ട വസ്തുത തന്നെയാണ്‌. ബ്ലോഗര്‍മാരായ ശ്രീകുമാര്‍ കരിയാടിന്റെ 'തത്തകളുടെ സ്‌കൂള്‍ ഒന്നാം പാഠപുസ്തകം', രാമചന്ദ്രന്‍ വെട്ടിക്കാട് രചിച്ച 'ദൈവം ഒഴിച്ചിട്ട ഇടം' ടി..ശശിയുടെ 'ചിരിച്ചോടും മത്സ്യങ്ങളേ', പി എ അനീഷ് എഴുതിയ 'കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും', വി.ജയദേവിന്റെ 'കപ്പലെന്ന നിലയില്‍ ഒരു കടലാസു തുണ്ടിന്റെ ജീവിതം', എന്നീ കവിതാ സമാഹാരങ്ങള്‍ സൈകതം വായനക്കാരനിലേക്കെത്തിച്ചു. ഇതോടൊപ്പം തന്നെ മലയാള സാഹിത്യപ്രേമികൾ നെഞ്ചേറ്റിയ അഷ്ടമൂർത്തി ഉൾപ്പെടെയുള്ള എഴുത്തുകാരുടെ സൃഷ്ടികളും പ്രസിദ്ധീകരിച്ചുകൊണ്ട്‌ ഈ വഴിയിൽ കാലുറപ്പിക്കുവാൻ തന്നെ സൈകതം ശ്രമിക്കുന്നുണ്ടെന്നത്‌ വളരെ നല്ല കാര്യമായി തോന്നുന്നു . നല്ല രചനകളുണ്ടായിട്ടും വേണ്ടും വിധം അംഗീകാരം ലഭിക്കാതെ പോയ എഴുത്തുകാര്‍ക്ക് വേണ്ടി സൈകതം നിലകൊള്ളും എന്ന് പറയുമ്പോള്‍ അത് അഭിമാനകരം തന്നെ.



നമ്മുടെ ബൂലോകം എന്ന ബ്ലോഗ്‌ പോർട്ടലിന്റെ സഹോദര സംരംഭമായാണ്‌ അച്ചടി മാധ്യമത്തിലേക്ക്‌ എൻ.ബി.പബ്ലിക്കേഷന്റെ കടന്ന് വരവ്‌. മലയാള ബ്ലോഗുകളിലെ മികച്ച രചനകളെ പുസ്തകരൂപത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച എൻ.ബി.പബ്ലിക്കേഷനാണ്‌ അരുൺ കായംകുളത്തിന്റെ കായംകുളം സുപ്പർഫാസ്റ്റ്‌, കലിയുഗവരദൻ എന്നീ ബ്ലോഗുകളിലെ രചനകളെ പുസ്തകരൂപത്തിൽ എത്തിച്ചത്‌. കായംകുളം സുപ്പർഫാസ്റ്റ്‌ എന്ന പേരിൽ നിറയെ ചിരിയുമായി യാത്രതുടരുന്ന മലയാളത്തിലെ ഏറ്റവും ജനപ്രിയ ബ്ലോഗിലെ തിരഞ്ഞെടുത്ത നർമ്മരചനകൾ കോർത്തിണക്കികൊണ്ടാണ്‌ കായംകുളം സുപ്പർഫാസ്റ്റ്‌ എന്ന പുസ്തകം ഒരുക്കിയിരിക്കുന്നത്‌. മനുവേന്ന സാങ്കൽപീക കഥാപാത്രത്തിലൂടെ ബ്ലോഗ്‌ വായനക്കാർക്കിടയിൽ അരുൺ കായംകുളം സൃഷ്ടിച്ച ചിരിയുടെ അമിട്ട്‌ മറ്റു വായനക്കാരനിലേക്ക്‌ കൂടി എത്തിക്കുക വഴി വേളൂർ കൃഷ്ണൻകുട്ടിക്കും സുകുമാറിനും ശേഷം മലയാള ഹാസ്യസാഹിത്യത്തിലേക്ക്‌ ഒരു നല്ല എഴുത്തുകാരനെ തുറന്ന് വിടുക എന്ന സ്തുത്യർഹമായ ഒരു കർമ്മം കായംകുളം സുപ്പർഫാസ്റ്റിന്റെ പുസ്തകരൂപത്തിലൂടെ എൻ.ബി പബ്ലിക്കേഷനു ചെയ്യാൻ കഴിഞ്ഞു. ഈ ജനപ്രിയ നർമ്മത്തിലൂടെയും, തുടർന്ന് പബ്ലിഷ്‌ ചെയ്ത സ്വാമി അയ്യപ്പനെ കുറിച്ചുള്ള വ്യത്യസ്തമായ ചരിത്രാഖ്യായികയിലൂടെയും (കലിയുഗവരദൻ) അരുൺ കായംകുളം പുത്തൻ എഴുത്തുകാർക്കിടയിലെ വേറിട്ട സ്വരമായി നിലകൊള്ളുന്നു. പ്രസാധനത്തിലെന്ന പോലെ തന്നെ വിതരണ പ്രകിയയിലും പരീക്ഷണങ്ങൾക്ക്‌ തയ്യാറാവുകയും ഒട്ടേറെ പുത്തൻ പ്രോജക്റ്റുകളുമായി വരും നാളുകളിൽ കൂടുതൽ സജീവമായി ഇവിടെ നിലയുറപ്പിക്കുകയും ചെയ്യുമെന്ന് പറയുമ്പോൾ എൻ.ബിയുടെ മാനേജിംഗ്‌ ഡയറക്ടർ ജോഹറിന്റെ വാക്കുകളിലെ ആത്മവിശ്വാസം നമുക്ക്‌ ഏറെ പ്രതീക്ഷകൾ നൽകുന്നു.



ബ്ലോഗ്‌ എഴുത്തുകളെ മുഖ്യധാരയിലേക്ക്‌ എത്തിക്കുക എന്ന വ്യക്തമായ ലക്ഷ്യബോധത്തോടെ, അതിനേക്കാളുപരി കൂട്ടായ ശ്രമങ്ങളിലൂടെ എങ്ങിനെ പുസ്തകങ്ങൾ പബ്ലിഷ്‌ ചെയ്യാം എന്ന ചിന്തയിൽ നിന്നും ഒരു കൂട്ടം ബ്ലോഗ്‌ സുഹൃത്തുക്കൾ ചേർന്ന് രൂപീകരിച്ചതാണ്‌ കൃതി പബ്ലിക്കേഷൻസ്‌. ആദ്യ പുസ്തകത്തിൽ തന്നെ പരമാവധി വ്യത്യസ്ഥത കൊണ്ട്‌ വരുവാൻ ഉള്ള ശ്രമവും എറണാകുളം കേന്ദ്രമാക്കി ഹരീഷ്‌ തൊടുപുഴയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കൃതിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായി. 'മൗനത്തിനപ്പുറത്തേക്ക്‌...' എന്ന കഥാസമാഹാരത്തിനായി ഒത്തുചേർന്നത്‌ 28 കഥാകൃത്തുക്കൾ മാത്രമല്ല; മറിച്ച്‌ ലേ ഔട്ട്‌, കവർ ഫോട്ടോ, കവർ ഡിസൈൻ, പ്രൂഫ്‌ റീഡിംഗ്‌, പ്രകാശനം എന്നിവയെല്ലാം ബ്ലോഗ്‌ മീഡിയയിലുള്ളവരെ തന്നെ ഉൾപ്പെടുത്തുക വഴി ഒരു പുത്തൻ പരീക്ഷണം കൂടി കൃതി ഈ സമാഹാരത്തിലൂടെ നടത്തുകയും ഒരു പരിധി വരെ അതിൽ വിജയിക്കുകയും ചെയ്തു എന്ന് പറയാം. മുഖ്യധാരാ പ്രസാധകരുടെ അവഗണന മൂലം സർഗ്ഗശേഷിയുള്ള , പ്രതിഭയുള്ള എഴുത്തിലെ പുതുനാമ്പുകൾ തിരസ്കൃതരാകരുതെന്ന് ഉറച്ച്‌ വിശ്വസിക്കുന്നുവേന്നും അങ്ങിനെ അവഗണിക്കപ്പെടുന്നവരെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ച്‌ കൊണ്ടുവരിക എന്നതിലുപരി, നവീന വായനാസംസ്കാരവും മുഖ്യധാരയും തമ്മിലുള്ള അന്തരം കുറക്കുക എന്നതും ഈ ഒരു സം‌രംഭത്തിന്റെ ലക്ഷ്യമാണെന്ന് കൃതിയുടെ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. (തുഞ്ചന്‍ പറമ്പില്‍ വെച്ച് കാ വാ രേഖ? എന്ന ഒരു കവിതാസമാഹാരം കൂടെ കൃതി പബ്ലിക്കേഷന്‍സ് പുറത്തിറക്കി)


മധുരം മലയാളം പബ്ലിഷിംഗ്‌ ഹൗസ്‌ പോലെ തന്നെ ഓർക്കൂട്ട്‌ ശ്രുതിലയം കമ്മ്യൂണിറ്റി
, കണിക്കൊന്ന.കോം വെബ്‌ പോർട്ടൽ എന്നിവരും പുസ്തകങ്ങളുടെ വഴിയേ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇവരൊന്നും അത്‌ ഒരു തുടർ പ്രോജക്റ്റ്‌ ആക്കുവാൻ ശ്രമിക്കുന്നില്ല എന്ന് തോന്നുന്നു.



മറ്റു പ്രസാധകരുടെ ബ്ലോഗ്‌ പുസ്തകങ്ങൾ


ഓൺലൈൻ / ബ്ലോഗ്‌ പ്രസാധകർ മാത്രമല്ല, മറിച്ച്‌ മലയാള പുസ്തകപ്രസാധനരംഗത്ത്‌ ചിരപ്രതിഷ്ഠ നേടിയ പല പ്രസാധകരും ഇന്ന് ബ്ലോഗെഴുത്തുകളെ സസുക്ഷ്മം വീക്ഷിക്കുന്നുണ്ട്‌. അത്തരത്തിൽ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന പ്രസാധകരുടെ ചില ബ്ലോഗ്‌ രചനകളെ കൂടെ ഇവിടെ ഒന്ന് പരാമർശിക്കട്ടെ.



മലയാളം ബ്ലോഗുകൾക്ക്‌ പുറംവേദികളിൽ ആദ്യമായി ഒരു വേരോട്ടം ഉണ്ടാക്കിയത്‌ വിശാലമനസ്കൻ എന്ന പേരിൽ അറിയപ്പെടുന്ന കൊടകരക്കാരൻ സജീവ്‌ എടത്താടന്റെ കൊടകരപുരാണമാണ്‌. അതേ 'കൊടകരപുരാണം' തന്നെയാണ്‌ ബ്ലോഗുകളിൽ നിന്നും പുറത്ത്‌ വന്ന പുസ്തകങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട ആദ്യ കൃതി. തൃശൂർ കറന്റ്‌ ബുക്സായിരുന്നു കൊടകുരപുരാണം ആദ്യം വായനക്കാരിലേക്ക്‌ എത്തിച്ചത്‌. രണ്ടാം പതിപ്പ് അല്ലെങ്കില്‍ രണ്ടാം ഭാഗം വായനക്കാരനിലേക്ക് എത്തിച്ചത് അവനവന്‍ പ്രസാധനത്തിലൂടെ വിശാലമനസ്കനും!! തന്റെ ഓർമ്മകളെ നർമ്മത്തോടെയും തൃശൂരിന്റെ ഗ്രാമീണഭാഷയിലൂടെയും വിശാലമനസ്കൻ തുറന്ന് വിട്ടപ്പോൾ കൊടകരപുരാണം എന്ന ബ്ലോഗ്‌ ഒരു ലക്ഷത്തിനു മേൽ ഹിറ്റുകളുമായി ബ്ലോഗുകളിലെ സജീവസാന്നിധ്യമായി. തുടർന്ന് പുസ്തകമാക്കിയപ്പോഴും കൊടകരപുരാണം നിരാശപ്പെടുത്തിയില്ല. മലയാളത്തിലെ പല പ്രമുഖ എഴുത്തുകാരുടേയും പുസ്തകങ്ങൾ വരെ ഒന്നാം പതിപ്പ്‌ കഷ്ടിച്ച്‌ വിറ്റഴിയപ്പെടുന്ന ഇക്കാലത്ത്‌ അതുകൊണ്ട്‌ തന്നെ ഇതുവരെ രണ്ട്‌ എഡിഷനുകൾ ഇറങ്ങിക്കഴിഞ്ഞ കൊടകരപുരാണം വേറിട്ട്‌ നിൽകുന്നു.



കുറുമാന്റെ കഥകള്‍ എന്ന ബ്ലോഗിലൂടെ കുറുമാന്‍ എഴുതിയ ‘എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍‘ എന്ന അനുഭവക്കുറിപ്പുകളെ പുസ്തകരൂപത്തില്‍ എത്തിച്ചുകൊണ്ട് റെയിന്‍‌ബോ ബുക്സും ബ്ലോഗ് രചനകളെ മറ്റു വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ആത്മകഥാശൈലിയില്‍ കുറുമാന്‍ എഴുതിയ ഈ അനുഭവക്കുറിപ്പുകള്‍ കഥാകാരന്‍ വൈശാഖന്‍ പ്രകാശനം ചെയ്തു. മലയാളം ബ്ലോഗിലെ ഏറ്റവും മികച്ച കഥാകൃത്തുക്കളിൽ ഒരാളായ ഫ്രാൻസിസ്‌ സിമി നസ്രത്ത്‌ എന്ന ബ്ലോഗർ സിമിയുടെ 'ചിലന്തി' എന്ന കഥാസമാഹാരത്തിന്റെ പ്രസാധകരും റെയിന്‍‌ബോ തന്നെയാണ്‌. അസാധാരണമായ കൈത്തഴക്കം കൊണ്ട് സമകാലീനരായ ഏതൊരു എഴുത്തുകാരനോടും കിടപിടിക്കാന്‍ കഴിയുന്ന കഥകള്‍ എഴുതുന്നു സിമി എന്ന ഈ ബ്ലോഗര്‍. ഈ രണ്ട് പുസ്തകങ്ങള്‍ക്കും ബ്ലോഗ്‌ മീഡിയയിൽ നിന്നും ഉള്ളവർ തന്നെയാണ്‌ കവര്‍ ഡിസൈന്‍ ചെയ്തതും എന്നത്‌ പ്രശംസനീയം. (കവിയും ബ്ലോഗറുമായ മനോജ് കുരൂരിന്റെ 'ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍' എന്ന പുസ്തകവും റെയിന്‍‌ബോ വഴി വായനക്കാരിലേക്കെത്തിയെങ്കിലും മനോജ്‌ കുറൂർ ബ്ലോഗിൽ സജീവമാകും മുൻപാണ്‌ ആ പുസ്തകം പുറത്തിറക്കിയത്‌ എന്നതിനാൽ ഈ ഗണത്തിലേക്ക്‌ പരിഗണിക്കുന്നില്ല.)



കൊടകരപുരാണം കഴിഞ്ഞാൽ ഏറ്റവും അധികം വായനക്കാർ സ്വീകരിച്ച ബ്ലോഗ്‌ പുസ്തകം അനിൽകുമാർ.ടി എന്ന ബ്ലോഗർ കുമാരന്റെ കുമാരസംഭവങ്ങളാണ്‌. പയ്യന്നൂർ നിന്നുള്ള ഡിസംബർ ബുക്സാണ്‌ 'കുമാരസംഭവങ്ങൾ' വിപണിയിൽ എത്തിച്ചത്‌. ബ്ലോഗ്‌ രചനകൾ എന്ന ഒരു വിഭാഗമായിട്ടാണു പ്രസാധകർ കുമാരസംഭവങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ജിവിതത്തിലെ നേർക്കാഴ്ചകളെ നിഷ്കളങ്കമായ നർമ്മത്തിലൂടെ കുമാരൻ അവതരിപ്പിക്കുമ്പോൾ, ഇവയെല്ലാം നമുക്ക്‌ ചുറ്റും നിത്യേന കാണുന്ന കാഴ്ചകളല്ലേ എന്ന ഒരു തോന്നൽ വായനക്കാരനിൽ ഉണ്ടാക്കാൻ ഇതേ പേരിലുള്ള ബ്ലോഗ്‌ രചനകളിൽ നിന്നും സമാഹരിച്ച ഈ പുസ്തകത്തിനാവുന്നുണ്ട്‌.



ഒലിവ്‌ പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച ബെർളിതോമസിന്റെ 'ബെർളിത്തരങ്ങൾ' എന്ന പുസ്തകം അദ്ദേഹത്തിന്റെ തന്നെ ഏറ്റവും അധികം വായനക്കാരുള്ളതും, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഒട്ടേറെ മലയാളികൾ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരേയൊരു ബ്ലോഗുമായ ബെർളിത്തരങ്ങളിൽ വന്ന ആക്ഷേപഹാസ്യരചനകളുടെ സമാഹാരമാണ്‌. നമ്മുടെ സമൂഹത്തിൽ നിത്യവും കാണുന്ന രാഷ്ട്രീയ – സാമൂഹിക - സാഹിത്യ സംഭവവികാസങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ ബെർളി പുറത്ത്‌ വിട്ടപ്പോൾ ഏതാണ്ട്‌ മൂവായിരത്തോളം ഫോളോവേർസിനെയും അതിലേറെ വായനക്കാരെയും നേടാനായി എന്ന് പറയുമ്പോൾ അത്‌ അതിശയോക്തിയല്ല എന്നത്‌ അദ്ദേഹത്തിന്റെ സ്വന്തം പോർട്ടൽ സാക്ഷ്യപ്പെടുത്തുന്നു. ബെർളിത്തരങ്ങൾ പുസ്തകമാക്കിയപ്പോൾ അവതാരിക എഴുതിയത്‌ എന്നും ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുത്തൻ വഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചിട്ടുള്ള മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ്‌. രാപ്പനി എന്ന ബ്ലോഗിലൂടെ എഴുതുന്ന ടി.പി.അനില്‍കുമാറിന്റെ 'രണ്ട് അദ്ധ്യായങ്ങളുടെ നഗരം' എന്ന കവിതാസമാഹാരവും ഒലിവ് പബ്ലിഷ് ചെയ്തിട്ടുണ്ട്.



ലിപി പബ്ലിക്കേഷൻസാണ്‌ 15 പെണ്ണനുഭവങ്ങൾ എന്ന സബ്‌ടൈറ്റിലോടെ കൈതമുള്ള്‌ എന്ന ബ്ലോഗിലൂടെ പ്രശസ്തനായ ശശി ചിറയിലിന്റെ (ശശി കൈതമുള്ള്‌) 'ജ്വാലകൾ ശലഭങ്ങൾ' എന്ന പുസ്തകം വിപണിയിൽ എത്തിച്ചത്‌. വാച്യമായ അനുഭൂതി പകർന്ന് നൽകുന്നവയാണ്‌ ഇതിലെ രചനകൾ. ബ്ലോഗെഴുത്ത് നമ്മുടെ ഭാഷക്ക് നല്‍കുന്ന നവേന്മേഷവും വ്യാപ്തിയും നിസ്സാരമല്ലെന്നും സൈബര്‍ സാഹിത്യം എന്നത് പരിഹസിക്കാനുള്ള പദമല്ല, ആദരിക്കാനുള്ളതാണെന്ന് കൈതമുള്ളിനെ പോലെയുള്ളവരുടെ രചനകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു എന്നും ശിഹാബുദ്ദീൻ പൊയ്തുംകടവ്‌ പുസ്തകത്തിന്‌ എഴുതിയ അവതാരികയില്‍ പറയുന്നു. പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്‌ അക്ഷരകേരളം ആദരവോടെ കാണുന്ന പ്രശസ്ത നിരൂപകനും വാഗ്മിയുമായ സുകുമാർ അഴീക്കോട്‌.



വൈകുന്നേരമാണ് എന്ന ബ്ലോഗിലൂടെ കവിതകള്‍ എഴുതുന്ന എസ്.കലേഷിന്റെ കവിതാസമാഹാരമയ 'ഹെയര്‍പിന്‍ ബൈന്‍ഡ്’ ഫേബിയന്‍ ബുക്സ് വഴി വായനക്കാരിലേക്കെത്തി. ജ്യോതിസ്സ്‌ എന്ന ബ്ലോഗിലൂടെ ജ്യോതിബായി പരിയാടത്ത്‌ രചിച്ച മനോഹരങ്ങളായ 21 കവിതകളുടെ സമാഹാരമാ‍യ ‘പേശാമടന്ത’യുടെ പ്രസാധകരും ഫേബിയന്‍ ബുക്സ് തന്നെ. കാവ്യം സുഗേയം എന്ന ബ്ലോഗിലൂടെ മനോഹരമായി കവിതകള്‍ ചൊല്ലി ഒട്ടേറെ ശ്രോതാക്കളെ സമ്പാദിച്ച ഈ കവയത്രിയുടെ കവിതകള്‍ സാമൂഹ്യ യാഥാര്‍ത്ഥ്യത്തിനു നേരെ തുറന്നുപിടിച്ച കണ്ണുകളും എഴുതി പഴകിയ ശൈലിക്കെതിരെ ജാഗ്രത പുലര്‍ത്തുന്ന കാവ്യബോധവും ഉള്ളവയെന്ന് കവി സച്ചിദാനന്ദന്‍ ഈ പുസ്തകത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. പ്ലാച്ചിമട സമരനായിക മയിലമ്മയുടെ ജീവിതകഥയായ 'മയിലമ്മ - ഒരു ജീവിതം' എന്ന മാതൃഭൂമിയുടെ പുസ്തകവും ശ്രീമതി ജ്യോതിബായിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്‌. -എഴുത്തിന്റെ വ്യക്താക്കളിൽ ഒരാളായി അറിയപ്പെടുന്ന മൈന ഉമൈബാന്റെ 'ചന്ദനഗ്രാമം' പ്രസിദ്ധീകരിച്ചതും മാതൃഭൂമി തന്നെ.



പ്രതിഭാഷ എന്ന ബ്ലോഗിലൂടെ പ്രകാശിതമായ വിഷ്ണുപ്രസാദിന്റെ 34 കവിതകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള സമാഹാരമാണ്‌ 'കുളം+പ്രാന്തത്തി'. അധികം ആരും അറിയാതെ ആരവങ്ങളില്ലാതെ ആ പുസ്തകം വായനക്കാരിലേക്ക് എത്തിച്ചത് ഡെലിഗേറ്റ്സ് ബുക്സ്. പക്ഷെ പിന്നീട് വിഷ്ണുപ്രസാദിനെ മലയാള വായനലോകം ഏറ്റെടുത്തു എന്ന് വേണം കരുതാന്‍. രണ്ടാമത്തെ സമാഹാരമായ ‘ചിറകുള്ള ബസ്സ്‘ വായനക്കാരിലേക്ക് എത്തിച്ചത് ഡി.സി.ബുക്സ് ആയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട്‌ തന്നെ വിഷ്ണുപ്രസാദ്‌ എന്ന കവിക്ക്‌ മലയാള കവിതാസ്വാദകർക്കിടയിൽ ഒരു സ്ഥാനം നേടികൊടുക്കാൻ കുളം+പ്രാന്തത്തിക്കും ചിറകുള്ള ബസ്സിനും കഴിഞ്ഞു. ഇത്‌ കൂടാതെ ബ്ലോഗിൽ വന്ന മികച്ച കവിതകളെ ഉൾപ്പെടുത്തി പ്രശസ്ത കവി സച്ചിദാനന്ദൻ എഡിറ്റ്‌ ചെയ്ത്‌ 'നലാമിടം' , നിരഞ്ജന്റെ 'ചിലവുകുറഞ്ഞ കവിതകൾ' എന്നീ കവിതാസമാഹാരങ്ങളും ഈയിടെ ഡിസി പ്രസിദ്ധീകരിക്കുകയുണ്ടായി. അതുപോലെ തന്നെ ബ്ലോഗിലൂടെ എഴുതി തെളിഞ്ഞ മേൽസൂചിപ്പിച്ച ഡിൽഡോയുടെ രചയിതാവ്‌ ദേവദാസിന്റെ അവാർഡ്‌ നോവലായ പന്നിവേട്ടയുടേയും പ്രസാധകർ ഡി.സി തന്നെ. വരും നാളുകളിൽ സർഗ്ഗശേഷിയുള്ള ഒട്ടേറെ ബ്ലോഗേർസിന്റെ കഥാസമാഹാരങ്ങളും കവിതാസമാഹാരങ്ങളും ഡിസിയുടെ അണിയറയിൽ തയ്യാറായി കൊണ്ടിരിക്കുന്നു എന്ന വാർത്ത സന്തോഷം പകരുന്നതാണ്.


വേറിട്ട്‌ നിൽക്കട്ടെ ഈ ശലഭായനം


ഒരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ പ്രസാധകർ, അവർ ആരുതന്നെയായാലും അൽപമെങ്കിലും കച്ചവടതാൽപര്യങ്ങൾ ഉണ്ടായിരിക്കും. തീർച്ച!! പക്ഷെ ഇവിടെ യാതൊരു കച്ചവട താൽപര്യവുമില്ലാതെ ഒരൊറ്റ ലക്ഷ്യത്തിലേക്ക്‌ ഒരേ മനസ്സുമായി തുഴയെറിഞ്ഞ ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ എന്ന കൂട്ടായ്മയെയും കൂട്ടം.കോം എന്ന സോഷ്യൽ നെറ്റ്വർക്കിനേയും മേൽപ്പറഞ്ഞ ഓൺലൈൻ പ്രസാധകരുടേയോ മുഖ്യധാരാ പ്രസാധകരുടേയോ ഗണത്തിലേക്ക്‌ കൂട്ടിച്ചേർക്കുവാൻ അതുകൊണ്ട്‌ തന്നെ മനസ്സ്‌ അനുവദിക്കുന്നില്ല. ഒരു ശലഭത്തെ പോലെ പാറിപ്പറക്കാൻ രമ്യക്ക്‌ കഴിയണേ എന്ന പ്രാർത്ഥനയുമായി, രോഗം കാർന്നുതിന്നുന്ന കൊച്ചുമിടുക്കിയുടെ ജീവിതം തിരികെപിടിക്കാനുള്ള ചികത്സകൾക്കായി പണം കണ്ടെത്തുന്നതോടൊപ്പം രമ്യയുടെ ഒരു സ്വപ്നമെങ്കിലും സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തിൽ നിന്നുമാണ്‌ ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ കൂട്ടം.കോമിന്റെ നേതൃത്വത്തില്‍ 'ശലഭായനം' എന്ന രമ്യ ആന്റണിയുടെ കവിതകളുടെ സമാഹാരം പുറത്തിറക്കിയത്‌. ഇപ്പോൾ രമ്യയുടെ മരണ ശേഷവും കുട്ടിയെപോലെ പോളിയോ ബാധിതയായ ഏതെങ്കിലും ഒരു കുട്ടിയുടെ ചികത്സാ- പഠന ചിലവിലേക്ക്‌ പണം കണ്ടെത്തുവാനായി രമ്യയുടെ രണ്ടാമത്തെ കവിതാസമാഹാരത്തിന്റെ പ്രവർത്തനങ്ങളുമായി ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ എന്ന ട്രസ്റ്റ്‌ മുന്നോട്ട്‌ വരുമ്പോൾ അവരെ വെറുതെ പുസ്തക പ്രസാധകർ എന്ന ഗണത്തിൽ പെടുത്തുന്നതെങ്ങിനെ? അകാലത്തിൽ പൊലിഞ്ഞുപോയ രമ്യ ആന്റണി എന്ന ശലഭത്തെ പുറംവേദികൾക്ക്‌ കൂടി പരിചയപ്പെടുത്തുവാൻ ശലഭായനം വഴി ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ കൂട്ടായ്മക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ എന്നു തന്നെ വിശ്വാസം. അതുകൊണ്ട്‌ തന്നെ ഇവിടെ വേറിട്ട്‌ നിൽക്കട്ടെ ഫ്രണ്ട്സ്‌ ഓഫ്‌ രമ്യയും ശലഭായനവും!!




ഇനിയും ഒത്തിരി പുസ്തകങ്ങള്‍ ബ്ലോഗര്‍മാരുടേതായും ബ്ലോഗ് രചനകളായും വെളിച്ചം കണ്ടിട്ടുണ്ട്. എല്ലാ പുസ്തകത്തെയും പറ്റി വിശദീകരിക്കാന്‍ ഈ ഒന്നോ രണ്ടോ താളുകള്‍ മതിയാവില്ല. ദൃഷ്ടിദോഷം എന്ന ബ്ലോഗിലൂടെ എഴുതുന്ന ഡി.പ്രദീപ്‌ കുമാറിന്റെ ()വർണ്ണാശ്രമത്തിലെ വെള്ളപ്പാളികൾ, സൂക്ഷ്മദർശിനി, പരിഭാഷ എന്ന ബ്ലോഗിലൂടെ എഴുതുന്ന വി.രവികുമാറിന്റെ പരിഭാഷാ കൃതികളായ ഫ്രാന്‍സിസ് കാഫ്കയുടെ കഥകള്‍, വിചാരണ, ഈസോപ്പ് കഥകള്‍, അനാഗതശ്മശ്രു എന്ന പേരില്‍ ബ്ലോഗെഴുതുന്ന ആര്‍. രാധാകൃഷ്ണന്റെ ഒരു ചെമ്പനീര്‍ പൂവിറുത്ത്, ട്വന്റി 20 കാക്കുരു പുക്കുരു, രാധിക.ആര്‍.എസിന്റെ തത്തക്കുട്ടി, കെ.എം.പ്രമോദിന്റെ അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍, ശൈലന്റെ താമ്രാപര്‍ണ്ണി, റീനി മീമ്പലത്തിന്റെ റിട്ടേണ്‍ റ്റിക്കറ്റ് , ഭൂമിപുത്രി (ജയശ്രീ)യുടെ സമുദ്രത്തിൽ നിന്നും സൂക്ഷികേണ്ട ദൂരം, റോഷ്ണി സ്വപ്നയുടെ വല, ക്രിസ്പിൻ ജോസഫിന്റെ ലാർവ്വ, വി.മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ, ജയേഷിന്റെ മായക്കടല്‍, ജിതേന്ദ്രപ്രസാദിന്റെ ശിഖരവേരുകള്‍, നിര്‍മ്മലയുടെ ആദ്യത്തെ പത്ത്, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി, സ്ട്രോബറികള്‍ പുക്കുമ്പോള്‍, മൈന ഉമൈബാന്റെ വിഷചികത്സ, ശാന്താകാവുമ്പായിയുടെ മോഹപ്പക്ഷി, ജുവൈരിയ സലാമിന്റെ നാവിലെ കറുത്ത പുള്ളി, കാപ്പിലാന്റെ നിഴല്‍ചിത്രങ്ങള്‍, രമ്യ ആന്റണിയുടെ ശലഭായനം, റീമാ അജോയുടെ ജ്വാലാമുഖി, അനില്‍ കുര്യാത്തിയുടെ സാക്ഷയില്ലാത്ത വാതില്‍, മാരിയത്ത്.സി.എചിന്റെ കാലം മായ്ച കാല്പാടുകള്‍, സാലിഹ് കല്ലടയുടെ (ഏറനാടന്‍) ഒരു സിനിമാ ഡയറിക്കുറുപ്പ്, ഖാദര്‍ പട്ടേപ്പാടത്തിന്റെ പാല്‍പ്പായസം, ഇത്തിരിവെട്ടം റഷീദിന്റെ സാര്‍ഥവാഹകസംഘത്തോടൊപ്പം, ബാജി ഓടം‌വേലിയുടെ ബാജിയുടെ 25 കഥകള്‍, ജ്യോതിര്‍മയീ ശങ്കരന്റെ മുംബേ ജാലകം, നാസര്‍ കൂടാളിയുടെ ഐൻസ്റ്റീൻ വയലിൻ വായിക്കുമ്പോൾ, ... പട്ടിക വളരെ നീണ്ടതാണ്‌. ഏറ്റവും ഒടുവിൽ പ്രശസ്ത കവിയും ബ്ലോഗറുമായ കുഴൂർ വിത്സണന്റെ ഏറ്റവും പുതിയ കവിതാസമാഹരമായ (ബ്ലോഗിൽ എഴുതിയവ സമാഹരിച്ചത്‌) ‘ ഒരു നഗരപ്രണയ കാവ്യം' , കെ.വി. സുമിത്രയുടെ 'ശരീരം ഇങ്ങിനെയും വായിക്കാം' എന്നീ പുസ്തകങ്ങളില്‍ വരെ അത് എത്തിനില്‍ക്കുന്നു.



വരും കാലങ്ങളിൽ ഇനിയും ഒട്ടേറെ രചനകൾ പുസ്തകരൂപത്തിൽ ബ്ലോഗിൽ/ ഇ-എഴുത്തിൽ നിന്ന് പുറത്ത്‌ വരും എന്നത്‌ അംഗീകരിക്കപ്പെടേണ്ട സത്യം തന്നെ. കാരണം സ്വന്തം കഴിവുകളിൽ വിശ്വാസമുള്ള ഒട്ടേറെ പുത്തൻ എഴുത്തുകാർ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇരുന്ന് ബ്ലോഗ്‌ / ഓൺലൈൻ മീഡിയയിലൂടെ സർഗ്ഗസൃഷ്ടികൾ നടത്തുന്നു. അവരെയൊന്നും കണ്ടില്ല എന്ന് നടിക്കാൻ കാലത്തിന്‌ കഴിയില്ല എന്നത്‌ അംഗീകരിക്കപ്പെടേണ്ട സത്യവും.

ഞായറാഴ്‌ച, ജൂൺ 26, 2011

ഭാരതപ്രദര്‍ശനശാല

വീണ്ടും ഒരു ബ്ലോഗ് പിറന്നാള്‍ കൂടെ.. ബ്ലോഗില്‍ എഴുതാന്‍ തുടങ്ങിയിട്ട് , നിങ്ങളെയൊക്കെ പരിചയപ്പെട്ടിട്ട് രണ്ട് വര്‍ഷം തികയുന്നു. ഇനിയുമൊരു പിറന്നാള്‍ പോസ്റ്റ് എഴുതി ബോറടിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് ഓരോ കഷണം കേക്ക് ആവാം. ഇനി കേക്ക് ഇഷ്ടമല്ലാത്തവര്‍ക്ക് മിഠായി എടുക്കാം.

ഒരു ബ്ലോഗ് തുടങ്ങിയപ്പോള്‍ ആദ്യം ചെയ്തത് ഒരു പുസ്തകപരിചയമായിരുന്നു. അതുകൊണ്ട് തന്നെ ഈ പിറന്നാള്‍ പോസ്റ്റും ഒരു പുസ്തകപരിചയം തന്നെയാവട്ടെ. ഇനിയും എല്ലാവരുടേയും സ്നേഹവും പ്രോത്സാഹനങ്ങളും ഉണ്ടാവുമെന്ന് കരുതിക്കൊണ്ടും തെറ്റുകള്‍ തിരുത്തിതരുവാന്‍ എല്ലാവരും എപ്പോഴും കൂടെയുണ്ടാവുമെന്നുമുള്ള പ്രതീക്ഷയോടെ രണ്ടാം വാര്‍ഷീക പോസ്റ്റ് ഇവിടെ കുറിക്കട്ടെ


പുസ്തകം : ഭാരതപ്രദര്‍ശനശാല
രചയിതാവ് : സി.അഷ്‌റഫ്
പ്രസാധകര്‍ : ഡി.സി.ബുക്സ്




സ്വാതന്ത്ര്യ സമര കാലഘട്ടം അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നും എഴുത്തുകാരെ ഹരം പിടിപ്പിക്കുന്ന ഒന്ന് തന്നെയാണ്‌. ഒട്ടേറെ ഗദ്യ-പദ്യ കൃതികള്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് മലയാള ഭാഷയിലും മറ്റു ഇന്ത്യന്‍ ഭാഷകളിലുമായി എഴുതപ്പെട്ടിട്ടുമുണ്ട്. അവയില്‍ പലതും വായനക്കാരെ വല്ലാതെ ആകര്‍ഷിച്ചിട്ടുള്ളത് തന്നെ എന്ന് നിസ്സംശയം പറയാം. അതുപോലെ തന്നെയാണ്‌ സ്വാതന്ത്ര്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരദേശാഭിമാനികളെ പാത്രവത്കരിച്ചുകൊണ്ട് എഴുതപ്പെട്ടിട്ടുള്ള രചനകളും. ഇത്തരം രചനകള്‍ക്കായി ഒട്ടേറെ പഠനം ആവശ്യമാണെന്നത് കൊണ്ട് തന്നെ ഇവ വര്‍ഷങ്ങളുടെ സാധനയുടെയും വായനാനുഭവങ്ങളുടേയും ആകെത്തുകയായിരിക്കുകയും ചെയ്യും. ഇന്ദിരാഗാന്ധിയുടെ വധവും അനുബന്ധസംഭവങ്ങളും പ്രമേയമായി വന്ന ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ 'ദൃക്‍സാക്ഷി', അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ കെ.രഘുനാഥന്റെ ശബ്ദായമൌനം, ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയും ഗാന്ധിപുത്രനായ ഹരിലാലിന്റെ വീക്ഷണത്തിലൂടെ മനോഹരമായി അവതരിപ്പിച്ച ഇ.വാസുവിന്റെ വന്ദേമാതരം, ഗാന്ധിജിയെ വധിക്കാന്‍ നിയോഗിക്കപ്പെട്ട നാഥുറാമിന്റെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോയ സക്കറിയയുടെ ഇതാണെന്റെ പേര്‌ തുടങ്ങി ഒട്ടേറെ മികച്ച രചനകള്‍ ഇത്തരത്തില്‍ മലയാളത്തെ തന്നെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ പെടുത്താവുന്നതെന്ന ലേബലില്‍ ഡി.സി.ബുക്ക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പുസ്തകമാണ്‌ സി.അഷ്‌റഫിന്റെ ഭാരതപ്രദര്‍ശനശാല.


ഗാന്ധിജി പ്രമേയമാവുന്ന മനോഹരമായ ഒരു നോവല്‍ എന്ന ഉപശീര്‍ഷകവും സ്വാതന്ത്ര്യസമര കാലത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കവര്‍ ചിത്രവുമായി വായനക്കാരെ ആകര്‍ഷിക്കുവാനുള്ള പ്രസാധകരുടെ ശ്രമം അത്ര വിജയിച്ചുവോ എന്ന ഒരു സംശയം പുസ്തകത്തിന്റെ വായനക്കിടയില്‍ തോന്നിയെന്നത് പറയട്ടെ.

ഒരു നോവല്‍ എന്നതിനേക്കാള്‍ ചരിത്രവും മിത്തും ചില അദ്ധ്യായങ്ങളിലെങ്കിലും മനം‌മടുപ്പിലേക്ക് നയിക്കുന്ന ഒരു തരം ഫാന്റസിയും ചേര്‍ത്ത് എഴുതപ്പെട്ടതാണ്‌ ഭാരതപ്രദര്‍ശനശാല എന്ന ഈ ആഖ്യായിക. ഒരു നോവലിന്റെ ചട്ടക്കൂടിലാണ്‌ അണിയിച്ചൊരുക്കിയിരിക്കുന്നതെങ്കിലും സ്വാതന്ത്ര്യസമരം, ഗാന്ധിജി എന്നൊക്കെയുള്ള മുന്‍‌വിധി പുസ്തകത്തിന്റെ പുറംചട്ടയില്‍ നിന്ന് തന്നെ കിട്ടുന്നത് കൊണ്ടാണോ എന്നറിയില്ല, ബൃഹത്തായ ആ കാന്‍‌വാസിനോട് അത്രയേറെ നീതിപുലര്‍ത്താന്‍ എഴുത്തുകാരന് കഴിഞ്ഞോ എന്ന ഒരു സംശയം പുസ്തകവായനക്കൊടുവില്‍ ഒരു സാധാരണ വായനക്കാരന്‍ എന്ന നിലക്ക് എന്നില്‍ ഇപ്പോഴും അവശേഷിക്കുന്നു. മനോഹരമായ ഭാഷയും സാഹിത്യവും പദസമ്പത്തും കൊണ്ട് അനുഗ്രഹീതനാണ്‌ സി.അഷ്‌റഫ് എന്ന ഈ എഴുത്തുകാരന്‍. അതില്‍ സംശയമില്ല. അത്രയേറെ മനോഹരം തന്നെ പുസ്തകത്തിലെ സാഹിത്യം. പക്ഷെ എന്തുകൊണ്ടോ ആ സാഹിത്യത്തിന്റെ ഭംഗി നോവലിന്റെ മൊത്തം വായനയില്‍ ഏശുന്നില്ല. പലഭാഗങ്ങളിലും കഥാകാരനോടൊപ്പം സഞ്ചരിക്കാന്‍ വായനക്കാരന് കഴിയാതെ വരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രമേയത്തിന്റെ ഗതിക്കൊപ്പം വായനക്കാരനെ നയിക്കുവാന്‍ കഥാകാരന്‌ കഴിഞ്ഞില്ല എന്ന് പറയാം.


തികഞ്ഞ ഗാന്ധീയനായ കുട്ടായി മൂപ്പന്‍ അനുഷ്ഠിക്കുന്ന ഒരു മാസക്കാലം (ഡിസംബര്‍ 30ന് ആരംഭിച്ച് ജനവരി 30ന് അവസാനിക്കുന്ന) നീണ്ടുനില്‍ക്കുന്ന രക്തസാക്ഷിവ്രതത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ കാലയളവിലെ കുട്ടായിമൂപ്പന്റെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഒരു നാടിന്റെയും നാട്ടാരുടേയും ചിന്തകളിലൂടെയും അനുഭവസാക്ഷ്യങ്ങളിലൂടെയുമാണ്‌ നോവല്‍ മുന്നോട്ട് പോകുന്നത്. കുട്ടായി മൂപ്പന്‍, മഹാത്മ അടിമ, നെഹ്രു കരിയാന്‍, കേണല്‍ കുഞ്ഞുണ്ണി, .എം.എസ് വേലായുധന്‍, തുടങ്ങി ഓര്‍മ്മയില്‍ നില്‍ക്കുന്ന കുറച്ച് നല്ല കഥാപാത്രങ്ങള്‍ നോവലില്‍ ഉണ്ടെങ്കില്‍ പോലും പലപ്പോഴും ഒരു തിരക്കേറിയ നാലുവഴിയില്‍ ഇനിയെന്തെന്ന് മനസ്സിലാക്കാന്‍ കഴിയാതെ നില്‍ക്കുന്ന അവസ്ഥ നോവല്‍ വായനയില്‍ ഉണ്ടാകുന്നു എന്നത് വലിയ ഒരു പോരായ്മ തന്നെയായി തോന്നി. അനാവശ്യമായ കുറേ ലൈംഗീകചിന്തകളും രതി വര്‍ണ്ണനകളും കുത്തിനിറച്ചതും എന്തോ പ്രമേയത്തിന്റെ ഗാംഭീര്യം കുറച്ചു എന്നേ തോന്നിയുള്ളൂ. ഏകീകൃത ഭാരതത്തിന്റെ വിഭജനത്തോടുള്ള നായകന്റെ പ്രതിഷേധമായി അദ്ദേഹത്തിന്റെ അണ്ടികളില്‍ വലത്തെ അണ്ടി ഇന്ത്യക്കും ഇടത്തേ അണ്ടി പാക്കിസ്ഥാനും നല്‍കുന്നു എന്നും ആസ്തികള്‍ പങ്കുവെക്കുന്ന വേളയില്‍ രാജ്യത്തിന്റെ സമ്പത്ത് എന്ന നിലക്ക് തന്റെ നീരു വന്ന രണ്ട് അണ്ടികള്‍ കൂടി അതില്‍ വകകൊള്ളിക്കണമെന്നും ആവശ്യപ്പെട്ട് നെഹൃവിന് കുട്ടായി എഴുതുന്നതായ കത്ത് കത്തുന്ന പരിഹാസമായി നമുക്ക് വായിച്ചെടുക്കാമെങ്കില്‍ തന്നെയും അതേ തുടര്‍ന്ന് വരുന്ന പാരഗ്രാഫുകളില്‍ അടിയന്തരാവസ്ഥയുടെ ഉറക്കം കിട്ടാത്ത ഒരു രാത്രിയില്‍ അസ്വസ്ഥത അസഹ്യമായപ്പോള്‍ അച്ഛന്റെ മുറിയില്‍ സുവര്‍ണ്ണ നിറത്തിലുള്ള ഒരു ഫയലില്‍ നെഹ്രു ഒളിപ്പിച്ച് വെച്ചിരുന്ന ആ കത്ത് വായിച്ച ഇന്ദിരാഗാന്ധി വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷ സാമീപ്യം കൊതിച്ചു എന്നതും പിറ്റേ ദിവസം തന്നെ അടിയന്തരാവസ്ഥ പിന്‍‌വലിച്ചുകൊണ്ട് ഉത്തരവിറക്കിയെന്നുമൊക്കെയുള്ള ഭാഗത്തെ വര്‍ണ്ണനകള്‍ അരോചകമായെന്ന് പറയാതെ വയ്യ. എഴുത്തുകാരന്‍ അതിലൂടെ സിമ്പോളിക്കായി എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല!! പക്ഷെ ഒരു ആവറേജ് വായനക്കാരന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഇത്തരത്തിലുള്ള കുറേയധികം ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുക വഴി നല്ലൊരു പ്രമേയത്തെ മലീമസമാക്കിയെന്ന് തോന്നി.


ഈ പ്രമേയത്തിനായി പൊന്നോനി എന്ന കൊച്ച് പ്രദേശവും അതോട് ചേര്‍ന്ന് നില്‍ക്കുന്ന പരിസരങ്ങളും തിരഞ്ഞെടുക്കുക വഴി ഒരു രാജ്യത്തിന്റെ ഭാവി ഗ്രാമങ്ങളാണ്‌ എന്ന ഗാന്ധിജിയുടെ വീക്ഷണത്തോട് കഥാകാരന്‍ നീതിപുലര്‍ത്തിയിട്ടുണ്ട്. അതുപോലെ ഇന്നത്തെ തലമുറയോടുള്ള തികഞ്ഞ പരിഹാസം കഥാകാരന്‍ വളരെ മനോഹരമായി തന്നെ പലവട്ടം നോവലില്‍ പറഞ്ഞുവെക്കുന്നു. “കഷ്ടം... നിങ്ങളുടെ തലമുറ മുഴുവന്‍ ദേശീയ ബോധമില്ലാത്തവരായി ത്തീര്‍ന്നല്ലോ..” എന്ന് ടെയ്‌ലറോട് പരിതപിക്കുന്ന കേണല്‍ കുഞ്ഞുണ്ണിയോട് തയ്യല്‍ക്കാരന്‍ പറയുന്ന മറുപടിയില്‍ അത് വ്യക്തമായി കാണാം. “അതുമാത്രം പറയരുത്. ഇന്നലെ രാത്രിമുഴുവന്‍ ഉറക്കമുളച്ചിരുന്നാണ് ഞാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് കണ്ടത്. ഇന്ത്യ ജയിക്കുന്നത് വരെ ഞാന്‍ തുള്ളി വെള്ളം കുടിച്ചിട്ടില്ല“ എന്ന ടെ‌യ്‌ലറുടെ മറുപടിയിലൂടെ ഭാരത യുവത്വത്തിന്റെ ദേശിയ ബോധം ഒരു ക്രിക്കറ്റ് മത്സരത്തില്‍ ഒതുക്കപ്പെടുന്നു എന്നും നോവലിസ്റ്റ് പരിഹസിക്കുന്നു. (ടെസ്റ്റ് മത്സരങ്ങള്‍, അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാവുമ്പോള്‍ രാത്രി ഉറക്കമിളച്ച് കാണേണ്ട ആവശ്യം ഇല്ല എന്നത് ഇത്രയേറെ നോവലിനായി ഗവേഷണം ചെയ്ത കൂട്ടത്തില്‍ വിട്ടുപോകരുതായിരുന്നു എന്നത് വേറെ കാര്യം. പിന്നെ അത് ലൈവ് ആവില്ല എന്നും റെക്കോര്‍ഡഡ് ആയിരിക്കും എന്നൊക്കെ നമുക്ക് അങ്ങോട്ട് സങ്കല്‍പ്പിക്കാം. അതല്ലെങ്കില്‍ ടെസ്റ്റിന്റെ സ്ഥാനത്ത് ഏകദിനമോ ട്വന്റി ട്വന്റിയോ ആക്കി മാറ്റുകയും ചെയ്യാം)


പുസ്തകത്തിന്റെ അവസാനഭാഗത്ത് പി.മോഹനന്റെ ചെറുകുറിപ്പോടു കൂടെ കൊടുത്തിരിക്കുന്ന ഭാഗ്യനാഥിന്റെ ചിത്രങ്ങള്‍ക്ക് വ്യത്യസ്ഥതയുണ്ട്. ആ ചിത്രങ്ങള്‍ അത് ഉള്‍കൊള്ളേണ്ട പേജുകളില്‍ തന്നെ കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായി വായനക്കാരിലേക്ക് എത്തുമായിരുന്നു എന്നും തോന്നി. പി.മോഹനന്‍ കുറിപ്പില്‍ സൂചിപ്പിച്ചപോലെ ചിലവേളകളില്‍ ഒരു കാതം മുന്നിലാണ് ഈ ചിത്രങ്ങള്‍ക്ക് എന്ന് തോന്നല്‍ ഉണ്ടാക്കുന്നുണ്ട്.


കുട്ടായി മൂപ്പനിലൂടെ, കേണ്‍ല്‍ കുഞ്ഞുണ്ണിയിലൂടെ, മഹാത്മ അടിമയിലൂടെ , നെഹ്രു കരുവാനിലൂടെ, മനുവിലൂടെയും അനിരുദ്ധനിലുമൂടെയെല്ലാം ഭാരതത്തെ കാണാന്‍ ശ്രമിക്കുന്ന ഗ്രന്ഥകാരന്‍ പ്രമേയം അവതരിപ്പിക്കുന്നതില്‍ വരുത്തിയ പാളിച്ചകള്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ നാളെകളിലേക്കുള്ള ഒരു അപൂര്‍വ്വ നോവലായേനേ ഈ ഭാരതപ്രദര്‍ശനശാല. ദേശിയ ആഹാരമായ ചക്കക്കുരു വറുത്തതും കൊറിച്ച് നീലഗിരി ചായയും കുടിച്ച് തികഞ്ഞ ഗാന്ധിയനായി ജീവിച്ച് തീര്‍ത്ത കുട്ടായി മൂപ്പന്‍ എന്ന കഥാപാത്രം നോവല്‍ വായനക്കൊടുവിലും വായനക്കാരനില്‍ നിറഞ്ഞ് നില്‍കുന്നുണ്ട്. എങ്കിലും രക്തസാക്ഷി വ്രതക്കാലമെന്ന മനോഹരമായ ഒരു ആശയത്തെ ഒന്ന് കൂടെ ഭംഗിയായി നോവലിസ്റ്റിന് ട്രീറ്റ് ചെയ്യാമായിരുന്നു എന്ന് തോന്നി. അതിനു കെല്പുള്ള ആളാണു താനെന്ന് മനോഹരമായ ഭാഷയിലൂടെ അദ്ദേഹം തന്നെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ ഈ പ്രദര്‍ശന ശാലയില്‍ നിന്നും ഉദ്ദേശിച്ച നിലവാരം കിട്ടിയില്ല എന്നത് പറയാതെ വയ്യ.

വര്‍ത്തമാനം വാരാദ്ധ്യപതിപ്പില്‍ പ്രസിദ്ധീകരിച്ചത്

ഞായറാഴ്‌ച, മേയ് 08, 2011

ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക

രണ്ട് ദിവസമായി കമലമ്മക്ക് ഒന്നിലും ശ്രദ്ധയില്ല. ആകെ ഒരു വല്ലായ്മ പോലെ.

'അമ്മയ്ക്കിതെന്താ പറ്റിയേ?'- മകന്റെ ചോദ്യം അവര്‍ കേട്ടില്ലെന്ന് നടിച്ചു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവന്‍ ഇറങ്ങി പോയി. പുറത്തേക്ക് കണ്ണുംനട്ട് വിഷണ്ണയായി ഇരിക്കുന്ന അമ്മയെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് മരുമകളും ഓഫീസിലേക്ക് യാത്രയായി .

മുറ്റത്ത് നില്‍ക്കുന്ന കൂറ്റന്‍ പേരാലില്‍ പതിവുപോലെ തന്നെ കാക്ക ഇരിപ്പുറപ്പിച്ചിട്ടുണ്ട്. കാക്കയുടെ മുഖത്ത് ഒരു വിഷാദച്ഛായയുണ്ടോ? കമലമ്മ ചിന്തിച്ചു. ഓരോന്നോര്‍ത്തിരുന്നപ്പോള്‍ കമലമ്മയുടെ കണ്ണു നിറഞ്ഞു.

തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കി. സമയം എട്ടരയോടടുക്കുന്നു. കഴിഞ്ഞ ദിവസം വരെ ക്ലോക്കില്‍ നോക്കാതെ സമയമറിയാന്‍ കമലമ്മക്ക് കഴിയുമായിരുന്നു. മിനിഞ്ഞാന്നാള്‍ പൊടുന്നനെ ഒരു കിരുകിരുപ്പോടെ വീട്ടിലെ റേഡിയോയുടെ പ്രവര്‍ത്തനം നിലക്കും വരെ സമയമറിയുക കമലമ്മക്ക് ഒരു പ്രശ്നമേയായിരുന്നില്ല. രണ്ട് മൂന്ന് ദിവസമായി ചെറിയ പൊട്ടലും ചീറ്റലുണ്ടായിരുന്നെങ്കിലും റേഡിയോ തീര്‍ത്തും പ്രവര്‍ത്തനരഹിതമായത് മിനിഞ്ഞാന്നാള്‍ മുതലാണ്‌. കൃത്യമായി പറഞ്ഞാല്‍ ജപ്പാനില്‍ വീണ്ടും സുനാമി എന്ന വാര്‍ത്ത വന്നതില്‍ പിന്നെ!!

ഒരു കാലത്ത് കമലമ്മക്ക് ഈ റേഡിയോയുടെ ശബ്ദം കേല്‍ക്കുന്നതേ അലര്‍ജ്ജിയായിരുന്നു. പ്രഭാകരകൈമളാണെങ്കില്‍ സ്റ്റേഷന്‍ തുറക്കുമ്പോള്‍ മുതല്‍ അത് തുറന്നുവെച്ചു കൊണ്ടിരിക്കുകയും ചെയ്യും.

"അതേയ്... അതിന്റെ വോളിയം അല്പം കുറച്ച് വച്ചാലെന്താ? നിങ്ങള്‍ക്ക് കേട്ടാല്‍ പോരെ? വെറുതെ ആളുകളെ കൊണ്ട് പറയിക്കണോ?"- കമലമ്മ കൈമളോട് എപ്പോഴും ചോദിക്കും.

പ്രഭാകരകൈമളുടെ റേഡിയോ ഭ്രമം പരിസരവാസികള്‍ക്കെല്ലാം അറിയാം. രാവിലെ റേഡിയോ സ്റ്റേഷന്‍ തുറക്കുമ്പോള്‍ കൃത്യമായി കൈമളുടെ റേഡിയോയും ഓണ്‍ ആയിട്ടുണ്ടാവും. അതും ചെറിയ വോളിയത്തിലൊന്നുമല്ല. പരിസരവാസികള്‍ക്ക് മുഴുവന്‍ കേള്‍ക്കത്തക്ക രീതിയിലായിരുന്നു അതിന്റെ ശബ്ദം ക്രമീകരിച്ചിരുന്നത്. ഇതെങ്ങിനെ ഇത്ര കൃത്യമായി കൈമള്‍ ആ സമയത്ത് റേഡിയോ ഓണ്‍ ചെയ്യുന്നു എന്ന് പലരും കമലമ്മയോട് കൈമള്‍ കേള്‍ക്കാതെ അടക്കം ചോദിച്ചിട്ടുണ്ട്. ആദ്യമൊക്കെ അത് കേള്‍ക്കുമ്പോള്‍ കമലമ്മക്ക് അതൊരു പരിഹാസമായി തോന്നിയിരുന്നു. പിന്നീട് അവരില്‍ പലരും അവരവരുടെ വീട്ടുപണികള്‍ വരെ ക്രമീകരിക്കുന്നത് ഈ റേഡിയോ ഭാഷണത്തിനനുസരിച്ചാണെന്ന് മനസ്സിലായപ്പോള്‍ കമലമ്മ കൈമളോട് അതേ കുറിച്ച് ഒന്നും പറയാതായി.

റേഡിയോ പ്രോഗ്രാമും കേട്ട് മറ്റൊന്നും ശ്രദ്ധിക്കാതെ ചടഞ്ഞുകൂടുന്ന ഒരാളൊന്നുമായിരുന്നില്ല കൈമള്‍. പരിപാടികള്‍ ശ്രവിക്കുന്നതോടൊപ്പം തന്നെ വീട്ടിലെ അത്യാവശ്യം ചെറിയ പുറം പണികള്‍ അദ്ദേഹം ചെയ്യുമായിരുന്നു.. കാര്യങ്ങള്‍ക്ക് അടുക്കും ചിട്ടയും കൃത്യതയും വേണമെന്നതും കൈമള്‍ക്ക് നിര്‍ബന്ധമായിരുന്നു. പ്രഭാതഭേരി കഴിഞ്ഞ് വിവിധഭാരതി തുടങ്ങുമ്പോഴേക്കും കൈമള്‍ പ്രഭാത ഭക്ഷണത്തിനായി ഇരുന്നിട്ടുണ്ടാവും. പ്രഭാതഭേരി കഴിയുമ്പോഴേക്കും കൈമളിനുള്ള ആവി പറക്കുന്ന പുട്ടും കടലയും മേശപ്പുറത്തെത്തിക്കുവാന്‍ ചില സമയങ്ങളില്‍ കമലമ്മ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. അന്നേരം ഭക്ഷണം ശരിയായിട്ടില്ലെങ്കില്‍ പിന്നീട് ഒന്‍പത് മണിയോടെ വിവിധഭാരതി കഴിയുമ്പോഴാവും ഭക്ഷണം കഴിക്കുക. വിവിധഭാരതിയുടെ സമയത്താണ്‌ സുദീര്‍ഘമായ പത്രപാരായണം. അത്രയേറെ ചിട്ടവട്ടങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നു കൈമള്‍.

ഇനിയിപ്പോള്‍ ആ ചിട്ടവട്ടങ്ങളെ പറ്റി പറഞ്ഞിട്ടെന്ത് കാര്യം. എല്ലാം കഴിഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷം രണ്ടോടടുക്കുന്നു. ഒരു ചെറിയ വയറുവേദനയായിട്ട് തുടങ്ങിയതാണ്‌. കൃത്യം ഒരു മാസക്കാലം ഹോസ്പിറ്റലില്‍. കഴിഞ്ഞ ലോകസഭാ ഇലക്ഷന്‌ വോട്ടും ചെയ്തിട്ട് ഹോസ്പിറ്റലിലേക്ക് പോയതാണ്‌. ഇലക്ഷന്‍ റിസല്‍ട്ട് വന്ന അന്ന് തിരികെ കൊണ്ട് വന്നത് കൈമളുടെ ചേതനയറ്റ ശരീരവും. കമലമ്മ ഓര്‍ക്കുകയായിരുന്നു.. ഓര്‍മ്മയുടെ കാര്യത്തില്‍ കമലമ്മ പണ്ടേ കണിശക്കാരിയാണ്‌. അന്ന് ഹോസ്പിറ്റലില്‍ മരുന്നുകളും ഡ്രിപ്പുകളുമായി ഭക്ഷണം പോലും നേരെചൊവ്വെ കഴിക്കാന്‍ കഴിയാതെ കിടക്കുമ്പോഴും ആദ്യത്തെ ഒരാഴ്ചയോളം മുടങ്ങാതെ അദ്ദേഹം റേഡിയോയിലെ പരിപാടികള്‍ ശ്രവിച്ചിരുന്നു എന്നതൊക്കെ ഓര്‍ത്ത് കമലമ്മയുടെ കണ്‍കോണുകളില്‍ വെള്ളം നിറഞ്ഞു.

പേരാലില്‍ ഇരുന്ന് കാക്ക ഒരുവട്ടം കൂടെ കരഞ്ഞു. സമയം ഒന്‍പതോടടുക്കുന്നു. വിവിധഭാരതി കഴിയുന്ന സമയം! ഇത് വരെ റേഡിയോയുടെ സ്വരം കേള്‍ക്കാത്തത് കൊണ്ടാണോ കാക്ക കരയുന്നത്? എന്തോ മനസ്സ് വല്ലാതെ വേദനിക്കുന്നു. കൈമളുടെ മരണശേഷമാണ്‌ കമലമ്മ റേഡിയോ പ്രോഗ്രാമുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് തന്നെ. അതും ആദ്യം കുറച്ച് ദിവസം റേഡിയോ ഓണ്‍ ചെയ്തപ്പോള്‍ പതിവായി മുറ്റത്തെ പേരാലില്‍ വന്നിരിക്കുന്ന കാക്കയുടെ സാമീപ്യം മനസ്സിലായത് കൊണ്ട് മാത്രം!! വളരെ യാദൃശ്ചികമായാണ്‌ കാക്ക കമലമ്മയുടെ ശ്രദ്ധയില്‍ പെട്ടത്.

കൈമളുടെ മരണശേഷം കുറേ ദിവസത്തേക്ക് വല്ലാത്ത ഒരു മൂകതയായിരുന്നു.. എന്തിനോടും ഒരു നിസ്സംഗഭാവം. കൊച്ചുമോന്റെ കളിചിരികളാണ്‌ പിന്നീട് ജിവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവന്റെ കുസൃതികളില്‍ റേഡിയോയുടെ നോബുകളില്‍ പിടിച്ച് തിരിക്കുകയും റേഡിയോ ഒച്ച വെക്കുമ്പോള്‍ കരഞ്ഞ് കൊണ്ട് പിന്നിലോളിക്കുകയും ഒക്കെ ഒരു പതിവായി. ആ കരച്ചില്‍ മാറണമെങ്കില്‍ പിന്നെ അവനെയും കൊണ്ട് തൊടിയിലേക്ക് ഇറങ്ങണം. അതിനു വേണ്ടി തന്നെയാണ്‌ കുറുമ്പന്റെ ഈ വികൃതികള്‍ എന്ന് കമലമ്മക്കും അറിയാം. അത്തരം ഒരവസരത്തിലാണ്‌ പേരാലില്‍ ഇരിക്കുന്ന കാക്ക ശ്രദ്ധയില്‍ പെട്ടത്. ഒരു കാക്ക... അതില്‍ ഇത്ര ശ്രദ്ധിക്കാനെന്തെന്ന് തോന്നാം. പക്ഷെ, തുടര്‍ച്ചയായി രണ്ട് മൂന്ന് ദിവസം ഇതേ അവസരത്തില്‍ കാക്കയെ പേരാലില്‍ കണ്ടോപ്പോള്‍ കമലമ്മക്ക് മനസ്സില്‍ എന്തോ ഒരു വീര്‍പ്പുമുട്ടല്‍. ഒരു പരീക്ഷണമെന്ന നിലയില്‍ പിന്നെ കമലമ്മ തന്നെ റേഡിയോ ഓണ്‍ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്ത് നോക്കി. എപ്പോള്‍ റേഡിയോ ഓണ്‍ ചെയ്യുമ്പോഴും എവിടെ നിന്നെന്നറിയില്ല കാക്ക പറന്നു വന്ന് പേരാലില്‍ ഇരിക്കും. റേഡിയോ ഓഫ് ചെയ്താല്‍ കുറച്ച് സമയം അവിടെയിരുന്ന് ചിറകുകളില്‍ കൊക്കുരുമ്മി ഇടംവലം നോക്കി കരഞ്ഞ് വിളിച്ച് പറന്നുപോകും. കാ കാ എന്നാര്‍ത്തലച്ചുള്ള കരച്ചിലില്‍ 'കമലേ കമലേ' എന്ന ദയനീയമായ വിളി അവര്‍ കേട്ടു തുടങ്ങി. അങ്ങിനെയാണ്‌ കമലമ്മ റേഡിയോ ഇടതടവില്ലാതെ പ്രവര്‍ത്തിപ്പിക്കുവാനും പേരാലിലേക്ക് എപ്പോഴും ശ്രദ്ധിക്കാനും തുടങ്ങിയത്.

അതോടെ കമലമ്മയുടെയും ദിനചര്യകളില്‍ മാറ്റങ്ങള്‍ സംഭവിച്ചു. രാവിലെ റേഡിയോയും ഓണ്‍ ചെയ്ത് വരാന്തയിലെ ചാരുകസേരയില്‍ അവര്‍ വന്നിരിക്കും. കൃത്യമായി കാക്കയും പേരാലില്‍ എത്തിയിട്ടുണ്ടാവും! വാര്‍ത്തകള്‍ക്ക് കാതുകൂര്‍പ്പിച്ചിരിക്കുന്ന കാക്കയെ കാണുമ്പോള്‍ കമലമ്മയും വാര്‍ത്ത ശ്രദ്ധിക്കും. അങ്ങിനെയാണ്‌ ട്രെയിനില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി പീഢിപ്പിക്കപ്പെട്ടത് കമലമ്മ അറിഞ്ഞത്. അന്ന് വൈകുന്നേരം മരുമകളോട് ഓഫീസ് എന്ന ഒറ്റ വിചാരത്തോടെ ഇരിക്കാതെ നേരത്തും കാലത്തും വീട്ടിലെത്തണമെന്നും വീട്ടിലിരിക്കുന്നവരുടെ ആധി ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാവില്ലെന്നുമൊക്കെ സ്നേഹപൂര്‍‌വ്വം ശാസിച്ച് ഒടുവില്‍ കാലം ശരിയല്ല മോളേ എന്നൊരു ദീര്‍ഘനിശ്വാസവും വിടുമ്പോള്‍ രാവിലെ അവളുടെ കാര്യത്തില്‍ തനിക്കൊരു ശ്രദ്ധയുമില്ലെന്നും അവളാകെ കോലംകെട്ടെന്നും പറഞ്ഞ് കൈമള്‍ ദ്വേഷ്യപ്പെട്ടതും ഒടുവില്‍ ഒന്നും രണ്ടും പറഞ്ഞ് പിണക്കമായപ്പോള്‍ താന്‍ കരഞ്ഞു പോയതും പിന്നെ ആശ്വസിപ്പിച്ചതും ഒക്കെയായിരുന്നു കമലമ്മയുടെ മനസ്സില്‍. ചില ദിവസങ്ങളില്‍ വലിയ സന്തോഷത്തോടെ റേഡിയോയിലെ പാട്ടുകള്‍ക്കൊപ്പം തലയാട്ടി താളം പിടിക്കുന്ന കാക്കയെ കാണുമ്പോള്‍ കമലമ്മക്ക് ചെറിയ നാണമൊക്കെ വരും. കൈമളുടെ മുഖത്തേക്ക് നോക്കാനാവാതെ അവര്‍ നവവധുവിനെ പോലെ വ്രീളാവിവശയായി തലകുമ്പിട്ടിരിക്കും. ഈ കൈമളിതെന്താ ഇങ്ങിനെയെന്നാവും അപ്പോള്‍ കമലമ്മ ചിന്തിക്കുക. ദിവസങ്ങള്‍ കഴിയുന്തോറും കൈമളുടെ സാന്നിദ്ധ്യം അവര്‍ വല്ലാതെ അടുത്തറിയാന്‍ തുടങ്ങിയിരുന്നു. ക്രമേണ അവരുടെ ദിനചര്യകളിലേക്ക് അവര്‍ പോലും അറിയാതെ കൈമള്‍ പരകായപ്രവേശം ചെയ്യാന്‍ തുടങ്ങി. പ്രഭാതഭേരി കഴിയുമ്പോഴേക്കും കമലമ്മക്കും പ്രഭാതഭക്ഷണം നിര്‍ബന്ധമായി. വിവിധഭാരതി സമയത്ത് പത്രപാരായണം ശീലമാക്കി. വിവിധഭാരതി കഴിയുമ്പോളേക്കും കമലമ്മയുടെ മുഖത്ത് നിരാശാഭാവം വിടരും. പിന്നെ ഉച്ചനേരത്തുള്ള ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ തുടങ്ങും വരെ അവര്‍ക്ക് വീര്‍പ്പുമുട്ടലാണ്‌. ഇതിനിടയിലെപ്പോഴൊക്കെയോ പരാതികളും പരിഭവങ്ങളും കൂടെ പറയാന്‍ തുടങ്ങിയതോടെ ഒറ്റപ്പെട്ടു എന്ന തോന്നലില്‍ നിന്നും കമലമ്മ മെല്ലെ കരകയറി തുടങ്ങി. രാവിലെ തന്നെ ഓഫീസുകളിലേക്ക് പോകുന്ന മകനും മരുമകളും ഇതൊന്നും അറിഞ്ഞുമില്ല.

ഇതുപോലെ കാക്കയോട് എന്തൊക്കെയോ പയ്യാരം‌പറച്ചിലുമായി ഇരിക്കുമ്പോഴാണ്‌ രണ്ട് ദിവസം മുന്‍പ് പെട്ടന്ന് ഒരു പൊട്ടലും ചീറ്റലുമായി റേഡിയോയുടെ പ്രവര്‍ത്തനം നിലച്ചത്. അന്ന് കുറേ ഒച്ചവെച്ചാണ്‌ കാക്ക തിരികെ പോയത്. ഒന്നിനും ഒരു സൂക്ഷ്മതയില്ലെന്നും എല്ലാത്തിനോടും പഴയ അതേ അലസഭാവം തന്നെയാണ്‌ നിനക്കെന്നും പറഞ്ഞ് വല്ലാതെ വഴക്ക് പറഞ്ഞപോലെ കമലമ്മക്ക് തോന്നി. കുറെ നേരം ഒറ്റക്കിരുന്ന് കരഞ്ഞു. വൈകുന്നേരം മോന്‍ വന്നപ്പോള്‍ റേഡിയോക്ക് എന്തോ പറ്റിയെന്നും അതൊന്ന് നന്നാക്കി തരുമോ എന്നും ചോദിച്ചെങ്കിലും നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ അവനും അത് മറന്നെന്ന് തോന്നുന്നു. രണ്ട് ദിവസമായി രാവിലെ വന്നിട്ട് വല്ലാത്ത മനോവിഷമത്തോടെ തിരികെ പോകുന്ന കാക്കയെ കണ്ട് കമലമ്മയുടെ കണ്ണുനിറയുണ്ട്.

കൈമളും ആ റേഡിയോയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിഞ്ഞുകഴിഞ്ഞപ്പോള്‍ ആ വീട്ടിലേക്ക് ആദ്യമായി കൈമള്‍ വാങ്ങിയത് ഈ റേഡിയോ ആയിരുന്നു. അന്നൊക്കെ ടിവി അത്രക്ക് പ്രചാരമായിട്ടില്ല. അതിനേക്കാളേറെ, മാസവരുമാനക്കാരനായ ഒരു സര്‍ക്കാര്‍ ഗുമസ്തന്റെ സ്വപ്നങ്ങളിലേക്ക് ടിവിയൊന്നും എത്തിനോക്കാന്‍ മടിക്കുന്ന കാലവും. പിന്നീട് ടിവിയും ഫ്രിഡ്‌ജും ഉള്‍പ്പെടെ ഒട്ടേറെ ഇലക്ട്രോണിക്ക് സാധനങ്ങള്‍ കാലാകാലങ്ങളിലായി വീട്ടിലെ ഓരോ മുറികളിലും ഇടം പിടിച്ചപ്പോഴും സ്വന്തം കട്ടിലിനോട് ചേര്‍ത്ത് കൈയെത്താവുന്ന അകലത്തില്‍ ഈ റേഡിയോയെ കൈമള്‍ സ്ഥാപിച്ചിരുന്നു . അങ്ങിനെ കൈമള്‍ വളരെ ശ്രദ്ധയോടെ പരിപാലിച്ചിരുന്ന റേഡിയോ ആണ്‌ ഇപ്പോള്‍ രക്തയോട്ടം നിലച്ച്, വിറങ്ങലിച്ച് ഇരിക്കുന്നത്. കമലമ്മക്ക് ഓര്‍ക്കുന്തോറും വിഷമമേറി വന്നു.

"മോനേ, നീ ആ റേഡിയോ ആരെക്കൊണ്ടെങ്കിലും ഒന്ന് നന്നാക്കി കൊണ്ടുവാടാ..അതില്ലാതായിട്ട് ആകെ..."

"അമ്മക്ക് ടീവി കണ്ടിരുന്നുകൂടെ.. ഇവിടെ നൂറൂകൂട്ടം തിരക്കുകള്‍ക്കിടയിലാ.. " മകന്‍ ദ്വേഷ്യത്തോടെയാണ്‌ ഫോണ്‍ കട്ട് ചെയ്തതെന്ന് കമലമ്മക്ക് മനസ്സിലായി. അവന്റെ തിരക്കുകള്‍ അറിയാതെയല്ല. പക്ഷെ...

"മോളേ.. നമ്മുടെ റേഡിയോ ഒന്ന് നന്നാക്കി തരുവാന്‍ നീ അവനോട് ഒന്ന് പറയ്.. ദേ, അച്ഛന്‍ ഇവിടെ വല്ലാതെ വഴക്കുണ്ടാക്കുന്നു..." മരുമകളോട് ഫോണില്‍ ഇത്രയും പറഞ്ഞപ്പോഴേക്കും കമലമ്മ കരഞ്ഞുപോയി.

"വൈകുന്നേരം ആവട്ടെ അമ്മേ... ഏട്ടന്‌ സമയം കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ കൊണ്ടുപോയി കൊടുക്കാം." കമലമ്മയുടെ സംസാരത്തില്‍ എന്തോ പന്തിക്കേട് അവള്‍ക്ക് തോന്നി. ഈയിടെയായി അമ്മയില്‍ അച്ഛന്റെ ചില മാനറിസങ്ങള്‍ അവള്‍ ശ്രദ്ധിച്ചിരുന്നതാണ്‌.

കമലമ്മക്ക് അസ്വസ്ഥത കൂടി വന്നു. റേഡിയോയുടെ നോബില്‍ പ്രതീക്ഷയോടെ അവര്‍ തിരിച്ചുകൊണ്ടിരുന്നു. റേഡിയോയില്‍ നിന്നും ചില പൊട്ടിത്തെറികള്‍ മാത്രമേ കേള്‍ക്കുന്നുണ്ടായിരുന്നുള്ളൂ..

സാരിയുടെ കോന്തലയില്‍ ആരോ പിടിച്ചു വലിക്കുന്നത് പോലെ തോന്നിയപ്പോള്‍ കമലമ്മ ഞെട്ടി.

"മോള്‌ വൈകീട്ട് കൊണ്ടുപോയി നന്നാക്കാമെന്ന് പറഞ്ഞിട്ടുണ്ട്”. അവര്‍ കൈമളോട് പറഞ്ഞു. രൂക്ഷമായി ഒന്ന് നോക്കിയിട്ട് കാക്ക ചാരുകസേരയില്‍ ഇരുപ്പുറപ്പിച്ചു. കാക്കയുടെ ഇരുപ്പിലെ ആ ഗാംഭീര്യം കൈമളുടേത് തന്നെയെന്ന് കമലമ്മക്ക് തോന്നി. അല്ല, കാക്കയല്ലല്ലോ കൈമളല്ലേ ഇരിക്കുന്നേ!! അവര്‍ കസേരയില്‍ നിന്നും മെല്ലെ എഴുന്നേറ്റു. ആ ഭാവം കമലമ്മയെ വല്ലാതെ ഭയപ്പെടുത്തി. മുന്‍പും ദ്വേഷ്യം വന്നാല്‍ കൈമള്‍ ഇങ്ങിനെയാണ്‌. പക്ഷെ.. ഇതിപ്പോള്‍..

"നിങ്ങള്‍ക്കൊന്നും പറ്റില്ലെങ്കില്‍ ഞാന്‍ കൊണ്ടുപോയി ശരിയാക്കാം. ഒരു കാര്യത്തിനും ഒരു സൂക്ഷ്മതയും ഉത്തരവാദിത്വവും ഇല്ലാതായി പോയല്ലോ നിങ്ങള്‍ക്കൊക്കെ.." വീണ്ടും വീണ്ടും കാക്ക സാരിയുടെ കോന്തലയില്‍ ചുണ്ട് ചേര്‍ത്ത് വലിക്കുവാനും ഒച്ച വെക്കുവാനും തുടങ്ങി. കമലമ്മ മുഖം കുനിച്ചു. പണ്ടേ തന്നെ അങ്ങിനെയാണ്‌. കൈമള്‍ പിണങ്ങുമ്പോള്‍ കമലമ്മ മുഖത്തേക്ക് നോക്കാറില്ല. ആ ദ്വേഷ്യം കണ്ടാല്‍ അപ്പോള്‍ കരച്ചില്‍ വരും.

"ആര്‍ക്കും ഒന്നിനും ഒരു ഉത്തരവാദിത്തമില്ല. കണ്ടില്ലേ അലമാരയൊക്കെ ആകെ അലങ്കോലമായി കിടക്കുന്നത്." റേഡിയോ ഇരിക്കുന്ന ഭിത്തിയലമാരയില്‍ അലക്ഷ്യമായി കിടക്കുന്ന വസ്ത്രങ്ങള്‍ കണ്ട് കൈമള്‍ വീണ്ടും ഒച്ചവെച്ചു തുടങ്ങി. അലമാരിയിലെ അറയില്‍ നിന്നും ഒരു ബ്രേസിയര്‍ ചുണ്ടില്‍ കൊരുക്കി കുടഞ്ഞെറിയുമ്പോള്‍ ആ കണ്ണുകള്‍ ദ്വേഷ്യം കൊണ്ട് ചുവക്കുന്നത് കമലമ്മ അറിഞ്ഞു. മകന്റെയും മരുമകളുടെയും അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ കുത്തി നിറച്ചു വച്ചിരിക്കുന്ന ഭിത്തിയലമാരയിലേക്ക് കമലമ്മയെ തട്ടിമാറ്റികൊണ്ട് കൈമള്‍ കുതിക്കുന്നത് കണ്ടപ്പോള്‍ കൈവീശി ആട്ടിപ്പോയി! പറ്റിപ്പോയതാണ്‌ !! ഒറ്റ നിമിഷത്തെ പിഴവ്!!! കുതറി പറന്നപ്പോഴേക്കും കൈപിന്‍‌വലിക്കുകയും തെറ്റേറ്റ് പറഞ്ഞ് തിരികെ വിളിക്കുകയും ചെയ്തതാണ്‌. ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ... വിഷാദത്തോടെ, നിശ്ശബ്ദമായി പറന്നകലുന്ന കാക്കയെ കണ്ട് കമലമ്മ വല്ലാതെ കരഞ്ഞ് പോയി.

പ്രവര്‍ത്തന രഹിതമായ റേഡിയോ ബിഗ് ഷോപ്പറിലാക്കി പുറത്തേക്ക് നടക്കുമ്പോള്‍ തുറന്ന് കിടക്കുന്ന വാതിലിനെ പറ്റിയോ അകത്തെ മുറിയില്‍ ഉറങ്ങിക്കിടക്കുന്ന പേരക്കുട്ടിയെ പറ്റിയോ ഒന്നും കമലമ്മ ചിന്തിച്ചില്ല. അല്ലെങ്കില്‍ അതൊന്നും കമലമ്മയില്‍ ആധിയുണ്ടാക്കിയില്ല. സാരിയുടെ കോന്തലകൊണ്ട് വിയര്‍പ്പൊപ്പി വലിഞ്ഞ് നടക്കുമ്പോള്‍ ഗെയിറ്റിന്‌ മുന്‍പില്‍ വന്ന് നിന്ന ഓട്ടോയില്‍ നിന്നും ഇറങ്ങിയ മരുമകളുടെ പിന്‍‌വിളി അവരുടെ കാതുകളില്‍ പതിച്ചുമില്ല. അവര്‍ നടത്തം തുടര്‍ന്ന് കൊണ്ടേയിരുന്നു. ഒരു കണ്ണാല്‍ തുറന്ന് കിടക്കുന്ന വാതിലിലൂടെ വീടിനകത്ത് മകനെ തിരഞ്ഞുകൊണ്ടും മറുകണ്ണാല്‍ ധൃതിയില്‍ നടന്ന് നീങ്ങുന്ന അമ്മയെ നോക്കികൊണ്ടും ഓട്ടോക്കരികില്‍ പകച്ച് നില്‍കുമ്പോള്‍ തലക്ക് മുകളിലൂടെ ഒരു കാക്ക കമലമ്മക്കരികിലേക്ക് ചിറകുവീശി പറക്കുന്നത് മരുമകള്‍ കണ്ടില്ലായിരുന്നു.