തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2012

കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍


പുസ്തകം : കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍
രചയിതാവ്
: റോസിലി ജോയ്
പ്രസാധകര്‍
: വാട്ടര്‍മെലന്‍ ബുക്സ്


വ്യക്തിപരമായ കുറിപ്പുകളും ഹാസ്യരസം തുളുമ്പുന്ന രചനകള്‍ക്കുമ്മപ്പുറത്തേക്ക് എഴുത്തിനെ സീരിയസ്സായി കാണുന്ന എഴുത്തുകൂട്ടം ബ്ലോഗിങില്‍ ഇല്ല എന്ന വിവാദപരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട വേളയിലായിരുന്നു -ഒരു നിമിത്തമാകാം- കാലം തെറ്റാതെ പൂത്തുലഞ്ഞു നില്‍കുന്ന കഥകള്‍ അടങ്ങിയ സമാഹാരം വായിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ വായന ആ പരാമര്‍ശങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ടായിരുന്നു താനും. റോസിലിയുടെ ഈ സമാഹാരത്തെ പറ്റി ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ കഥകള്‍ പൂത്തുനില്‍ക്കുന്നു എന്ന് തന്നെ പറയാം. ഇതിലെ കഥകള്‍ ഒന്നും തന്നെ എന്നിലെ വായനക്കാരന് പുതിയതായിരുന്നില്ല. പക്ഷെ, ഒരിക്കലും ഒരു രണ്ടാം വായനയുടെ വിരസത അല്ലെങ്കില്‍ അലസഭാവം ഈ കഥകള്‍ വായനക്കിടയില്‍ സൃഷ്ടിച്ചില്ല എന്നത് ഒരു പക്ഷെ കാലഘട്ടങ്ങള്‍ക്കതീതമായി കഥകളെ പറഞ്ഞുവെയ്ക്കുവാന്‍ റോസിലിക്ക് കഴിഞ്ഞത് കൊണ്ടാവാം എന്ന് തോന്നി.


16കഥകളും അവതാരികയും ഉള്‍പ്പെടെ 112പേജില്‍ 85രൂപ മുഖവില നിശ്ചയിച്ച് വാട്ടര്‍മെലന്‍ ബുക്സ് പുറത്തിറക്കിയിരിക്കുന്ന കാലം തെറ്റിപൂത്ത ഗുല്‍മോഹറുകള്‍ തെറ്റില്ലാത്ത ഒരു വായന പ്രദാനം ചെയ്യുന്നു എന്നതിന് സംശയമേയില്ല. അതിനേക്കാളേറെ, കടുത്ത വെയിലില്‍ തളര്‍ന്ന് പോയ ഒരു വഴിയാത്രക്കാരന് ഒരു തണ്ണിമത്തന്റെ കുളിര്‍മ്മ നല്‍കി ഗുല്‍മോഹര്‍ തണലില്‍ വിശ്രമിപ്പിച്ച് യാത്രതുടരാന്‍ പ്രേരിപ്പിക്കുവാന്‍, ചില കഥകളില്‍ കടന്നുകൂടിയ അക്ഷരതെറ്റുകള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ മികച്ച ലേഔട്ടിങിലൂടെ പ്രസാധകരും ശ്രമിച്ചിട്ടുണ്ട്.


ഈ സമാഹാരത്തില്‍ എന്നിലെ വായനക്കാരനെ ആകര്‍ഷിച്ച ഘടകങ്ങള്‍ കഥപറയുവാന്‍ റോസിലി തിരഞ്ഞെടുത്ത ഭൂമികയും ഭാഷയുമാണ്. ഓരോ പ്രദേശത്തിനും ഇണങ്ങുന്ന ഭാഷയിലൂടെ കഥ പറയാന്‍ ആ പ്രദേശത്തെയും അവിടത്തെ സംസ്കാരത്തെയും തനിമയെയും സ്പഷ്ടമായി പഠിക്കേണ്ടിയിരിക്കുന്നു എന്നതിനാല്‍ പത്തോളം വ്യത്യസ്തമായ ഭാഷാസംസ്കാരങ്ങളെ (ഭാഷയെന്നത് കൊണ്ടുദ്ദേശിച്ചത് ശൈലീവ്യത്യാസങ്ങളെയാണ്) തനിമചോരാതെ പഠിക്കാന്‍ കഥാകാരി കാട്ടിയ ആര്‍ജ്ജവത്തെ ഇകഴ്താന്‍ ശ്രമിക്കുന്നത് അനീതിയാവും.


സമാഹാരത്തിലെ കഥകള്‍ എല്ലാം തന്നെ റോസിലി, റോസാപ്പൂക്കള്‍ എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്തവയാതിനാല്‍ കഥകളുടെ ഗഹനമായ ഒരു വിശകലനത്തിന് മുതിരുന്നില്ല. എങ്കിലും, ചില കഥകളെയെങ്കിലും പരാമര്‍ശിക്കാതെ പോകാന്‍ മനസ്സ് അനുവദിക്കുന്നുമില്ല. അത്തരത്തില്‍ ഏറെ ആകര്‍ഷിച്ച ഒന്നാണ് ആദ്യ കഥയായ താജ്മഹല്‍. പ്രണയത്തിന്റെ ഏറ്റവും ഉദാത്തമായ സ്മാരകം ഏതെന്ന ചോദ്യത്തിന് നമ്മുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്ന മറുപടിയാണ് താജ്മഹല്‍. അതുപോലെതന്നെ പ്രണയനൊമ്പത്തിന്റെയും... ഇവിടെ താജ്മഹല്‍ എന്ന കഥയിലൂടെ തീക്ഷ്ണപ്രണയവും അതിന്റെ ഭംഗവും വളരെ തന്മയത്തോടെ പറഞ്ഞുവെയ്ക്കുന്നു കഥാകാരി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എവിടെയോ കണ്ട് മറന്ന ഒരു തെരുവുനാടകത്തിലെ ചില രംഗങ്ങള്‍ ഓര്‍മ്മ വന്നു ഈ കഥ വായിച്ചപ്പോള്‍.

കോറസ് :'താജ്മഹല്‍ പണികഴിപ്പിച്ചതാര് ? '

നരേറ്റര്‍ : 'ഷാജഹാന്‍.. ഷാജഹാന്‍'

കോറസ് : 'അല്ല. അല്ലേയല്ല'

നരേറ്റര്‍ : 'പിന്നെ.. പിന്നെയാര്?'

കോറസ് :'ഞങ്ങള്‍.. കാറ്റിനെയും മഴയെയും ചൂടിനെയും തണുപ്പിനെയും വകവെക്കാതെ ഓരോ കല്ലുകൊണ്ടും കവിതയെഴുതിയ ഞങ്ങള്‍.. പണിക്കാര്‍..'

അധ്വാനത്തിന്റെ വില അടിമത്വമാകുന്ന ദയനീയ ചിത്രം വളരെ വികാരപരമായി തന്നെ താജ്മഹല്‍ എന്ന കഥയില്‍ വരച്ചുകാട്ടിയിട്ടുണ്ട്.



ഏറെയാകര്‍ഷിച്ച മറ്റൊരു കഥയാണ് 'ഒറ്റക്കയ്യന്‍ അറുകൊല'. മനോഹരമായ കൈയടക്കമാണ് കഥയുടെ പ്രത്യേകതയായി തോന്നിയത്. നാട്ടില്‍ പ്രചരിച്ചിരുന്ന ഒരു സങ്കല്‍‌പ്പത്തെ, ഇന്നിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന് വായനക്കാരനെ ഇരുത്തിചിന്തിപ്പിക്കുന്ന ഒരു കഥ. കഥാനായികക്കൊപ്പം, വീടിനുമുന്നില്‍ കെട്ടിയ പന്തലും ആള്‍ക്കൂട്ടവും നോക്കി റോഡരികില്‍ തന്നെ ഒറ്റകൈയന്‍ അറുകൊല കൊണ്ടുപോയ പ്രിയ കൂട്ടുകാരി അനിതയുടെ തുറിച്ചനാവും ചുരുട്ടിപ്പിടിച്ച കൈവിരലുകളും കാണുവാന്‍ ശക്തിയില്ലാതെ നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നു ഒറ്റകൈയന്‍ അറുകൊല.


'മെഹക്ക്'എന്ന കഥ ആകര്‍ഷിച്ചത് കഥാതന്തുവിനേക്കാള്‍ അതിനുപയോഗിച്ച മനോഹരമായ പ്രദേശമാണ്. കാശ്മീരിന്റെ ശീതളിമ തെളിഞ്ഞു നില്‍ക്കുന്ന സുന്ദരമായ ഒരു രചന തന്നെ മെഹക്ക്. 'കിളികളുടെ ഭാഷ' 'കാലം തെറ്റിപൂത്ത ഗുല്‍മോഹറുകള്‍' എന്നിവ നിലവാരമുള്ള രചനകള്‍ തന്നെയെങ്കിലും കഥയുടെ അവസാനങ്ങളില്‍ എന്തൊക്കെയോ പൊരുത്തക്കേടുകള്‍ ഫീല്‍ ചെയ്തു. ഭാഷയുടെ വശ്യതകൊണ്ട് ഏറെയാകര്‍ഷിച്ച രചനയാണ് 'എച്ചുച്ചോത്തി'. കഥക്കിടയില്‍ എവിടെയോ വെച്ച് ക്ലൈമാക്സ് മനസ്സിലാക്കാന്‍ കഴിയുമെങ്കിലും 'കാണാപ്പുറങ്ങള്‍' മികച്ച രചനതന്നെ.


ആദ്യ കഥ ചരിത്രത്തില്‍ മിത്ത് ചേര്‍ത്ത് പറഞ്ഞതാണെങ്കില്‍ പുരാണത്തില്‍ നിന്ന് കഥ പറഞ്ഞുകൊണ്ടാണ് ഈ കാലം തെറ്റി പൂത്ത ഗുല്‍മോഹര്‍ കഥാകാരി അവസാനിപ്പിക്കുന്നത്. അവതാരികയില്‍ അനില്‍കുമാര്‍ തിരുവോത്ത് സൂചിപ്പിച്ചത് പോലെ പുതിയ കാലത്തെ സ്ത്രീ എഴുത്തുകാരെ ബാധിച്ചിരിക്കുന്ന ഫെമിനിസം റോസിലിയുടെ കഥകളില്‍ കാണാന്‍ കഴിയുന്നില്ല എന്നതില്‍ സന്തോഷം തോന്നി. ഫെമിനിസം, തെറ്റാണ് എന്ന് വിശ്വസിക്കുന്നത് കൊണ്ടല്ല, മറിച്ച് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് കഥകളെ ഇസവല്‍ക്കരിക്കുന്നതിനോട് ഇഷ്ടമില്ലാത്തത് കൊണ്ടാണെന്ന് മാത്രം!


സാമ്പ്രദായിക കഥയെഴുത്തിനെ വ്യത്യസ്തമായ ഭൂപ്രദേശങ്ങളിലൂടെ, ഭാഷ വൈവിധ്യങ്ങളിലൂടെ വായനക്കാരനിലേക്ക് റോസിലിയെത്തിക്കുമ്പോള്‍ ഇനിയും കാലത്തിന് മുന്നില്‍ പൂക്കുവാന്‍ കഥകളുടെ ഒട്ടേറെ ഗുല്‍മോഹറുകള്‍ സംഭാവന ചെയ്യുവാന്‍ ഈ എഴുത്തുകാരിക്ക് കഴിയും എന്ന് നമുക്ക് വിശ്വസിക്കാം.

20 comments:

ലംബൻ പറഞ്ഞു... മറുപടി

എനിക്ക് ഇഷ്ടപെട്ട ബ്ലോഗുകളില്‍ ഒന്നാണ് റോസാപൂക്കള്‍. പുസ്തകമായി ഇറങ്ങി എന്നറിഞ്ഞതില്‍ സന്തോഷം.

നിസാരന്‍ .. പറഞ്ഞു... മറുപടി

റോസിലി ചേച്ചിയുടെ പുസ്തകം ഇറങ്ങി എന്നറിയുന്നതില്‍ ഒരു പാട് സന്തോഷം ..

Unknown പറഞ്ഞു... മറുപടി


റോസിലി ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
ആശംസകള്‍
http://admadalangal.blogspot.com/

Joselet Joseph പറഞ്ഞു... മറുപടി

ബൂലോകത്തിന്റെ പ്രിയ കഥാകാരിക്ക് ആശംസകള്‍.,.

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

പുസ്തകം ഇറങ്ങി എന്ന് നേരത്തെ അറിഞ്ഞിരുന്നു.
ആശംസകള്‍

പൈമ പറഞ്ഞു... മറുപടി

പ്രിയ റോസ്സ പുഷ്പത്തിന് ആശംസകള്‍

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Cv Thankappan പറഞ്ഞു... മറുപടി

ആശംസകള്‍

വീകെ പറഞ്ഞു... മറുപടി

റോസാപൂക്കളുടെ ചില ഇതളുകൾ പുസ്തകമാക്കി ഇറക്കിയെന്നറിഞ്ഞതിൽ വളരെ സന്തോഷം.
കഥാകാരിക്ക് അഭിനന്ദനങ്ങൾ...
പരിചയപ്പെടുത്തിയ മനോരാജിനും അഭിനന്ദനങ്ങൾ...

Echmukutty പറഞ്ഞു... മറുപടി

ഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി...മനു. റോസാപ്പുക്കള്‍ നല്ല കഴിവുള്ളൊരു എഴുത്തുകാരിയാണു. ഇനിയും ധാരാളം പുസ്തകങ്ങള്‍ അവരുടേതായി പുറത്തു വരട്ടെ...

Abduljaleel (A J Farooqi) പറഞ്ഞു... മറുപടി

ആശംസകള്‍

kochumol(കുങ്കുമം) പറഞ്ഞു... മറുപടി

പുസ്തകം ഇറങ്ങി എന്ന് നേരത്തെ ഞാനും അറിഞ്ഞിരുന്നു...
റോസിനും മനോക്കും അഭിനന്ദനങ്ങള്‍ ..

റോസാപ്പൂക്കള്‍ പറഞ്ഞു... മറുപടി

നന്ദി മനോ

Unknown പറഞ്ഞു... മറുപടി

nannaayi ee review

Unknown പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

റോസിനെ സ്ഥിരം വായിക്കാറുണ്ട്...
നല്ല കാമ്പുള്ള കഥാകാരിയാണ് ഇഷ്ട്ടത്തി..കേട്ടൊ

കാടോടിക്കാറ്റ്‌ പറഞ്ഞു... മറുപടി

ആശംസകള്‍ റോസ്... പുസ്തകത്തെ പരിചയപ്പെടുത്തിയ മനോരാജിനും നന്മ നേരുന്നു..

കാടോടിക്കാറ്റ്‌ പറഞ്ഞു... മറുപടി

ആശംസകള്‍ റോസ്... പുസ്തകത്തെ പരിചയപ്പെടുത്തിയ മനോരാജിനും നന്മ നേരുന്നു..

ajith പറഞ്ഞു... മറുപടി

ആശംസകളോടെ...!!

caldreiezzi പറഞ്ഞു... മറുപടി

Play Live Casino - Mapyro
The Casino At Slots is a classic game in 파주 출장안마 the casino, 대구광역 출장샵 so if you're 천안 출장마사지 lucky enough to land a 경상북도 출장샵 $1000 Bonus and play at 동해 출장안마 the Casino at Slots at Slots.ag you'll